തങ്ങളുടെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ ഈ വര്‍ഷം ന്യൂയോര്‍ക്കില്‍ തുറക്കുമെന്ന് ഗൂഗിള്‍. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഹാര്‍ഡ്വെയര്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകും. ആപ്പിള്‍ സ്റ്റോര്‍ മാതൃകയിലാണ് വമ്പന്‍ പദ്ധതിയുമായി ഗൂഗിള്‍ മുന്നോട്ട് പോകുന്നത്. ഈ സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്ക് ബ്രൗസ് ചെയ്യാനും ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും സാധിക്കും.
പിക്‌സല്‍ ഫോണുകള്‍ മുതല്‍ നെസ്റ്റ് പ്രൊഡക്ട്‌സ് വരെയും ഫിറ്റ്ബിറ്റ് ഡിവൈസ് മുതല്‍ പിക്‌സല്‍ബുക്ക് വരെയും ഗൂഗിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും സ്റ്റോറില്‍ ആസ്വദിക്കാനാവും. കൊവിഡ് കാലമായതിനാല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. സ്റ്റോറിനകത്ത് ഒരു സമയത്ത് പ്രവേശിക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തും.
സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ശുചിയാക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിയന്ത്രണം ഉണ്ടാവും. 20 വര്‍ഷമായി ന്യൂയോര്‍ക്കിലുള്ള ഗൂഗിളിന്, റീട്ടെയില്‍ സ്റ്റോര്‍ ഒരു പുതിയ തുടക്കമാണ്. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തി പദ്ധതി വ്യാപിപ്പിക്കാനാണ് സാധ്യത.