Latest News

വധശിക്ഷ-ചെറുകഥ

സുനിൽ എം എസ്
വധശിക്ഷ-ചെറുകഥ

ഹാഫ് ഡേ ലീവെടുത്തിരുന്നതുകൊണ്ട് ഉച്ച കഴിഞ്ഞാണ് ഓഫീസിലെത്തിയത്. ഓഫീസിനകത്തേയ്ക്കു കാലെടുത്തു വച്ചപ്പോൾത്തന്നെ എന്തോ പന്തികേടുണ്ടെന്നു തോന്നി. ബാങ്കിങ് ഹാളിൽ ഒരൊറ്റ കസ്റ്റമറില്ല! അസാധാരണമാണത്. കസ്റ്റമറൊഴിഞ്ഞ നേരമുണ്ടാകാറില്ല. തിങ്കളാഴ്ചകളിൽ പ്രത്യേകിച്ചും.

മാനേജേഴ്‌സ് ക്യാബിനിലേയ്ക്കു നടക്കുന്നതിനിടയിൽ ശ്രദ്ധിച്ചു: സ്റ്റാഫിൽ മിക്കവരും ഓഫീസിന്റെ നടുവിൽ കൂട്ടം കൂടി നിൽക്കുന്നു. അസിസ്റ്റന്റ് മാനേജർ തോമസ് ജോസഫ് സെൽഫോണിലൂടെ സംസാരിക്കുന്നുണ്ട്. അതു ശ്രദ്ധിച്ചുകൊണ്ടാണു മറ്റുള്ളവരുടെ നിൽപ്പ്.

സീറ്റിലിരുന്നു കോളിങ് ബെല്ലമർത്തി. തോമസ് ജോസഫിന്റെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്ന ബാങ്ക്മാൻ സുലൈമാൻ തിരക്കിട്ടു വന്നു. 'അറ്റന്റൻസ് രജിസ്റ്റർ.' രജിസ്റ്റർ കൊണ്ടുവരാനായി സുലൈമാൻ ക്യാബിനിൽ നിന്നു പുറത്തേയ്ക്കു കടക്കുന്നതിനിടയിൽ ഞാനല്പം കനത്തിൽ ചോദിച്ചു, 'എന്താണവിടെ?'

പ്രവൃത്തിസമയത്തു സ്റ്റാഫ് ഓഫീസിനകത്തിങ്ങനെ കൂട്ടം കൂടി നിൽക്കുന്നത് എനിക്കിഷ്ടമല്ലെന്നു സുലൈമാനറിയാം. എങ്കിലും എന്തുകൊണ്ടോ എന്റെ ശബ്ദത്തിലെ നീരസം സുലൈമാൻ ശ്രദ്ധിച്ചില്ല. മുഖം ഉൽക്കണ്ഠാകുലമായിരുന്നു. 'ഹൈക്കോർട്ടിലെക്കാര്യം എങ്ങനെയായീന്ന് തോമസ്സാറ് അന്വേഷിയ്‌ക്കേയിരുന്നു.'

'ഹൈക്കോർട്ടിലെന്തു കാര്യം?'

ബാങ്കിന്റെ ഏതാനും കേസുകൾ ഹൈക്കോർട്ടിലുണ്ട്. അവ കൈകാര്യം ചെയ്യേണ്ട ചുമതല ബാങ്കിന്റെ ലീഗൽ ഡിപ്പാർട്ടുമെന്റിനാണ്. അവർ വക്കീലിനെ ഏർപ്പാടു ചെയ്തിട്ടുമുണ്ട്. ബ്രാഞ്ചിലുള്ളവർ അതിനായി ഓടി നടക്കേണ്ട കാര്യമില്ല.

'സാറൊന്നും അറിഞ്ഞില്ലേ? സാറ് ഹൈക്കോർട്ടീപ്പോയതുകൊണ്ടാ ഹാഫ് ഡേ എടുത്തതെന്ന് ഞാൻ കരുതി.'

'അറ്റന്റൻസു കൊണ്ടുവാ.'

സുലൈമാൻ ചെന്നപ്പോൾ, സെൽഫോണിലൂടെയുള്ള വർത്തമാനം നിറുത്തിക്കൊണ്ടു തോമസ് ജോസഫു തന്നെ അറ്റന്റൻസ് രജിസ്റ്ററുമായി വന്നു. 'സാറു ഹൈക്കോർട്ടിൽപ്പോയില്ലേ?'

'ഹൈക്കോർട്ടിലെന്താ പ്രശ്‌നം?' അറ്റന്റൻസ് രജിസ്റ്ററിൽ സമയം അടയാളപ്പെടുത്തി ഒപ്പിടുന്നതിനിടയിൽ ഞാൻ ചോദിച്ചു.

'അവിടെ ഒരാളെ കെട്ടിയിട്ടിരിക്കുന്നു. പൊതുജനത്തിനു കല്ലെറിയാൻ. കല്ലെറിഞ്ഞു കൊല്ലാൻ.'

'ങ് ഹേ?' ഞാൻ തലയുയർത്തി നോക്കി. 'കല്ലെറിഞ്ഞു കൊല്ലാനോ?'

അവിശ്വസനീയതയോടെ ഞാൻ മിഴിച്ചുനോക്കിയിരിയ്‌ക്കെ, തോമസ് ജോസഫു വിശദീകരിച്ചു.

മംഗലാപുരത്തുള്ളൊരു കർണ്ണാടകക്കാരൻ കാസർഗോട്ടുള്ള ഒരമ്മയേയും പ്രായപൂർത്തിയാകാത്ത മകളേയും പീഡിപ്പിച്ചു കൊന്നു. ഗ്യാസു തുറന്നു വച്ച്, മൃതദേഹങ്ങളും വീടുമൊക്കെ ചാമ്പലാക്കി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, പൊലീസ് അയാളെപ്പിടികൂടി. കുറ്റം തെളിയിച്ചു. കോടതി വധശിക്ഷ വിധിച്ചു. അപ്പീലിന്മേലുണ്ടായ ഹൈക്കോടതി വിധി പത്രത്തിൽ വായിച്ചില്ലേയെന്നു തോമസ് ജോസഫു ചോദിച്ചു.

പീഡനത്തേയും കൊലപാതകങ്ങളേയും കുറിച്ചുള്ള പത്രവാർത്തകൾ ഞാൻ നോക്കാറില്ല. 'കല്ലെറിഞ്ഞു കൊല്ലാനായിരുന്നോ വിധി?'

തൂക്കിക്കൊല്ലാനായിരുന്നു, കീഴ്‌ക്കോടതിയുടെ വിധി. ഇത്തരം നിഷ്ഠുരർക്കു തൂക്കുമരമല്ല വേണ്ടത്; അവർ നിഷ്ഠുരമായിത്തന്നെ ശിക്ഷിക്കപ്പെടണമെന്നു പൊതുജനം ആവശ്യപ്പെട്ടു. ഹൈക്കോടതി അതു കണക്കിലെടുത്തു. വധശിക്ഷ നടപ്പാക്കാൻ പൊതുജനത്തെത്തന്നെ ഏല്പിക്കാനായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. ഒരു ദിവസം രാവിലെ എട്ടു മണി മുതൽ വൈകീട്ട് നാലു മണി വരെ തുറന്നൊരു സ്ഥലത്ത് അയാളെ കെട്ടിയിടുക. പൊതുജനത്തിനയാളെ കല്ലെറിഞ്ഞു കൊല്ലാം.

'കിരാതം എന്നു വേണം വിധിയെപ്പറ്റിപ്പറയാൻ,' ഞാനഭിപ്രായപ്പെട്ടു.

'ശരിയാ സർ. പക്ഷേ, അയാളു ചെയ്ത ദുഷ്ടപ്രവൃത്തി നമ്മളു കണക്കിലെടുക്കണ്ടേ. പതിമൂന്നു വയസ്സുമാത്രമായ പെൺകുട്ടിയെപ്പോലും...' ഞാൻ കൈയുയർത്തി വിലക്കി. എങ്കിലും തോമസ് ജോസഫ് തുടർന്നു: 'ഇത്തരക്കാരെയൊക്കെ ഇഞ്ചിഞ്ചായിത്തന്നെ കൊല്ലണം സർ.'

'ഒരു കൊല കൂടിയാകും. അത്ര തന്നെ. പീഡനവും കൊലപാതകവും മറ്റും തടയുകയാണു വാസ്തവത്തിൽ വേണ്ടത്.'

'അതു ബുദ്ധിമുട്ടാ, സർ. മുന്നൂറ്റമ്പതു കോടി പെണ്ണുങ്ങളുണ്ടിവിടെ. അവരെയൊക്കെ സംരക്ഷിക്കാൻ ആരെക്കൊണ്ടു പറ്റും? ഭാവിയില് കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ ഈയൊരൊറ്റ വഴിയേയുള്ളു.' തോമസ് ജോസഫു രോഷത്തോടെ തുടർന്നു: 'ഇത്തരം ക്രൂരന്മാരെ ഇങ്ങനെ തന്നെ വേണം കൊല്ലാൻ. അപ്പൊ എല്ലാവർക്കും പേടീണ്ടാകും. കുറ്റകൃത്യം ചെയ്യാൻ ഭയക്കും.'

ഞാൻ ക്ലോക്കിൽ നോക്കി. 'മണി രണ്ടായി. അയാളുടെ കഥ കഴിഞ്ഞിട്ടുണ്ടാകും. ഇല്ലേ?'

'ഇല്ല സർ. കഴിഞ്ഞിട്ടില്ലെന്നാണ് കുറച്ചു മുമ്പറിഞ്ഞത്.'

ഇവിടത്തെ ചില സിറ്റിബസ്‌ഡ്രൈവർമാർ ചിലപ്പോഴൊക്കെ തല പുറത്തേയ്ക്കിട്ടുകൊണ്ടു ചൊരിയാറുള്ള അസഭ്യവചനങ്ങൾക്കു കല്ലേറിനേക്കാൾ ശക്തിയുണ്ട്. പലപ്പോഴും ഞാനതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു തവണ അതു നേരിട്ടനുഭവിയ്‌ക്കേണ്ടിയും വന്നു. കടിച്ചുകീറിക്കളയും എന്ന മട്ടാണ് അവരിൽച്ചിലർക്ക്. അവരിൽ ഒന്നോ രണ്ടോ പേർ മാത്രം മതിയാകും, ഒരാളെ കല്ലെറിഞ്ഞു കൊല്ലാൻ!

ഓട്ടോറിക്ഷക്കാരും ഒട്ടും മോശമല്ല. തർക്കിക്കാൻ നിന്നാൽ, തേനീച്ചക്കൂടിളകി വരുന്നതുപോലെയാണവർ വരിക. നിമിഷനേരം കൊണ്ടവർ നമ്മെ ചുറ്റിവളയും. വേണമെങ്കിൽ 'രണ്ടു' തരികയും ചെയ്യും. അവർക്കുള്ളിടത്തോളം മുഷ്‌ക്ക് ഇവിടെ, ഈ എറണാകുളത്ത്, മറ്റാർക്കുമുണ്ടാവില്ല. അതുറപ്പ്. ഓട്ടോക്കാരുമായുള്ള ഘർഷണം സിറ്റിബസ്സുകാർ പോലും തന്ത്രപരമായി ഒഴിവാക്കുന്നു. ഓട്ടോക്കാർക്ക് ഒരാളെ കല്ലെറിഞ്ഞുകൊല്ലുക നിസ്സാ!രമായിരിക്കണം. ഹൈക്കോർട്ടിന്റെ പരിസരത്താണെങ്കിൽ ഓട്ടോക്കാർ നിരവധിയുണ്ടു താനും.

ചുരുങ്ങിയത് ഒരാളെങ്കിലും ദിവസേന കൊല ചെയ്യപ്പെടുന്ന കേരളത്തിൽ കെട്ടിയിട്ടിരിക്കുന്നൊരാളെക്കൊല്ലാൻ മേൽപ്പറഞ്ഞ 'മഹാപ്രതിഭ'കളുടെയൊന്നും ആവശ്യമില്ല. ഹർത്താൽ ദിനങ്ങളിൽ കല്ലെറിഞ്ഞു തഴക്കമുള്ളവർ ഇവിടത്തെ എല്ലാ രാഷ്ട്രീയപ്പാർട്ടികളിലുമുണ്ടാകും. അവരെ ഭയന്ന് സ്വന്തമായി പട്ടാളമുള്ള സർക്കാർ പോലും ഹർത്താൽദിനങ്ങളിൽ ബസ്സുകൾ നിരത്തിലിറക്കാറില്ല.

'ഇവിടത്തുകാരുടെ പ്രകൃതമനുസരിച്ച് ആദ്യത്തെ അരമണിക്കൂറുകൊണ്ടു തന്നെ അയാളുടെ കഥ കഴിയേണ്ടതായിരുന്നു. കക്ഷിയൊരു ഭീമകായനാണോ?'

'ഞാനാളെക്കണ്ടില്ല സർ.'

ഞാനത്ഭുതപ്പെട്ടു. 'അല്ലാ, ഇത്തരക്കാരെ ഇഞ്ചിഞ്ചായിക്കൊല്ലണമെന്നു പറഞ്ഞ തോമസ് ജോസഫ് ചെന്ന് ആളെക്കാണുക പോലും ചെയ്തില്ലേ? പോയി കല്ലെറിഞ്ഞുകാണുമെന്നാണു ഞാൻ കരുതിയത്.'

'അയ്യോ, ചോര കണ്ടാൽ ഞാൻ തലകറങ്ങി വീഴും! ഞാനാ വശത്തേയ്ക്കുപോലും ഇന്നു കടന്നിട്ടില്ല സർ.'

'അതു നന്നായി. എന്തെങ്കിലും വിവരം കിട്ടുമ്പോൾ എന്നേയുമറിയിക്കുക.'

ചോരയും നീരുമുള്ളൊരു മനുഷ്യനെ കെട്ടിയിട്ടു കല്ലെറിയുക! ഇഞ്ചിഞ്ചായിക്കൊല്ലുക. കൊടും ക്രൂരത തന്നെ.

പഴയ തിരുവിതാംകൂർ രാജ്യത്തെ വേലുത്തമ്പിദളവ മോഷ്ടാക്കളുടെ കൈ വെട്ടിക്കളഞ്ഞിരുന്നെന്നു വായിച്ചിട്ടുണ്ട്. അത്തരം ശിക്ഷകളൊക്കെ ക്രൂരത തന്നെ, യാതൊരു സംശയവുമില്ല.

കൊല്ലൽ പ്രാകൃതമാണ്. കാട്ടുനിയമം. കാട്ടിൽ നിന്നു പോന്നിട്ടു കാലമേറെയായെങ്കിലും, മനുഷ്യരിതുവരെ കൊല്ലൽ നിറുത്തിയിട്ടില്ല. അതു നിറുത്തേണ്ട കാലം അതിക്രമിച്ചു.

കൊന്നേ തീരൂവെങ്കിൽ കൈവെട്ടിയും കല്ലെറിഞ്ഞുമൊക്കെ കൊല്ലരുത്. നൊന്തുപിടയാനിട വരരുത്. ഒറ്റ വെട്ടിനു കഥ കഴിക്കണം. വെടി വച്ചായാലും വേണ്ടില്ല. ഒറ്റ വെടിക്കു കാര്യം തീർക്കണം. വധിക്കപ്പെടേണ്ടവരോടു കാണിക്കാവുന്ന ദയവ് അതു മാത്രമാണ്.

സെൽഫോൺ വിറയ്ക്കാൻ തുടങ്ങി. ഹരി. ഹരിഹരയ്യർ. തിരുവനന്തപുരത്തെ ജനറൽ മാനേജരുടെ ഓഫീസിൽ മാനേജരാണു ഹരി. 'ഹൈക്കോർട്ടിലെ കാര്യമെന്തായി? ജീ എം അന്വേഷിച്ചു.'

ചില പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കുറ്റവാളികളെ കല്ലെറിഞ്ഞു കൊല്ലുന്ന പതിവുണ്ടെങ്കിലും, ഇന്ത്യയിലെ, ഇത്തരത്തിലുള്ള പ്രഥമ വധശിക്ഷയാണത്രേ ഇത്. പുതിയ രീതി എത്രത്തോളം മുന്നോട്ടു പോയെന്നറിയാൻ ജീ എമ്മിന് ആകാംക്ഷ.

ബാങ്കിന്റെ കസ്റ്റമറായ ഒരു പൈ സംഭവസ്ഥലത്തുണ്ട്. പൈയ്ക്ക് ഒരു ബില്ലു റിലീസ് ചെയ്യാനുണ്ടായിരുന്നു. പക്ഷേ, ഹൈക്കോർട്ടിൽ നടക്കുന്ന ഈ സംഭവം കാരണം ഇന്നു ബാങ്കിലേയ്ക്കു വരാനാവില്ല, നാളെ വന്നു ബില്ലു റിലീസ് ചെയ്യാമെന്നു സംഭവസ്ഥലത്തു നിന്നു പൈ രാവിലേ തന്നെ തോമസ് ജോസഫിനെ വിളിച്ചറിയിച്ചിരുന്നു. അപ്പോൾ മുതൽ വിവരങ്ങൾ തത്സമയം അറിയാൻ വേണ്ടി തോമസ് ജോസഫ് പൈയുമായി ഇടയ്ക്കിടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

ജനക്കൂട്ടത്തിനിടയിലൂടെ ആകെ ഒരു തവണ മാത്രമേ പൈയ്ക്കു കുറ്റവാളിയെ കാണാനായിട്ടുള്ളു. കുറ്റവാളിയെ കുറേക്കൂടി അടുത്തു നിന്നു കാണാൻ സാധിച്ച ചിലർ പറഞ്ഞതു പൈ കേട്ടിരുന്നു. കാണാനായതും കേൾക്കാനായതുമെല്ലാം പൈ തോമസ് ജോസഫിനെ അറിയിച്ചിട്ടുണ്ട്. പൈയിൽ നിന്ന് ഇതുവരെ കിട്ടിയ വിവരങ്ങൾ ഹരിക്കു കൈമാറാനായി ഞാൻ സെൽഫോൺ തോമസ് ജോസഫിനെ ഏല്പിച്ചു.

തോമസ് ജോസഫ് വിശദമായ റിപ്പോർട്ടു നൽകി.

ഹൈക്കോർട്ടിനോടു ചേർന്നുള്ളൊരു തുറന്ന സ്ഥലത്ത്, കനത്ത സ്റ്റീൽ പൈപ്പുകൾ കൊണ്ടുണ്ടാക്കിയ ഒരു വേലി. വേലിയിൽ നിന്ന് അല്പമകലെ, അടിവസ്ത്രം മാത്രം ധരിച്ച കുറ്റവാളിയെ ഉയരമുള്ളൊരു കരിങ്കൽച്ചുവരിൽ ചാരി നിർത്തിയിരിക്കുന്നു. കൈകാലുകൾ കരിങ്കൽച്ചുവരിൽ, ഇരുവശങ്ങളിലുമുള്ള ലോഹവളയങ്ങളുമായി ചങ്ങലമൂലം ബന്ധിച്ചിരിക്കുന്നു.

തുടക്കത്തിൽ അയാൾ നിലവിളിച്ചിരുന്നു. നിലവിളിക്കിടയിൽ എന്തോ പറഞ്ഞിരുന്നു. കന്നടയിലായിരുന്നിരിക്കണം. കൊല്ലരുതേയെന്ന പ്രാർത്ഥനയായിരുന്നിരിക്കാം. ഇപ്പോഴും കരയുന്നുണ്ട്, പക്ഷേ, ശബ്ദമടഞ്ഞുപോയിരിക്കുന്നു.

കല്ലെറിയാൻ ആദ്യമൊന്നമാന്തിച്ചെങ്കിലും, കുറേക്കഴിഞ്ഞപ്പോൾ ചിലർ കല്ലെറിഞ്ഞു. അവയിൽച്ചിലതു മാറത്തും വയറ്റത്തും കാലിന്മേലും കൊണ്ടു. ചോരയൊഴുകി. അതിനിടെ നെറ്റിയിലും ഏറു കൊണ്ടു. നെറ്റിപൊട്ടിയൊഴുകിയ ചോര കണ്ണിൽപ്പടർന്ന്, മുഖം ബീഭത്സമായിരിക്കുന്നു. മുറിവുകളിൽ നിന്നൊലിച്ചിറങ്ങിയ ചോര അടിവസ്ത്രത്തിലേയ്‌ക്കൊഴുകിയിരിക്കുന്നു.

സിമന്റിട്ട നിലം മലിനമായിരിക്കുന്നു. മലമൂത്രവിസർജ്ജനം നടത്തിപ്പോയിരിക്കുന്നു.

'എത്ര മണി വരെ' എന്നു ഹരി ചോദിച്ചുകാണണം. 'നാലു മണിവരെ' എന്നു തോമസ് ജോസഫ് ഫോണിലൂടെ പറഞ്ഞു. 'നാലുമണിയാകുമ്പോൾ ജീവനില്ലെങ്കിൽ നടപടികൾക്കു ശേഷം മൃതദേഹം കാസർഗോട്ടേയ്ക്കു കൊണ്ടുപോകും. ജീവനുണ്ടെങ്കിൽ അഴിച്ചുവിടും. പത്രത്തിലുണ്ടായിരുന്നു.'

ഞാൻ വാച്ചിൽ നോക്കി. നാലു മണിയാകാൻ രണ്ടു മണിക്കൂറിൽത്താഴെ മാത്രം.

ഒരു കണ്ണു തകരാൻ ഒരു കല്ലു മാത്രം മതി. ഏറു കൊണ്ട കണ്ണിന്റെ സ്ഥാനത്ത് ഒരു കുഴിയായിരിക്കും അവശേഷിക്കുക. രക്തം ചാടുന്ന കുഴി. വെറും രണ്ടു കല്ലുകൊണ്ട് രണ്ടു കണ്ണുകളും...നിലവിളിക്കാൻ വേണ്ടി തുറക്കുന്ന വായിലാകാം മറ്റൊരു കല്ല്...പല്ലുകളടർന്നു വീഴും...മുഖം ചോരയിൽ കുളിക്കും...ശരീരവും...

കല്ലുകൾ കൂട്ടത്തോടെ ചെന്നാൽ തല പൊളിഞ്ഞതു തന്നെ.

