സീമന്തരേഖയിൽ ആദ്യമായി ചുവപ്പ് പടരുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ അവൾ ആശങ്കയോടെ തിരഞ്ഞത് എന്നെ തന്നെയായിരുന്നു.. പുറത്തുചാടാൻ ഒരുങ്ങി നിന്ന കണ്ണുനീരിനെ താഴിട്ട് പൂട്ടി മുഖത്തൊരു ചെറുപുഞ്ചിരിയുമായി ഞാൻ അവൾക്കരുകിലേക്ക് നടന്നു… ചെക്കന്റെ വീട്ടുകാരും പെങ്ങന്മാരും കൂടി കല്യാണ പെണ്ണിനെ പൊതിഞ്ഞു നില്ക്കുവാണ്.. ആകെ തിക്കും തിരക്കും ബഹളവും.. അതിനിടയിലേക്ക് ഇടിച്ചു കയറാനൊരു മടി… അവളിപ്പോ പുതിയൊരു കുടുംബത്തിലെ അംഗമായി കഴിഞ്ഞിരിക്കുന്നു. …. “വാവേ… ഇങ്ങ് വന്നേ……!” കാരൂന്റെ നീട്ടിയുള്ള വിളി കേട്ടില്ലന്നു നടിക്കാൻ എനിക്കായില്ല. അരികിലേക്ക് ഓടി അണയുമ്പോൾ ഒരായുഷ്ക്കാലം മുഴുവൻ തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും നനവായിരുന്നു എന്റെ മിഴികളിൽ… “എന്താ കുട്ടിയെ ഈ കാട്ടുന്നത്… ?” അവളുടെ സാരി ആകെ ഉടഞ്ഞുല്ലോ…. കാരൂനെ ഒന്ന് മുറുകെ ചേർത്തു പിടിച്ചത് കണ്ട് ആൾ കൂട്ടത്തിലെ പ്രായമേറിയ സ്ത്രീയുടെ ശകാരം വന്നത് തനിക്ക് നേരെയായിരുന്നു… പെട്ടന്ന് അവളിൽ നിന്ന് അകന്നു മാറിയപ്പോഴും പുതിയ നാത്തൂന്മാരെല്ലാം എന്നെ തുറിച്ചു നോക്കുന്നുണ്ടായി…
“ആ കുട്ടി എന്താ ചേച്ചിയെ ആദ്യമായിട്ട് കാണുവാണോ… ? ആൾക്കാരുടെ മുന്നിലൊരു സ്നേഹപ്രകടനം…” മറുത്ത് ഒന്നും പറയാനാവാതെ ന്റെ കാരുവിന്റെ കണ്ണ് നിറയുന്നത് എനിക്കും നോക്കി കാണേണ്ടി വന്നു.. ഓരോരുത്തരുടെയും കുറ്റപ്പെടുത്തലുകൾക്ക് കാഠിന്യമേറി വരുന്നതിനു മുൻപേ സദാ പുഞ്ചിരിച്ചു നിൽക്കുന്ന എൻ അച്ഛനരുകിലേക്ക് ഞാൻ ഓടിയിരുന്നു… ആ കണ്ണുകളിലൂടെ എനിക്ക് കാണാമായിരുന്നു അത്രമേൽ ഇമ്പമുളള എന്റെ കുടുംബത്തിനെ ചേർത്തു നിർത്തിയ അച്ഛനൊപ്പമുളള നാളുകൾ….. കുന്നോളം സ്നേഹത്തിന് അവകാശിയായി ആദ്യത്തെ പൊന്നോമനയായി കാരു പിറവി എടുക്കുമ്പോൾ ഒട്ടും നിനച്ചു കാണില്ല പിന്നാലെ വിഹിതം ചോദിക്കാൻ ഞാനും വരുമെന്ന്… രണ്ടും പെൺകുട്ടികളാണല്ലോ.. ന്ന് സഹതപിച്ചവർക്കു മുന്നിൽ കുഞ്ഞു മാലാഖമാരെ പോലെ ഞങ്ങളെ അണിയിച്ച് ഒരുക്കി നടത്തുന്ന അമ്മയോടും അച്ഛനോടും ഒരു പൊടിക്കെങ്കിലും കുശുമ്പ് തോന്നാത്തവരായി ആരും തന്നെ കാണില്ല.. സ്കൂളിലേയ്ക്ക് കൈ പിടിച്ച് കൊണ്ടുപോകാനും കാണികാട്ടെ മാവിന് കല്ലെറിഞ്ഞതിന് കൈക്കൂലി തരാനും സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാനും ഒപ്പം കളിക്കാനും ഒരേട്ടൻ തന്നെ വേണമെന്നില്ല എന്നവൾ പലപ്പോഴായി തെളിയിച്ചു തന്നു. അവൾക്കൊപ്പം ഓടി നടക്കാനായിരുന്നു എന്നുമെനിക്ക് ഇഷ്ടം.. കാരൂനൊപ്പം കിടക്കാനും ഭക്ഷണം കഴിക്കാനും അവൾ പറയുന്ന പ്രേതകഥകൾ പാടെ വിശ്വസിക്കാനും ഞാൻ ഒരിക്കൽ പോലും മറന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടെതെല്ലാം വിട്ട് തന്ന് ഒരുപാട് കരുതലോടെ അവളെന്നെ സ്നേഹിച്ചു.. എന്നാൽ ഞാൻ എപ്പോഴും വഴക്കാളിയായിരുന്നു… അടിക്കാനും ഇടിക്കാനും ഒരു ദാക്ഷിണ്യവും കാണിച്ചിട്ടില്ല….
വളരുന്തോറും എപ്പോൾ വേണമെങ്കിലും സ്പോടനം നടക്കാൻ സാധ്യതയുള്ള അഗ്നിപർവതത്തിന് സമമായിരുന്നു ഞങ്ങളുടെ വീട്.. തമ്മിൽ തല്ലുകൂടാത്ത ദിവസങ്ങൾ വിരളമാണെങ്കിലും ഒരുപാട് നേരത്തേക്ക് ആ പിണക്കം നീണ്ടു നിൽക്കുമായിരുന്നില്ല.. കാലം പതിയെ ഞങ്ങളിലും മാറ്റമുണ്ടാക്കി തുടങ്ങി.. അമ്മയെക്കാളേറെ അവളെന്നെ കൊഞ്ചിപ്പിക്കാനും സകല കുരുത്തക്കേടിന് കൂട്ടു നിൽക്കുവാനും തുടങ്ങി. സൈക്കിളിൽ മഴ നനഞ്ഞു വരാനും ഉത്തരകടലാസിൽ കള്ളഒപ്പിടാനും ധൈര്യം പകർന്നു തന്ന ഉപദേഷ്ടാവ്.. എക്സാം ഹാളിനു പുറത്തെ എന്റെ പൊട്ടികരച്ചിലുകൾക്ക് സാക്ഷ്യം വഹിച്ചും എനിക്ക് വേണ്ടി വഴക്ക് കൂടിയും അവളെന്റെ ആത്മസഖിയായി മാറി.. അവൾക്കൊപ്പം യാത്ര ചെയ്യാനും അഷ്‌ടമിക്ക് കൈയിൽ പിടിച്ചു നടക്കാനും ഫാൻസ് ഷോയ്ക്ക് തിരക്കിൽ പെട്ടു കേറാനുമായിരുന്നു എനിക്ക് ഏറെ ഇഷ്ടം. കോളേജ് വിട്ട് വരുമ്പോൾ കൂട്ടാൻ വരാനും ഞാനുണ്ടാക്കിയ കറിക്ക് കുറ്റം പറയാനും രാവിലെ എണീപ്പിച്ച് അമ്പലത്തിൽ കൊണ്ടുപോകാനും തുടങ്ങി രാത്രിയിൽ തട്ട് ദോശ കഴിക്കാനും ബൈക്കിൽ കറങ്ങാൻ പോവാനും ഒരേട്ടൻ ഉണ്ടായിരുന്നേൽ എന്ന് കൊതിച്ചിട്ടുണ്ട് എങ്കിൽ പോലും അവൾക്കൊരു പകരക്കാരിയെ കണ്ടെത്താൻ ഈ ജന്മം എനിക്കാവില്ല.. ഒരു സഹോദരിക്കപ്പുറം എന്നെ ഒരുപാട് സ്നേഹിക്കുന്ന അമ്മയായും കുറുമ്പിനെ ശകാരിക്കുന്ന അച്ഛനായും തേങ്ങുമ്പോൾ ചേർത്തു പിടിക്കുന്ന ഏട്ടനായും അവളെന്നും എനിക്കൊപ്പം ഉണ്ടായിരുന്നു. ഓർമ്മകളിൽ നിന്നുണരുമ്പോൾ ഇന്നല്ലെങ്കിൽ നാളെ അവൾക്ക് എന്നെ വിട്ട് നമ്മുടെ അമ്മയെ വിട്ട് ഈ വീട് ഉപേക്ഷിച്ചു പോയെ മതിയാവൂ എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. നല്ലൊരു നാളെയ്ക്കായി അച്ഛനോട് പ്രാർത്ഥിച്ച് തിരിയുമ്പോൾ ഞാൻ കണ്ടത് കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന കാരുവിനെയാണ്.. “എന്തേ.. പോണില്ലേ… കെട്ടിച്ചു വിട്ടവരൊക്കെ അവരുടെ വീട്ടിൽ പോ….” സങ്കടം കടിച്ചമർത്തി ഞാൻ പറഞ്ഞു നിർത്തുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു. “ന്റെ കുഞ്ഞോള് കഴിഞ്ഞിട്ടേയുള്ളൂ എനിക്ക് ആരും.. പ്രായത്തിൽ ഇളയതാണെങ്കിലും എന്റെ ചേട്ടനും അച്ഛനും എല്ലാം നീയല്ലേ വഴക്കാളി…..” ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ വിതുമ്പിയപ്പോൾ അരുതെന്നു പറഞ്ഞിട്ടും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. സമർപ്പണം ന്റെ ചേച്ചിപെണ്ണിന്… ഒരായിരം ജന്മദിനാശംസകൾ