എടിഎം ഇടപാടുകളുടെ നിരക്ക് ജനുവരി ഒന്നുമുതല്‍ കൂട്ടാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി. സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞാല്‍ തുക നല്‍കേണ്ടി വരും. ഓരോ പണമിടപാടിനും 20 രൂപയാണ് നിലവില്‍ ഫീസ്. 2022 ജനുവരി ഒന്ന് മുതല്‍ ഇത് 21 രൂപയാകും. പുറമേ 18 ശതമാനം ജിഎസ്ടിയും നല്‍കണം.
പണം പിന്‍വലിക്കല്‍ മാത്രമല്ല, ബാലന്‍സ് പരിശോധിക്കല്‍, മിനി സ്റ്റേറ്റ്മെന്റ് എടുക്കല്‍ എന്നിവയെല്ലാം ഇടപാട് പരിധിയില്‍ വരും. ഇവ ഓരോന്നും ഓരോ ഇടപാടായാണ് കണക്കാക്കുക. ഇതനുസരിച്ച് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ലിമിറ്റ് എന്നിവയുടെ സൗജന്യ തവണകള്‍ കഴിഞ്ഞാലും അധിക തുക ഈടാക്കും. ഇത് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി കുറയുകയാണ് ചെയ്യുക.
നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ അഞ്ചും മറ്റുബാങ്ക് എടിഎമ്മില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും ഇടപാടുകളാണ് പ്രതിമാസം സൗജന്യം. ഇതര നഗരങ്ങളില്‍ മറ്റുബാങ്ക് എടിഎമ്മുകളില്‍ അഞ്ച് ഇടപാടുകള്‍ സൗജന്യമായി നടത്താം. എടിഎമ്മില്‍ നിന്ന് ശ്രദ്ധിച്ച് പണം പിന്‍വലിച്ചില്ലെങ്കില്‍ നിരക്ക് വര്‍ധന ഉപയോക്താക്കള്‍ക്ക് ഭാരമാകുമെന്ന് ആര്‍ബിഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം ഉത്തരവായി റിസര്‍വ് ബാങ്ക് ജൂണ്‍ 10ന് തന്നെ ബാങ്കുകളെ അറിയിച്ചിട്ടുണ്ട്.