Latest News

സ്വപ്നാടനത്തിന്റെ സ്വകാര്യസാധ്യതകൾ-ചെറുകഥ

ജോണി ജെ പ്ലാത്തോട്ടം
സ്വപ്നാടനത്തിന്റെ സ്വകാര്യസാധ്യതകൾ-ചെറുകഥ

ബ്ദമുണ്ടാക്കാതെ കതകുചാരി വിനയൻ പുറത്തിറങ്ങി. രാത്രി ഒരുമണി സമയമായിരുന്നു. പടിയിറങ്ങി കൃഷിയിടങ്ങളും ക്ഷേത്രപ്പറമ്പും കടന്ന് അയാൾ കുളത്തിനടുത്തെത്തി. അരണ്ട ഒരു വെളിച്ചം കുളത്തിലും പരിസരത്തും വീണുകിടപ്പുണ്ട്. കരിങ്കല്ലു പണിത് ഭിത്തിയും പടവുകളും തീർത്തിട്ടുള്ള വിശാലമായ ആ ജലാശയത്തിലേക്കു നോക്കി വിനയൻ നിന്നു. കുളത്തിലിറങ്ങി നീന്താനാണു താൻ വന്നതെന്ന് അയാൾക്കു മനസ്സിലായി.

വിനയൻ ഒരിക്കലും നിലയില്ലാത്ത വെള്ളത്തിലിറങ്ങിയിട്ടില്ല. കുട്ടിക്കാലത്ത് കൂട്ടുകാർ നിലയില്ലാക്കയത്തിൽ നീന്തിക്കുളിക്കുന്നു നോക്കി കരയിലിരുന്നിട്ടേയുള്ളൂ. അവൻ ദുഃഖിക്കുകയും ലജ്ജയോടെ അസൂയപ്പെടുകയും ചെയ്തിരുന്നു. തോട്ടിലെ കഴുത്തൊപ്പം വെള്ളത്തിൽ നീന്താനിറങ്ങിയിട്ടു പോലും വിനയൻ വെള്ളം കുടിച്ചു. വിക്കി. പിന്നീടവൻ വെള്ളത്തിലിറങ്ങാതായി.

ചിലർക്ക് ഒരിക്കലും നീന്താൻ കഴിയില്ല എന്ന് ആളുകൾ പറഞ്ഞ് വിനയനറിഞ്ഞു. എന്നാൽ, അങ്ങനെയുള്ള ചിലർതന്നെ ഉറക്കത്തിൽ ഏതുനിലയില്ലാത്ത വെള്ളത്തിലും നീന്തിക്കയറി വന്ന് ഒന്നുമറിയാത്തതു പോലെ കിടന്നുറങ്ങും! ഇതുകേട്ട് അവന്റെ കൗമാര മനസ്സ് കലങ്ങി.

ഒരു ജലാശയത്തിന്റെ അക്കരെയിക്കരെ നീന്തിയിട്ട് താൻ മരിച്ചാലും വേണ്ടില്ല! ഒരു യുവാവായി തനിക്കു ജീവിതമുണ്ടെങ്കിൽ, ഒരു പെണ്ണിനെ കല്യാണം കഴിക്കുന്നെങ്കിൽ അതിനുമുമ്പ് നിലയില്ലാത്ത വെള്ളത്തിൽ ഒരു പ്രാവശ്യമെങ്കിലും തന്റെ പ്രായക്കാരോടൊപ്പം നീന്താനിറങ്ങിയിരിക്കുമെന് അവൻ ഉറച്ചു.

ഇതൊക്കെ ഏറെ വർഷങ്ങൾക്കു മുമ്പായിരുന്നു. ഹൈസ്‌കൂൾ കഴിഞ്ഞ് കോളേജിലെത്തിയപ്പോഴേക്കും അവന്റെ ദുഃഖം മറന്നിരുന്നു. പഠനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയെങ്കിലും ജലത്തിന്റെ വെല്ലുവിളി അവൻ ഓർമ്മിച്ചില്ല.

പഴയ കൂട്ടുകാരുമൊത്ത് കുളക്കടവിലൂടെ നടന്നു പോകുമ്പോഴും അവന്റെ മനസ്സിൽ ചെസ്സും ഫുട്‌ബോളുമായിരുന്നു.

വിനയന്റെ മുമ്പിൽ കുളത്തിലെ വെള്ളം ഉറക്കം നടിച്ചു കിടന്നു. ശാന്തമായ ഗൗരവത്തോടെ അവിടെവിടെ ചില കുഞ്ഞോളങ്ങൾ തിളങ്ങി.

വസ്ത്രം അഴിച്ചുവച്ച് തോർത്തും അണ്ടർവെയറും ധരിച്ച് വിനയൻ പടവുകൾ ഇറങ്ങിച്ചെന്നു. ശങ്കകളില്ലാത്ത മനസാന്നിദ്ധ്യത്തോടെ അവൻ ജലത്തിലേക്ക് നോക്കി. ജലാശയം അവനു നേരെ കടക്കണ്ണിട്ടു ക്ഷണിച്ചു. വിവാഹവേദിയിലേക്കു കടന്നുചെല്ലുന്ന അനുഭൂതിയോടെ അവൻ ജലപ്പരപ്പിലേക്ക് നീണ്ടിറങ്ങി. സൗഖ്യംകൊണ്ട് അവൻ ഒന്നു വിറച്ചു പോയി.

ഒരു പതിവുകാരനെപ്പോലെ വിനയൻ കൈകാലെടുത്തു നീന്തി. ജലാശയത്തിനു നെടുകെ കടന്നുപോയി. കൊടുംവേനലിൽ മാത്രം നോട്ടമെത്തുന്ന ആഴക്കയമാണ് അതെന്ന് അവൻ ഓർമ്മിച്ചേയില്ല. അഗാധതയിൽ നിന്ന് കുളത്തിന്റെ അടിമനസ്സ് അവനെ വിളിച്ചു. ''ഞാൻ വരാം....!'' അവൻ പറഞ്ഞു.

തത്കാലം വിനയൻ അക്കരെയിക്കരെ തുടർച്ചയായി നീന്തി.

കുളത്തിനു നേർക്ക് ഒരു സ്ത്രീ നടന്നു വരുന്നത് അവൻ കണ്ടു.

വിനയനെ ശ്രദ്ധിച്ചു കൊണ്ട് അവൾ പടിയിറങ്ങിവന്നു.

''വിനയനല്ലേ...?! ഞാനും കുളിക്കട്ടേ?'' അവൾ ചോദിച്ചു

''ആകാമല്ലോ....'' വിനയൻ പറഞ്ഞു.

തന്നെപ്പോലെ അവൾക്കും ഇവിടെ നീന്താൻ അവകാശമുണ്ട്.

സീമയെ വിനയനും തിരിച്ചറിഞ്ഞു. വിദ്യാഭ്യാസം കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന കുട്ടിയാണ് അവളും.

ഏതാനും പടികൾ ഇറങ്ങി നിരപ്പുള്ള ഒരു സ്ഥാനത്ത് നിന്ന് അവൾ വസ്ത്രം മാറാൻ തുടങ്ങി. അവസാനത്തെ വസ്ത്രശകലവും ഊരി മടക്കി ശ്രദ്ധയോടെ ഒരു പ്ലാസ്റ്റിക്ക് കൂടിലേക്ക് വയ്ക്കുന്നത് നോക്കി അവൻ ജലനിരപ്പിൽ കിടന്നു.

''തോർത്തൊന്നും ഉടുക്കുന്നില്ലേ?''

''ഇല്ല. എനിക്കിതാണിഷ്ടം. വിനയനെന്തെങ്കിലും...?''

''ഓ... അതിലെന്തിരിക്കുന്നു. വെറുതെ ചോദിച്ചതാ...'' അവൻ സ്വയമെന്ന പോലെ പറഞ്ഞു. ''അല്ലെങ്കിലും, നമ്മളിപ്പോൾ സ്വപ്നാടനത്തിലല്ലേ? ഉണർവ്വിലായിരുന്നെങ്കിൽ പെട്ടെന്ന് നഗ്നതകണ്ടാൽ ഒരിത് തോന്നിയേനെ...''

''അത് ശരിയാണ്. പിന്നെ, 'ഒരിത്' എന്നു പറഞ്ഞാൽ...?''

വിനയൻ ആലോചിച്ചു നോക്കി പറഞ്ഞു. ''ആണുങ്ങളെ വിവസ്ത്രരായി കണ്ടാൽ എന്താ പറയുക, സിനിമയിലെ ഒരു ഹൊറർ സീൻ കാണുന്നതുപോലെയെന്തോ...''

''സ്ത്രീകളെയാണെങ്കിലോ...?'' സീമ ചോദിച്ചു.

''പേടിക്കു പുറമേ ഒരു ഇല്ലായ്മ കൂടി തോന്നും.''

സീമ ഒരു സാമാന്യമര്യാദവച്ചു ചോദിച്ചു എന്നേയുള്ളൂ. വിനയന്റെ മറുപടി തീർന്നതേ അവൾ വരാൽ മത്സ്യത്തെപ്പോലെ ജലത്തിലേക്കു കുതിച്ചു.

മെലിഞ്ഞുനീണ്ട ഒരു ശരമായി അവൾ ജലത്തെ മുറിച്ച് അടിയിലേക്കു മറഞ്ഞു. വിനയൻ അതു നോക്കി ജലോപരിതലത്തിൽ കിടന്നു.

അൽപ്പം കഴിഞ്ഞ് ഉദിച്ചു വരുന്നതുപോലെ സീമ ജലപ്പരപ്പിൽ പ്രത്യക്ഷപ്പെട്ടു.

കൗമാര പ്രായത്തിൽ കൂട്ടുകാരെയൊക്കെ സീമ നീന്തലിൽ തോൽപ്പിച്ചിരുന്നു. പരൽ മീനിനെപ്പോലെ അനായാസമായി അവൾ എവിടെയും നീന്തിച്ചെല്ലുമായിരുന്നു. അക്കാലത്ത് വിനയന് ഏറ്റവും കടുത്ത അസൂയയും സഭാകമ്പവും തോന്നിയിരുന്നത് സീമയോടായിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും അവനോർമ്മ വന്നില്ല. സീമയെന്നാൽ സീമ എന്നു മാത്രം.

നീളൻപാവാടയും ബ്ലൗസും ധരിച്ചേ സീമയുടെ അമ്മ അവളെ നീന്താൻ അനുവദിച്ചിരുന്നുള്ളൂ. ആൺകുട്ടികൾ പോലും പോകാത്തത്ര ആഴത്തിൽ വച്ച് വസ്ത്രമുടക്കി, സീമയൊരിക്കൽ അപകടത്തിപ്പെട്ടതാണ്. അതിൽപ്പിന്നെ കുളത്തിലിറങ്ങാൻ തന്നെ അമ്മ അവളെ അനുവദിച്ചില്ല. കോളേജിൽ സ്വിമ്മിങ്ങ് സ്യൂട്ട് ധരിച്ച പെൺകുട്ടികൾ നീന്തിക്കയറുന്നത് നോക്കി അവൾ കരയ്ക്കിരുന്നു.

സീമ ജലത്തട്ടിൽ കിടന്നു വിശ്രമിക്കുമ്പോൾ വിനയൻ കുളത്തിന്റെ ആഴത്തിലേക്ക് നീന്തിപ്പോയി. നിന്നുറങ്ങുന്ന മീൻകുഞ്ഞുങ്ങളെ മറികടന്നു. വെള്ളത്തിന് ഭാരവും തണുപ്പും ഏറി. ചെവിയിൽ ''ഗുൽൽ...'' എന്ന് ഇരമ്പൽകേട്ടു. നിത്യവിമുഖത പൂണ്ടുകിടന്ന ഉരുളൻ കല്ലുകൾ പെറുക്കി അവൻ മടങ്ങി.

കുറേ സമയം നീന്തിക്കളിച്ചശേഷം സീമ കുളി നിർത്തി, പടവുകളിൽ കയറിയിരുന്നു. മുടിചുറ്റി പിഴിഞ്ഞു. ദേഹത്തിലെ വെള്ളം കൈകൊണ്ട് ഊർത്തിക്കളഞ്ഞു. വസ്ത്രങ്ങൾ ഇട്ടു വച്ചിരുന്ന കൂട് കൈയിലെടുത്ത് പോകാൻ ഭാവിച്ചു.

വിനയൻ ചോദിച്ചു. ''തോർത്തുന്നില്ലേ...?''

