ഇലക്ട്രിക് എസ്.യു.വി ശ്രേണിയില്‍ ഔഡി ഒരുക്കിയ ഇ-ട്രോണ്‍ ആഗോള തലത്തില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഔഡിയുടെ ആദ്യ ഇലക്ട്രിക് മോഡലാണിത്. അതും എസ്.യു.വി! അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ആസ്ഥാനമായ കാലിഫോര്‍ണിയയിലാണ് ഔഡി ഇ-ട്രോണ്‍ അവതരിപ്പിച്ചതെന്നത് ഈ രംഗത്ത് വരാനിരിക്കുന്ന കടുത്ത മത്സരത്തിന്റെ വിളിച്ചോതലാണ്. ഇന്ത്യയില്‍ അടുത്ത വര്‍ഷം മദ്ധ്യത്തോടെ ഔഡി ഇ-ട്രോണ്‍ വിപണിയിലെത്തുമെന്നാണ് സൂചന. യൂറോപ്യന്‍ നിരത്തുകളിളെ ഈ വര്‍ഷം തന്നെ ഇ-ട്രോണ്‍ ആവേശംകൊള്ളിക്കും. 79,000 യൂറോ (ഏകദേശം 67 ലക്ഷം രൂപ) മുതലാണ് ഔഡി ഇ-ട്രോണിന്റെ വില.
ഓരോ ആക്‌സിലിനും കരുത്തേകുന്ന വിധം രണ്ട് ഇലക്ട്രിക് മോട്ടറുകള്‍ ഇ-ട്രോണിലുണ്ട്. ഇവയുടെ സംയുക്ത പവര്‍ ഔട്ട്പുട്ട് 265 കിലോവാട്ട്‌സാണ്. അതായത്, ഏകദേശം 360 ബി.എച്ച്.പി. മുന്നിലെ മോട്ടോര്‍ 125 കിലോവാട്ടും പിന്നിലേത് 140 കിലോവോട്ടും കരുത്തുത്പാദിപ്പിക്കും. ബാറ്ററി ഒറ്റത്തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ദൂരം താണ്ടാം. പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം ഇ-ട്രോണ്‍ 6.6 സെക്കന്‍ഡില്‍ കൈവരിക്കും. നോര്‍മല്‍ മോഡില്‍ നിന്ന് ബൂസ്റ്ര് മോഡിലേക്ക് കടക്കുമ്പോള്‍ ഇ-ട്രോണിന് 408 ബി.എച്ച്.പി (300 കിലോവാട്ട്) വരെ കരുത്ത് ലഭിക്കും. 36 മൊഡ്യൂളുകളിലായി 432 സെല്ലുകളാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ബൂസ്‌റ് മോഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതി.
വിര്‍ച്വല്‍ റിയര്‍ വ്യൂ മിററുകളാണ് ഇ-ട്രോണിന്റെ പ്രധാന സവിശേഷത. കണ്ണാടിക്ക് പകരം കാമറകളാണ് ഇവിടെ ഇടംപിടിച്ചിരിക്കുന്നത്. ഇതിലെ ദൃശ്യങ്ങള്‍ അകത്തളത്തിലെ സ്‌ക്രീനില്‍ കാണാം. അതേസമയം, ഇന്ത്യന്‍ വിപണിയില്‍ സാധാരണ റിയര്‍വ്യൂ മിറര്‍ തന്നെയാകും ഇ-ട്രോണിലുണ്ടാവുക. ഔഡിയുടെ തനത് എസ്.യു.വിക്ക് സമാനമാണ് ഇ-ട്രോണിന്റെയും രൂപകല്പന. വാഹനത്തിന്റെ നീളവും വീതിയും ഔഡി ക്യൂ7നെ അനുസ്മരിപ്പിക്കുന്നു. പുറംമോടിയിലെയും അകത്തളത്തിലെയും ഫീച്ചറുകള്‍ എസ്.യു.വിയിലേതു തന്നെ. 660 ലിറ്ററാണ് ബൂട്ട് പേസ്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറിന്റെ മുന്‍ഭാഗത്ത് ചെറു സാധനങ്ങള്‍ വയ്ക്കാനായി 60 ലിറ്റര്‍ സ്‌റ്രോറേജ് സ്‌പേസുമുണ്ട്.