മനസ്സ് അസ്വസ്ഥമായി.

കുറച്ചു കഴിഞ്ഞപ്പോൾ പൈയുടെ കോൾ വന്നു. ജനത്തിരക്കു വർദ്ധിച്ചിരിക്കുന്നു. യാതൊന്നും കാണാൻ പറ്റുന്നില്ല. ചുറ്റുമുള്ളവർക്കും ഒന്നും കാണാനാകുന്നില്ല. തിക്കിത്തിരക്കു ക്രമാതീതമായതുകൊണ്ടു വീഴാതെ നിൽക്കാൻ പോലും ബുദ്ധിമുട്ടായിരിക്കുന്നു. അതിനിടയിൽ ഫോണെങ്ങാൻ കൈയിൽ നിന്നു താഴെ വീണു പോയാൽ ജനം അതു ചവിട്ടി ഞെരിക്കും. നില്പു സുരക്ഷിതമായിക്കഴിഞ്ഞിട്ടു ഫോൺ ചെയ്യാം. ചിലപ്പോൾ ഉടനെ വിളിക്കാനായില്ലെന്നു വരും. പൈ പറഞ്ഞു.

വിവരങ്ങളറിയാൻ ഒരു മാർഗ്ഗവുമില്ലാതായി.

സകലരും ഉദ്വേഗത്തോടെ ക്ലോക്കിന്റെ സൂചിയിലേയ്ക്കു നോക്കിയിരുന്നു. സമയം ഇഴഞ്ഞു നീങ്ങി. ജോലികൾ മറന്നു.

നാലുമണിയാകുന്നതിനു മുമ്പു തന്നെ എന്റെ ക്യാബിനിലെ ലാന്റ്‌ഫോണുപയോഗിച്ച് തോമസ് ജോസഫ് പൈയെ വിളിച്ചു. സകലർക്കും കേൾക്കാൻ വേണ്ടി തോമസ് ജോസഫ് ഫോൺ ലൗഡ് സ്പീക്കറിലിട്ടു. സ്റ്റാഫു മുഴുവൻ എന്റെ ക്യാബിനിൽ തിങ്ങിക്കൂടി. സേഫ്റ്റിയും സെക്യൂരിറ്റിയുമൊക്കെ കാറ്റിൽപ്പറത്തി കാഷ്യറും, തോക്കുമായി ഗൺമാനും ഫോണിലൂടെ വരുന്ന സംഭാഷണം കഴിയുന്നത്ര പിടിച്ചെടുക്കാൻ വേണ്ടി തിക്കിത്തിരക്കി.

ഫലം നിരാശയായിരുന്നു. മറുപടിയുണ്ടായില്ല. പൈയ്ക്ക് ഉറച്ചു നിൽക്കാൻ ഒരിടം കിട്ടിയിട്ടുണ്ടാവില്ല.

നാലുമണിയായിട്ടും കുറ്റവാളി മരിച്ചിട്ടില്ലെങ്കിൽ അയാളെ അഴിച്ചുവിടുമെന്നായിരുന്നു പ്രഖ്യാപനം. ക്യാബിനിൽ കൂടിയിരുന്നവരിൽച്ചിലർ അഭിപ്രായപ്പെട്ടു: നാലുമണിവരെ ജീവനോടെയിരിക്കുന്ന പ്രശ്‌നമേയില്ല. ഇപ്പോൾത്തന്നെ 'ഏറുകൊണ്ട് പഴന്തുണിപോലെ ആയിട്ടുണ്ടാകും'.

മുൻ കോളുകളിൽത്തന്നെ ജനത്തിന്റെ ഇരമ്പൽ തോമസ് ജോസഫ് കേട്ടിരുന്നു. അതിൽ നിന്നു ജനക്കൂട്ടം വളരെ വലുതാണെന്നു തോമസ് ജോസഫ് അനുമാനിച്ചിരുന്നു.

നാലുമണിയായിട്ടും കുറ്റവാളി മരിച്ചിട്ടില്ലെങ്കിൽ, ഇരമ്പുന്ന ജനക്കൂട്ടം അയാളെ വകവരുത്തുമെന്നു സ്റ്റാഫിൽ പലരും പ്രവചിച്ചു. മിനിറ്റുകൾ കൊണ്ട് കുറ്റവാളിയുടെ ശരീരം അവർ പിച്ചിച്ചീന്തും. കാസർഗോട്ടേയ്ക്കു കൊണ്ടുപോകാൻ ഒന്നും ബാക്കിയുണ്ടാവില്ല.

ശ്വാസം വിടാനാകാതെ ഞങ്ങൾ കണ്ണുമിഴിച്ചു നിന്നു.

നാലര കഴിഞ്ഞു, പൈയുടെ വിളി വന്നപ്പോൾ. 'അയാളെക്കൊണ്ടുപോയി,' പൈ പറഞ്ഞു.

പൈ പറഞ്ഞതു ലൗഡ്‌സ്പീക്കറിലൂടെ കേട്ടപ്പോൾ ആരോ ചോദിച്ചു: 'ചത്തുപോയോ?'

'അയ്യോ, ഇല്ല. അയാളെ ആശുപത്രീലിക്ക് കൊണ്ടു പോയിട്ടുണ്ടെന്നാ ഞാനുദ്ദേശിച്ചേ.'

പൈ ഒന്നും നേരിട്ടു കണ്ടിരുന്നില്ല. പക്ഷേ, കാണാനായ പലരിലും നിന്നു പൈ കുറേയേറെ വിവരങ്ങൾ ശേഖരിച്ചിരുന്നു. പൈ അവയെല്ലാം വിവരിച്ചുതന്നു. സ്പീക്കർഫോണിലൂടെ എല്ലാവരുമതു കേട്ടു.

തിങ്ങിക്കൂടിയിരുന്ന ആൾക്കൂട്ടത്തിൽ സ്ത്രീകളുമുണ്ടായിരുന്നത്രേ. രാവിലെ കല്ലേറുകൊണ്ടു കുറ്റവാളിയുടെ തല പൊട്ടി മുഖത്തുകൂടി ചോരയൊലിക്കാൻ തുടങ്ങിയപ്പോൾ, സ്ത്രീകളിൽച്ചിലർ കരയാൻ തുടങ്ങി.

'നിങ്ങളെന്തിനാ മോങ്ങണത്. നിങ്ങള് അവന്റെ ആരെങ്കിലുമാണോ?' ക്രുദ്ധരായ ചിലർ കരയുന്ന സ്ത്രീകളോടു ചോദിച്ചു.

മംഗലാപുരത്തിനടുത്തു നിന്നുള്ള കർണ്ണാടകക്കാരനുമായി എറണാകുളത്തെ സ്ത്രീകൾക്ക് എന്തു ബന്ധമുണ്ടാകാൻ!

കരയുന്നതിനിടയിൽ സ്ത്രീകൾ പറഞ്ഞു: 'കൊല്ലണ്ടാ...'

എറിയാൻ വേണ്ടി കരിങ്കൽച്ചീളുകളെടുത്തു പിടിച്ചിരുന്ന ഒരാൾ സ്ത്രീകളോടു ചോദിച്ചു, 'ഇവൻ, ഈ ദുഷ്ടൻ, എന്തൊക്കെയാ ചെയ്തത് ന്ന് നിങ്ങൾക്കറിയോ? ഒരമ്മയേയും മകളേയും ഇവൻ...'

'കൊല്ലണ്ടാ...' സ്ത്രീകളുടെ കരച്ചിൽ നിലവിളിയായി.

കല്ലേറു നിന്നു.

ചില പുരുഷന്മാരും കൊല്ലുന്നതിനെതിരായിരുന്നു.

ജനം കല്ലെറിയാൻ മടിച്ചുകൊണ്ട്, എന്നാൽ അക്ഷമയോടെ, കാത്തുനിന്നു.

നാലുമണിക്കു പൊലീസ് ലോഹവേലിയിലുള്ള ഗേറ്റു തുറന്നു. ജനക്കൂട്ടം വേലിക്കുള്ളിലേയ്ക്ക് ഇരച്ചുകയറി.

പൊലീസ് കുറ്റവാളിയുടെ ചങ്ങലകളഴിച്ച്, ബന്ധനത്തിൽ നിന്നു മോചിപ്പിച്ചു. കൈ കൂപ്പിക്കൊണ്ടു കുഴഞ്ഞുവീണ അയാളെ ഇരമ്പുന്ന ജനം കൈ നീട്ടിത്താങ്ങി.

നിലത്തുണ്ടായിരുന്ന വിസർജ്ജ്യങ്ങൾ തുടച്ചു മാറ്റിയ ശേഷം അവരയാളെ നിലത്തു കിടത്തി.

തൊഴുതുപിടിച്ചുകൊണ്ടു കുറ്റവാളി കിടന്നു. ഏന്തിയേന്തിക്കരയുന്നുമുണ്ടായിരുന്നു അയാൾ.

