ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു. ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിള്‍ പ്ലസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വന്നത്. ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും അടച്ചുപൂട്ടലിലേക്ക് നയിച്ചുവെന്ന് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
സോഷ്യല്‍ നെറ്റ്വര്‍ക്ക് മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട് ജനപ്രീതി നേടിയ ഫെയ്സ്ബുക്കിനെ പിടിച്ചുക്കെട്ടാന്‍ വേണ്ടിയാണ് ഗൂഗിള്‍ പ്ലസ് 2011ല്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഓര്‍ക്കുട്ട് വരെ ഗൂഗിള്‍ നിര്‍ത്തലാക്കി. എന്നാല്‍ ഉപയോക്താക്കളും മുന്‍നിര ബിസിനസ് സ്ഥാപനങ്ങളും ഗൂഗിള്‍ പ്ലസിനു വേണ്ടത്ര സ്ഥാനം നല്‍കിയില്ല. ഇതോടെ നേരത്തെ തന്നെ ഗൂഗിള്‍ പ്ലസ് പൂട്ടാന്‍ കമ്പനിയും ആലോചിച്ചുതുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള സുരക്ഷ വീഴ്ചയും ഗൂഗിള്‍ പ്ലസില്‍ കണ്ടെത്തിയത്. ഇതോടെയാണ് ഗൂഗിള്‍ പ്ലസ് പൂട്ടാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സോഫ്റ്റ്വെയര്‍ 'ബഗ്' കടന്നുകൂടിയത് മാര്‍ച്ചില്‍ തന്നെ കമ്പനി മനസിലാക്കിയിരുന്നു. ഉപയോക്താക്കളുടെ ഇമെയില് അഡ്രസ്, ജനന തീയതി, ലിംഗഭേദം, പ്രൊഫൈല്‍ ഫോട്ടോ, താമസിക്കുന്ന സ്ഥലങ്ങള്‍, തൊഴില്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് സാങ്കേതിക പിഴവ് മൂല് പരസ്യമായത്. എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു പുറത്തുവിട്ടിരുന്നില്ല. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. അതേസമയം ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആന്‍ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഗൂഗിള്‍ പ്ലസിലെ 90 ശതമാനം ഉപയോക്താക്കളും അഞ്ച് സെക്കന്റില്‍ താഴെ നേരം മാത്രമേ ഗൂഗിള്‍ പ്ലസില്‍ ചിലവഴിക്കുന്നുള്ളു എന്ന് വ്യക്തമായതും ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാന്‍ കാരണമായി. അതേസമയം എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനം ഗൂഗിള്‍ പ്ലസ് തുടരും. കമ്പനികളിലെ ആഭ്യന്തര ആശയവിനിമയങ്ങള്‍ക്കായി ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നതിനാലാണ് ഈ തീരുമാനം. എന്റര്‍പ്രൈസ് ഉല്‍പ്പന്നം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും ഗൂഗിള്‍ തുടരും.