പേരന്റിങ്ങില്‍ തെറ്റു സംഭവിക്കാത്തവരായി ആരുമില്ല. അതു തിരുത്തി മുന്നേറുകയാണ് വേണ്ടത്. ഏതൊരു കാര്യത്തിലുമെന്ന പോലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നതാണു പ്രധാനം. കുട്ടിയുടെ ഭാഗത്തു നിന്നു ചിന്തിക്കാന്‍ സാധിക്കുക എന്നതാണു പ്രധാനം. ഞാനൊരു നല്ല പേരന്റ് അല്ല എന്ന തോന്നലുമായി നടക്കുന്ന ചിലരുണ്ട്. എപ്പോഴോ സംഭവിച്ചു പോയ തെറ്റുകള്‍, ചിലര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ എന്നിവയാകാം അതിനു കാരണമാകുക. അതു മുന്‍നിര്‍ത്തി സ്വയം കഴിവില്ലാത്തവരായി കണക്കാക്കുന്നതില്‍ അര്‍ഥമില്ല.
പേരന്റിങ് ജന്മനാ ലഭിക്കുന്ന കഴിവല്ല. അത് ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. അത് അനുഭവത്തിലൂടെ ലഭിക്കും. ഒപ്പം കാര്യങ്ങള്‍ വിശകലനം ചെയ്യാനും വായിച്ചും അനുഭവസ്ഥരില്‍ നിന്നും കേട്ടും മനസ്സിലാക്കാന് ശ്രമിക്കണം. പേരന്റിങ് ഒരിക്കലും എളുപ്പമല്ല. മാറുന്ന സാഹചര്യത്തില്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുന്നുമുണ്ട്. എന്നാല്‍ മനസ്സിരുത്തിയാല്‍ വളരെയധികം ഹൃദ്യമായ പ്രവര്‍ത്തിയായി അതു മാറ്റിയെടുക്കാനാരകും. ഒരു കടമ എന്നതുപോലെ ചെയ്തു തീര്‍ക്കേണ്ട ഒന്നല്ല പേരന്റിങ് എന്നു പ്രത്യേകം ഓര്‍മിക്കണം.
കുട്ടികളോട് ക്ഷമ ചോദിക്കുന്നത് പോരായ്മ അല്ലെന്നു മാതാപിതാക്കള്‍ മനസ്സിലാക്കണം. അതൊരു മാതൃകാപരമായ പ്രവര്‍ത്തിയുമാണ്. നാളത്തെ തലമുറയെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനമാണിത്. അതില്‍ അത്മാര്‍ഥത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും മാതാപിതാക്കള്‍ ഓര്‍ക്കുക.