ആപ്പിൾ ഫോൺ ഉപഭോക്താക്കളുടെ സ്വകാര്യതക്കുമേൽ കടന്നു കയറുന്നതായി റിപ്പോർട്ടുകൾ. ഫോൺ സംഭാഷണങ്ങളും കിടപ്പറ രഹസ്യങ്ങളും പോലും ചോർത്തപ്പെടുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ആപ്പിൾ ഫോണുകളിലെ സിരി സാങ്കേതിക വിദ്യയാണ് വില്ലനാകുന്നത്.
ആളുകൾ തമ്മിലുള്ള ലൈംഗിക ബന്ധം പോലും റെക്കോർഡ് ചെയ്യുന്നതായാണ് റിപ്പോർട്ട്. ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റാണ് സിരി. മുൻ ജീവനക്കാരനെ ഉദ്ധരിച്ച് ഐറിഷ് മാധ്യമങ്ങളാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. ജീവനക്കാർ ഓരോ ഷിഫ്റ്റിലും ആയിരത്തിലേറെ ഫോൺ റെക്കോർഡിംഗുകൾ കേൾക്കുന്നുണ്ടെന്നും മുൻ ജീവനക്കാരനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ലോകത്താകമാനമുള്ള ആപ്പിൾ കോൺട്രാക്ടർമാരും ഉപഭോക്താക്കളുടെ മെഡിക്കൽ വിവരങ്ങൾ, ഡ്രഗ് കരാറുകൾ തുടങ്ങിയ വിവരങ്ങൾ ലഭിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പലരുടെയും രഹസ്യ സംഭാഷണങ്ങളും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും സിരി റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയിൽ കടന്നുകയറുന്നുവെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ മാസം സിരിയുടെ റെക്കോർഡിങ് സംവിധാനം നിർത്തലാക്കിയിരുന്നു.