ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) പ്രാരംഭ ഓഹരി വില്പനയ്ക്ക് ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ പച്ചക്കൊടി. 2022 മാര്‍ച്ചോടെ കമ്പനിയുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. ഓഹരികളുടെ വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമതി പിന്നീട് തീരുമാനിക്കും. മുന്‍ സാമ്പത്തിക വര്‍ഷം എല്‍ഐസിയുടെ ഓഹരിവില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനംമൂലം നീളുകയായിരുന്നു.
2021-22 ബജറ്റില്‍ നടപ്പ് വര്‍ഷംതന്നെ എല്‍ഐസിയുട ഓഹരി വില്‍പനയുണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ മൊത്തംമൂല്യം കണക്കാക്കാന്‍ മില്ലിമാന്‍ അഡൈ്വസേഴ്സിനെ ചുമതലപ്പെടുത്തി. ചെയര്‍മാന്‍ സ്ഥാനത്തിനുപകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മാനേജിങ് ഡയറക്ടര്‍ എന്നീ പദവികള്‍ കൊണ്ടുവന്നു.
ഐപിഒ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വിഭാഗം അടുത്തയിടെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്സ്(റെഗുലേഷന്‍)ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു.
ഒരു ലക്ഷം കോടിയിലധികം രൂപയുടെ വിപണിമൂല്യമുളള കമ്പനികള്‍ക്ക് ഈ ഭേദഗതിവഴി അഞ്ചുശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കഴിയും. ഈ നീക്കം എല്‍ഐസിയുടെ ഓഹരി വില്‍പനയിലൂടെ സര്‍ക്കാരിന് ഗുണകരമാകും. ഇത്തരം കമ്പനികളുലടെ പൊതുഓഹരി പങ്കാളിത്തം രണ്ടുവര്‍ഷത്തിനുള്ളില്‍ 10ശതമാനമായും അഞ്ചുവര്‍ഷത്തിനുള്ളില്‍ 25ശതമാനമായും ഉയര്‍ത്താന്‍കഴിയും.