റഷ്യ-ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ഫ്രഞ്ച് വാഹന ഭീമനായ റെനോ. തങ്ങളുടെ മോസ്‌കോ ഫാക്ടറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും റെനോ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ യുദ്ധ യന്ത്രത്തെ റെനോ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്ന് ആരോപിച്ച് ഉക്രേനിയന്‍ നേതാക്കള്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോജിസ്റ്റിക്സിലെ തകരാര്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് ശേഷം റെനോ കഴിഞ്ഞ ദിവസമാണ് മോസ്‌കോയില്‍ ഉല്‍പ്പാദനം പുനരാരംഭിച്ചത്. ഇതിനു പിന്നാലെ ആയിരുന്നു ഉക്രെയിന്‍ നേതാക്കളുടെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം. അന്താരാഷ്ട്ര ഉപരോധങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് റെനോ ഗ്രൂപ്പ് വ്യക്തമാക്കുന്നു. റഷ്യ യുക്രൈനെ ആക്രമിച്ചത് മുതല്‍ റഷ്യയില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ച് ആശങ്കയിണ് റെനോ. മറ്റ് മിക്ക കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നും വ്യത്യസ്തമായി, റെനോ റഷ്യയില്‍ കാര്‍ നിര്‍മ്മാണം തുടരുക ആയിരുന്നു.
റഷ്യന്‍ വാഹന ഭീമനായ അവ്‌തൊവാസ് നിലവില്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കാളായ റെനോയുടെ കീഴിലാണ്. ലഡ കാറുകള്‍ നിര്‍മ്മിക്കുന്ന കമ്പനി റഷ്യയിലെ ഏറ്റവും ജനപ്രിയ കാര്‍ ബ്രാന്‍ഡ് കൂടിയാണ്. റെനോയുടെ അഭിപ്രായത്തില്‍, റഷ്യന്‍ വിപണിയുടെ ഏകദേശം 21 ശതമാനവും ലഡ കാറുകളാണ്. അവ്‌തൊവാസ് റെനോയുടെ 68 ശതമാനം ഉടമസ്ഥതയിലുള്ളതാണ്. റെനോയുടെ വരുമാനത്തിന്റെ 10 ശതമാനം റഷ്യയെ ആശ്രയിച്ചിരിക്കുന്നു.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, റഷ്യയിലെ 45,000 ജീവനക്കാരോട് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ നിലവിലെ അന്തരീക്ഷം കണക്കിലെടുത്ത് ലഭ്യമായ ഓപ്ഷനുകള്‍ വിലയിരുത്തുകയാണ് എന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 24ന് റഷ്യയുടെ ഉക്രെയിനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷം രാജ്യത്ത് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്താന്‍ മെഴ്സിഡസ് ബെന്‍സ്, ഫോക്സ്വാഗണ്‍, വോള്‍വോ, ഹോണ്ട, പോര്‍ഷെ, ഹ്യുണ്ടായ് തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു.