രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുനിന്ന് റിലയന്‍സും ബ്രിട്ടീഷ് പെട്രോളിയ(ബിപി)വും ചേര്‍ന്ന് പ്രകൃതി വാതക ഖനനം തുടങ്ങി. കോവിഡ് വ്യാപനം മൂലം 2021 ജൂണോടെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരത്തെ തന്നെ ഉത്പാദനം തുടങ്ങാനായതായി ഇരുകമ്പനികളും പ്രസ്താവനയില്‍ അറിയിച്ചു.
ആന്ധ്രയിലെ കാക്കിനടയില്‍ കടലില്‍ 1,850 മീറ്റര്‍ ആഴത്തില്‍ നിന്നാണ് ഖനനം നടക്കുന്നത്. ഗ്യാസ് ഫീല്‍ഡിലെ നാല് റിസര്‍വോയറില്‍ നിന്നാണ് ഇപ്പോള്‍ വാതകം ഉത്പാദിപ്പിക്കുന്നത്.
2022 മധ്യത്തോടെ മൂന്നാമതൊരു ബ്ലോക്കില്‍ നിന്നുകൂടി വാതക ഉത്പാദനം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനികള്‍ അറിയിച്ചു. പുതിയതുകൂടി പ്രവര്‍ത്തനക്ഷമമായാല്‍ 2023ഓടെ പ്രതിദിനം 30 മില്യണ്‍ സ്റ്റാന്റേഡ് ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ആവശ്യത്തിന്റെ 15ശതമാനത്തോളംവരുമിത്.