ഗൂഗിളിന്റെ മെസേജിംഗ് ആപ്ലിക്കേഷനായ മെസേജസ് പ്ലേ സ്‌റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ എണ്ണം 500 മില്ല്യണ്‍ കടന്നു. 2014 ല്‍ ആണ് ആപ്പിളിന്റെ ഐമെസേജിന് സമാനമായി ഗൂഗിള്‍ മെസേജസ് വന്നത്. ഗൂഗിളിന്റെ ഔദ്യോഗിക ടെക്സ്റ്റിംഗ് ആപ്പ് ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റുകള്‍, ജിഐഎഫ്, ഇമോജി, സ്റ്റിക്കറുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ കൈമാറാന്‍ ഇതിലൂടെ സഹായിക്കുന്നു.
ഗൂഗിളിന്റെ പിക്‌സല്‍ ലൈനപ്പ്, നോക്കിയ, ഹുവാവേ എന്നിവയില്‍ നിന്നുള്ള ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ പോലുള്ള ചില സ്മാര്‍ട്ട്‌ഫോണുകള്‍ ഗൂഗിള്‍ സന്ദേശങ്ങളെ എസ്എംഎസ് അയയ്ക്കാനുള്ള സ്ഥിര ക്ലയന്റ് ആയി ഉപയോഗിക്കുന്നു. ഗൂഗിളിന്റെ മൊബൈല്‍ സര്‍വ്വീസിന്റെ ഭാഗമായി പ്രീ ഇന്‍സ്‌ററാള്‍ ചെയ്യാന്‍ ഡിവൈസ് നിര്‍മ്മാതക്കളോട് കമ്പനി ആവശ്യപ്പെടാത്ത ഒരു ആപ്ലിക്കേഷനാണിത്. അത് കൊണ്ടു തന്നെ മെസേജസ് അപ്ലിക്കേഷന്‍ നേടുന്ന സ്വീകാര്യത വളരെ ശ്രദ്ധേയമാണെന്നാണ് വിലയിരുത്തല്‍.