Latest News

വിടാത്ത പിടി-ചെറുകഥ

സുനിൽ എം എസ്
വിടാത്ത പിടി-ചെറുകഥ

ങ്ങളുടെ വീടിനടുത്തുള്ള റോഡു ടാറിട്ടതാണ്. ചെറിയ ലോറികൾ അതിലൂടെ പോകാറുണ്ട്. അതൊരു റോഡായി വികസിച്ചിട്ട് ഏതാനും വർഷമേ ആയിട്ടുള്ളൂ. അതിനു മുമ്പ് അതൊരിടവഴി മാത്രമായിരുന്നു; ചിലയിടങ്ങളിൽ മഴക്കാലത്തു മുട്ടോളം വെള്ളമുണ്ടാകാറുള്ള ഇടവഴി.

അല്പമകലെ, തോടിനു കുറുകെ ചെറിയൊരു തടിപ്പാലവുമുണ്ടായിരുന്നു. കിഴക്കേലെ കൊച്ചൗസോച്ചേട്ടന്റെ മൃതദേഹം കൊണ്ടുപോകാൻ ശവമഞ്ചം വന്നു നിന്നത് ആ തടിപ്പാലത്തിനപ്പുറത്തായിരുന്നു. തടിപ്പാലത്തിന്റെ മുകളിലൂടെ സൈക്കിളും മോട്ടോർസൈക്കിളും കടന്നു പോകാറുണ്ടായിരുന്നെങ്കിലും, ശവമഞ്ചത്തിന് പാലം കടന്നു വരാനായില്ല. കൊച്ചൗസോച്ചേട്ടനെ കിടത്തിയ ശവപ്പെട്ടി ഏതാനും പേർ ചുമന്നു തടിപ്പാലം കടത്തി, ശവമഞ്ചത്തിലെത്തിക്കുകയായിരുന്നു.

ശവപ്പെട്ടി ചുമലിലേറ്റിയിരുന്നവരിലൊരാൾ കൊച്ചുവർക്കിച്ചേട്ടനായിരുന്നു.

മൃതദേഹം പുറപ്പെടുമ്പോൾ, കൊച്ചൗസോച്ചേട്ടന്റെ വീടിന്റെ മുന്നിൽത്തന്നെ ശാരിയും ഞാനും നിന്നിരുന്നു. കൊച്ചൗസോച്ചേട്ടനേയും ചുമലിലേറ്റി നടക്കുന്നതിനിടയിൽ കൊച്ചുവർക്കിച്ചേട്ടൻ ഞങ്ങളെക്കണ്ടു. ഉടൻ പറഞ്ഞു: 'പിടി വിട്ടട്ടില്ലട്ടാ, ശാരിമോളേ'.

മൃതദേഹത്തിന്റെ കനം കൊണ്ടാവാം, കൊച്ചുവർക്കിച്ചേട്ടന്റെ ശബ്ദം ഇടറിയിരുന്നു. അന്നു കൊച്ചുവർക്കിച്ചേട്ടനും എൺപതിനോടടുത്തിരുന്നല്ലോ.

ഞങ്ങളും ശവമഞ്ചത്തെ അനുഗമിച്ചു; സിമിത്തേരിയിലെ കർമ്മങ്ങൾക്കു സാക്ഷ്യം വഹിച്ചു.

മടങ്ങി വീട്ടിലെത്തിയപ്പോൾ കൊച്ചുവർക്കിച്ചേട്ടൻ പിടി വിട്ടിട്ടില്ലെന്നു പറഞ്ഞതിന്റെ പൊരുളെന്തായിരുന്നെന്നു ഞാൻ ശാരിയോടു ചോദിച്ചു.

ഒരു വാചകം തികച്ചുപറയുന്ന പതിവ് അവൾക്കില്ല. ഏതാനും വാക്കുകളിൽ അവളുത്തരമൊതുക്കി. അല്പം ചരിത്രം കൂടിയറിഞ്ഞെങ്കിൽ മാത്രമേ, അവൾ പറഞ്ഞതു മനസ്സിലാക്കാനാകൂ.

കൊച്ചൗസോച്ചേട്ടന്റെ വീടിന്റെ മുന്നിൽ വച്ച് ഇടവഴി – ഇന്നതു റോഡാണ് വലത്തോട്ടു തിരിയുന്നു. വലത്തോട്ടു തിരിഞ്ഞയുടൻ, ഇടതുഭാഗത്തു കൊച്ചുവർക്കിച്ചേട്ടന്റെ വീട്. രണ്ടുപേരും അയൽക്കാർ. സമവയസ്‌കർ. അവരുടെ പുരയിടങ്ങളുടെ ഇടയിലൊരു വേലി. ആ വേലി അന്നും ഇന്നും ശീമക്കൊന്ന കൊണ്ടുള്ളതു തന്നെ. മറ്റു മിക്കയിടങ്ങളിലും മതിലുകളുയർന്നിട്ടും അവർക്കിടയിൽ മതിലുയർന്നില്ല എന്നർത്ഥം.

ആ വേലിയിൽ അങ്ങോട്ടുമിങ്ങോട്ടും കടക്കാൻ വേണ്ടി വീതിയുള്ളൊരു വിടവുണ്ട്. കുറേക്കാലം ആ വിടവ് അടഞ്ഞുപോയിരുന്നു. തനിയേ അടഞ്ഞുപോയതല്ല. അവരിലൊരാൾ മനപ്പൂർവം അടച്ചുകളഞ്ഞതാണ്. എന്തോ പരിഭവമുണ്ടായിരുന്നിരിക്കണം. രാത്രി, ശീമക്കൊന്നയുടെ പത്തലുകൾ കുഴിച്ചിട്ട് ആ വിടവടച്ചുകളഞ്ഞു.

നേരം വെളുത്തപ്പോൾ മറ്റെയാൾ ക്ഷുഭിതനായി, പത്തലുകൾ വലിച്ചൂരിയെറിഞ്ഞു.

വഴക്കായി, വക്കാണമായി, രംഗം പ്രക്ഷുബ്ധമായി.

ഞങ്ങളുടെ പരിസരത്തിനൊരു പ്രത്യേകതയുണ്ട്. അവിടെ തർക്കങ്ങളുണ്ടാകാറില്ല. എന്നു മാത്രമല്ല, പരസ്പരസഹകരണമുണ്ടാകാറുണ്ടു താനും. എന്താവശ്യമുണ്ടെങ്കിലും ആളുകളോടിയെത്തും. സഹായിക്കും, സഹകരിക്കും.

കുറച്ചപ്പുറത്തുള്ള ബാലേട്ടന്റെ കാര്യം തന്നെ തെളിവ്. ഈയിടെ കക്ഷിയുടെ ശരീരം നീരുവന്നു വീർത്തു. നടക്കാനാകാതെയായി. സർക്കാരാശുപത്രിയിൽ കൊണ്ടുപോയി. ഉടൻ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്കു വിട്ടോളാൻ പറഞ്ഞു. ബാലേട്ടന്റെ മകൻ മനോജിന്റെ കൈയിലാണെങ്കിൽ പണമുണ്ടായിരുന്നില്ല. എന്നാലതൊരു തടസ്സമായില്ല. മനോജിന്റെ കിഴക്കേലെ ജോയൽ വിവരമറിഞ്ഞ് തൊട്ടടുത്ത രണ്ടു മൂന്നു വീടുകളിലൊന്നു കയറിയിറങ്ങി. ആവശ്യത്തിനു കാശു കിട്ടി. ബാലേട്ടൻ തൃശൂർ മെഡിക്കൽ കോളേജിൽ പോയി രണ്ടാഴ്ച കിടന്നു, സുഖമായി മടങ്ങി വരികയും ചെയ്തു. ചെറിയ ചില പ്രയാ!സങ്ങളുണ്ടെങ്കിലും, ഗുരുതരാവസ്ഥ തീരെയില്ല.

