നാളെയുടെ ടെക്നോളജിയായി വാഴ്ത്തുന്ന മെറ്റാവേഴ്സിൽ ഇന്ത്യക്കാർ നൽകുന്ന സംഭാവനയിൽ ആകാംക്ഷ പ്രകടിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗ്. മെറ്റാവേഴ്സിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിന് പകരം മെറ്റ എന്ന പേരുവരെ സക്കർബർഗ് തന്റെ കമ്പനിക്ക് നൽകിയിരുന്നു. മെറ്റാസ് ഫ്യുവൽ ഫോർ ഇന്ത്യ 2021ൽ സംസാരിക്കുകായിരുന്നു സക്കർബർഗ്.
2024 ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആപ്പ് ഡെവലപ്പർ ആയി മാറും. രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റവും എൻഞ്ചിനീയർമാർ, ഡെവലപ്പർമാർ,ക്രിയേറ്റർമാർ എന്നിവരടങ്ങിയ ടാലന്റ് പൂളും ഭാവിയെ നിർണയിക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ ഗെയിമിംഗ് വിപണിയിൽ തങ്ങളുടെ നിക്ഷേപം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മെറ്റാവേഴ്സ് ഗെയിമിംഗിനെ എങ്ങനെ മാറ്റിയെടുക്കുമെന്ന് പരിശോധിക്കുകയാണ്. മൊബൈൽ ഇന്റർനെറ്റിന്റെ പിൻകാമിയായി മെറ്റാവേഴ്സ് മാറുമെന്നും സക്കർബെർഗ് പറഞ്ഞു.
വിർച്വൽ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി, 3ഉ വീഡിയോ തുടങ്ങിയവയുടെ സമന്വയമായിരിക്കും മെറ്റാവേഴ്സ്. ഒരു വിർച്വൽ ലോകത്ത് പരസ്പരം, സാധാരണ ജീവിതത്തിലെന്ന പോലെ ഇടപെടാൻ സാധിക്കുന്ന സാങ്കേതികവിദ്യയായിരിക്കും മെറ്റാവേഴ്സ്. വിആർ ഹെഡ്സെറ്റുകളിലൂടെയാവും ഇത് സാധ്യമാവുക. ഓഫീസിൽ പോകാതെ തന്നെ സഹപ്രവർത്തകരെ കണ്ടുകൊണ്ട് മീറ്റിംഗ്, സുഹൃത്തുക്കളുമായി ഒരു സായാഹ്ന നടത്തം ഒക്കെ മെറ്റാവേഴ്സിൽ സാധ്യമാവും. ഇന്ന് വിർച്വലായി ഭൂമി വാങ്ങുന്ന രീതി വരെ ടെക്ക്ലോകത്തുണ്ട്. ഭാവിയിൽ ഭൂമിയുടെ വെർച്വൽ പതിപ്പായി മെറ്റാവേഴ്സ് മാറിയേക്കാം.