ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാന്‍ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതും അതോടൊപ്പം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
അമ്മയാകാനുള്ള ഒരുക്കത്തിലാണോ നിങ്ങള്‍? ഏതൊരു സ്ത്രീയിലും അത്യധികം ആനന്ദം ഉളവാകുന്ന സന്ദര്‍ഭമാണ് തന്റെയുള്ളില്‍ ഒരു കുഞ്ഞ് വളരുന്നു എന്ന് തിരിച്ചറിയുന്ന ആ ഒരു നിമിഷം. എന്നാല്‍ അപ്പോള്‍ മുതല്‍ തുടങ്ങുകയായി അവളില്‍ സംശയങ്ങളും ആശങ്കളുമൊക്കെ. കിടക്കുന്നതെങ്ങനെയാകണം, വ്യായാമങ്ങള്‍ ഏത് വിധേനയാകണം, എന്തെല്ലാം കഴിക്കാം, എന്തൊക്കെ കഴിക്കരുത് എന്ന് തുടങ്ങുന്നു സംശയങ്ങളുടെ നീണ്ട പട്ടിക.
ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാന്‍ ഈ സംശയങ്ങളെല്ലാം ദൂരീകരിച്ച് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ ഗര്‍ഭിണികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. കാരണം ഗര്‍ഭകാലമെന്നാല്‍ അവളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്. അമ്മയില്‍ ശാരീരികമായ വ്യത്യാസങ്ങള്‍ കാണപ്പെടുന്നതോടെ അമ്മയും കുഞ്ഞും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം രൂപപ്പെടുന്നു. അതുകൊണ്ടാണ് അമ്മയ്ക്ക് തന്നെക്കുറിച്ചും ഗര്‍ഭസ്ഥശിശുവിനെക്കുറിച്ചും നിരന്തര സംശയങ്ങള്‍ ഉടലെടുക്കുന്നത്.
താന്‍ കഴിക്കുന്നതെന്തും കുഞ്ഞിലേയ്ക്കും എത്തുമെന്ന പൂര്‍ണ്ണബോധ്യമുള്ളതിനാല്‍ ഭക്ഷണശീലങ്ങളില്‍ വരെ ഗര്‍ഭിണികള്‍ പ്രത്യേക ശ്രദ്ധാലുക്കളാണ്. ഗര്‍ഭകാലത്ത് പഴങ്ങളും പച്ചക്കറികളും ആഹാരക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ഏവര്‍ക്കുമറിയാം. ഗര്‍ഭിണികള്‍ അവര്‍ക്കിഷ്ടമുള്ളതെന്തും കഴിക്കണം എന്ന് പ്രായമായവര്‍ പറയാറുണ്ട്. എന്നാല്‍ ഇഷ്ടമുള്ളതെല്ലാം ഗര്‍ഭകാലത്ത് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഇഷ്ടമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളൊക്കെ അളവില്‍ കൂടുതല്‍ കഴിച്ചാല്‍ തടി കൂടുന്നതോടൊപ്പം ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ഗര്‍ഭിണിയുടെ ഭക്ഷണം കൂടുതല്‍ പോഷകസമൃദ്ധവും സമീകൃതവുമായിരിക്കാന്‍ ശ്രദ്ധിക്കണം.
ഗര്‍ഭിണികളിലെ ക്ഷീണവും തളര്‍ച്ചയും, കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും
ആരോഗ്യവാനായ കുഞ്ഞിനായി ഗര്‍ഭിണികള്‍ കഴിക്കേണ്ട പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളുമുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം. ഒപ്പം ഗര്‍ഭകാലത്ത് കഴിക്കാവുന്ന ജ്യൂസുകളും ചുവടെ ചേര്‍ക്കുന്നു.
ഗര്‍ഭാവസ്ഥയില്‍ കഴിക്കേണ്ട പോഷകസമ്പന്നമായ ഭക്ഷണങ്ങള്‍
1. പാലുത്പന്നങ്ങള്‍
പ്രോട്ടീനും കാത്സ്യവും കൂടുതലായി ശരീരത്തിലെത്തേണ്ട സമയമാണ് ഗര്‍ഭകാലം. പാലും പാലുത്പന്നങ്ങളും കഴിക്കുന്നത് വഴി ഇവ ധാരാളമായി അമ്മയുടെ ശരീരത്തിലെത്തുന്നു. ഗര്‍ഭിണികള്‍ ദിവസവും രണ്ട് ഗ്ലാസ് പാലെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.
2. മുട്ട
ഗര്‍ഭിണികളുടെ സൂപ്പര്‍ ഫുഡ് ആയ മുട്ട ധാതുലവണങ്ങള്‍, അമിനോ ആസിഡ് തുടങ്ങിയവയുടെ കലവറയാണ്. മുട്ട കഴിക്കുന്നതിലൂടെ ഉയര്‍ന്ന അളവില്‍ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും പ്രോട്ടീന്റെ അളവ് അമ്മയുടെ ശരീരത്തിലെത്തേണ്ടത് ആവശ്യമാണ്. മുട്ടയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കോളിന്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനക്ഷമതയ്ക്കും അത്യാവശ്യമാണ്.