കൊച്ചൗസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും തമ്മിലുള്ള വഴക്കു കേട്ട് എന്തോ അത്യാഹിതം സംഭവിക്കുന്നതു പോലെ ആളുകൾ ഓടിക്കൂടി. അവരോടിവന്നതു നന്നായി. അല്ലെങ്കിൽ വഴക്കു മൂത്തു കൈയാങ്കളിയിലെത്തിയേനേ. ചോരത്തിളപ്പുള്ള പ്രായമായിരുന്നല്ലോ, ഇരുവരുടേതും. കിഴക്കേലെ ചന്ദ്രൻ ചേട്ടനും, അതിനുമപ്പുറത്തെ രാഘവച്ചേട്ടനും വടക്കേലെ ജഗദീശച്ചേട്ടനും ചെന്ന് ഇരുവരേയും പിടിച്ചകറ്റാൻ ശ്രമിച്ചു. തെക്കേലെ, വന്ദ്യവയോധികനായ കൊച്ചുതോമ മാഷും കൂടിയെത്തിയപ്പോൾ ഇരുവരും അടങ്ങി.

വഴക്കും വക്കാണവും നിന്നെങ്കിലും, പിന്നീടിരുവരും ചങ്ങാത്തത്തിലായില്ല. ശീമക്കൊന്നവേലിയിലെ വിടവ് അടഞ്ഞുതന്നെ കിടന്നു.

കൊച്ചൗസോച്ചേട്ടനു ഭാര്യയും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. കൊച്ചുവർക്കിച്ചേട്ടനുമുണ്ടായിരുന്നു ഭാര്യയും കുഞ്ഞുങ്ങളും. അവരെ കുഞ്ഞുങ്ങളെന്നു പറയുന്നത് ഇപ്പോളൊരു തമാശയായിരിക്കും. കാരണം, ഇന്ന് ആ കുഞ്ഞുങ്ങൾക്കൊക്കെ കുഞ്ഞുങ്ങളായിരിക്കുന്നു. എന്തായാലും അന്നവർ കുഞ്ഞുങ്ങളായിരുന്നു.

ഭർത്താക്കന്മാർ പിണക്കത്തിലായെങ്കിലും, അവരുടെ ഭാര്യമാർ ശീമക്കൊന്നയുടെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട്, പഴയപടി, സമ്പർക്കം പുലർത്താൻ ശ്രമിച്ചു. അതുകണ്ട്, 'മിണ്ടിപ്പോകരുത്' എന്നു ഭർത്താക്കന്മാർ താക്കീതു നൽകി. താക്കീതുകളുടെ കാർക്കശ്യം മൂലം ഒരു വീട്ടിലെ താക്കീത് മറ്റേ വീട്ടിലും പ്രതിദ്ധ്വനിച്ചു. കുടുംബത്തിനകത്തു കലഹമുണ്ടാകേണ്ടെന്നു കരുതി, ഭാര്യമാർ പരസ്പരം ബന്ധപ്പെടാനുള്ള ശ്രമം ഒടുവിലുപേക്ഷിച്ചു.

വളർന്നു വരുന്നതിനിടെ കുട്ടികൾ സൗഹൃദത്തിലായിരുന്നു. മാതാപിതാക്കൾ തമ്മിലുള്ള അകൽച്ച കുട്ടികൾ വകവച്ചിരുന്നില്ല. എങ്കിലും, കുട്ടികൾ തമ്മിലുള്ള സൗഹൃദം വഴിയിൽ വച്ചു മാത്രമായിരുന്നു. വീടുകളിലേയ്ക്കു കയറിച്ചെല്ലാൻ അവരും ധൈര്യപ്പെട്ടിരുന്നില്ല.

ഇരുകുടുംബങ്ങളും തമ്മിലുള്ള സ്പർദ്ധ നീണ്ടുനീണ്ടു പോയി. ഒരൊറ്റ വേലിയുടെ അപ്പുറവുമിപ്പുറവും കഴിയുന്നവർ. ഞായറാഴ്ചകളിൽ ഒരേ പള്ളിയിൽ പോകുന്നവർ. എന്നിട്ടും, കൊച്ചുവർക്കിച്ചേട്ടന്റെ മകൾ ട്രീസയുടെ കല്യാണത്തിന് കൊച്ചൗസോച്ചേട്ടന്റെ വീട്ടിൽ ക്ഷണമെത്തിയില്ല, കൊച്ചൗസോച്ചേട്ടന്റെ വീട്ടിൽ നിന്നാരും കല്യാണത്തിൽ പങ്കെടുത്തുമില്ല.

കൊച്ചൗസോച്ചേട്ടന്റെ മകൻ സിറിലിന്റെ കല്യാണത്തിന് കൊച്ചുവർക്കിച്ചേട്ടന്റെ വീട്ടിലും ക്ഷണമെത്തിയില്ല. അവിടുന്നാരും കല്യാണത്തിൽ പങ്കെടുത്തുമില്ല.

തുടർന്നു നടന്ന കല്യാണങ്ങളിലും ചടങ്ങുകളിലും തഥൈവ!

വേലിയടയ്ക്കുകയും പൊളിക്കുകയും ചെയ്തയന്ന് ഇരുവരും ക്രുദ്ധരായി, കടുത്ത വാക്കുകളെന്തൊക്കെയോ പ്രയോഗിച്ചു കാണണം. മുൻ തലമുറയെവരെ പഴി പറഞ്ഞിട്ടുണ്ടാകും. പറഞ്ഞുപോയ വാക്കുകൾ തിരിച്ചെടുക്കാൻ പറ്റില്ലല്ലോ. ആ വാക്കുകളുടെ കാഠിന്യം കാരണം കാൽ നൂറ്റാണ്ടിലേറെക്കാലം അവർ പരസ്പരസമ്പർക്കമില്ലാതെ കഴിഞ്ഞു. ഇടവഴിയിലൂടെ ഇരുവരും എതിരേ വരികയാണെങ്കിൽ, ഒരാൾ വടക്കോട്ടു നോക്കിക്കൊണ്ടു നടക്കും; മറ്റെയാൾ തെക്കോട്ടു നോക്കിക്കൊണ്ടും.

കൊച്ചൗസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും സമവയസ്‌കരായിരുന്നെന്നു പറഞ്ഞുവല്ലോ. ഇരുവരും ചെയ്തിരുന്ന ജോലികളും ഏകദേശം സമാനമായിരുന്നു. കൊച്ചൗസോച്ചേട്ടൻ പശുക്കളെ വളർത്തി. കൊച്ചുവർക്കിച്ചേട്ടൻ എരുമകളേയും. മറ്റു ചില്ലറപ്പണികളും ഇരുവരും ചെയ്തിരുന്നു.

എന്റെ പുരയിടത്തിൽ ധാ!രാളം പുല്ലുണ്ടാകാറുണ്ട്. കാലവർഷവും തുലാവർഷവും കഴിഞ്ഞുള്ള ഏതാനും മാസം പുരയിടം പുല്ലുവളർന്നു കാടുപിടിച്ചതുപോലെയുണ്ടാകും. പുല്ലുചെത്തിക്കാൻ ശാരി അനുവദിക്കാറില്ല. പശുക്കൾക്കിഷ്ടമുള്ള പുല്ലാണ്, അതവിടെത്തന്നെ നിൽക്കട്ടേയെന്ന് അവൾ പറയും. ചുറ്റുമുള്ള പുരയിടങ്ങളിലെ പുല്ലു തീർന്നാലും എന്റെ പുരയിടത്തിൽ പുല്ലു ധാരാളമുണ്ടാകും. കൊച്ചൗസോച്ചേട്ടൻ പശുക്കളേയും, കൊച്ചുവർക്കിച്ചേട്ടൻ എരുമകളേയും ഇടയ്ക്കിടെ എന്റെ പുരയിടത്തിൽ കൊണ്ടുവന്നു കെട്ടി പുല്ലു തീറ്റിക്കും.

പശുക്കൾക്കും എരുമകൾക്കും കുശാലാകും. ശാരിക്കും. പശുക്കൾക്കും എരുമകൾക്കും കുശാലാകുമ്പോൾ ശാരിയ്‌ക്കെങ്ങനെ കുശാലാകും എന്ന ചോദ്യമുയരാം. അവൾക്കു ധാരാളം ചാണകം കിട്ടും. പശുവിനും എരുമയ്ക്കും പുല്ലിനോട് എത്രത്തോളം ആർത്തിയുണ്ടോ, അത്രത്തോളം തന്നെ ആർത്തി ശാരിക്കു ചാണകത്തോടുണ്ട്. ചാണകത്തിന്റെ ചൂടാറുന്നതിനു മുമ്പു തന്നെ അവളതു റാഞ്ചിക്കൊണ്ടു വന്ന്, മരങ്ങൾക്കും ചെടികൾക്കും വീതിച്ചു കൊടുത്തിട്ടുണ്ടാകും.

