Latest News

ഫ്യൂചര്‍ ഗ്രൂപ്പ് സ്‌റ്റോറുകള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്; ബിഗ് ബസാര്‍ അടച്ചുപൂട്ടി

Malayalilife
ഫ്യൂചര്‍ ഗ്രൂപ്പ് സ്‌റ്റോറുകള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്; ബിഗ് ബസാര്‍ അടച്ചുപൂട്ടി

ലീസ് പേമെന്റ് മുടങ്ങിയ പശ്ചാത്തലത്തിൽ ബിഗ് ബസാർ സൂപ്പർമാർക്കറ്റിന്റെയടക്കം പ്രവർത്തനം ഏറ്റെടുക്കാനുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ നീക്കത്തിനിടെ ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ നിർത്തിവെച്ച് ഫ്യൂചർ റീടെയ്ൽ. ഫ്യൂചർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ബിഗ് ബസാർ സ്റ്റോറുകളിലടക്കം റിലയൻസ് ബോർഡുകൾ സ്ഥാപിച്ച് മുന്നോട്ട് പോകാനാണ് റിലയൻസ് ഇന്റസ്ട്രീസ് തീരുമാനം. ഇതോടെയാണ് ഫ്യൂചർ റീടെയ്ൽ കടകൾ അടച്ചുപൂട്ടിയത്. 1700 ഔട്ട്ലെറ്റുകളാണ് ഫ്യൂചർ റീടെയ്ൽ ഗ്രൂപ്പിനുള്ളത്. ഇതിൽ 200 സ്റ്റോറുകൾ റിലയൻസ് റീബ്രാന്റ് ചെയ്യും. ഇതെല്ലാം ബിഗ് ബസാർ സ്റ്റോറുകളായിരിക്കും.

എന്നാൽ ഇതേക്കുറിച്ച് റിലയൻസോ, ഫ്യൂചർ റീടെയ്ൽ ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച രാജ്യത്തെമ്പാടും ബിഗ് ബസാർ സ്റ്റോറുകൾ അടഞ്ഞുകിടന്നു. രണ്ട് ദിവസത്തേക്ക് സ്റ്റോറുകൾ തുറക്കില്ലെന്നാണ് ട്വിറ്ററിൽ ഇതേക്കുറിച്ച് പരാതിപ്പെട്ട ഒരു ഉപഭോക്താവിന് ബിഗ് ബസാറിൽ നിന്ന് ലഭിച്ച മറുപടി. ഫ്യൂചർ ഇ കൊമേഴ്സ് മൊബൈൽ ആപ്പും വെബ്സൈറ്റും പ്രവർത്തനക്ഷമമായിരുന്നില്ല.

രണ്ട് പതിറ്റാണ്ട് മുൻപ് കിഷോർ ബിയാനി രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ച പുതിയൊരു റീടെയ്ൽ ബിസിനസ് മാതൃകയായിരുന്നു ബിഗ് ബസാർ. 2020ൽ ഫ്യൂചർ റീടെയ്ൽ ആസ്തികൾ റിലയൻസിന് വിൽക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ ആമസോൺ കമ്പനി നിയമപോരാട്ടം തുടങ്ങിയതോടെ ഇത് രണ്ട് വർഷമായി യാഥാർത്ഥ്യമായിട്ടില്ല. ഈ ഘട്ടത്തിലാണ് ഒരു വിഭാഗം ബിഗ് ബസാർ സ്റ്റോറുകൾ റിലയൻസ് ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. നിയമപോരാട്ടം നടക്കുന്നതിനിടെയാണ് റിലയൻസ് ഇന്റസ്ട്രീസിന്റെ നീക്കം. അതേസമയം, തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന കാര്യത്തിൽ റിലയൻസ് ഉറപ്പ് നൽകി.
 
ഫ്യൂചർ റീടെയ്ൽ ജീവനക്കാരെ റിലയൻസ് ഇന്റസ്ട്രീസ് തങ്ങളുടെ പേറോളിലേക്ക് മാറ്റുകയാണ്. ആമസോൺ ഈ കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സാധ്യമായ എല്ലാ വഴികളിലൂടെയും ഫ്യൂചർ ഗ്രൂപ്പിനെ റിലയൻസ് ഇന്റസ്ട്രീസ് ഏറ്റെടുക്കുന്നത് തടയാൻ ശ്രമിക്കുകയായിരുന്നു ആമസോൺ. എന്നാൽ ഇപ്പോഴത്തെ മുകേഷ് അംബാനി കമ്പനിയുടെ നീക്കം ലോകത്തിലെ ഇ-കൊമേഴ്‌സ് ഭീമന് കനത്ത തിരിച്ചടിയാണ്. 24713 കോടി രൂപയുടേതാണ് ഫ്യൂചർ-റിലയൻസ് ഇടപാട്. 2021 മെയ് മാസത്തിനകം ഇടപാട് പൂർത്തിയാക്കാനായിരുന്നു ഇരു കമ്പനികളും തീരുമാനിച്ചിരുന്നത്. ആമസോൺ പരാതിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിൽ ഇത് വൈകുകയായിരുന്നു.

Reliance to acquire Future Group stores

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES