കുട്ടികളില്‍ അനുദിനം പ്രകടമാകുന്ന സ്വഭാവ വൈകൃതമാണ് വിഷാദരോഗം. ഒരാള്‍ വളരുന്ന പ്രായത്തില്‍ സങ്കടം, മനോവേദന, അസന്തുഷ്ടി തുടങ്ങിയവ അനുഭവപ്പെടുക എന്നതും വിവിധ മനോവികാരങ്ങളിലൂടെ കടന്നുപോകുക എന്നതും സാധാരണമാണ്. എന്നിരുന്നാലും ചില കുട്ടികളില്‍ ഈ വികാരങ്ങള്‍ അവരുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചുകൊണ്ട് ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കുന്നു.
കുട്ടികളിലെ വിഷാദരോഗം വളരെ ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. ഇത് കുട്ടി എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു തുടങ്ങിയ കാര്യങ്ങളേയും കുട്ടിയുടെ ജീവിത നിലവാരത്തേയും ബാധിച്ചേക്കും.
കുട്ടികളിലെ വിഷാദരോഗത്തിന്റെ സൂചനകള്‍ എന്തൊക്കെ ?
വിഷാദരോഗം പലപ്പോഴും മുതിര്‍ന്നവരുടെ ഒരു അസുഖമായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് കുട്ടികളേയും കൗമാരപ്രായത്തിലുള്ളവരേയും ബാധിക്കുമ്പോള്‍ എല്ലായ്‌പ്പോഴും തിരിച്ചറിയപ്പെടുന്നില്ല. കുട്ടികളിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് മുതിര്‍ന്നവരില്‍ കാണപ്പെടുന്നതിനേക്കാള്‍ ചെറിയ വ്യത്യാസവും ഉണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ് രോഗമുക്തി നേടുന്നതിലേക്കുള്ള അദ്യത്തെ ചുവട്.
വിഷാദരോഗമുള്ള ഒരു കുട്ടിക്ക് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകും
പഠനത്തിലുള്ള താല്‍പര്യം നഷ്ടപ്പെടും, സ്‌കൂളിലെ പ്രകടനത്തില്‍ പെട്ടെന്നുള്ള ഒരു തളര്‍ച്ചയുണ്ടാകും.
സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കും.
മനസ് ചിതറിയ നിലയിലാകുകയും പഠനത്തിലോ മറ്റ് പ്രവര്‍ത്തികളിലോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതാകുകയും ചെയ്യും.
എളുപ്പത്തില്‍ ക്ഷീണിതരും ഉദാസീനതയുള്ളവരുമാകുകയും ചെയ്യും.
ഉറക്കവും വിശപ്പും നഷ്ടപ്പെടും
ചിന്തിക്കുന്നതിനും തീരുമാനമെടുക്കുന്നതിനും പ്രയാസപ്പെടും.
ചെറിയകാര്യങ്ങള്‍ക്കും ക്ഷോഭിക്കും.
ഒരു കാരണവുമില്ലാതെ കരയും.
തലവേദനയെന്നും വയറുവേദനയെന്നും പരാതിപ്പെടുകയും ചികിത്സകൊണ്ട് മെച്ചപ്പെടാതിരിക്കുകയും ചെയ്യും.
കൂട്ടുകാരോടൊപ്പം കളിക്കാന്‍ വിസമ്മതിക്കും.
ഒരിക്കല്‍ ആസ്വദിച്ചിരുന്ന പ്രവര്‍ത്തികളില്‍ താല്‍പര്യം നഷ്ടപ്പെടും.
കുട്ടികളിലെ വിഷാദരോഗത്തിന് എന്താണ് കാരണം ?
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത്, പഠനത്തിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതിനായി അനാവശ്യമായ സമ്മര്‍ദ്ദത്തിലൂടെ കുട്ടികള്‍ വളരെയധികം പീഢിപ്പിക്കപ്പെടുന്നുണ്ട്. ഓരോ കുട്ടിയും അനന്യമായതാണ് എന്ന വസ്തുത മാതാപിതാക്കളും അദ്ധ്യാപകരും അവഗണിക്കുന്നു. കുട്ടി വളറെ കര്‍ക്കശമായ ഒരു സംവിധാനത്തെ പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുകയും നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് അനുസരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് അവര്‍ക്ക് കൈകാര്യം ചെയ്യാനാകുന്നതിലും വളരെ അധികമാണ്.
കുട്ടികളിലെ വിഷാദരോഗത്തിന് ഇത് ഏറ്റവും പ്രധാനമായ കാരണങ്ങളില്‍ ഒന്നാകാം. വീട്ടിലായാലും സ്‌കൂളിലായാലും കുട്ടികള്‍ അവരുടെ വളരെയധികം സമയം പഠിക്കാനായി ചെലവഴിക്കുന്നു. അതേസമയം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന മറ്റ് സാമൂഹിക-മാനസിക ഘടകങ്ങളും ഉണ്ടാകാം. വൈകാരികവും മാനസികവുമായ കോളിളക്കങ്ങള്‍ താങ്ങാന്‍ പറ്റാത്ത കുട്ടികളും എളുപ്പത്തില്‍ വിഷാദരോഗത്തിന് വിധേയരായേക്കാം.