ആളുകൾ ജൈവവളത്തിനു വേണ്ടി പരക്കം പാഞ്ഞു നടക്കുമ്പോൾ, ഞങ്ങൾക്കത് ഇങ്ങോട്ടു വന്നു കിട്ടുന്നു!

അമ്മയ്ക്ക് കാലുവേദനയുണ്ടാകാറുണ്ടായിരുന്നു. എരുമപ്പാലു കുടിക്കാൻ വൈദ്യരുപദേശിച്ചു. അന്നു മുതൽ എരുമപ്പാലു പതിവായി വാങ്ങാറുണ്ട്. കൊച്ചുവർക്കിച്ചേട്ടൻ തന്നെയാണു മിക്കപ്പോഴും എരുമപ്പാലു കൊണ്ടുവന്നു തരാറ്. ഒരു സ്റ്റീൽ മൊന്തയിൽ പാലു കൊണ്ടുവരും. ശാരി അതു വാങ്ങി അകത്തുകൊണ്ടുപോയി പകർത്തി, മൊന്ത കഴുകിയടച്ചു തിരികെ ഏല്പിക്കും.

അമ്മയുണ്ടായിരുന്ന കാലത്ത്, മൊന്ത തിരികെക്കിട്ടുന്നതു വരെ അമ്മയുമായി കൊച്ചുവർക്കിച്ചേട്ടൻ സംസാരിച്ചുകൊണ്ടു നിൽക്കുമായിരുന്നു. അമ്മ ഓർമ്മ മാത്രമായ ശേഷം കൊച്ചുവർക്കിച്ചേട്ടൻ മുറ്റത്തങ്ങനെ വെറുതേ നിൽക്കും. ഞാനുണ്ടെങ്കിൽ എന്തെങ്കിലും സംസാരിക്കും.

ഒരു ദിവസം കൊച്ചുവർക്കിച്ചേട്ടൻ പാലു കൊണ്ടുവന്നപ്പോൾ ദാ, മുറ്റത്തു നിൽക്കുന്നു, കൊച്ചൗസോച്ചേട്ടൻ! ബദ്ധശത്രുക്കളിരുവരും എന്റെ മുറ്റത്തൊരുമിച്ച്!

പുല്ലു ധാരാളമുള്ളിടത്തു പശുവിനെക്കൊണ്ടുവന്നു കെട്ടിയ ശേഷം, അരമതിലിലുണ്ടായിരുന്ന പത്രമൊന്നു മറിച്ചുനോക്കുകയായിരുന്നു, കൊച്ചൗസോച്ചേട്ടൻ. എഴുത്തും വായനയും വലുതായൊന്നും അറിയില്ലായിരുന്നെങ്കിലും, തപ്പിത്തപ്പി എന്തെങ്കിലുമൊക്കെ കൊച്ചൗസോച്ചേട്ടൻ വായിക്കുമായിരുന്നു. കൊച്ചുവർക്കിച്ചേട്ടനും അങ്ങനെ തന്നെ. മറ്റു തിരക്കുകളുണ്ടായിരുന്നതുകൊണ്ട് ഇരുവരും സ്‌കൂളിൽ അധികക്കാലമൊന്നും കഴിഞ്ഞിരുന്നില്ലല്ലോ.

കൊച്ചൗസോച്ചേട്ടൻ പത്രത്തിൽ 'തപ്പി'ക്കൊണ്ടിരിക്കുമ്പോൾ കൊച്ചുവർക്കിച്ചേട്ടൻ അകത്തേയ്ക്കു നോക്കി വിളിച്ചു, 'ശാരിമോളേ'.

