ഐഫോണ്‍ വാങ്ങാന്‍ ആളില്ല! മൈക്രോസോഫ്റ്റ് ഒന്നാമത്

Malayalilife
topbanner
 ഐഫോണ്‍ വാങ്ങാന്‍ ആളില്ല! മൈക്രോസോഫ്റ്റ് ഒന്നാമത്


വര്‍ഷത്തെ ഐഫോണുകള്‍ക്ക് ലോക വിപണിയില്‍ അത്രക്ക്   സ്വീകരണം ലഭിക്കാത്തത് ആപ്പിളിന് ഓഹരി വിപണിയില്‍ തിരിച്ചടിയായി. ആപ്പിളിന്റെ 300 ബില്ല്യന്‍ ഡോളര്‍ തകര്‍ച്ചയ്‌ക്കൊപ്പം കമ്പനിക്ക് ലോകത്തെ ഏറ്റവും മൂല്യമുളള കമ്പനിയെന്ന സ്ഥാനവും നഷ്ടമായി. ആപ്പിളിന്റെ പതനത്തോടെ നേരിയ ലീഡ് കിട്ടിയ മൈക്രോസോഫ്റ്റ് ഓഹരികളുടെ വില 0.6 ശതമാനം വര്‍ധിക്കുകയും ചെയ്തു. ചൊവ്വാഴ്ച ട്രേയ്ഡിങ് അവസാനിക്കുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ മൂല്യം 828.1 ബില്ല്യന്‍ ഡോളറായിരുന്നു. ആപ്പിളിനെക്കാള്‍ 1 ബില്ല്യന്‍ ഡോളര്‍ കൂടുതല്‍.


നേരത്തെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായിരുന്നത് മൈക്രോസോഫ്റ്റ് തന്നെയായിരുന്നു. പക്ഷേ, കംപ്യൂട്ടിങ് ഡെസ്‌ക്ടോപ്്, ലാപ്‌ടോപ്പുകളില്‍ നിന്ന് മൊബൈല്‍ ഉപകരണങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ മൈക്രോസോഫ്റ്റ് പിന്നോട്ടു പോകുകയായിരുന്നു. മൊബൈല്‍ വിപ്ലവം മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്നതാണ് തന്റെ കമ്പനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്‍ മേധാവിയും സ്ഥാപകനുമായ ബില്‍ ഗെയ്റ്റ്‌സ് വിലപിച്ചിട്ടുണ്ട്. നോക്കിയ കമ്പനിയെ വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചതും തിരിച്ചടിയാകുകയായിരുന്നു. 

1990കളില്‍ ആപ്പിളിന് സാമ്പത്തിക പ്രശ്‌നം വന്നപ്പോള്‍ സഹായിച്ചത് മൈക്രോസോഫ്റ്റ് ആയിരുന്നു. ലോകത്തെ ആദ്യ 1 ട്രില്ല്യന്‍ ഡോളര്‍ കമ്പനിയായതിനു ശേഷമാണ് ആപ്പിളിന്റെ പതനം. 2010നു ശേഷം മൈക്രോസോഫ്റ്റ് ആപ്പിളിനു മുന്നില്‍ കടന്നിട്ടില്ലെന്നാണ് ബ്ലൂംബര്‍ഗ് പറയുന്നത്. അടുത്ത കാലത്തുണ്ടായ സ്റ്റോക്ക് വിപണി തകര്‍ച്ചയില്‍ പരുക്കു പറ്റാത്ത ടെക്‌നോളജി കമ്പനികളില്ല. എന്നാല്‍ ആപ്പിളിനും ആമസോണിനും നേരിട്ട തരം പതനം മൈക്രോസോഫ്റ്റിനുണ്ടായില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മൈക്രോസോഫ്റ്റിന്റെ ഓഹരി മൂല്യം താഴ്ന്നത് 6.3 ശതമാനമാണെങ്കില്‍ ആപ്പിളിന്റെ തകര്‍ച്ച 23 ശതമാനമാണ്.

ക്ലൗഡ് കംപ്യൂട്ടിങില്‍ മൈക്രോസോഫ്റ്റിനു മുന്നിലുള്ളത് ആമസോണ്‍ മാത്രമാണ്. കമ്പനിയെ വന്‍ പതനത്തില്‍ നിന്നു രക്ഷിച്ചു നിര്‍ത്തിയത് ഇതാണ്. മൊബൈല്‍ ഉപകരണങ്ങള്‍ വാങ്ങുന്നത് ആളുകള്‍ കുറച്ചത് ആപ്പിളിനു വിനയായെങ്കില്‍ ഡിജിറ്റല്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞത് ഗൂഗിളിനും ഫേസ്ബുക്കിനും ക്ഷീണം സമ്മാനിച്ചു.

മൊബൈല്‍ വിപ്ലവത്തില്‍ പങ്കാളിയാകാന്‍ സാധിച്ചില്ലെന്ന വിഷമവുമായി നിന്ന മൈക്രോസോഫ്റ്റിന് പിടിവള്ളിയായത് ക്ലൗഡ് കംപ്യൂട്ടിങ് ആയിരുന്നു. കമ്പനിയുടെ ഇന്ത്യന്‍ വംശജനായ മേധാവി സത്യ നഡേലയുടെ നേതൃത്വത്തില്‍ ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കാനും കോര്‍പറേറ്റ് കമ്പനികളുടെയും മറ്റും ഡേറ്റ സ്റ്റോറു ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും വന്‍തോതില്‍ മുതല്‍ മുടക്കുകയുണ്ടായി. അതാണ് കമ്പനിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. തങ്ങളുടെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവരുടെ ഡേറ്റ സ്റ്റോറു ചെയ്യാന്‍ മാത്രമല്ല ആപ്പിളടക്കുമുള്ള കമ്പനികളുടെ ഉപയോക്താക്കള്‍ക്കായും ഡേറ്റാ സേവനം തുറന്നിട്ടാണ് കമ്പനി തിരിച്ചു കയറിയത്. സ്മാര്‍ട് ഫോണ്‍ നിര്‍മാണം നിര്‍ത്തിയതും കമ്പനിക്കു ഗുണകരമായെന്നു കരുതുന്നവരും ഉണ്ട്.

Microsoft Is- Worth as Much -as Apple- How Did -That Happen

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES