ഇങ്ങനെ പോയാൽ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ ഉറക്കം ടിക്ക് ടോക്ക് നശിപ്പിക്കുമെന്ന് ഉറപ്പായി. സമൂഹ മാധ്യമത്തെ ലോകവ്യാപകമായി പ്രചരിപ്പിച്ച ഫേസ്‌ബുക്ക് എന്ന മിടുമിടുക്കന്റെ വരെ റെക്കോർഡ് പൊളിച്ചടുക്കി മുന്നേറുകയാണ് വിവാദങ്ങളുടെ സ്വന്തം തോഴനായ ടിക്ക് ടോക്ക് ആപ്പ്. ഈ വർഷം മാർച്ച് വരെയുള്ള കണക്ക് നോക്കിയാൽ ലോകത്താകമാനമായി ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത ആപ്പ് ടിക്ക് ടോക്കിന്റെതാണെന്ന് റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്റ്റാറ്റിസ്റ്റ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ ഇതിനൊപ്പം തന്നെ ഇന്ത്യക്കാരും അതഭുതത്തോടെ കേൾക്കേണ്ട വാർത്തയും ഒപ്പമുണ്ട്. ആകെ ഡൗൺലോഡിന്റെ പകുതിയോളം ഇന്ത്യയിൽ നിന്നാണെന്നാണ് കണക്ക്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ ലോകത്തെമ്പാടുമായി 1.88 കോടി ആളുകൾ ടിക്ക് ടോക്ക് ഡൗൺലോഡ് ചെയ്തപ്പോൾ അതിൽ 47 ശതമാനം ഡൗൺലോഡ് ചെയ്തത് ഇന്ത്യയിൽ നിന്നാണെന്നും ഇക്കാലയളവിൽ തന്നെ 1.76 കോടി ആളുകൾ ഫേസ്‌ബുക്ക് ഡൗൺലോഡ് ചെയ്തതിൽ 21 ശതമാനവും ഇന്ത്യയിൽ നിന്നാണെന്നും മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
2018 അവസാനം വന്ന കണക്കുകൾ പ്രകാരം ഫേസ്‌ബുക്കായിരുന്ന ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത് ആപ്പ്. ഈ വേളയിൽ ടിക്ക് ടോക്ക് സജീവമായിരുന്നെങ്കിലും ഡൗൺലോഡിന്റെ കാര്യത്തിൽ മുൻപന്തിയിലേക്ക് എത്തിയിരുന്നില്ല. ഇതിന് പിന്നാലെ ആപ്പ് ലൈംഗികതയുടെ അംശമുള്ള വീഡിയോകൾ ധാരാളമായി പ്രചരിപ്പിക്കുന്നുവെന്ന പരാതി സമൂഹത്തിൽ നിന്നും ഉയരുകയും ഇതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവ് നൽകുകയുമായിരുന്നു. എന്നാൽ ഈ ഉത്തരവിന് സ്‌റ്റേ വന്നതിന് പിന്നാലെ ആപ്പ് വീണ്ടും പ്ലേ സ്‌റ്റോറിൽ സജീവമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കുത്തനേ വർധിച്ചത്.
ഡൗൺലോഡ് ചെയ്യുന്നവരിൽ മിക്കവരും യുവാക്കളും യുവതികളുമാണെന്നതും ഇവർ എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ ഷെയർ ചെയ്യുന്നുണ്ടെന്നും ഓർക്കണം. ഇതിൽ കേരളത്തിൽ നിന്നും കോളേജ് വിദ്യാർത്ഥിനികൾ അടക്കം ഒട്ടേറെ ആളുകളുണ്ട്. ആപ്പിന്റെ വിലക്ക് നീക്കിയെങ്കിലും കർശന നിബന്ധനകളോടെയാണ് ആപ്പ് വീണ്ടും തിരികെ കൊണ്ടുവന്നത്.
ചൈനീസ് സ്റ്റാർട്ട് അപ്പായ ബൈറ്റ്ഡാൻസിന്റെ ഉൽപ്പന്നമാണ് ടിക് ടോക്ക്. ചൈനയിൽ ഹോങ്കോങ്ങും മകാവുവും ഒഴികെയുള്ള സ്ഥലങ്ങളിൽ ഫേസ്‌ബുക്കിന് വിലക്കുണ്ട്. ഇത് ടിക് ടോക്കിന് ഗുണകരമായിരിക്കാമെന്നാണ് വിലയിരുത്തൽ. ഫേസ്‌ബുക്കിന് വെബ് പതിപ്പുണ്ട്. എന്നാൽ ടിക്ക് ടോക്കിന് ആപ്പ് മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ ടിക്ക് ടോക്കിന് ഇനിയും ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ ആകെ 30 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ടിക് ടോക്കിന് 20 കോടി ഉപയോക്താക്കളുമുണ്ട്. 2016 ൽ പുറത്തിറങ്ങുകയും അടുത്ത കാലത്തുമാത്രം ഇന്ത്യയിൽ സാന്നിധ്യമുറപ്പിക്കുകയും ചെയ്ത ടിക് ടോക്കിന് ചുരുങ്ങിയ കാലയളവിലാണ് ഇത്രയും ആരാധകരുണ്ടായത് എന്നതും ശ്രദ്ധേയമാണ്.