''തോർത്തെടുത്തില്ല. രാവിലെ നനഞ്ഞ തുണി കണ്ടാൽ വീട്ടുകാർ സംശയിക്കും. വീട്ടിലെത്താറാകുമ്പോൾ അൽപ്പ നേരം ഞാനൊരു പാറയിൽ കയറിയിരിക്കും. അപ്പോഴേക്കും വെള്ളം ഉണങ്ങും. വസ്ത്രം ധരിച്ച് വീട്ടിൽ ചെല്ലും.''

''തോർത്തിയിട്ടു പൊയ്‌ക്കൊള്ളൂ..'' വിനയൻ തോർത്ത് അഴിച്ച് കഴുകി പിഴിഞ്ഞ് കൊടുത്തു.

''തോർത്ത് തനിയെ കഴുകികൊള്ളാമോ? എനിക്കൽപ്പം തിടുക്കമുണ്ട്. റബ്ബർ ടാപ്പിങ്ങുകാരിറങ്ങും മുമ്പേ വീടെത്തണം.''

''ഓഫ് കോഴ്‌സ്...'' എന്നു വിനയൻ പറഞ്ഞു. എങ്കിലും അവന്റെ മനസ്സിൽ നീന്തൽ മാത്രമായിരുന്നു.

ഉയർന്ന ഭിത്തിയിൽ കയറി നിന്നിട്ട് ഉളിക്കുത്തനോ സമർസാൾട്ടോ നടത്തണം. അപ്പോൾ കുളത്തിന്റെ ജലശരീരം ചിരിക്കും പോലെ മദിച്ചിളകും. ശേഷിക്കുന്ന, വലിയൊരാഗ്രഹമാണത്.

സീമ ''ഓക്കേ... സിയൂ...'' പറഞ്ഞ് നടന്നു കൊണ്ട് വസ്ത്രം ധരിച്ച് യാത്രയായി. അവളുടെയുള്ളിൽ ഒരു ചിന്ത അൽപ്പം ആകുലതയുണ്ടാക്കി. വിനയൻ ഈ സമയത്തു കുളിക്കാൻ വരേണ്ടായിരുന്നു എന്നാണവളോർത്തത്. എങ്കിൽ മുടി പിഴിഞ്ഞ്, ദേഹത്തേ വെള്ളം അമർത്തിക്കളഞ്ഞ് വസ്ത്രം കൈയിലെടുത്ത് വീടുവരെ പോകാമായിരുന്നു. അവിടെത്തും വരെ കേവലമായ സ്വാതന്ത്ര്യം അനുഭവിക്കാം. വസ്ത്രം ധരിക്കുന്നത് ശരീരത്തെ അലങ്കരിക്കാനാണെങ്കിലും അതിനു മറ്റൊരു വശം കൂടിയുണ്ട്. കൂട്ടിൽ കയറിത്തരുന്ന കോഴിയെപ്പോലെയാണ്; ചിരിച്ചുകൊണ്ടാണെങ്കിലും മടിച്ചു മടിച്ചു തുടലിനടുത്തേക്കു വരുന്ന നായക്കുട്ടിയെപ്പോലെയാണ് ശരീരം. മാത്രമല്ല വസ്ത്രം ധരിക്കുമ്പോൾ ശരീരത്തോടൊപ്പം മനസ്സും കൂടെയാണ് അകത്തു കയറുന്നത്.

തന്റെ ആദ്യത്തെ ജലവിജയം അഗാധമായി ആസ്വദിച്ചുകൊണ്ട് വിനയൻ കുറച്ചുനേരം കൂടി നീന്തി. അനന്തരം തോർത്തിക്കയറി വീട്ടിലേക്കു പുറപ്പെട്ടു. തൊട്ടുമുമ്പ് താൻ ചെയ്ത കാര്യത്തെക്കുറിച്ചു പോലുമുള്ള ഒരു സ്മരണയും ബാക്കി നിൽക്കുന്നില്ല എന്നതാണ് നിദ്രാടനത്തിന്റെ ദുഃഖകരമായ ഒരു സ്വഭാവം. സ്വപ്നയാത്രയിൽ ഒരാളെ കൊല്ലുകയാണെങ്കിൽത്തന്നെ ആ കർമ്മം അനുഷ്ഠിക്കുന്നതല്ലാതെ അതിൽ വൈകാരിക ഘടകങ്ങൾ ഒന്നുമുണ്ടായിരിക്കുകയില്ല.

അവൻ വീടെത്തി. കതകുതുറന് മുറിയിൽ കയറി. വരാന്തയിലുറങ്ങുന്ന നായപോലുമറിഞ്ഞില്ല. വിനയൻ കിടന്ന് ഉറക്കം തുടർന്നു. അരനാഴികയ്ക്കു ശേഷം ഉണർന്നു. മൂത്രമൊഴിക്കാനുള്ള ഇടവേള കഴിഞ്ഞ് വീണ്ടും കിടന്നുറങ്ങി. ഇപ്രാവശ്യം അവൻ സ്വപ്നങ്ങൾ കണ്ടു തുടങ്ങി. പഠനത്തിലും കലകളിലും മറ്റും മുൻനിരയിലാണെങ്കിലും ഭാവനയിൽ വളരെ ദരിദ്രമായ സ്വപ്നങ്ങളാണ് വിനയൻ പതിവായി കാണാറുള്ളത്. വെയിറ്റിങ് ഷെഡ്ഡിൽ നിൽക്കുന്ന പെണ്ണിനെ കൂസലില്ലാതെ നോക്കി നടന്നു പോകുക, ഒരു ബൈക്കോടിക്കുക ഇത്യാദി സ്വപ്നങ്ങൾ. നന്നായി സൈക്കിൾ ചവിട്ടുമെങ്കിലും അവൻ ഇതുവരെ ബൈക്കു പഠിച്ചിട്ടില്ല. സ്വപ്നത്തിൽ ഇത്തരം കൊച്ചു സാഹസങ്ങൾ നിറവേറിയാൽ പോലും അതിന്റെ ത്രില്ലിൽ പാവം വിനയൻ ഉറക്കമുണർന്നു പോകും. ഇന്ന് വിനയൻ ഒരു ദു:സ്വപ്നം കണ്ട് ഭയന്നും കിതച്ചുമാണ് ഉറക്കമുണർന്നത്. താൻ നിലയില്ലാത്ത വെള്ളത്തിൽപ്പെട്ട് മുങ്ങിമരിക്കാൻ തുടങ്ങുന്നതായിട്ടാണ് അവൻ കണ്ടത്.

വിനയൻ അവന്റെ സ്വപ്നസഞ്ചാരവും ജലകേളിയും തുടർന്നുകൊണ്ടിരുന്നു. യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും പറയത്തക്ക പ്രശ്‌നങ്ങളോ വിശദീകരിക്കാൻ വയ്യാത്ത സംഭവങ്ങളോ ഉണ്ടായതായി അറിയില്ല. പകൽ സമയത്തു പോലും ആളുകൾ ഒറ്റയ്ക്കു നടക്കാൻ മടിക്കുന്ന കാവിനടുത്തുകൂടെയായിരുന്നു അവൻ കുളത്തിലേക്കു പോകുന്നത്.

തീർച്ചയായും മറ്റു ചില സ്വപ്നാടകരെ അവൻ വഴിയിൽ കണ്ടിട്ടുണ്ട്. ചിലർ 'ഹലോ' പറഞ്ഞിട്ടു പോകും. തീവ്രമായ ഏകാഗ്രതയിൽ മറ്റൊന്നും ശ്രദ്ധിക്കാതെ നടന്നുപോകുന്ന സ്വപനയാത്രക്കാരാണു മറ്റു ചിലർ. അവരിലാരെയെങ്കിലും പിന്തുടരാൻ വിനയന് ഒരിക്കൽ പോലും ആഗ്രഹം തോന്നിയിട്ടില്ല. സ്വപ്നാടനത്തിന്റെ പൊതുവായ ഒരു സ്വഭാവശുദ്ധിയാണിത്.

സീമയും പതിവായി നീന്താനെത്തിയിരുന്നു. ചിലപ്പോൾ അവൾ നേരത്തെ എത്തും. ഒരു റൗണ്ട് നീന്തിക്കയറി, കാല് താഴോട്ടിട്ട് ഭിത്തിയിലിരിക്കുകയാവും. അല്ലെങ്കിൽ മുകൾ ഭിത്തിയിൽ നീണ്ടുനിവർന്ന് കിടക്കുകയാവും. ഒരു ചുറ്റ് നീന്തിക്കഴിഞ്ഞേ വിനയൻ അവളുടെ അടുക്കൽ പോയിരുന്ന് സംസാരിക്കാറുള്ളൂ.

