വാട്‌സാപ്പിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ ഏറ്റവുമധികം പരാതി ഉയരുന്ന ഒന്നാണ് വ്യാജ ചിത്രങ്ങളുടെ പ്രചരണം എന്ന് പറയുന്നത്. ഇത്തരം ചിത്രങ്ങൾക്ക് കടിഞ്ഞാണിടുന്നതിനായി ഇപ്പോൾ പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സാപ്പ്. ഇമേജ് സെർച്ച് ഓപ്ഷൻ വഴിയാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ തടയാൻ കമ്പനി ഒരുങ്ങുന്നത്. ഇത്തരത്തിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ എന്തെന്ന് ഒറ്റ ക്ലിക്കിലൂടെ അറിയാം. ഗൂഗിളാണ് ഇതിന് സഹായിക്കുന്നത്. ഈ ഫീച്ചർ ഉടൻ തന്നെ അവതരിപ്പിക്കുമെന്നും വികസിപ്പിക്കുമെന്നുമാണ് വിവരം ലഭിക്കുന്നത്.
ഗൂഗിളിന്റെ റിവേഴ്‌സ് ഇമേജ് സേർച്ചാണു വാട്‌സാപ്പുമായി ബന്ധിപ്പിക്കുന്നത്. ഉപയോക്താവിന്റെ കയ്യിലുള്ള ചിത്രം അപ്ലോഡ് ചെയ്താൽ സമാനമായ ചിത്രങ്ങളുടെ വിവരങ്ങൾ നൽകുന്ന സൗകര്യമാണിത്. സേവനം എന്നു മുതൽ ലഭ്യമാകുമെന്ന് വാട്‌സാപ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ വേർഷൻ 2.19.73 ആപ്പിലകും ഇവ ആദ്യം എത്തുന്നതെന്നും സൂചനകളുണ്ട്. ഫീച്ചറിൽ ക്ലിക്ക് ചെയ്യുന്നതോടെ ചിത്രത്തിന്റെ യാഥാർഥ്യമെന്തെന്ന് വെബ് പൂളിൽ ഗൂഗിൾ തന്നെ സെർച്ച് ചെയ്ത് കണ്ടെത്തും. എന്നാൽ ഈ ഫീച്ചർ എല്ലാ വേർഷനിലും ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ബോട്ട് അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി റദ്ദാക്കി വരികയായിരുന്നു. ഇതിനോടകം പ്രതിമാസം രണ്ടു മില്യൺ അക്കൗണ്ടുകൾ റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. അടുത്തിടെയാണ് വാട്‌സാപ്പ് സന്ദേശങ്ങൾ അഞ്ചു പേരിൽ കൂടുതലുള്ളവർക്ക് ഷെയർ ചെയ്യാൻ സാധിക്കാത്ത വിധത്തിൽ കമ്പനി നിയമം പുതുക്കിയത്. ഇതിന് മുൻപ് ഒരേ സമയം 20 പേർക്ക് വരെ സന്ദേശം അയയ്ക്കാൻ സാധിക്കുമായിരുന്നു. ഇത് വ്യാജ സന്ദേശം തടയുന്നതിൽ ഏറെ സഹായമാവുകയായിരുന്നെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കിയത്.
വ്യാജ സന്ദേശം പ്രചരിക്കുന്നത് തടയാനായി ഇന്ത്യയിലാണ് വാട്‌സാപ്പ് ആദ്യമായി ഈ സേവനം ആരംഭിച്ചത്. ഇക്കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പ്രവർത്തനം മരവിച്ചിരുന്നു. വ്യാഴാഴ്‌ച്ച രാവിലെയോടെയാണ് ഇതിന്റെ പ്രശ്‌നങ്ങൾ ഭാഗികമായെങ്കിലും
പരിഹരിക്കപ്പെട്ടത്.