ശിരസ്സിലെ മുറിവിൽ നിന്നൊഴുകിയിരുന്ന രക്തം മുഖത്താകെ ഉണങ്ങിപ്പിടിച്ചിരുന്നു. ശരീരത്തിലാകെയുണ്ടായിരുന്ന അടിവസ്ത്രം മലിനമായിരുന്നു. അതിൽ രക്തം പുരണ്ടിരുന്നു. അതാരോ ഊരിക്കളഞ്ഞു. ഓട്ടോറിക്ഷക്കാരിലൊരാൾ വണ്ടിയിൽ വച്ചിരുന്ന കാക്കി പാന്റും ഷർട്ടും കുറ്റവാളിയെ ധരിപ്പിച്ചു. കുടിക്കാൻ വെള്ളം കൊടുത്തു. ആരൊക്കെയോ ചേർന്ന് അയാളെ മെല്ലെ ഓട്ടോറിക്ഷയിൽ താങ്ങിയിരുത്തി ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. അയാളിപ്പോൾ ജില്ലാ ആശുപത്രിയിലുണ്ടാകണം.

പൈയുടെ കോൾ കഴിഞ്ഞപ്പോഴേയ്ക്ക് അടുത്തതു വന്നു. തിരുവനന്തപുരത്തു നിന്നു ജീ എം നേരിട്ടു ലൈനിൽ. ഞാൻ ലൗഡ്‌സ്പീക്കർ ഓഫു ചെയ്തു.

അറിയാൻ കഴിഞ്ഞ വിവരങ്ങളൊക്കെ ഞാൻ ജീ എമ്മിനു നൽകി.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജീ എം കമന്റു പാസ്സാക്കി: 'നിങ്ങൾ, എറണാകുളംകാരെ എന്തിനു കൊള്ളാമെടേ! തിരുവനന്തപുരത്താകേണ്ടിയിരുന്നു. പണ്ടു കൊല്ലും കൊലയും സുലഭമായിരുന്ന നാടല്ലേ. പത്തുമിനിറ്റുകൊണ്ടു ഞങ്ങൾ കാര്യം തീർത്തു തന്നേനേ.'

ഞാനൊന്നും മിണ്ടിയില്ല.

ജീ എം ഒരു ചോദ്യമുയർത്തി: 'അതിരിക്കട്ടെ, കൊലയാളികളെയൊക്കെ ജനമിങ്ങനെ രക്ഷപ്പെടുത്താൻ തുടങ്ങിയാൽ, നാട്ടില് പീഡനങ്ങളും കൊലപാതകങ്ങളും കൂടുകയല്ലേയുള്ളൂ. തനിയ്‌ക്കെന്തു തോന്നുന്നു?'

ജീ എമ്മിന്റെ ചോദ്യത്തിനു നേരിട്ടൊരുത്തരം ഞാൻ കൊടുത്തില്ല. 'സർ, സത്യം പറഞ്ഞാൽ, ഇപ്പോ വലിയ ആശ്വാസം തോന്നണ് ണ്ട്.' ഞാൻ തിരിച്ചൊരു ചോദ്യമുന്നയിച്ചു: 'പീഡനങ്ങൾ കൂടുമെന്നു സാറിനു തോന്നുന്നുണ്ടോ?'

ജീ എം ആ ചോദ്യം പ്രതീക്ഷിച്ചിരുന്നെന്നു തോന്നിയില്ല. അല്പം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു: 'ടു ബി ഓണസ്റ്റ്, ഐ ഡോണ്ട് നോ.' ഒന്നു കൂടി ചിന്തിച്ച ശേഷം ജീ എം തുടർന്നു: 'പെഹാപ്‌സ് ഫർഗിവ്‌നെസ് ഇസ് ദ ബെസ്റ്റ് പണിഷ്‌മെന്റ്. പക്ഷേ, ഒരു ജനതയും അതു പ്രാക്റ്റീസു ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. നമ്മളായിരിക്കാം അതിനൊരു തുടക്കമിട്ടിരിക്കുന്നത്.'

ഫോൺ വയ്ക്കുന്നതിനു മുമ്പു ജീ എം പറഞ്ഞു, 'എറണാകുളത്തുകാരെ കൊള്ളില്ലെന്നു ഞാൻ തമാശയ്ക്കു പറഞ്ഞതാണ്. ഡോണ്ട് മൈന്റ്. ടു ടെൽ ദ ട്രൂത്ത്, യൂ പീപ്പിൾ ആർ റിയലി ഗ്രേറ്റ്. ഹാറ്റ്‌സ് ഓഫ് ടു യു.'

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)

Read more topics: # literature,# short story,# vadhashiksha
literature,short story,vadhashiksha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES