ഇന്ത്യയില്‍ കൊറോണ വൈറസ് പ്രതിസന്ധി തുടരുന്നതിനിടെ ഉല്‍പ്പാദനം നിര്‍ത്തിവെച്ച് ബൈക്ക് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അതിന്റെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട്, റോയല്‍ എന്‍ഫീല്‍ഡ് ചെന്നൈയിലെ ഉല്‍പാദന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചതായി ഐഷര്‍ മോട്ടോഴ്‌സ് ബുധനാഴ്ച എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് വ്യക്തമാക്കിയിട്ടുള്ളത്.
തിരുവോട്ടിയൂര്‍, ഒറഗഡാം, വല്ലം വഡഗല്‍ എന്നിവിടങ്ങളിലുള്ള കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2021 മെയ് 13 വ്യാഴാഴ്ചയ്ക്കും 2021 മെയ് 16 ഞായറാഴ്ചയ്ക്കും ഇടയില്‍ ഇതോടെ നിര്‍ത്തിവെക്കും. അതേസമയം നിര്‍മാണ പ്ലാന്റ് അടച്ചിടുന്ന കാലയളവ് അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി മാറ്റിവെക്കുമെന്നും കമ്പനി വ്യക്തമാക്കി. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ലോക്ക്‌ഡൌണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലിരിക്കെ റീട്ടെയില്‍ മേഖലയില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് മുന്‍കൂട്ടി കാണാനാവുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.
കൊവിഡ് വ്യാപനം തുടരുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സാഹചര്യം മെച്ചപ്പെടുമ്പോള്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഗവണ്‍മെന്റും അഡ്മിനിസ്‌ട്രേറ്റീവ് അതോറിറ്റികളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മുമ്പോട്ടും പ്രവര്‍ത്തിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
കൊവിഡി പ്രതിരോധത്തില്‍ പ്രാദേശിക ചട്ടങ്ങള്‍ പാലിക്കുന്നതിനും ബാധകമായേക്കാവുന്ന പ്രാദേശിക ഭരണകൂടങ്ങളുടെ ഉത്തരവുകള്‍ കൃത്യമായി പാലിക്കുന്നതിനും കമ്പനി ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫീസുകളിലുടനീളമുള്ള മറ്റ് എല്ലാ ജീവനക്കാരും, ചെന്നൈ, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ ഉള്‍പ്പെടെ, കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ വര്‍ക്ക് ഫ്രം തുടരുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.