പകൽ നേരങ്ങളിൽ - സ്വപ്നയാത്രകൾക്ക് വെളിയിൽ - ബസ്സിൽ വച്ചോ മറ്റോ അപൂർവ്വമായേ വിനയൻ സീമയെ കണ്ടുമുട്ടിയിരുന്നുള്ളൂ. മുഖാമുഖം കണ്ടാൽ,സ്ത്രീകളോടു സംസാരിക്കാൻ സ്വതേയുള്ള സങ്കോചത്തോടെ എന്തെങ്കിലും മിണ്ടിയിട്ട് അവൻ കടന്നുപോകും. രാത്രിയിൽ പതിവായി അവളോടൊത്ത് നീന്തുന്നതോ സംസാരത്തിലേർപ്പെടുന്നതോ അവൻ അപ്പോൾ അറിയുന്നില്ല. ചുരിദാറിനുള്ളിലെ അവളുടെ ശരീരഭാഗങ്ങൾ ഒരിഞ്ചെങ്കിലും എപ്പോഴെങ്കിലും താൻ കണ്ടിട്ടുള്ളതായി അവന് ഓർമ്മ വരികയില്ല.

അതോർക്കുമ്പോൾ ഇതെഴുതുന്ന ആൾക്ക് വല്ലാത്ത ദുഃഖം തോന്നുന്നു. വിനയൻ, തിരിച്ചറിയാതെ മുകൾപ്പരപ്പിലൂടെ കടന്നു പോകുന്ന ഭാഗ്യത്തിന്റെ അഗാധതകൾ ഓർമ്മിക്കുമ്പോൾ ഞാൻ വിറച്ചു പോകുകയാണ്.

വിനയന്റേതു പോലെ രാത്രികളിൽ നമുക്കും ഓർമ്മ കടക്കാത്ത ഒരു സ്വപ്ന ജീവിതമുണ്ടോ! ആലോചിക്കാനേ വയ്യ! സാധ്യതകളുടെ നഷ്ടബോധം കൊണ്ട് ഞാൻ മൂർച്ഛിച്ചു വീഴും.

ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ അവസാനം, ഓർമ്മകളും വികാരവും ഇടങ്കോലിടാതെ സ്വച്ഛമായ ഒരു മനോനിലയേക്കുറിച്ച് ഞാൻ ആലോചിച്ചു പോകുന്നു. അപ്പോഴാകട്ടെ, സ്ത്രീകളോടു ബന്ധപ്പെട്ട കാഴ്ചയും ശബ്ദവും സ്പർശവും വിഷമിപ്പിക്കാതെ വിനയന്റെ സ്വപ്ന ജീവിതത്തിലേതു പോലെ എനിക്കു പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതിനോടകം ഞാനേതൊക്കെ നിലകളിലെത്തുമായിരുന്നു എന്ന ചിന്തയാണ് അലട്ടുന്നത്.

ഇവിടെയും എനിക്കു സമാധാനിക്കാൻ ഒന്നുമില്ല. ഒരക്ഷരം കൂടിയെഴുതാൻ എനിക്കു കഴിയില്ല. വിനയനോട് എനിക്ക് സെക്ഷ്വൽ ജലസിയാണെന്നു നിങ്ങൾ പറഞ്ഞേക്കാം. ശരിയാണ്, ഇടയ്ക്കു വച്ച് ഒന്നും സംഭവിക്കുന്നില്ലെങ്കിൽ പോലും ഇത്രയും ഭാഗ്യമുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിക്കേണ്ട കാര്യമെനിക്കില്ലായിരുന്നു. ഞാനീക്കഥ ഇവിടെ നിർത്തുന്നു.

അടിക്കുറിപ്പ്

ഒന്ന്: കഥയവസാനിപ്പിച്ചെങ്കിലും ഈ കഥയിൽ ഒരു രഹസ്യമുള്ളത് ഇപ്പോഴെങ്കിലും വെളിപ്പെടുത്തട്ടേ. സീമ ഒരിക്കലും സ്വപ്നാടനത്തിലായിരുന്നില്ല. അവൾ സ്വപ്നാടനം നടിക്കുകായിരുന്നു. അതേ സമയം വിനയൻ സ്വപ്നാടനത്തിലാണ്. അതുകൊണ്ട് അവൻ അപകടകാരിയല്ല എന്നും അവൾ മനസ്സിലാക്കിയിരുന്നു.
സീമയ്ക്ക് ഇത്ര ഉറപ്പോടെ ഇതെല്ലാം ചെയ്യുവാൻ കഴിയുമോ എന്നു നിങ്ങൾ ചോദിച്ചേക്കാം.

ചില സ്ത്രീകൾ അങ്ങനെയാണ്. ഒന്നു തോന്നിയാൽ പിന്നെ മുടിഞ്ഞ ഇച്ഛാശക്തിയും ആത്മനിയന്ത്രണവുമുണ്ടവർക്ക്. എന്നാൽ സീമയുടേത് ഇത്രയും നിസ്സാരമായ ഒരു ലക്ഷ്യമായിരുന്നല്ലോ- സ്വതന്ത്രമായി ഒന്നു നീന്തുക മാത്രം - എന്നോർക്കുമ്പോൾ അവളെക്കുറിച്ച് നമുക്ക് നിരാശതോന്നും.

പക്ഷേ ഒന്നുണ്ട്. ഒരു യുവ അമേരിക്കൻ പ്രസിഡന്റിനെയോ ഒരു വയസ്സൻ പോപ്പിനെയോ വീഴിക്കാൻ തീരുമാനിച്ചെങ്കിൽ അത് അവൾ സാധിച്ചേനേ. മറ്റുള്ളവരുടെ ഭാഗ്യം കൊണ്ട് അവളുടെ ലക്ഷ്യം ഇതായിപ്പോയി എന്നേയുള്ളൂ.

രണ്ട്: സീമയെ കല്യാണം കഴിച്ചുവിട്ടതോടെ അവൾ നീന്താൻ വരാതായി. വിനയന് ജോലി കിട്ടി പട്ടണത്തിലേക്കും പോയി. ഇങ്ങനെയാണ് ശരിക്കും ഈ കഥയവസാനിക്കുന്നത്.

ഒരു ട്വിസ്റ്റുമില്ലാതെ വെറുതെ ഓട്ടം പൂർത്തിയാക്കുന്ന കഥകൊണ്ട് സമൂഹത്തിന് ഒരു പ്രയോജനവുമില്ല. എന്നാൽ ഭൂമിയിൽ സംഭവിക്കുന്ന കഥകളിലധികവും ഇത്തരത്തിൽപ്പെട്ടതാണ്.

മൂന്ന്: ഈ കഥയുടെ കൈയെഴുത്തുപ്രതി വായിച്ച ചില സുഹൃത്തുക്കൾ, പല തലങ്ങളും, വരികൾക്കിടയിൽ വേറെ അർത്ഥങ്ങളും മറ്റും കണ്ടെത്തി. എന്നാൽ എഴുതിയിട്ടുള്ളതിൽ അപ്പുറം ഈ കഥയിൽ ഒന്നുമില്ല. അതുകൊണ്ടുതന്നെ മറ്റു വായനകൾ നിരോധിച്ചിരിക്കുന്നു.

വായനക്കാരും നിരൂപകരും സ്വന്തം കൈയിലിരിപ്പുകൾ മറ്റൊരാളുടെ രചനയിൽ ഇടുന്നത് ശരിയല്ല. ഇപ്പോഴത്തെ എഴുത്തുകാരുടെ കഥകളിലെ അശ്ലീലവും ലൈംഗിക വിവരണങ്ങളും കണ്ടു മടുത്തു. അതൊന്നും ഇല്ലാത്ത ശുദ്ധമായ ഈ കഥ എഴുതിയതുതന്നെ അതുകൊണ്ടാണ്. എന്നിട്ടും ഈ കഥയിൽ അശ്ലീലം കണ്ടെത്തി ചിലർ. വായനക്കാരുടെ മനസ്സു നന്നല്ലെങ്കിൽ എഴുത്തുകാർക്കെന്തു ചെയ്യാൻ കഴിയും!

literature,short story,swapnadanathinte swakarya sadhyadhakal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES