വാട്സാപ്പ് സന്ദേശങ്ങള്‍ ഇനി വൈകാതെ ഗൂഗിള്‍ അസിസ്റ്റന്റ് 'വായിച്ച്' തരും. നേരത്തെ എസ്എംഎസ് സന്ദേശങ്ങള്‍ മാത്രം വായിച്ച് തന്നിരുന്ന ഗൂഗിള്‍ അസിസ്റ്റന്റ് വൈകാതെ തന്നെ വാട്‌സാപ്പ്, സ്ലാക്ക്, ടെലിഗ്രാം എന്നീ ആപ്പുകളില്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിന് നേരത്തെ സാധിച്ചിരുന്നില്ല. സേവനം ആപ്പുകളില്‍ ആരംഭിച്ച് കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് തിരിച്ച് മറുപടി വോയിസായി പറയാനും സൗകര്യമൊരുങ്ങും.
ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകള്‍ 'സംസാരിക്കുന്നതിന്' ഗൂഗിള്‍ അസിസ്റ്റന്റിന് ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല വീഡിയോ, ചിത്രങ്ങള്‍, ഓഡിയോ അറ്റാച്ച്‌മെന്റ് എന്നീ ഫയലുകളാണെങ്കില്‍ വന്നിരിക്കുന്നത് ഏത് ഇനത്തില്‍പെട്ടതാണെന്ന് മാത്രമാകും ഗൂഗിള്‍ അസിസ്റ്റന്റന്റിന് പറയാനാകുക.
നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യവും വൈകാതെ എത്തിയേക്കും.
ഗൂഗിളിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് 10.28 ല്‍ 'സെന്റ് ടെക്സ്റ്റ് മെസേജ്' എന്ന കമാന്റിനോട് ഗൂഗിള്‍ അസിസ്റ്റന്റ് പ്രതികരിക്കുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 9To5 Google എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്.
ഒരു സ്‌ക്രീന്‍ ഷോട്ടും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്. ഇതില്‍ ' The message has been sent എന്ന കണ്‍ഫര്‍മേഷന്‍ മെസേജ് കാണുന്നുണ്ട്. ഫോണ്‍ ലോക്ക് ആണെന്ന ചിഹ്നവും കാണാം. ആന്‍ഡ്രോയിഡ് 9.0 പൈയിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നും ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ക്യൂ ബീറ്റാ പതിപ്പില്‍ അല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.