കുട്ടികള്‍ സന്തോഷമായിരിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. എന്നാല്‍ അവര്‍ സന്തോഷവാന്മാരും സന്തോഷവതികളുമാണോ എന്ന് എങ്ങനെ തിരിച്ചറിയും. അതിനൊരു വഴി പറഞ്ഞു തരുന്നു പുതിയൊരു പഠനം. സന്തോഷത്തിലുള്ള കുട്ടികള്‍ മാതാപിതാക്കളോട് സംസാരിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കുമെന്നാണ് ഈ പഠനം പറയുന്നത്. മാതാപിതാക്കളോടുള്ള മക്കളുടെ ബന്ധമാണ് അവരുടെ സന്തോഷത്തില്‍ നിര്‍ണായകമാകുന്നതെന്ന് ബ്രിട്ടനിലെ കുട്ടികളില്‍ നടത്തിയ ആഴത്തിലുള്ള ഈ പഠനം പറയുന്നു. ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ തവണ വീട്ടില്‍ വഴക്കുണ്ടാക്കുന്ന കുട്ടികള്‍ക്ക് ജീവിത സംതൃപ്തി കുറയുമെന്നാണ് കണ്ടെത്തല്‍.
ജീവിതത്തില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ 15 വയസ്സിനു താഴേയുള്ള കുട്ടികള്‍ മാതാപിതാക്കളോട് തങ്ങളെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അധിക സമയം ചെലഴിക്കുന്നതായും പഠനം കണ്ടെത്തി. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തങ്ങളുടെ പ്രധാന കാര്യങ്ങളെല്ലാം കൂടുതലായും അമ്മയുമായാണ് പങ്കുവയ്ക്കുന്നത്. അച്ഛനുമായി ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ കുറവാണ്. ഒരു പതിറ്റാണ്ടിനിടെ ബ്രിട്ടനിലെ കുട്ടികള്‍ മാതാപിതാക്കളോട് കൂടുതല്‍ തുറന്ന് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നെന്നും പഠനം വ്യക്തമാക്കുന്നു.
പഠനം പറയുന്നത് ഇതൊക്കെയാണെങ്കിലും മാതാപിതാക്കളുമായി നല്ല ബന്ധ നിലനിര്‍ത്തുന്ന മക്കളുടെ എണ്ണം കുറവാണെന്ന് ദി ചില്‍ഡ്രന്‍ സൊസൈറ്റി ഡയറക്ടര്‍ ലിലി കപ്രാനി പറയുന്നു. കുടുംബത്തിന്റെ പിന്തുണയും അവരുമായുള്ള ബന്ധവും ആശയവിനിമയവുമെല്ലാം കുട്ടികളുടെ സന്തോഷത്തിന്റെ പ്രധാന ഘടകങ്ങളായിരിക്കുമ്പോള്‍ തന്നെ ചുരുക്കം കുട്ടികള്‍ മാത്രമെ മാതാപിതാക്കളോട് കാര്യമായി സംസാരിക്കുന്നുള്ളൂവെന്ന് ലിലി പറയുന്നു. പഠനത്തില്‍ പങ്കെടുത്ത 10-നും 15-നുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ ഭൂരിഭാഗവും ജീവിത സന്തോഷം ഉയര്‍ന്നത് എന്ന ഗണത്തിലാണ് ഉല്‍പ്പെടുന്നത്. തങ്ങളുടെ വേഷവിതാനവും മൊത്തത്തിലുള്ള സന്തോഷത്തില്‍ ഒരു ഘടകമായി കുട്ടികള്‍ കാണുന്നുണ്ടെന്നും പഠനം പറയുന്നു. തങ്ങള്‍ കാഴ്ചയില്‍ എങ്ങനെ എന്നത് പത്തില്‍ എട്ട് ആണ്‍ കുട്ടികളും പത്തില്‍ ഏഴ് പെണ്‍കുട്ടികളും നന്നായി ശ്രദ്ധിക്കുന്നു. തങ്ങള്‍ ഒരു കുറ്റകൃത്യത്തില്‍ ഇരയാക്കപ്പെട്ടേക്കാമെന്ന ഭയം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയേറെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടനില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് നല്ല ബാല്യം ലഭിക്കുന്നില്ലെന്നും ഈ പഠനം മുതിര്‍ന്നവരുടെ കണ്ണു തുറപ്പിക്കാന്‍ സഹായകമാകുമെന്നും ലിലി പറഞ്ഞു. 'ഒരു സമൂഹമെന്ന നിലയില്‍ കുട്ടികളെ പേടിക്കേണ്ടവരായിട്ടാണ് പലരും കാണുന്നത്. കുട്ടികള്‍ വേഗത്തില്‍ മുറിവേല്‍ക്കുന്ന ഇരകളാണെന്ന് തിരിച്ചറിയുകയും നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്,' ലിലി പറയുന്നു.