കുട്ടികളിലെ മടിമാറ്റാന്‍ അറിയാം ചില വഴികള്‍

Malayalilife
 കുട്ടികളിലെ മടിമാറ്റാന്‍ അറിയാം ചില വഴികള്‍

കുട്ടികളുടെ മടി മിക്ക മാതാപിതാക്കളെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. സ്വന്തം കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യാനും പഠിക്കാനും സ്‌കൂളില്‍ പോകാനും പുറത്തിറങ്ങി കളിക്കാനുമൊക്കെ മടിയുള്ളവര്‍ ഏറെയാണ്. വല്ലപ്പോഴുമെങ്കിലും ഏതെങ്കിലും കാര്യത്തില്‍ മടി തോന്നുന്നതും പിന്നീട് ചെയ്യാനായി മാറ്റിവയ്ക്കുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍, ചെയ്യേണ്ട ജോലികള്‍ മാറ്റിവയ്ക്കുന്നത് ശീലമായി മാറുമ്പോഴാണ് അത് ശ്രദ്ധിക്കേണ്ട വിഷയമാകുന്നത്.

എന്ത് കാര്യവും ചെയ്യുന്നതിന് പ്രചോദനം അനിവാര്യമാണ്. ഇതിന്റെ അഭാവം മടിയുടെ ഒരു പ്രധാന കാരണമാണ്. എന്നാല്‍, ഒരു കുട്ടിയില്‍ ഒരു പ്രചോദനവുമില്ല എന്ന് പറയാന്‍ സാധിക്കില്ല. പകരം വെറുതേ ഇരിക്കാനുള്ള പ്രചോദനമാണ് മടിയുള്ളവരില്‍ കാണുന്നത്. അതുപോലെ ആ വിഷയത്തിലുള്ള താത്പര്യവും പ്രചോദനം ഉണ്ടാകുന്നതിനുള്ള പ്രധാന ഘടകമാണ്.മിക്ക കുട്ടികള്‍ക്കും പഠനത്തില്‍ പ്രചോദനം ഇല്ലാതെപോകുന്നത്, അതിന്റെ 'ആവശ്യബോധം' ഇല്ലാതെപോകുന്നതാണ്. കുട്ടികളില്‍ കൃത്യമായ ലക്ഷ്യബോധവും താത്പര്യവും ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്...

പല കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്ത് ചെയ്യാനുള്ള കഴിവ് ചില കുട്ടികള്‍ക്ക് കുറവായിരിക്കും. ഒരു വലിയ പ്രോജക്ട് ചെയ്തുതീര്‍ക്കാന്‍, അതിനെ ചെറിയ ഘട്ടങ്ങളായി വിഭജിച്ച് ഓരോ ദിവസങ്ങളിലായി ചെയ്തുതീര്‍ക്കാനുള്ള കഴിവ് ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതില്ലാത്തതുകൊണ്ടുമാത്രം അവരത് ചെയ്യാതെ മാറ്റി വയ്ക്കാം. ഇത്തരം പ്രശ്‌നങ്ങളില്‍ മാതാപിതാക്കള്‍ക്ക് ജോലികള്‍ ആസൂത്രണം ചെയ്ത് ചെയ്യാനായി സഹായിക്കാവുന്നതും പ്രോത്സാഹിപ്പിക്കാവുന്നതുമാണ്.

എന്ത് കാര്യം ചെയ്താലും ഒരു തെറ്റുപോലുമുണ്ടാകാതെ പരിപൂര്‍ണതയോടുകൂടി ചെയ്യണമെന്ന നിര്‍ബന്ധമുള്ള കുട്ടികളുണ്ട്. ഈ ശീലം ഇവര്‍ക്ക് അമിതസമ്മര്‍ദം ഉണ്ടാക്കുകയും തോല്‍വിയെ ഭയക്കുന്നവരായി മാറുകയും ചെയ്യും. ഈ കാരണംകൊണ്ട് കാര്യങ്ങള്‍ ചെയ്യാതെ പിന്നത്തേക്ക് മാറ്റിവയ്ക്കുന്ന ശീലം കുട്ടികളിലുണ്ടാകാറുണ്ട്. തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും സത്യസന്ധമായും സമയനിഷ്ഠയോടെയും കാര്യങ്ങള്‍ ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നുമുള്ള വസ്തുതകള്‍ കുട്ടികളെ മനസ്സിലാക്കിക്കുക......

കുട്ടികളിലെ മടിയുടെ യഥാര്‍ഥ കാരണം തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം ശാരീരികാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടുനില്‍ക്കുന്നു. അതുകൊണ്ട് കുട്ടികള്‍ക്ക് പോഷകാഹാരം, കൃത്യമായ ഉറക്കം, വ്യായാമം എന്നിവയൊക്കെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറക്കക്കുറവും നിര്‍ജലീകരണവുമൊക്കെ കുട്ടികളിലലെ ഉന്മേഷക്കുറവിനും മടിക്കും കാരണമാകാറുണ്ട്. പഠനവൈകല്യം, ശ്രദ്ധക്കുറവ്, വിഷാദം, വൈകാരികപ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അത് മടിയായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാവുന്നതാണ്. അതിനാല്‍, അത്തരം പ്രശ്‌നങ്ങളുണ്ടോ എന്നത് മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ മനസ്സിലാക്കണം.

വീട്ടില്‍ കുട്ടികള്‍ ചെയ്യേണ്ട ജോലികള്‍/ഉത്തരവാദിത്വങ്ങള്‍ ഒരു 'ഓപ്ഷന്‍' ആയി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം.ഉദാഹരണം: ഊരിയിടുന്ന വസ്ത്രങ്ങള്‍ അലക്കുകൊട്ടയില്‍ ഇടണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍, അത് എല്ലാ ദിവസവും ചെയ്യേണ്ടത്/ചെയ്യിപ്പിക്കേണ്ടതുതന്നെയാണ്. നിബന്ധനകള്‍ സ്ഥിരതയോടുകൂടി നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് 'മടി' ഒഴിവാക്കാന്‍ അനിവാര്യമാണ്.....
 

parenting tips for parents

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES