ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് ഇന്ത്യയിലെ സേവനലോഞ്ചിന് ഒരുങ്ങുകയാണ്. ആവശ്യമായ റെഗുലേറ്ററി അനുമതികളും ട്രയല്‍ ബാന്‍ഡ്വിഡ്ത്തും ഇതിനകം തന്നെ സ്റ്റാര്‍ലിങ്ക് നേടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫൈബര്‍ അല്ലെങ്കില്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ എത്തിപ്പെടാത്ത പ്രദേശങ്ങളില്‍ വേഗതയേറിയ ബ്രോഡ്ബാന്‍ഡ് നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ പതിനേഴോളം സ്ഥലങ്ങളില്‍ ഗ്രൗണ്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. ഈ സൗകര്യങ്ങള്‍ വഴി ഡയറക്ട്-ടു-സെല്‍ സാറ്റലൈറ്റ് സേവനങ്ങള്‍ ലഭ്യമാക്കി, താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെ ഇന്ത്യന്‍ ഫൈബര്‍ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കും.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികളുമായി സ്റ്റാര്‍ലിങ്ക് സഹകരണം ചര്‍ച്ചചെയ്യുകയാണ്. കൂടാതെ ഇക്വിനിക്സ്, സിഫി ടെക്നോളജീസ്, സിട്രിഎല്‍എസ് ഡാറ്റാസെന്റേഴ്‌സ് തുടങ്ങിയ ഡാറ്റാ സെന്റര്‍ സേവനദാതാക്കളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
വിലയും ലഭ്യതയും:
സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ പ്രാരംഭ മൂലധന ചെലവ് ഏകദേശം ?500 കോടി രൂപയായി കണക്കാക്കുന്നു. ഏകദേശം ?30,000 രൂപ ഒറ്റത്തവണ ഇന്‍സ്റ്റാളേഷന്‍ ഫീസ് പ്രതീക്ഷിക്കപ്പെടുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് ?3,300 മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 എംബിപിഎസ് മുതല്‍ 220 എംബിപിഎസ് വരെ വേഗത നല്‍കാന്‍ സ്റ്റാര്‍ലിങ്കിന് കഴിയുമെന്നാണ് സൂചന.
2025-ലെ മൂന്നാം പാദത്തിന്റെ അവസാനം അല്ലെങ്കില്‍ നാലാം പാദത്തിന്റെ തുടക്കത്തില്‍ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിദൂരപ്രദേശങ്ങളിലെ വിദ്യാഭ്യാസം, ഹെല്‍ത്ത്കെയര്‍, റിമോട്ട് ജോബുകള്‍, ഡിജിറ്റല്‍ ബിസിനസ് മേഖലകള്‍ തുടങ്ങി നിരവധി മേഖലകള്‍ക്ക് ഈ സേവനം വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.