ശബ്ദം കേട്ട് കൊച്ചൗസോച്ചേട്ടൻ തിരിഞ്ഞു നോക്കിയിട്ടുണ്ടാകും. നോട്ടങ്ങളിടഞ്ഞിട്ടുണ്ടാകും. എന്തോ ദുശ്ശകുനം കണ്ടതുപോലെ ഉടൻ എതിർദിശകളിലേയ്ക്കു തിരിഞ്ഞിട്ടുമുണ്ടാകും.

ഞാനന്ന് അതിരാവിലേ തന്നെ പോയിരുന്നിരിക്കണം. ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെപ്പറ്റി ഞാനറിയാതെ പോയത് അതുകൊണ്ടാണ്.

വിളികേട്ടു ശാരി വരാന്തയിലേയ്ക്കു വന്നപ്പോളുണ്ട്, ബദ്ധശത്രുക്കളിലൊരാൾ കിഴക്കോട്ടു തിരിഞ്ഞു പത്രം വായിക്കുന്നു; കൈനീട്ടിയാൽ തൊടാവുന്ന അകലത്തിൽ മറ്റെയാൾ, മൊന്തയുമായി, പടിഞ്ഞാറോട്ടു നോക്കി നിൽക്കുന്നു.

ശാരി മൊന്ത വാങ്ങി അകത്തേയ്ക്കു പോയി. പക്ഷേ, മൊന്ത അകത്തുവച്ച് ഉടൻ മടങ്ങി വന്നു.

രണ്ടു 'കൊച്ചു'ങ്ങളും അതേ നില്പു തന്നെ: പുറം തിരിഞ്ഞുള്ള നില്പ്. ആരും പരസ്പരം നോക്കുന്നേയില്ല. അങ്ങനെയൊരാൾ തൊട്ടടുത്തു നിൽക്കുന്നതായിപ്പോലും ഭാവിക്കുന്നില്ല.

ശാരി ചവിട്ടിറങ്ങി നേരേ ചെന്നു. പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നിരുന്ന കൊച്ചുവർക്കിച്ചേട്ടന്റെ വലതു കൈയിൽ പിടിച്ചു; കിഴക്കോട്ടു തിരിഞ്ഞു നിന്നിരുന്ന കൊച്ചൗസോച്ചേട്ടന്റേയും വലതു കൈയിൽ പിടിച്ചു. രണ്ടു കൈകളും ബലമായി കൂട്ടിച്ചേർത്ത്, ഇരുവരേയും നോക്കിക്കൊണ്ട് അവൾ പറഞ്ഞു:

'കർത്താവു പറഞ്ഞിരിക്കണത് നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്‌നേഹിക്കാനാ. നിങ്ങള് കൊറേക്കാലം കർത്താവിന്റെ വചനം മറന്നു ജീവിച്ചു. ഇനി ഈ പിടി വിടരുത്. മുറുക്കിപ്പിടിച്ചോണം രണ്ടുപേരും.'

ശാരി അധികമൊന്നും സംസാരിക്കാറില്ലെങ്കിലും, അവളുടെ ചില വാക്കുകൾ ഒരു തരത്തിലും തള്ളിക്കളയാൻ പറ്റാത്ത വിധത്തിലുള്ളതാകാറുണ്ട്. പോരാത്തതിന് അവൾ അവരിരുവർക്കും, അവരുടെ ഭാര്യമാർക്കു വിശേഷിച്ചും ഇഷ്ടപ്പെട്ടവളും.

കൈകൾ കൂട്ടിയോജിപ്പിച്ച്, ശാരി അകത്തേയ്ക്കു കയറിപ്പോകുമ്പോൾ രണ്ടുപേരും കൈയും പിടിച്ച് അന്തം വിട്ടു നിൽക്കുകയായിരുന്നത്രേ!

വാസ്തവത്തിൽ രണ്ടുപേരും പാവങ്ങളായിരുന്നു. ശുദ്ധന്മാരും. പക്ഷേ, അതിശുദ്ധന്മാർ അതിദുഷ്ടന്മാരുടെ ഫലം ചെയ്യുമെന്നു കേട്ടിട്ടില്ലേ; അതു തന്നെ.

കഴുകിയ മൊന്തയുമായി ശാരി തിരിച്ചുവന്നപ്പോൾ, ഒരു കൈയല്ല, രണ്ടു കൈയും മുറുക്കിപ്പിടിച്ചു നിന്നുകൊണ്ട് ഇരുവരും കരയുകയായിരുന്നു.

