അവൾ ഗർഭിണിയാണെന്നറിഞ്ഞിട്ടും അവളുടെ നിറഞ്ഞ കണ്ണുകളെ അവഗണിച്ചു ഒരു യാത്ര പോലും പറയാതെ തിരിച്ചു ഗൾഫിലേക്ക് പുറപ്പെടുമ്പോൾ എന്റെ നെഞ്ചിൽ പകപോക്കലിന്റെ ഒരു സുഖമായിരുന്നു.. “മോനെ അവളോടൊന്നു പറഞ്ഞിട്ട് പോടാ…” അമ്മ പറഞ്ഞത് കേൾക്കാത്തപോലെ നടിച്ചു ബാക്കിയെല്ലാരോടും യാത്ര പറഞ്ഞ് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കാറിൽ കയറി.. മനസ്സ് മുഴുവൻ ആയിഷയായിരുന്നു… ആദ്യമായാണ് അവളെ കാണാതെ ഒരു മടക്കം…മൂന്നു വർഷത്തെ പ്രണയം… അവൾക്കു വേണ്ടിയാണു അമ്മയെ പോലും തനിച്ചാക്കി ഗൾഫിലേക്ക് പോയത്.. കൂട്ടികൊണ്ടു വന്നു പൊന്നുപോലെ നോക്കാനായിരുന്നു ഇത്രയും കഷ്ടപ്പെട്ടത്…. എന്നിട്ടും… ഇനിയവൾ എന്റെ ജീവിതത്തിൽ ഇല്ലെന്നു ഓർത്തപ്പോ നെഞ്ചു പിടയ്ക്കുന്നുണ്ടായിരുന്നു… ഞാനുമായുള്ള ഇഷ്ടം അവളുടെ വീട്ടിലറിഞ്ഞപ്പോ മതത്തിന്റെ പേരും പറഞ്ഞ് എന്നെ കൊന്നുകളയുമെന്ന് പലരും അമ്മയെ ഭീഷണിപ്പെടുത്തി…അവളെ മറന്ന് ഞാൻ വേറെ കല്യാണം കഴിച്ചില്ലെങ്കിൽ അമ്മ ചത്തുകളയുമെന്ന ഭീഷണിക്കു മുന്നിൽ അവസാനം എനിക്ക് തോറ്റുകൊടുക്കേണ്ടി വന്നു… എന്നിട്ടും പെണ്ണ് കാണാൻ പോയ വീട്ടിലൊക്കെ പെൺകുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന സമയത്ത് ഇതിന് താത്പര്യമില്ലെന്ന് പറയണമെന്ന് അവരോടു അപേക്ഷിച്ചു… അങ്ങനെ ഓരോ ആലോചനയിൽ നിന്നും രക്ഷപ്പെട്ടു ഒന്നൊഴികെ…. അങ്ങനെയാണ് ലക്ഷ്മി എന്റെ ജീവിതത്തിലേക്ക് വന്നത്… ആദ്യദിവസം തന്നെ ഞാനവളോടുള്ള അനിഷ്ടം കാണിച്ചു തുടങ്ങി… രണ്ട് മാസത്തെ ലീവിന് വന്ന ഞാൻ കല്യാണം കഴിഞ്ഞ് രണ്ടാഴ്ച്ച തികയും മുൻപേ ലീവ് ക്യാൻസൽ ചെയ്തു തിരികെ പോയി.. അവളുടെ മുഖത്തുപോലും നോക്കാതെ… ഒന്ന് സംസാരിക്കുക കൂടെ ചെയ്യാതെ… തിരികെ ദുബായിലെത്തി ഫോൺ വിളിക്കുമ്പോ അമ്മ അവൾക്കു ഫോൺ കൊടുക്കാമെന്നു പറയുമ്പോ ഞാൻ ഒന്നും മിണ്ടാതെ കട്ട് ചെയ്യുമായിരുന്നു… കുറച്ചുമാസങ്ങൾ കഴിഞ്ഞ് അമ്മ ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞാണ് ഒരിക്കൽകൂടി നാട്ടിൽ വന്നത്… ഒരു ഹാർട്ട് അറ്റാക് ആയിരുന്നു… അമ്മ ചെയ്ത തെറ്റിന് അവളെ ദ്രോഹിക്കരുതെന്നും പറഞ്ഞ് ഒരുപാട് കരഞ്ഞു…. കുഞ്ഞിലേ അച്ഛൻ മരിച്ചു എന്നെ തനിയെ വളർത്തിയതിന്റെ പ്രതിഫലമായെങ്കിലും എന്റെ കുഞ്ഞിനെ ലാളിക്കാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കാൻ പറഞ്ഞപ്പോ..
ഒരു മനസാക്ഷി കുത്തുമില്ലാതെ അവളുടെ ശരീരം മാത്രം എന്റേതാക്കി… ഒന്നിനും അവളൊരിക്കൽ പോലും പരാതി പറയാത്തത് എന്റെ ദേഷ്യത്തെ കൂട്ടിയതേയുള്ളൂ ഒരു ചെറിയ നാണത്തോടെ അവൾക്കു വിശേഷമാണെന്നു പറഞ്ഞിട്ടും ഞാനൊന്നും മിണ്ടാതെ നടന്നപ്പോഴാണ് ആദ്യമായി അവളുടെ തേങ്ങൽ കേട്ടത്..ലക്ഷ്മി ഗർഭിണിയാണെന്നറിഞ്ഞു രണ്ടാം ദിവസം ആണ് എന്റെയീ യാത്ര വീണ്ടും ഗൾഫിലേക്ക്… വീണ്ടും എല്ലാം പഴയതു പോലെ തന്നെ… ഫോണിൽ അമ്മയുടെ കാര്യങ്ങളല്ലാതെ അവളെ പറ്റി ഞാൻ സംസാരിക്കാറേയില്ലായിരുന്നു… എന്തിനേറെ അവളെ പറ്റി ഞാൻ ഓർക്കാറുപോലും ഇല്ലായിരുന്നു… അതിനിടയിൽ ആയിഷയുടെ കല്യാണം കഴിഞ്ഞതും വേദനയോടെ ഞാനറിഞ്ഞു.. ഒരു ദിവസം താമസസ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് ഒരാൾ വണ്ടിക്കു കൈനീട്ടിയതു.. ഒരു പൂർണഗര്ഭിണിയെയും താങ്ങിപിടിച്ചു കൊണ്ട്… അവരാണെങ്കിൽ നിൽക്കാൻ പോലും കെൽപ്പില്ലാത്ത പോലെ തോന്നിച്ചു.. അധികം വാഹനങ്ങൾ ഇല്ലാത്ത സ്ഥലം ആയതു കൊണ്ട് എനിക്ക് നിർത്താതെ പോകാൻ തോന്നിയില്ല… കണ്ടിട്ട് ഈജിപ്ഷ്യൻസ് ആണെന്ന് തോന്നി… അയാൾ കരഞ്ഞു കൊണ്ടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… അടുത്തുള്ള ഹോസ്പിറ്റലിൽ പോകാൻ ആണെന്ന് മാത്രം മനസ്സിലാക്കിയെടുത്തു… ആ സ്ത്രീയാണെങ്കിൽ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു… ആശുപത്രിയിലെത്തി അവരെ പുറത്തിറക്കിയതും ആ സ്ത്രീ കുഴഞ്ഞു വീണു… അവസാനം അയാളും ഞാനും താങ്ങിപ്പിടിച്ചു അവരെ ഒരിടത്തു ഇരുത്തി.. പക്ഷെ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ, അനധികൃതമായി താമസിക്കുന്നവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യില്ലെന്ന് അവർ തീർത്തുപറഞ്ഞു.. അയാൾ അവിടെ ഓരോരുത്തരോടും യാചിച്ചു.. പക്ഷെ ഫലമുണ്ടായില്ല.. കരഞ്ഞു തളർന്ന അവരെയും കൊണ്ട് പിന്നെയും പോയി രണ്ട് മൂന്ന് ആശുപത്രികളിൽ പക്ഷെ എല്ലാരും കൈയൊഴിഞ്ഞു.. എനിക്കാണെങ്കിൽ അവരെ പാതി വഴിയിൽ ഉപേക്ഷിക്കാനും തോന്നിയില്ല… ഇടയ്ക്കിടെ ഒന്ന് മയങ്ങുമ്പോൾ ഒരു ഞരക്കം മാത്രം കേൾക്കും പിന്നെയും വേദന കൂടുമ്പോൾ ഞെട്ടിയെണീറ്റു കരയും.. ഭർത്താവാണെങ്കിൽ അവരെ ചേർത്തുപിടിച്ചു പ്രാർത്ഥനയിലും… അവസാനം ഒരു മരുഭൂമിയിലെത്തിയപ്പോൾ അവർക്കു വേദന കൂടി… ആ വേദനയിലും കുഞ്ഞിന് ഒന്നും വരുത്തരുതേ എന്നാണ് അവർ പറയുന്നത് എന്നെനിക്കു മനസ്സിലായി… ഇനി ഒരു നിമിഷം പോലും മുന്നോട്ടു പോകില്ലെന്ന് മനസ്സിലായത് കൊണ്ടാവണം ഭർത്താവ് കരഞ്ഞു കൊണ്ട് എന്റെ സഹായം ചോദിച്ചു.. കുറച്ചു മാറി കണ്ട ഒരു കെട്ടിടത്തിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും നീരുവച്ചു വീങ്ങിയ കാലും, അത്രയും വേദനയും വച്ച് അവർക്കൊരടിപോലും നടക്കാൻ കഴിഞ്ഞില്ല.. അവസാനം കാറിൽ തന്നെ കിടത്തി… ചെറുതായൊന്നു കൈ മുറിഞ്ഞാൽ പോലും ബോധം പോകുന്ന എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച…
നൊന്തു പ്രസവിച്ചതിന്റെ കണക്കു പറഞ്ഞ അമ്മയോടും ഗർഭിണിയായ ഭാര്യയോടും ഉണ്ടായിരുന്ന പുച്ഛം ആ കാഴ്ചയോടെ ഇല്ലാണ്ടായി.. വേദനകൊണ്ട് അവൾ നഖം കൊണ്ടെൽപ്പിച്ച കൈയിലെ മുറിവിൽ ചോര പൊടിഞ്ഞിട്ടും അയാളവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു… പെട്ടെന്ന് അവൾ നിലവിളിക്കാൻ തുടങ്ങി അയാളാണെങ്കിൽ അവളുടെ വയറിനു അമർത്തി കൊടുക്കുന്നുമുണ്ട്… പതിയെ കരച്ചിൽ നിന്നു… അയാളൊരു ചോര കുഞ്ഞിനെ വലിച്ചെടുത്തു.. പക്ഷെ അത്രയും സഹിച്ചിട്ടും കുഞ്ഞിനെ ജീവനോടെ കിട്ടിയില്ല… അവള് മരിച്ച കുഞ്ഞിനെ മാറോടു ചേർത്ത് നെഞ്ചു പൊട്ടിക്കരഞ്ഞു.. അയാളപ്പോഴും അവളെ ചേർത്തുപിടിച്ചിട്ടുണ്ടായിരുന്നു… ഞാനൊരു ദുസ്വപ്നം കാണുന്നതായിരിക്കണേ എന്ന് പ്രാർത്ഥിക്കാനേ എനിക്ക് കഴിഞ്ഞുള്ളു… അവരെ അവരുടെ സ്ഥലത്തു കൊണ്ടാക്കി തിരിച്ചു വരുമ്പോൾ മനസ്സാകെ അസ്വസ്ഥമായിരുന്നു… പെട്ടെന്നൊന്നു അമ്മയുടെ അടുത്തെത്തി പഴയതുപോലെ ആ മടിയിലൊന്നു കിടക്കാൻ തോന്നി.. വീട്ടിലെത്തി അമ്മയെ വിളിച്ചു അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് മനസ്സിന് തെല്ലൊരാശ്വാസം കിട്ടിയത്… ഫോൺ വയ്ക്കാൻ നേരം ലക്ഷ്മിക്ക് ഒന്ന് കൊടുക്കാൻ പറഞ്ഞപ്പോൾ അമ്മ ഒന്ന് ഞെട്ടി .. അപ്പോ തന്നെ കൊടുത്തപ്പോഴാണ് എനിക്ക് മനസ്സിലായത് എന്റെ വിളിക്കു വേണ്ടി അവളിപ്പോഴും അമ്മയ്ക്ക് പിറകിൽ കാത്തിരിക്കാറുണ്ടെന്നു… “സുഖാണോ നിനക്ക്..?” “മ്മ്.. അവള് കരച്ചിലടക്കാൻ പാട് പെടുന്നുണ്ടായിരുന്നു.. ” “നമ്മുടെ കുഞ്ഞിനോ.. ?” അത് കേട്ടതോടെ അവൾ പൊട്ടിക്കരഞ്ഞു.. പിന്നെ എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല.. വാക്കുകൾ എവിടെയോ കുരുങ്ങി കിടന്നു… പിന്നെയെന്നും അമ്മയോടൊപ്പം അവളോടും സംസാരിച്ചു… അവൾക്കു മാസം ഒൻപതു തുടങ്ങുന്നതിനു മുൻപേ തന്നെ ഞാൻ നാട്ടിലെത്തി…അവളുടെ വീട്ടിൽ നിന്നും അവളെ തിരിച്ചു എന്റെ വീട്ടിലേക്കു കൊണ്ടുവന്നു.. വേദനിക്കുമ്പോ കാല് തടവിയും, നടു ഉഴിഞ്ഞും അവളുടെ കൂടെ തന്നെ നിന്നു… രാത്രി ഉറക്കം വരാതെ തിരിഞ്ഞോ മറിഞ്ഞോ കിടക്കാനാവാതെ ബുദ്ധിമുട്ടുമ്പോൾ നെഞ്ചത്ത് ചേർത്തു കിടത്തി നെറ്റിയിൽ തലോടി തലോടി അവളെ ഉറക്കും.. കൊതിയുള്ളതൊക്കെ വാങ്ങിച്ചു കൊടുത്തും. കഴിക്കാതിരിക്കുമ്പോൾ ശാസിച്ചും ഞങ്ങളൊന്നായി… കഴിഞ്ഞതൊന്നിനും പരാതിയോ പരിഭവമോ പറയാതെ അവളെന്റെ ജീവനായി.. നെറ്റിയിലൊരുമ്മ കൊടുത്തു.. ഞാനില്ലേ കൂടെ എന്നാശ്വസിപ്പിച്ചു.. ലക്ഷ്മിയെ ലേബർ റൂമിലേക്ക് അയച്ച് ആശുപത്രി വരാന്തയിൽ ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഒടുക്കം തുണിയിൽ പൊതിഞ്ഞു എന്റെ മാലാഖ കുഞ്ഞിനെ കിട്ടിയപ്പോൾ.. അമ്മയുടെ ആഗ്രഹം പോലെ എന്റെ മോളെ അമ്മയുടെ കൈയിലേക്ക് കൊടുക്കുമ്പോൾ.. ഞാൻ അനുഭവിക്കുകയായിരുന്നു പ്രിയപ്പെട്ടവരുടെ സന്തോഷം… അതിലുള്ള എന്റെ സംതൃപ്തി…