ഇന്ത്യയില്‍ വാഹന വിപ്ലവത്തിന് തുടക്കം കുറിച്ച കാര്‍ മോഡലായിരുന്നു മാരുതി-സുസുകിയുടെ മാരുതി 800. 1983-ലാണ് ഈ കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഓടിത്തുടങ്ങിയത്. ജപ്പാനിലെ സുസുക്കി മോട്ടോര്‍സ് കമ്പനിയും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള സംയുക്ത സംരംഭമായി 1983 ഡിസംബര്‍ 14-ന് പുറത്തിറങ്ങിയ മാരുതി 800 രാജ്യത്തെ പല സെലിബ്രിറ്റികളുടെയും ആദ്യ വാഹനമായിരുന്നു. 796 cc എന്‍ജിന്‍ കരുത്തുപകരുന്ന കാറിന്റെ മിക്ക ഭാഗങ്ങളും ആദ്യകാലങ്ങളില്‍ വികസിത രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.
ആരംഭത്തില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ മാത്രമായിരുന്നു വാഹന വില്‍പ്പന. പിന്നീട് 1984 -ല്‍ കല്‍ക്കട്ട, ചണ്ഡീഗഢ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വില്‍പ്പന വിപുലീകരിച്ചു. തുടക്കത്തില്‍ 20,000 കാറുകളും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 45,000, 65,000 എന്നിങ്ങനെ കൂടുതല്‍ കാറുകള്‍ മാരുതി പുറത്തിറക്കി. 2014ല്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന മാരുതി 800നെക്കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങള്‍.
1. വില 50,000 രൂപ
1983ല്‍ പുറത്തിറങ്ങിയ ആദ്യ കാറിന്റെ വില കേവലം 48,000 രൂപയായിരുന്നു. എന്നാല്‍ കാറിന്റെ ജനപ്രിയത മൂലം ഒരുലക്ഷം രൂപവരെയും നല്‍കാന്‍ പലരും തയ്യാറായിരുന്നു. ബുക്ക് ചെയ്ത ആയിരങ്ങള്‍ക്ക് കാര്‍ സ്വന്തമാക്കാന്‍ ഏറെക്കാലം കാത്തുനില്‍ക്കേണ്ടി വന്നിരുന്നു.
2. മുഴുവന്‍ വേഗതയും കൈവരിച്ച ഏക വാഹനം
സ്പീഡോ മീറ്ററില്‍ നിര്‍മ്മാതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്പീഡ് ലെവല്‍ കൈവരിക്കാന്‍ പലപ്പോഴും മറ്റുകാറുകള്‍ക്ക് സാധിക്കില്ല. എന്നാല്‍ സ്പീഡോ മീറ്ററില്‍ രേഖപ്പെടുത്തിയ 140 കിലോമീറ്റര്‍ സ്പീഡും അതിനുമുകളിലും അനായാസേനെ കൈവരിക്കാന്‍ മാരുതി 800ന് കഴിഞ്ഞു. മാരുതി 800ന്റെ ലിമിറ്റിഡ് എഡിഷനാണ് ഈ നേട്ടം കൈവരിച്ചത്. മണിക്കൂറില്‍ 144 കിലോമീറ്റര്‍ വേഗതയിലാണ് മാരുതി 800 കുതികുതിച്ചത്
3. ഒരിക്കലും ഉപേക്ഷിക്കാതെ ആദ്യ ഉടമ
1983 ഡിസംബര്‍ 14-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരന്‍ ഹര്‍പാല്‍ സിങിന് കാര്‍ നല്‍കിയാണ് ആദ്യവില്‍പ്പന നടത്തിയത്. ഹര്‍പാല്‍ സിംഗ് ഈ വാഹനം തന്റെ ജീവിതാവസാനം വരെ ഉപയോഗിച്ചു. 2010ല്‍ സിംഗ് മരിക്കുന്നതു വരെ 27 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടായിരുന്ന ഈ കാര്‍ ഇപ്പോല്‍ ബന്ധുക്കള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
4.പാക്ക് മോഷ്ടാക്കള്‍ക്ക് ഏറെ പ്രിയം പാക്കിസ്ഥാനില്‍ മാരുതി 800 സുസുക്കി മെഹ്‌റാന്‍ എന്നാണ് അറിയപ്പെടുന്നത്. കറാച്ചി ആന്റി കാര്‍ ലിഫ്റ്റിംഗ് സെല്ലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ മോഷണം പോകുന്ന കാറുകളിലൊന്നാണിത്. വെള്ള നിറത്തിലുള്ള സുസുക്കി മെഹ്‌റാനോടാണ് മോഷ്ടാക്കള്‍ക്ക് ഏറെ പ്രിയം.
5.യാഥാര്‍ത്ഥ്യമാവാന്‍ മൂന്നു പതിറ്റാണ്ട്
1950കളില്‍ തുടങ്ങിയ പദ്ധതിയാണ് മൂന്നുപതിറ്റാണ്ടുകള്‍ക്ക് ശേഷം 1983ല്‍ യാഥാര്‍ത്ഥ്യമായത്. 1959ല്‍ അന്നത്തെ നെഹ്രു മന്ത്രിസഭയില്‍ അംഗമായിരുന്ന മനുഭായി ഷായാണ് വിലകുറഞ്ഞ ചെറുകാര്‍ എന്ന ആശയം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത്. തുടര്‍ന്ന് എല്‍ കെ ഝാ അധ്യക്ഷനായ കമ്മറ്റി പദ്ധതിയെപ്പറ്റി പഠിച്ചെങ്കിലും 1980 വരെ പദ്ധതി നിര്‍ജ്ജീവമായി കിടന്നു.
6. ആദ്യ ഫ്രണ്ട് വീല്‍ ഡ്രൈവ് കാര്‍
രാജ്യത്തെ ആദ്യ ഫ്രണ്ട് വീല്‍ ഡ്രൈവ് കാര്‍ എന്ന പ്രത്യേകതയും മാരുതി 800ന് സ്വന്തം. അക്കാലത്ത് രാജ്യത്തെ നിരത്തുകളിലുണ്ടായിരുന്ന അംബാസിഡര്‍, ഹിന്ദുസ്ഥാന്‍ കോണ്ടസ, പ്രീമിയര്‍ പദ്മിനി തുടങ്ങിയ കാറുകളിലെല്ലാം റിയല്‍ വീല്‍ ഡ്രൈവുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
7.സെലിബ്രിറ്റികളുടെ ആദ്യ കാര്‍
രാജ്യത്തെ മിക്കവാറും എല്ലാ സെലിബ്രിറ്റികളുടെയും ആദ്യത്തെ ആഢംബരവാഹനവും മോഹവാഹനവുമൊക്കെയായിയിരുന്നു അക്കാലത്ത് മാരുതി 800. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആദ്യ കാറും മാരുതി 800 ആയിരുന്നു. കാര്‍ സ്വന്തമാക്കാനുള്ള തുക ഏറെനാളുകള്‍ കൊണ്ടാണ് സച്ചിന്‍ സ്വരുക്കൂട്ടിയത്. ഈ പണം ഉപയോഗിച്ച് 1983ല്‍ സച്ചിന്‍ സ്വന്തമാക്കിയ ആ നീല മാരുതി 800 ഇപ്പോഴും സച്ചിന്റെ ഗാരേജില്‍ വിശ്രമിക്കുന്നുണ്ട്.
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും സിനിമാപ്രേമികള്‍ക്കും മാരുതി 800 മധുരമുള്ളൊരു സ്മരണയാണ്.