കൊച്ചൗസോച്ചേട്ടന്റെ മൃതദേഹം ചുമക്കുമ്പോൾ പിടി വിട്ടിട്ടില്ലെന്നു കൊച്ചുവർക്കിച്ചേട്ടൻ പറഞ്ഞത്, ഏകദേശം മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്നിരുന്ന ശത്രുത മറന്ന്, ഇരുവരും എന്റെ മുറ്റത്തു വച്ചു കൈകൾ മുറുക്കിപ്പിടിച്ചതിനെപ്പറ്റിയായിരുന്നു.

ആത്മാക്കൾക്ക് എല്ലാം കാണാനാകും എന്നാണല്ലോ പലരും പറയാറ്. അതിൽ വാസ്തവമുണ്ടെങ്കിൽ, വാർദ്ധക്യത്തെ വകവയ്ക്കാതെ കൊച്ചുവർക്കിച്ചേട്ടൻ തന്റെ മൃതദേഹം ചുമന്നതു കൊച്ചൗസോച്ചേട്ടന്റെ ആത്മാവു മുകളിലെവിടെയെങ്കിലുമിരുന്നു കണ്ടിട്ടുണ്ടാകും.

കൊച്ചൗസോച്ചേട്ടൻ മരിക്കുന്നതിന് ഏതാനും വർഷങ്ങൾക്കു മുമ്പ്, ഒരിക്കൽ, അവരിരുവരുമൊരുമിച്ചു നടന്നുപോകുന്നതു കണ്ടിരുന്നു. പരസ്പരം വർത്തമാനം പറഞ്ഞുകൊണ്ടു തന്നെ നടക്കുന്നു. വാർഡുതലത്തിലുള്ള ഗ്രാമസഭയിൽ സംബന്ധിക്കാൻ പോകുകയായിരുന്നു അവരിരുവരും. ഞാനും. ഞാൻ സൈക്കിളിലായിരുന്നു.

സാധാരണയായി ശാരിയാണു ഗ്രാമസഭയിൽ പോകാറ്. അന്നെന്തോ കാരണവശാൽ ഞാൻ വീട്ടിലുണ്ടായിരുന്നു. അതുകൊണ്ടു ഗ്രാമസഭയിൽ പോയതു ഞാനായിരുന്നു. അങ്ങനെയാണ് 'കൊച്ചു'ങ്ങളിരുവരും ഒരുമിച്ചു നടന്നു പോകുന്നതു കാണാനിടയായത്.

പതിറ്റാണ്ടുകളോളം ശത്രുക്കളായിരുന്നവർ എന്ന്, എങ്ങനെ കൂട്ടായി? ഞാനത്ഭുതപ്പെട്ടുപോയി. കുറഞ്ഞൊരു കാലമൊന്നുമല്ലല്ലോ, പതിറ്റാണ്ടുകളല്ലേ, അവരകന്നു കഴിഞ്ഞത്!

ഗ്രാമസഭയിൽ അവരിരുവരും അടുത്തടുത്ത കസേരകളിൽത്തന്നെ ഇരിക്കുകയും ചെയ്തു.

മുത്തച്ഛന്മാരായിത്തീർന്നിരിക്കുന്ന നിലയ്ക്ക്, സ്വയം നല്ല ബുദ്ധി തോന്നി അവർ വീണ്ടും സുഹൃത്തുക്കളായെന്നാണു ഞാനന്നു കരുതിയത്. ശാരിക്കതിലൊരു പങ്കുണ്ടായിരുന്നെന്നു ഞാൻ വിചാരിച്ചിരുന്നേയില്ല. അവളതേപ്പറ്റിയൊന്നും പറഞ്ഞിരുന്നുമില്ല.

'നീയിത് എന്നോടെന്താ ഇതുവരെപ്പറയാഞ്ഞത്?' ഞാൻ ശാരിയോടു ചോദിച്ചു. അവളെന്നോടു പലതും പറയാറില്ല.

'കൂടാനുള്ളോരു കൂടി.' അവൾ നിസ്സംഗതയോടെ പറഞ്ഞു. 'അതെന്താത്ര പറയാനുള്ളത്!'

ശരിയായിരിക്കണം. നന്മയുള്ളവരായിരുന്നു, കൊച്ചൗസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും. ആർക്കും ഒരുപദ്രവവും ചെയ്യാത്തവർ. എങ്ങനെയോ തമ്മിൽ കലഹിക്കാനിടയായി. പഴയ പോലെ സുഹൃത്തുക്കളാകാനുള്ള ആഗ്രഹം അവർ പതിറ്റാണ്ടുകളോളം നെഞ്ചിൽ കൊണ്ടുനടന്നിരിക്കണം. അല്ലെങ്കിലവർ ശാരി കൂട്ടിച്ചേർത്ത കൈകൾ പിൻവലിച്ചുകളയുമായിരുന്നു.

കാര്യമങ്ങനെയൊക്കെയാണെങ്കിലും, ശാരി ആ കൂടിച്ചേരലിനുള്ള നിമിത്തമായിത്തീർന്നിരുന്നില്ലെങ്കിൽ ആ കൈകൾ കൂടിച്ചേരുമായിരുന്നോ എന്ന സംശയം ഇന്നുമുണ്ടെനിക്ക്.

കൊച്ചൗസോച്ചേട്ടന്റെ മകൻ സിറിലിന് സംശയമൊന്നുമില്ല; ശാരിച്ചേച്ചി കാരണമാണ് ആ വൈകിയ വേളയിലെങ്കിലും അവർ കൂടിച്ചേർന്നതെന്ന് അവൻ പറഞ്ഞു. കഴിഞ്ഞയാഴ്ച തെക്കേലെ കല്യാണത്തലേന്നുള്ള ഒത്തുകൂടലിൽ സിറിലും ഉണ്ടായിരുന്നു. കാരണവന്മാർ രണ്ടുപേരും ദീർഘകാലവൈരം വെടിഞ്ഞു വീണ്ടും സുഹൃത്തുക്കളായ കഥ സിറിൽ അവിടെ വച്ചു രസമായിപ്പറഞ്ഞു.

സിറിൽ പറയുന്നതിനു മുമ്പു തന്നെ അക്കഥ കേട്ടിട്ടുണ്ടായിരുന്നെന്ന് അവിടെയുണ്ടായിരുന്ന പലരും പറഞ്ഞു. നീണ്ട കാലം കീരിയും പാമ്പുമായി കഴിഞ്ഞിരുന്നവർ പെട്ടെന്നൊരു ദിനം യോജിച്ചിരിക്കുന്നതു കണ്ട് അവരും അത്ഭുതപ്പെട്ടിരുന്നത്രേ! അവരെ കൂട്ടിച്ചേർത്തതു ശാരിച്ചേച്ചിയായിരുന്നെന്ന് അവരും എന്നെപ്പോലെ പിന്നീടാണറിഞ്ഞത്.

എന്നാൽപ്പിന്നെ അക്കാര്യം കടലാസ്സിലാക്കിക്കളയാമെന്നു ഞാൻ തീരുമാനിക്കുകയാണുണ്ടായത്. ഒരിക്കലും കൂടിച്ചേരില്ലെന്നു തോന്നിപ്പിക്കുന്നവരെപ്പോലും ചിലപ്പോൾ കൂട്ടിച്ചേർക്കാനാകുമെന്ന് എല്ലാവരും അറിഞ്ഞോട്ടേ. മുറിച്ചിട്ട കോലും ചിലപ്പോഴൊക്കെ ഒന്നായിത്തീർന്നെന്നു വരാം.

കൊച്ചുവർക്കിച്ചേട്ടനും ഓർമ്മ മാത്രമായിട്ടു വർഷങ്ങളായി. ഇന്നിപ്പോൾ രണ്ടു 'കൊച്ചു'ങ്ങളും ഒരുമിച്ചിരിപ്പുണ്ടാകും; അങ്ങു മുകളിൽ. വേർപെടുത്താൻ വേലികളില്ലാത്തിടത്ത്.

Read more topics: # literature,# short story,# vidatha pidi
literature,short story,vidatha pidi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES