Latest News

ഗോലാഘാട്ടിലെ ആദിവാസി കർഷകർ-ചെറുകഥ

സുനിൽ എം എസ്‌
topbanner
ഗോലാഘാട്ടിലെ ആദിവാസി കർഷകർ-ചെറുകഥ

'ഈ റെയിലിന്റെ അപ്പുറം നാഗന്മാരുടേതാണ്.'

ആസ്സാമിലെ ഗോലാഘാട്ടിൽ നിന്ന് അൻപത് കിലോമീറ്റർ അകലെ സരുപ്പത്ഥറിൽ റെയിൽവേ ലൈനിനോടു സമാന്തരമായുള്ള പാടവരമ്പത്തെ നടപ്പാതയിലൂടെ ഞാൻ സൂക്ഷിച്ചു ബൈക്കോടിക്കുമ്പോൾ പുറകിലിരുന്നിരുന്ന ഗുരിയ ഹിന്ദിയിൽ പറഞ്ഞു.

ഗോലാഘാട്ടിൽ നിന്ന് സരുപ്പത്ഥറിലേയ്ക്കുള്ള യാത്രയുടെ ഭൂരിഭാഗവും ഇടതൂർന്ന വനമദ്ധ്യത്തിലൂടെയുള്ള നാഷണൽ ഹൈവേ 39ൽക്കൂടിയാണ്. ഇന്നിപ്പോൾത്തന്നെ മടങ്ങിപ്പോകാനുള്ളതും അതിലൂടെത്തന്നെയാണ്. പകൽ സമയങ്ങളിൽ ആ ഹൈവേയാത്ര അനുഭൂതിയുണർത്തുന്നതാണെങ്കിലും ഇരുട്ടിയ ശേഷം അതിൽ പലതരത്തിലുള്ള അപായങ്ങളും പതിയിരിക്കുന്നുണ്ടാകാമെന്ന് ഗോലാഘാട്ട് ആദിവാസി വികാസ് സമിതിയുടെ പ്രസിഡന്റും വന്ദ്യവയോധികനുമായ അർജുൻ ടോപ്‌നോ മുന്നറിയിപ്പു തന്നിരുന്നു. സമാനമായ ഉപദേശം തന്നെയായിരുന്നു സമിതി സെക്രട്ടറി മുർമുവിന്റേതും. വനത്തിൽ കാട്ടാനയും പുലിയുമൊക്കെയുണ്ടെങ്കിലും മനുഷ്യർക്ക് കൂടുതൽ ആപത്തുകളും മനുഷ്യരിൽ നിന്നു തന്നെ.

സരുപ്പത്ഥറിലെ സന്ദർശനങ്ങളെല്ലാം അവസാനിപ്പിച്ച്, ഇരുട്ടുന്നതിനു മുൻപു തന്നെ എൻ എച്ച് 39ലൂടെയുള്ള മടക്കയാത്ര നടത്തി ഗോലാഘാട്ടിൽ എത്തിയിരിക്കണം എന്നായിരുന്നു സമിതി ഭാരവാഹികളുടെ സ്‌നേഹപൂർവ്വമുള്ള ഉപദേശങ്ങളുടെ കാതൽ. ഇപ്പോൾ മൂന്നര മണി കഴിഞ്ഞതേയുള്ളു, എങ്കിലും കുറേശ്ശെ ഇരുട്ടു പരന്നു തുടങ്ങിയിരിക്കുന്നു. ആസ്സാമിൽ നാലു മണി കഴിയുമ്പോഴേയ്ക്ക് ഇരുട്ടാകും, ദീപങ്ങൾ തെളിയും. ഇനി ഒരിടത്തുകൂടി ചെന്നെത്താനുണ്ട്. അതിനു ശേഷം മടക്കയാത്ര.

ഇവിടേയ്ക്ക് ഇതിനു മുൻപ് അനേകം തവണ വന്നു കഴിഞ്ഞിട്ടുള്ളതാണ്. പല മാസങ്ങളായി മിക്കവാറും എല്ലാ ആഴ്ചകളിലും ഇവിടെയെത്തുന്നു. സമിതിഭാരവാഹികളുടെ ഉപദേശമനുസരിച്ച് ഇരുട്ടുന്നതിനു മുൻപു തന്നെ ആ യാത്രകളെല്ലാം തീർത്തു മടങ്ങിയിരുന്നു. ഇന്ന് പതിവിലുമല്പം വൈകിയിരിക്കുന്നു. അതുകൊണ്ട് ഞാനല്പം ധൃതിയിലായിരുന്നു.

ചുളുചുളെക്കുത്തുന്ന ജനുവരിമാസത്തണുപ്പ്. ഉള്ളിൽ സ്വെറ്ററും പുറത്ത് ജാക്കറ്റും. എന്നിട്ടും തണുപ്പ് അരിച്ചുകയറാൻ തുടങ്ങിയിരിക്കുന്നു. ഗുരിയയ്ക്കാകട്ടെ ചെറിയൊരു നാഗാ ഷാൾ മാത്രം. തണുപ്പിനെ പ്രതിരോധിക്കാൻ പറ്റിയതാണ് നാഗാ ഷാൾ. പക്ഷേ, അതാണെങ്കിൽ കാറ്റിൽ പറന്നുകൊണ്ടിരിക്കുന്നു. അതു പറന്നു പോകാതിരിക്കാൻ ഗുരിയ ഇടത്തുകൈ കൊണ്ട് കഴുത്തിനു താഴെ ഷാൾ കൂട്ടിപ്പിടിച്ചിരിക്കുന്നു. അതിന്റെ സ്വതന്ത്രമായ അറ്റങ്ങൾ കാറ്റിൽ പറക്കുന്നത് ബൈക്കിന്റെ രണ്ടു കണ്ണാടികളിലൂടെ എനിക്കു കാണാം. ഇവിടെത്തന്നെ ജനിച്ചു വളർന്ന ഗുരിയയ്ക്ക് ഇവിടുത്തെ തണുപ്പ് പരിചിതമായിരിക്കണം. പാടവരമ്പിലുള്ള കുണ്ടിലും കുഴിയിലും ബൈക്ക് ഇറങ്ങിക്കയറുന്നതിനിടയിൽ തെറിച്ചു പോകാതിരിക്കാൻ വലത്തുകൈ കൊണ്ട് ഗുരിയ ബൈക്കിന്റെ പുറകിൽ അള്ളിപ്പിടിച്ചിരുന്നു. ഗുരിയയ്ക്ക് ബൈക്കിന്മേലിരുന്നു യാത്ര ചെയ്ത് വലിയ തഴക്കമില്ല.

'നാഗാലാന്റ് ഇത്രയ്ക്കടുത്താണെന്നു വിചാരിച്ചിരുന്നില്ല.' ഞാൻ പറഞ്ഞു.

ഇതിനകം പല തവണ ഈ വഴിയിലൂടെ വരികയും പോകുകയും ചെയ്തിട്ടുണ്ടെങ്കിലും നാഗാലാന്റിന്റെ അരികത്തുകൂടിയായിരുന്നു ആ യാത്രകളെല്ലാമെന്ന് ഇപ്പോഴാണറിയുന്നത്. റെയിൽപ്പാതയ്ക്കപ്പുറത്ത് നാഗാലാന്റും നാഗാലാന്റിനപ്പുറത്ത് ബർമ്മയും. ചുരുക്കത്തിൽ ഏകദേശം ഇരുനൂറ്റൻപതു കിലോമീറ്റർ മാത്രമകലെ ഒരു വിദേശരാജ്യം. ഏതെങ്കിലുമൊരു വിദേശരാജ്യത്തോട് ഇത്രത്തോളം അടുത്തു ചെല്ലുന്നത് ഇതാദ്യമായാണ്.

റെയിലിനിപ്പുറത്ത് ആസ്സാം. റെയിലിനപ്പുറത്ത് നാഗാലാന്റ്. എന്നിട്ടും ഇപ്പുറത്തേയും അപ്പുറത്തേയും ഭൂപ്രകൃതികൾ തമ്മിൽ പ്രകടമായ യാതൊരു വ്യത്യാസവുമില്ല. കേരളത്തിലെ കൃഷിയിടങ്ങളിലെപ്പോലെ തന്നെ. എങ്ങും പച്ചപ്പും മരങ്ങളും മാത്രം. കേരവൃക്ഷങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ തനി കേരളമായേനെ.

'വോ ലോഗ് കെഹത്തേ ഹെ കി യേ സബ് നാഗാലാന്റ് കേ ദീമാപ്പൂർ ഡിസ്ട്രിക്റ്റ് മേ ഹെ. സബ് ഗൊണ്ടഗൊൽ ഇസലിയേ തോ!' ഈ പ്രദേശമെല്ലാം നാഗാലാന്റിന്റെ ദിമാപ്പൂർ ജില്ലയിൽ പെട്ടതാണെന്നാണു നാഗന്മാർ അവകാശപ്പെടുന്നത്. എല്ലാ കുഴപ്പങ്ങൾക്കും കാരണം അവരുടെ ആ അവകാശവാദമാണെന്ന് ഗുരിയ.

എന്തു കുഴപ്പം?

ആപ് നെ സുനാ നഹി? ആശ്ചര്യത്തോടെയായിരുന്നു, ഗുരിയയുടെ ചോദ്യം. ഒരു രാത്രിയുടെ മറവിൽ നാഗന്മാർ കുന്തവും വാളുമായി വന്ന് ആസ്സാമിലെ ആയിരം ആദിവാസികളെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കാര്യം സാബ് ഇതു വരെ അറിഞ്ഞിട്ടില്ലെന്നോ! ഏതു ദിവസവും നാഗന്മാരത് ആവർത്തിച്ചേക്കാമെന്ന ഭീതിയിലാണ് ആദിവാസികൾ ദിവസങ്ങൾ തള്ളിനീക്കുന്നത്.

മൂവായിരത്തെഴുനൂറു കിലോമീറ്ററകലെ, അങ്ങു ദൂരെയുള്ള കേരളത്തിൽ സുഖമായി കിടന്നുറങ്ങുമ്പോൾ ആസ്സാം നാഗാലാന്റ് അതിർത്തിപ്രദേശത്തെ സംഘർഷത്തെപ്പറ്റി ഞാനെങ്ങനെയറിയാൻ! ഇത്തരം സംഘർഷങ്ങളൊന്നും കേരളത്തിലില്ല. ഗുരിയയ്ക്ക് ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റി ഞാനൊരു ചെറു വിവരണം നൽകി.

ആസ്സാമും നാഗാലാന്റും തമ്മിൽ അതിർത്തിത്തർക്കങ്ങൾ ദീർഘകാലമായി നിലവിലുണ്ട്. ഗുരിയ വിശദീകരിച്ചു തന്നു. ഈ റെയിൽപ്പാളം വരെയുള്ള ഭൂമി തങ്ങളുടേതാണെന്നു നാഗാലാന്റ്. അങ്ങനെയല്ല, നാഗാലാന്റിന്റെ അതിർത്തി ഇനിയും ഏറെ കിലോമീറ്റർ അപ്പുറത്താണെന്ന് ആസ്സാമും.

നാഗാപൊലീസ് ഇടയ്ക്കിടെ വന്ന് തർക്കപ്രദേശത്തു കൃഷിചെയ്യുന്ന പാവപ്പെട്ട ആദിവാസികളെ ഭീഷണിപ്പെടുത്തി തിരിച്ചു പോകുന്നു. എന്നാൽ ആസ്സാം പൊലീസു വന്ന് നാഗന്മാരെ നിലയ്ക്കു നിർത്തുന്നതിനു പകരം അവരും കുതിര കയറുന്നത് ആദിവാസികളുടെ മേൽ തന്നെ. ഗുരിയയുടെ ശബ്ദത്തിൽ ക്ഷോഭം വ്യക്തമായിരുന്നു.

കുറ്റക്കാരായ നാഗന്മാരെ പിടികൂടിയില്ലേ?

ഇല്ല. ഒറ്റയാളെപ്പോലും ഇതുവരെ പിടിച്ചിട്ടില്ല. ഗുരിയ നിരാശപ്പെട്ടു. ആദിവാസികൾ കൂട്ടത്തോടെ ഓടിപ്പോന്നു. സർക്കാർ അവരെ ക്യാമ്പുകളിൽ പാർപ്പിച്ചു. കുറേ നാൾ കഴിഞ്ഞപ്പോൾ അവരിൽ ചിലർ തിരിച്ചു വന്നു. പക്ഷേ ഒരുപാടു പേർക്ക് സകലതും നഷ്ടപ്പെട്ടു.

ആയിരക്കണക്കിനു ചതുരശ്രകിലോമീറ്റർ വരുന്ന തർക്കപ്രദേശത്ത് ആസ്സാമിലെ ആദിവാസികൾക്കാണു ഭൂരിപക്ഷം. നാഗന്മാർ എണ്ണത്തിൽ കുറവാണെങ്കിലും അവരുടെ സാമ്പത്തികനില താരതമ്യേന മെച്ചപ്പെട്ടതാണ്. കൃഷിയിൽ വലിയ താത്പര്യമില്ലാത്ത നാഗന്മാരുടെ പക്കൽ ഭൂമി ധാരാളം. ഇരുപതും മുപ്പതും ബിഗ വീതം. രണ്ടര ബിഗ ഒരേക്കറിനു തുല്യമാണ്. ഒരു ബിഗ അഞ്ചു ഖട്ട, ഒരു ഖട്ട ഇരുപതു ലെച്ച, അങ്ങനെ പോകുന്നു, ആസ്സാമിലെ ഭൂമിയളവുകൾ. ജന്മനാൽ കർഷകരായ ആസ്സാമിലെ ആദിവാസികളുടെ പക്കലാകട്ടെ ഭൂമി പൊതുവിൽ കുറവ്: രണ്ടോ മൂന്നോ ബിഗ. അങ്ങേയറ്റം നാലോ അഞ്ചോ മാത്രം. വൈരുദ്ധ്യം തന്നെ. കർഷകന് ആവശ്യത്തിനു കൃഷിഭൂമിയില്ല. ഇതാണിവിടത്തെ പ്രശ്‌നവും.

എന്നാണീ അക്രമങ്ങൾ സംഭവിച്ചത്?

കുറച്ചു കൊല്ലങ്ങളേ ആയുള്ളു.

ആശ്വാസമായി. ഗുരിയ പറഞ്ഞതു കേട്ടപ്പോൾ ആദ്യം കരുതിയത് ഇക്കഴിഞ്ഞ ആഴ്ചയോ മറ്റോ ആണ് കൂട്ടക്കൊല നടന്നത് എന്നായിരുന്നു. കാഴ്ചയ്ക്ക് ഇപ്പുറത്തെപ്പോലെ തന്നെ ശാന്തമായ ഗ്രാമങ്ങളാണ് റെയിൽപ്പാതയ്ക്കപ്പുറവും. ദ സോൾ ഓഫ് ഇന്ത്യാ ലിവ്‌സ് ഇൻ ഇറ്റ്‌സ് വില്ലേജസ്. ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചു. ഗുരിയയ്ക്കു മനസ്സിലായിക്കാണില്ല. അർത്ഥം പറഞ്ഞു കൊടുത്തു. ഭാരത് കാ ആത്മാ അപ്‌നേ ഗാവോം മേ ഹെ. മത്‌ലബ്, ഗാവ് വാലേ അച്ഛേ ഹെ.

കുന്തവും വടിവാളുമായി വന്ന് ആദിവാസികളെ വെട്ടിനുറുക്കിയ നാഗന്മാരെ ഭാരതത്തിന്റെ ആത്മാക്കളായി കണക്കാക്കാൻ ബുദ്ധിമുട്ടു തോന്നിയതുകൊണ്ടായിരിക്കാം, ഗുരിയ നിശ്ശബ്ദനായി. അദ്ധ്വാനശീലരായ, പാവപ്പെട്ട, നിസ്സഹായരായ ആദിവാസികളെ വെട്ടിനുറുക്കിയ നാഗന്മാരുടെ വില്ലേജുകളിൽ ഭാരതത്തിന്റെ ആത്മാവുണ്ടാകാനിടയില്ലെന്ന് എനിക്കും തോന്നി. അക്രമമുള്ളിടത്ത് ആത്മാവുണ്ടാവില്ല, ആത്മാവുള്ളിടത്ത് അക്രമവുമുണ്ടാവില്ല. ഇത് എന്റെ തത്വം. ഗുരിയയുടേയും ചിന്ത ഏതാണ്ടതൊക്കെത്തന്നെ ആയിരിക്കണം.

'രുക്കോ സാബ്, ഗാഡി രുക്കോ.' ബൈക്ക് കയറിയും ഇറങ്ങിയും മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഗുരിയ പറഞ്ഞു. ഞങ്ങളൊരു ചായക്കടയുടെ മുന്നിലെത്തിയിരുന്നു. മുട്ടറ്റം വരുന്നൊരു മുണ്ടു പുതച്ച്, ഒരു കല്ലിന്മേൽ ചാരിനിന്ന് ചുടുചായ നുണഞ്ഞുകൊണ്ടിരുന്ന ഒരാളെ ഗുരിയ വിളിച്ചു. 'ഓ, ഹോറോ, ഇധറാ.'

തേടിയ വള്ളി കാലിൽച്ചുറ്റി. കഴിഞ്ഞ രണ്ടു മൂന്നു കിലോമീറ്റർ വണ്ടി ഓടിച്ചത് ഈ ഹോറോവിനെ മാത്രം കാണാൻ വേണ്ടിയായിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഹോറോവിന്റെ വീടുവരെ പോകേണ്ടി വന്നിരുന്നു. എന്തായാലും ഇരുട്ടു പരക്കാറായ ഈ സമയത്ത് ഇനിയും അകലെയുള്ള അയാളുടെ വീട്ടിലേയ്ക്കു പോകാതെ കഴിഞ്ഞു. വരമ്പത്തുള്ള നടപ്പാതയിലൂടെ ബൈക്കോടിക്കുന്നതിൽ വലിയ സുഖമില്ല. ചില വഴികൾ ദുർഘടം പിടിച്ചതുമാണ്. ചെറിയ സർക്കസ്സു തന്നെ ഇടയ്ക്കു വേണ്ടി വരും.

ഞാൻ ബൈക്ക് ചായക്കടയുടെ മുന്നിൽ നിർത്തി. ഞങ്ങളെക്കണ്ട് ഹോറോ ചായ കല്ലിന്മേൽത്തന്നെ വച്ച്, കൈകൂപ്പിക്കൊണ്ട് ഓടി വന്നു. ചരിച്ചുകുത്തിയിരുന്ന ലുങ്കിയുടെ മടിക്കുത്തിൽ നിന്നോ അടിയിൽ ധരിച്ചിരുന്ന നിക്കറിന്റെ പോക്കറ്റിൽ നിന്നോ ആയിരിക്കണം, ഒരു കടലാസ്സുപൊതിയെടുത്തു നീട്ടി. പണം ഹോറോ ഞങ്ങൾക്കായി കരുതി വച്ചിരുന്നിരിക്കണം.

'യെ കിത്ത്‌നാ ഹെ?' പൊതി വാങ്ങിക്കൊണ്ടു ഗുരിയ ചോദിച്ചു. ഹോറോ ഞങ്ങളുടെ വരവു പ്രതീക്ഷിച്ചിരുന്നു കാണണം. കഴിഞ്ഞ കുറേ ആഴ്ചകളായി പതിവുള്ളതാണ് ഇതേ ദിവസത്തെ വരവ്.

ഹോറോ എന്തോ പറഞ്ഞു. സ്വന്തം ഭാഷയിൽ. ഇവരൊക്കെ പണ്ട് ഒഡീഷ, ഝാർക്കണ്ട്, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് ഒന്നര നൂറ്റാണ്ടിനു മുൻപ് കുടിയേറിപ്പാർത്തവരുടെ പിൻതുടർച്ചക്കാരാണ്. ഒറിയയുടേയും ഹിന്ദിയുടേയും ആസ്സമീസിന്റേയുമെല്ലാം നാടൻ രൂപങ്ങൾ ചേർന്നൊരു മണിപ്രവാളമാണ് അവർ സംസാരിക്കുന്നത്. ഹോറോ പറഞ്ഞത് ഇരുനൂറ്റൻപതു രൂപയെന്ന് ഗുരിയ എനിക്കു തർജ്ജമ ചെയ്തു തന്നു.

ഞാൻ പൊതിയഴിച്ച് തുകയെണ്ണി നോക്കി, രസീതൊപ്പിട്ടു കൊടുത്തു. 'വിൽ ബി അക്കൗണ്ടഡ് ഓൺ ദ നെക്സ്റ്റ് വർക്കിങ് ഡെ' എന്നു വലിയ സീൽ രസീതിൽ അടിച്ചിട്ടുണ്ട്. ജോർഹാട്ടിൽ മടങ്ങിച്ചെല്ലുമ്പോൾ ഇന്നർദ്ധരാത്രിയാകും. നാളെ മാത്രമേ തുക ബാങ്കിലടച്ച് ഹോറോയുടെ ലോണിൽ വരവു വയ്ക്കാനാകുകയുള്ളു.

എന്റെ പക്കലുള്ള ടൈപ്പു ചെയ്ത ലിസ്റ്റിൽ ഹോറോയുടെ പേരു കണ്ടു പിടിച്ച് അതിൽ അന്നത്തെ അടവ് ഇരുനൂറ്റൻപതു രൂപയെന്നു രേഖപ്പെടുത്തി. അടയ്ക്കാനിനി ശേഷിക്കുന്ന തുക അറുനൂറ്റൻപത്താറ്. അത് ഹോറോവിനെ അറിയിച്ചു. അതിനു നേരേ ഹോറോവിനെക്കൊണ്ട് ഒപ്പിടീച്ചു. ഒരു ചിത്രം വരയാണ് ഹോറോവിന്റെ ഒപ്പ്. തുടർന്ന് ഗുരിയയും ഞാനും ഒപ്പിട്ടു.

ഇന്നത്തെ എല്ലാ പിരിവുകളും ഈ ലിസ്റ്റിലുണ്ട്. ഗോലാഘാട്ടിൽ നിന്നു മടങ്ങുന്നതിനു മുൻപ് ഇതിന്റെ ഒരു കോപ്പി ഗോലാഘാട്ട് ആദിവാസി വികസനസമിതി പ്രസിഡന്റായ ടോപ്‌നോയേയോ സെക്രട്ടറിയായ മുർമുവിനേയോ ഏൽപ്പിക്കണം. ആര്, എത്രയൊക്കെ തന്നു, ഇനി എത്രയൊക്കെ തരാനുണ്ട് എന്നുള്ളതിനെപ്പറ്റി ആർക്കും യാതൊരാശയക്കുഴപ്പവും ഉണ്ടാകാൻ പാടില്ല.

'ബാക്കി കൊബ്?' ഗുരിയ ചോദിച്ചു. ശേഷിക്കുന്ന തുക മുഴുവനും അടുത്ത മൂന്നാഴ്ച കൊണ്ട് തന്നു തീർത്തോളാമെന്ന് ഹോറോ ഉറപ്പു നൽകി.

ഈ സാബിനെ മൂന്നു തവണ വരുത്തി ബുദ്ധിമുട്ടിക്കാതെ അടുത്ത ഒരൊറ്റത്തവണ കൊണ്ടു തന്നെ മുഴുവൻ തുകയും തന്നു തീർക്കാൻ ഗുരിയ നിർദ്ദേശിച്ചപ്പോൾ ഹോറോ വിഷണ്ണനായി നിന്നു.

ഹോറോ സൂചിപ്പിച്ച മൂന്നാഴ്ച സമയം അനുവദിച്ചുകൊടുക്കുന്നതിനു പകരം, ശേഷിച്ച തുക മുഴുവനും അടുത്തയാഴ്ച തന്നെ തന്നു തീർത്തോളണം എന്നു ഹോറോവിനോടു കർക്കശമായി പറയുന്നുവെന്നു കരുതുക. ഹോറോ തന്റെ ഭൂമിയുടെ പട്ടയവുമായി നേരേ പോകുന്നതുകൊള്ളപ്പലിശക്കാരുടെ അടുത്തേയ്ക്കായിരിക്കും. മറ്റൊരു വഴിയും ഹോറോവിന്റെ മുൻപിലില്ല.

വർഷങ്ങൾക്കു മുൻപ് ഈ ആദിവാസി കർഷകരിൽ മിക്കവരുടേയും സ്ഥിതി അതായിരുന്നു. പട്ടയം കിട്ടിയ ഭൂമി സ്വന്തമായുണ്ടെങ്കിലും, കൃഷിയിറക്കാനുള്ള പണം അവരുടെ പക്കലുണ്ടാവാറില്ല. പണം കൊള്ളപ്പലിശയ്‌ക്കെടുത്ത് കൃഷിയിറക്കുന്നു. കൃഷിയ്‌ക്കെന്നല്ല, പെട്ടെന്നുണ്ടാകുന്ന എല്ലാ അത്യാവശ്യങ്ങൾക്കും ഈ കൃഷിക്കാർ സമീപിക്കുന്നതുകൊള്ളപ്പലിശക്കാരെയാണ്. പിന്നീടു കിട്ടുന്ന വിളവു മുഴുവനും കൊള്ളപ്പലിശക്കാരന്. കടം ഒരിക്കലും തീരുകയില്ല. തുടർന്നുള്ള മാസങ്ങളിൽ ഓരോരോ ആവശ്യങ്ങൾക്കായി വീണ്ടും കടം വാങ്ങുന്നു. കടബാദ്ധ്യത വർദ്ധിക്കുന്നു. കർഷകൻ കടക്കെണിയിൽ ആഴ്ന്നാഴ്ന്നു പോകുന്നു. കടക്കെണിയിൽ നിന്നുള്ള മോചനം മരീചികയായി മാറുന്നു.

മോചനമില്ലാത്ത ഈ കടക്കെണിയിൽ നിന്ന് ആദിവാസി കർഷകരെ മോചിപ്പിക്കാൻ വേണ്ടിയാണ് ഹോറോവിനെപ്പോലുള്ള മുന്നൂറോളം കർഷകർക്ക് പ്രതിവർഷം വെറും നാലു ശതമാനം വരുന്ന പലിശയ്ക്ക് ബാങ്ക് ലോൺ കൊടുത്തത്. കൊള്ളപ്പലിശയിൽ നിന്നു തങ്ങൾ മോചിപ്പിച്ച കർഷകനെ വീണ്ടും കടക്കെണിയിലേയ്ക്കു തള്ളിവിടാൻ ബാങ്ക് ആഗ്രഹിക്കുന്നുണ്ടാവില്ല. മാത്രമല്ല, അങ്ങനെ അവരെ വീണ്ടും കടക്കെണിയിലേയ്ക്കു തള്ളിവിടുന്നത് ഈ മോചനപദ്ധതിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായ എനിക്കു പ്രാണസങ്കടമുള്ള കാര്യവുമാണ്.

ലോണെടുത്ത മിക്ക കർഷകരും ഇപ്പോൾ ഉത്സാഹപൂർവ്വം തിരിച്ചടവു നടത്തിക്കൊണ്ടിരിക്കുന്നു. ഹോറോവിനെപ്പോലെ തന്നെ മറ്റുള്ളവരും തുടർന്നുള്ള ഏതാനും ആഴ്ചകൾക്കുള്ളിൽ താന്താങ്ങളുടെ ലോണുകൾ പൂർണ്ണമായും അടച്ചു തീർക്കാൻ ശ്രമിക്കുമെന്ന സൂചനയും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ലോണുകളിലെ തിരിച്ചടവ് കഴിഞ്ഞയാഴ്ച എൺപത്തഞ്ചു ശതമാനത്തിലെത്തിയിരുന്നു. ഇനിയുള്ള മൂന്നോ നാലോ ആഴ്ചകൾ കൊണ്ട് അത് തൊണ്ണൂറ്റഞ്ചു ശതമാനമായി ഉയരുമെന്ന പ്രതീക്ഷ ബലപ്പെട്ടിരിക്കുന്നു. ഇത്തരം ലോണുകളിൽ തൊണ്ണൂറ്റഞ്ചു ശതമാനം തിരിച്ചടവുണ്ടാകുന്നത് കേരളത്തിൽപ്പോലും വിരളമാണ്.

അതുകൊണ്ട് ശേഷിക്കുന്ന തുകയടച്ചു തീർക്കാൻ ഹോറോവിന് മൂന്നാഴ്ച വേണമെങ്കിൽ അതങ്ങനെ തന്നെയാകട്ടെ.

ഹോറോയ്ക്ക് സന്തോഷമായി. കൊച്ചു കൊച്ചു കാര്യങ്ങൾ മാത്രം മതി ഈ പാവപ്പെട്ട ആദിവാസി കർഷകരെ സന്തോഷിപ്പിക്കാൻ.

'ഗരം ചായ് മിലേഗാ?' ഞാൻ ചായക്കടയിലേയ്ക്കു ചെന്നു. അവിടെ ചായ കുടിച്ചുകൊണ്ടിരുന്നവരെല്ലാം ഞങ്ങളെക്കണ്ട് ആദരപൂർവ്വം എഴുന്നേറ്റു തൊഴുതു. ചായക്കടയുടെ മുന്നിലിട്ടിരുന്ന കയറ്റു കട്ടിലിൽ ഇരിക്കാൻ അവർ ക്ഷണിച്ചു, 'അഹോ, അഹോ, ബൊഹൊ, ബൊഹൊ'. വരൂ, ഇരിക്കൂ എന്നായിരിക്കണം.

പാവങ്ങളാണ് ഇവിടുത്തെ ഈ ആദിവാസികൾ. സ്‌നേഹസമ്പന്നരും. ഏതാനും മാസം കൊണ്ട് അപരിചിതനായ എനിക്കു പോലും ആദിവാസി കർഷകരുടെ സ്‌നേഹം അനുഭവപ്പെടാൻ തുടങ്ങി എന്നതാണു വാസ്തവം. ലോണെടുത്തിട്ടു തിരിച്ചടയ്ക്കാതെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന കൂട്ടർ എന്ന അവജ്ഞ പാടേ മാറി, സഹതാപവും സഹായവും അർഹിക്കുന്ന സഹജീവികൾ എന്ന വീക്ഷണം കൈവന്നു. കഷ്ടപ്പാടുകൾ സഹിച്ച്, മുഖ്യാഹാരമായ അരി ഉത്പാദിപ്പിച്ച് അന്യരുടെ ജീവിതം സുഖകരമാക്കുന്ന വിലപ്പെട്ട മനുഷ്യരാണിവർ എന്ന തിരിച്ചറിവും കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് കൈവന്നിരിക്കുന്നു.

തണുപ്പിനിടയിൽ കിട്ടിയ ചൂടൻ ചായ ചൂടോടെ മൊത്തുന്നിനിടയിൽ ഗുരിയ എല്ലാവരുമായും കുശലപ്രശ്‌നം നടത്തി. ഗുരിയയ്ക്ക് എത്ര വയസ്സായെന്ന് ഗുരിയയ്ക്കു പോലും കൃത്യമായ അറിവില്ല. 'കോയീ പച്ചാസ് സാഠ്' എന്നാണു ഗുരിയ പറയാറ്. അൻപത്, അറുപത്. മുടിയും താടിയും നരച്ചിട്ടുണ്ട്. എങ്കിലും ചുറുചുറുക്കുണ്ട്. ആ ചുറുചുറുക്കുകൊണ്ടാണ് ഏതാനും മാസങ്ങളായി തുടർച്ചയായി ഞാനുമൊത്ത് സഞ്ചരിക്കാനാകുന്നത്.

ഗുരിയയ്ക്ക് ഇവിടങ്ങളിലെ എല്ലാ ആദിവാസികളും സുപരിചിതരാണ്. സകലർക്കും ഗുരിയ സുപരിചിതനുമാണ്. ഇവിടങ്ങളിലെ ആദിവാസികളുടെ ക്ഷേമത്തിനായി ഇതുപോലെ ഓടിനടന്നു കഷ്ടപ്പെടുന്നവർ വേറെയുണ്ടാവില്ല. സ്വാർത്ഥമതിയായിരുന്നെങ്കിൽ എന്നെ സഹായിക്കാനായി ഇങ്ങനെ ഇറങ്ങിത്തിരിക്കുമായിരുന്നില്ല. ആഴ്ചയിൽ ആറു ദിവസവും അഞ്ചാറു മണിക്കൂർ എനിക്കുവേണ്ടി യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ഗുരിയ എനിക്കു വേണ്ടി ചെലവഴിക്കുന്നു. വാസ്തവത്തിൽ എനിക്കു വേണ്ടിയല്ല, ആദിവാസികൾക്കു വേണ്ടി എന്നു പറയണം.

ഞാൻ ആലോചിക്കാറുണ്ട്. ഗുരിയ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചാൽ ഗോലാഘാട്ട് പ്രദേശത്തെ ആദിവാസികളുടെ നൂറു ശതമാനം വോട്ടും ഗുരിയയ്ക്കു കിട്ടും. ഒരിക്കൽ ഞാനക്കാര്യം ഗുരിയയോടു പറഞ്ഞെങ്കിലും ഗുരിയ അതു ശ്രദ്ധിച്ചു പോലുമില്ല. അത്തരം കാര്യങ്ങളിൽ ഗുരിയയ്ക്കു താത്പര്യമില്ല.

ചായ കുടിച്ച്, ഞങ്ങൾ മടക്കയാത്ര തുടങ്ങി.

റെയിൽപ്പാതയ്ക്കു സമാന്തരമായുള്ള പാടവരമ്പത്തെ ഒറ്റയടിപ്പാതയിലൂടെ മടക്കയാത്ര നടത്തിക്കൊണ്ടിരിയ്‌ക്കെ, ഗുരിയ ചോദിച്ചു, സാബ്, ക്ലോസു ചെയ്ത ഒരക്കൗണ്ടിനെ കാണണമെന്നു സാബ് പറഞ്ഞിരുന്നു. ആ അക്കൗണ്ട് ദാ, ആ കാണുന്ന വഴിയേ തിരിഞ്ഞു പോകുമ്പോഴാണുള്ളത്.

അല്പമകലെ ഗുരിയ ചൂണ്ടിക്കാണിച്ച ഒറ്റയടിപ്പാതയുടെ ഒരു ശാഖ റെയിൽ കടന്ന് അപ്പുറത്തേയ്ക്കു പോകുന്നു. റെയിലിനപ്പുറം നാഗാലാന്റിന്റെ തർക്കഭൂമി.

ഞാൻ ബൈക്കു നിർത്തി.

നാഗാലാന്റിന്റെ തർക്കഭൂമിയിലേയ്ക്കു കാലെടുത്തു വയ്ക്കുന്നതിനു മുൻപ് ആലോചിക്കാനുണ്ട്. അറിഞ്ഞുകൊണ്ട് ആപത്തിലേയ്ക്ക് എടുത്തു ചാടിയിട്ടു കാര്യമില്ല. പിൽക്കാലത്തു ദുഃഖിയ്‌ക്കേണ്ടി വരും.

കുന്തവും വാളുമുപയോഗിച്ച് ആദിവാസികളെ കൂട്ടക്കൊല ചെയ്ത നാഗന്മാരുള്ള തർക്കഭൂമി. നാഗാ പൊലീസിനേക്കാളുപരിയായി, എൻ എസ് സി എൻ എന്ന നാഗാ തീവ്രവാദി സംഘടന അരങ്ങു വാഴുന്ന ആ പ്രദേശത്തേയ്ക്കു കടക്കുന്നത് ബുദ്ധിപരമാകുമോ? കുന്തം, വാൾ എന്നൊക്കെ കേൾക്കുമ്പോൾത്തന്നെ എന്നെയൊരു വിറയൽ ബാധിക്കാറുണ്ട്. എൻ എസ് സി എന്നിന്റെ പക്കലാണെങ്കിൽ കുന്തവും വാളുമല്ല, അവയേക്കാൾ കൂടുതൽ വിനാശകാരികളായ ഗ്രനേഡും തോക്കുമാണുള്ളത്. ചൈനയിൽ നിന്ന് അവർക്ക് ആയുധങ്ങൾ കിട്ടുന്നു എന്നാണു വാർത്ത.

എന്റെ ശങ്ക കണ്ട് ഗുരിയ ധൈര്യപ്പെടുത്തി: കുറച്ചു കാലമായി ഇവിടെ കുഴപ്പങ്ങളുണ്ടായിട്ടില്ല. തത്കാലം ഭയപ്പെടാൻ ഒന്നുമില്ല എന്നർത്ഥം.

ഇവിടുന്നെത്ര ദൂരമുണ്ട്? റെയിലിനപ്പുറത്തെ നാഗാലാന്റിലേയ്ക്കു നോക്കിക്കൊണ്ടു ഞാൻ ചോദിച്ചു. റെയിലിനപ്പുറത്ത് പാടവരമ്പത്തുകൂടിയുള്ള ഒറ്റയടിപ്പാത തുടരുന്നു; അങ്ങു ദൂരെയത് ഇരുണ്ട മരക്കൂട്ടങ്ങൾക്കിടയിൽ വഴി അപ്രത്യക്ഷമാകുന്നു. അവിടവിടെ വീടുകളുണ്ട്. അവയിൽ ചെറു വിളക്കുകൾ തെളിഞ്ഞിരിക്കുന്നു. വൈദ്യുതിദീപങ്ങൾ എങ്ങുമില്ല. കേരളത്തിലെ ചില പഞ്ചായത്തുകൾ പൂർണ്ണവൈദ്യുതവൽക്കരണം നേടിയതായി പത്രത്തിൽ വായിച്ച കാര്യമോർത്തു. ഇവിടെ, ഈ പ്രദേശത്താകട്ടെ ഒരു ബൾബു പോലും കാണുന്നില്ല.

പാഞ്ച് മിനിറ്റ്. ഗുരിയ നിസ്സാരമായി പറഞ്ഞു.

ഗുരിയയുടെ അഞ്ചു മിനിറ്റ് നമ്മുടെ അര മണിക്കൂറായെന്നു വരാം. വാച്ചിൽ നോക്കി. സമയം നാലു മണി കഴിഞ്ഞിരിക്കുന്നു. അര മണിക്കൂർ അങ്ങോട്ടും അരമണിക്കൂർ തിരിച്ചിങ്ങോട്ടും. ആകെ ഒരു മണിക്കൂർ. ഇരുട്ടിൽ വരമ്പത്തുകൂടി ബൈക്കോടിയ്‌ക്കേണ്ടി വരും. വരമ്പത്തുകൂടി മാത്രമല്ല, അതിനു ശേഷം ഇരുട്ടിൽ അപായങ്ങൾ പതിയിരിക്കുന്ന എൻ എച്ച് 39ലൂടെയും തിരികെ ബൈക്കോടിയ്‌ക്കേണ്ടി വരും. എൻ എച്ച് 39ൽ പിടിച്ചുപറി, നാഗാ കലാപകാരികളുടെ തട്ടിക്കൊണ്ടു പോകൽ, കാട്ടാന, പുലി എന്നിവയെയൊക്കെ നേരിടേണ്ടി വന്നേയ്ക്കാം.

പുതിയ ബുള്ളറ്റ് ബൈക്ക്. ഫുൾ ചാർജ്ജുള്ള ബാറ്ററി. ഹെഡ്‌ലൈറ്റിനു നല്ല പ്രകാശമുണ്ടാകാറുണ്ട്. ആ പ്രകാശത്തിൽ വരമ്പത്തുകൂടി ബൈക്കോടിക്കാൻ വലിയ ബുദ്ധിമുട്ടില്ല. എന്തായാലുമൊന്നു പൊയ്ക്കളയാം. പോയി വേഗം തിരിച്ചു പോരാം. ആളെ കാണുക, ലോൺ അടച്ചു തീർത്തതിന് കൈ പിടിച്ചു കുലുക്കി അഭിനന്ദിക്കുക, തിരികെപ്പോരുക. അത്ര തന്നെ. ഇന്നു കാണാനുണ്ടായിരുന്ന മറ്റെല്ലാവരേയും കണ്ടു കഴിഞ്ഞിരിക്കുന്നു, പ്രതീക്ഷിച്ച കളക്ഷനും കിട്ടിക്കഴിഞ്ഞിരിക്കുന്നു. ആകെ പ്രസന്നമായ ദിനം. അഭിനന്ദനങ്ങൾ കൊടുക്കാൻ പറ്റിയ ദിവസം.

ഹൈവേയിലെ അപായങ്ങളുടെ കാര്യമാണെങ്കിൽ, എൻ എച്ച് 39ന് നല്ല വീതിയുണ്ട്. വാഹനങ്ങൾ പൊതുവിൽ കുറവും. അതുകൊണ്ട് കത്തിച്ചു വിടാം. പിന്നെ, ഗുരിയ കൂടെയുള്ളതും ധൈര്യം തരുന്നു. എനിക്ക് അഹോമിയയിൽ ആസ്സമീസിൽ ഒരു വാക്കുപോലും വരില്ലെങ്കിലും, ഗുരിയ അറിയാത്ത ഭാഷകളില്ല. നാഗന്മാർ വന്നാൽ അവരുമായുള്ള സംഭാഷണങ്ങൾ ഗുരിയ നടത്തിക്കോളും. ഒരുപക്ഷെ കാട്ടാനകളുമായിപ്പോലും ഗുരിയയ്ക്ക് പരിചയമുണ്ടായിരിക്കാം. ഗുരിയ കൂടെയുള്ള നിലയ്ക്ക് ധൈര്യമവലംബിക്കുക തന്നെ. ഹൈവേയിൽ എന്തൊക്കെ അപായങ്ങൾ പതിയിരിപ്പുണ്ടാകാമെങ്കിലും ഒരല്പമൊക്കെ റിസ്‌കെടുക്കണം.

ഞാൻ പറഞ്ഞു, അഭിനന്ദിയ്‌ക്കേണ്ടവരെ അഭിനന്ദിക്കാതിരിക്കുന്നതു ശരിയല്ല. നമുക്കൊന്നു പോയിപ്പോരാം.

ഠീക്കെ സാബ്. ഗുരിയയ്ക്ക് ഉത്സാഹമായി.

ഞാൻ വണ്ടിയെടുത്തു. റെയിൽപ്പാളങ്ങൾ ശ്രദ്ധിച്ചു മുറിച്ചുകടന്ന് നാഗാലാന്റിലെത്തി. നാഗാലാന്റിന്റെ ഭാഗമായ ദിമാപ്പൂരിലൂടെ ട്രെയിനിനു പല തവണ പോയിട്ടുണ്ടെന്നല്ലാതെ, നാഗാലാന്റിൽ ഇതുവരെ കാലു കുത്തിയിട്ടില്ല. നാഗാലാന്റിനോട് ഒരിക്കലും പ്രതിപത്തി തോന്നിയിട്ടില്ല. എന്നു തന്നെയുമല്ല, നാഗാലാന്റിൽ നിന്ന് അല്പം അകന്നു നിൽക്കുന്നതാകും ബുദ്ധിയെന്ന് തോന്നാറുണ്ടു താനും.

ലോൺ തിരിച്ചടയ്ക്കാൻ ബാക്കിയുള്ളവരിൽ ഓരോരുത്തരേയും ചെന്നു കണ്ട് ലോണിനെപ്പറ്റി ഓർമ്മിപ്പിക്കുകയും അവരിൽ നിന്ന്, 'ബൈ ഹുക്ക് ഓർ ക്രൂക്ക്', മുഴുവൻ തുകയും പിരിച്ചെടുക്കുകയും ചെയ്യുക മാത്രമാണ് എന്റെ ചുമതല. ലോൺ അടച്ചു തീർത്തിരിക്കുന്നവരെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. എങ്കിലും ലോണെടുത്ത മുന്നൂറു പേരിൽ ആകെക്കൂടി ഒരേയൊരാൾ മാത്രം അതു പൂർണ്ണമായും തിരിച്ചടച്ചിരിക്കുമ്പോൾ ആ ഒരാളെ നേരിൽക്കണ്ട് അഭിനന്ദിയ്‌ക്കേണ്ടതുണ്ടെന്നു തോന്നി. 'ആയിരത്തിലൊരുവൻ' എന്ന പോലെ മുന്നൂറിലൊരുവൻ. അക്കാര്യം ഗുരിയയോട് മുൻപൊരിക്കൽ സൂചിപ്പിച്ചിരുന്നു. ഗുരിയ അതോർമ്മയിൽ വയ്ക്കുകയും ചെയ്തിരിക്കുന്നു.

അങ്ങകലെ, ഇരുണ്ട മരക്കൂട്ടങ്ങൾക്കിടയിലേയ്ക്കു കയറിപ്പോകുന്ന, പാടവരമ്പിലെ നടപ്പാതയിലൂടെ ബൈക്കു വിട്ടു.

അവിടെ എവിടെയെങ്കിലുമൊക്കെയായിരിക്കും നാഗന്മാരുള്ളത്. അന്യസംസ്ഥാനക്കാരെ തട്ടിക്കൊണ്ടു പോകുന്നത് നാഗാലാന്റിൽ പതിവാണ്. തട്ടിക്കൊണ്ടു പോയ ശേഷം വൻ തുകകൾ മോചനദ്രവ്യമായി അവരാവശ്യപ്പെടുന്നു. വില പേശലുകളിൽ തുക അൽപ്പം കുറയുമായിരിക്കും. എങ്കിലും അവർക്കു വൻ തുകകൾ കിട്ടാറുണ്ടെന്നാണു പത്രവാർത്തകളിൽ നിന്നു ലഭിക്കുന്ന സൂചന. കൈമാറിയ തുക എത്രയായിരുന്നെന്നു പുറത്തു വിട്ടുകാണാറില്ല.

ഇരുട്ടിയ ശേഷം തെരുവിലിറങ്ങി നടന്നാൽ നാഗന്മാർ പിടികൂടി കൈവശമുള്ള പണം മുഴുവനും പിടിച്ചുവാങ്ങുമെന്ന് ബാങ്കിന്റെ ദീമാപ്പൂർ ശാഖയിലെ സഹപ്രവർത്തകർ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് ഇരുട്ടിയ ശേഷം അവർ പുറത്തിറങ്ങാറില്ലത്രെ.

നാഗന്മാർ എന്നേയും ഗുരിയയേയും പിടികൂടുന്നെന്നു കരുതുക. ആദിവാസിയായ ഗുരിയയെ അവർ വിട്ടയയ്ക്കും. പക്ഷേ എന്റെ പക്കൽ നിന്ന് വൻ തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടേയ്ക്കാം. എവിടുന്നുണ്ടാക്കും അത്.

അമ്മയുടെ പക്കലാണെങ്കിൽ പ്രതിമാസ പെൻഷനും മാസം തോറും ഞാനയച്ചുകൊടുക്കുന്ന തുകയുമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. രണ്ടും ചെറു തുകകൾ. വൻ തുക എന്റെ മോചനദ്രവ്യമായി കൊടുക്കാൻ എന്റെ ബാങ്കു തയ്യാറാകുമോ? നാഗന്മാർ ആവശ്യപ്പെടുന്നത് അൻപതു ലക്ഷമാണെന്നു സങ്കൽപ്പിക്കുക. അൻപതു ലക്ഷം പോയിട്ട് അഞ്ചു ലക്ഷം പോലും കൊടുക്കാൻ ബാങ്കു തയ്യാറാകുമെന്നു തോന്നുന്നില്ല.

ഡീജീഎമ്മുമാരിൽ ചിലർക്ക് എന്നോടു താത്പര്യമുണ്ട്. അവർ അഞ്ചുലക്ഷം ശുപാർശ ചെയ്യാൻ തയ്യാറാകുമായിരിക്കും. ആ ശുപാർശയിന്മേൽ ഒപ്പു വയ്ക്കാൻ ജീ എമ്മും തയ്യാറായേയ്ക്കാം. പക്ഷേ, മറ്റു ചില ഡിപ്പാർട്ടുമെന്റുകൾ പ്രതിബന്ധങ്ങളുയർത്താനാണു വഴി. ബാങ്കിനു നഷ്ടം വരാതെ നോക്കാൻ അവർ ശ്രമിക്കും. ഇയാളുടെ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ഈടാക്കാവുന്ന തുകയ്ക്കു തുല്യമായതു മാത്രം കൊടുത്താൽ മതി എന്നായിരിക്കാം അവർ അഭിപ്രായപ്പെടാൻ പോകുന്നത്. അത് ഒരുലക്ഷമെങ്കിലും ഉണ്ടായാൽ ഭാഗ്യം.

ബാങ്കിന്റെ നിയമവകുപ്പ് മറ്റൊരു വാദമുഖം കൂടി ഉന്നയിച്ചെന്നു വരാം. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചുമതല സർക്കാരിന്റേതാണ്. തട്ടിക്കൊണ്ടുപോകപ്പെട്ട പൗരന്മാരെ മോചിപ്പിക്കുന്നത് സർക്കാരിന്റെ കടമയാണ്. അതുകൊണ്ട് സർക്കാർ തന്നെ മോചിപ്പിക്കട്ടെ. ബാങ്ക് ഇക്കാര്യത്തിൽ ഇടപെടുകയേ വേണ്ട, എന്നായിരിക്കാം നിയമവകുപ്പ് നിർദ്ദേശിക്കാൻ പോകുന്നത്.

ഇത്തരത്തിലാണു കാര്യങ്ങൾ പോകുന്നതെങ്കിൽ മിക്കവാറും ഞാൻ ശിഷ്ടജീവിതം മുഴുവനും നാഗന്മാരുടെ തടവറയിൽ കഴിച്ചു കൂട്ടേണ്ടി വരും!

ലോൺ തിരിച്ചടയ്ക്കാത്തവരെ കണ്ടു പിടിച്ചു താക്കീതു നൽകുമ്പോൾ സ്വയമേവ അടച്ചയാളെ അഭിനന്ദിക്കുകയും വേണം. അതാണതിന്റെ ശരി. അത് ലോൺ തിരിച്ചടയ്ക്കാത്തവർക്ക് തിരിച്ചടയ്ക്കാനുള്ളൊരു പ്രചോദനവും പ്രേരണയുമാകുകയും ചെയ്യും. 'ക്ലോസ്ഡ്' സീലടിച്ച് ഒപ്പിട്ട രാം രത്തൻ ടുഡുവിന്റെ പ്രോമിസ്സറി നോട്ട് ബൈക്കിന്റെ പെട്ടിയിൽ ഫയലിൽ കൊണ്ടു നടക്കുന്നു. ടുഡുവിനെ കണ്ടുമുട്ടുമ്പോൾ അതു കൈമാറണം. അഭിനന്ദനത്തോടൊപ്പം.

കേരളത്തിൽ പൊതുജനം പരാതിപ്പെടാറുണ്ട്. ഡെപ്പൊസിറ്റ് ക്യാൻവാസ്സു ചെയ്യാൻ വരുമ്പോൾ, ബാങ്കുമാനേജർ തേനൂറുന്ന വാക്കുകൾ പറയും. അച്ചാ, അപ്പച്ചാ, വല്യുപ്പാ, എന്നൊക്കെ വിളിക്കും. ആശ്ലേഷിക്കും. എന്നാൽ അതേ മാനേജരെത്തന്നെ ഒരു ലോണിനു വേണ്ടി സമീപിച്ചു നോക്കൂ, മാനേജരുടെ തനിസ്വഭാവം അപ്പോഴാണു പുറത്തു വരിക. ആധാരം, മുന്നാധാരം, കുടിക്കട സർട്ടിഫിക്കറ്റ്, മുക്ത്യാറ്, സന്നത്, പാൻകാർഡ്, ഇങ്കം ടാക്‌സ്...ഇതൊക്കെ കൊണ്ടു വരൂ. ലിസ്റ്റു പകുതി കേൾക്കുമ്പോഴേ ലോണിനുവേണ്ടി വന്നയാളുടെ തല കറങ്ങാൻ തുടങ്ങും.

നേരേ വിരുദ്ധമായ അഭിപ്രായമായിരിക്കും ബാങ്കുമാനേജർമാർക്കു പറയാനുള്ളത്. ലോൺ വാങ്ങാൻ വരുമ്പോൾ എല്ലാവരും പഞ്ചാരവർത്തമാനം പറഞ്ഞുപറ്റിച്ച് കടം വാങ്ങിക്കൊണ്ടു പോകും. പിന്നെ തിരിഞ്ഞു നോക്കുക പോലുമില്ല. ലോണിലെ മുടക്കു തീർക്കുന്ന കാര്യം ഓർമ്മപ്പെടുത്തിയാൽ കടമെടുത്തയാൾ ചോദിക്കും, 'നിങ്ങടെ കാശും കൊണ്ട് ഞാൻ ഓടിപ്പോകാനൊന്നും പോകുന്നില്ല. ഞാൻ കാശു വാങ്ങിയിട്ടുണ്ടെങ്കിൽ ഞാനതു തിരികെത്തന്നിരിക്കും. എപ്പഴുമിങ്ങനെ വന്നു ശല്യപ്പെടുത്തണ്ട!'

ഈ വാക്കാൽപ്രയോഗങ്ങൾ സഹിക്കാം. കയ്യാങ്കളിയാണു അസഹനീയം. ലോണിലെ മുടക്കു തീർക്കണം എന്നു തെര്യപ്പെടുത്താൻ ചെന്ന മാനേജർമാരിൽ ചിലർ തല്ലുകൊണ്ട് ഓടിയ സംഭവങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ഐ ആർ ഡി പി, പി എം ആർ വൈ, എസ് ഈ ഈ യു വൈ, എന്നിങ്ങനെയുള്ള കൊച്ചുകൊച്ചു ലോണുകൾ. അങ്ങനെ ഓടുന്ന മാനേജർമാരിൽ പലരും ആ ഓട്ടത്തിനിടയിൽത്തന്നെ, 'ഇനി ഒരാൾക്കും ലോൺ കൊടുക്കുന്ന പ്രശ്‌നമില്ല' എന്നു ദൃഢപ്രതിജ്ഞയെടുത്തിട്ടുമുണ്ടാകും. ലോൺ കൊടുത്തുപോയാലാണ് ഇത്തരം കുഴപ്പങ്ങളിൽ ചെന്നു ചാടേണ്ടി വരുന്നത്. ലോൺ കൊടുക്കാതിരുന്നാൽ കുഴപ്പമില്ലല്ലോ.

ആസ്സാമിലെ ആദിവാസികൾക്ക് മൂന്നര വർഷം മുൻപു കൊടുത്തിരുന്ന അയ്യായിരം രൂപയിൽ കൂടാത്ത മുന്നൂറു ലോണുകളിൽ മുന്നൂറിലും ഒരു രൂപ പോലും തിരിച്ചടവു വരാതായപ്പോൾ അവ നേരിട്ടു ചെന്നു പിരിച്ചെടുക്കാൻ വേണ്ടി, വിദേശികൾക്കെതിരെയുള്ള പ്രക്ഷോഭണം രക്തരൂഷിതമായിക്കൊണ്ടിരുന്ന ഉൾനാടൻ മേഖലകളിലേയ്ക്ക് രണ്ടും കല്പിച്ചു കടന്നു ചെല്ലുമ്പോൾ എന്റെ മനസ്സിൽ ആപദ് ഭീതിയുണ്ടായിരുന്നു. ലോണെടുത്തിരിക്കുന്നവർ ക്രുദ്ധരായി തല്ലാൻ വന്നാൽ എന്തു ചെയ്യും? കേരളത്തിലായിരുന്നെങ്കിൽ സ്വന്തം നാടാണ്, എങ്ങനെയെങ്കിലുമൊക്കെ രക്ഷപ്പെടാമെന്നു വയ്ക്കാം. എന്നാൽ ആസ്സാമിലെ ഒരു പരിചയവുമില്ലാത്ത മേഖലകളിൽ എങ്ങോട്ടോടി രക്ഷപ്പെടും?

ഒരു ഭാഗത്ത് കാട്ടാനകളും പുലികളും. വേറൊരിടത്ത് ആസ്സാം പ്രക്ഷോഭകർ. ഇനിയുമൊരിടത്ത് നാഗാ കലാപകാരികൾ. ചെകുത്താനും കടലിനുമിടയിൽ. കുറച്ചുകൂടി കൃത്യമായിപ്പറയുകയാണെങ്കിൽ, ചെകുത്താന്മാർക്കും കാട്ടുമൃഗങ്ങൾക്കുമിടയിൽ.

കടമെടുത്തിരുന്ന ആദിവാസി കർഷകർ കൃഷി ചെയ്തു ജീവിച്ചിരുന്നത് ബാങ്കു സ്ഥിതിചെയ്യുന്ന ജോർഹാട്ടിൽ നിന്ന് നൂറു കിലോമീറ്ററോളം അകലെ, ഗോലാഘാട്ടിനപ്പുറത്തെ രംഗജാൻ, സരുപ്പത്ഥർ, ടിറ്റാബറിനടുത്തുള്ള രാജാബാരി എന്നിവിടങ്ങളിലായിരുന്നു. കൃഷിയിൽ നിന്നുള്ള പ്രതിവർഷ വരുമാനം കൊണ്ട് ഓരോ കർഷകനും മൂ!ന്നു വർഷം കൊണ്ട് ലോൺ അടച്ചു തീർക്കാൻ പറ്റും എന്നായിരുന്നു കണക്കുകൂട്ടൽ. പലിശ വെറും നാലു ശതമാനം മാത്രം. ലോണെടുത്ത കർഷകർ തവണത്തുകകൾ ഗോലാഘാട്ട് ആദിവാസി വികാസ് സമിതിയെ അപ്പപ്പോൾ ഏൽപ്പിക്കുമെന്നും, സമിതി ആ തുകകളെല്ലാം കൂടി ജോർഹാട്ടിലെ ബാങ്കിനു കൈമാറുമെന്നുമായിരുന്നു, പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്.

ലോണെടുത്തിരുന്ന കർഷകരിൽ പലരും പലപ്പോഴായി പല തുകകളും ഗോലാഘാട്ട് ആദിവാസി വികാസ് സമിതിയെ ഏൽപ്പിച്ചിരുന്നു. ബാങ്ക് നൂറു കിലോമീറ്ററോളം അകലെയായതുകൊണ്ട് സമിതിക്ക് തുകകൾ ബാങ്കിലേയ്‌ക്കെത്തിക്കാനായില്ല. തുകകൾ ഏറ്റുവാങ്ങാൻ ബാങ്കിൽ നിന്ന് ആരെങ്കിലും വരുമെന്ന് സമിതി ഭാരവാഹികൾ പ്രതീക്ഷിച്ചു. നൂറു കിലോമീറ്റർ ദൂരം ബാങ്കുദ്യോഗസ്ഥർക്കും തടസ്സമായി ഭവിച്ചു. അങ്ങനെ, ബാങ്കുദ്യോഗസ്ഥർ സമിതിയുടെ അടുത്തേയ്ക്കും സമിതി ബാങ്കിലേയ്ക്കും വന്നില്ല. ലോണുകളിൽ അടയേണ്ടിയിരുന്ന പണം പകുതിവഴിയിൽ കുടുങ്ങിക്കിടന്നു.

ലോണുകളുടെ കാലാവധിയായ മൂന്നു വർഷം കഴിഞ്ഞിട്ടും ഒരു ലോണും ക്ലോസുചെയ്യപ്പെട്ടില്ല. ക്ലോസു ചെയ്യുന്നതു പോകട്ടെ, ഒരുറുപ്പിക പോലും ഒരു ലോണിൽ പോലും അടഞ്ഞിരുന്നുമില്ല.

പ്രോമിസ്സറി നോട്ടായിരുന്നു ഓരോ ലോണിനും വേണ്ടി ഒപ്പിടീച്ചെടുത്തിരുന്ന രേഖകളിൽ ഏറ്റവും മുഖ്യമായിരുന്നത്. ഒരു രൂപ പോലും തിരിച്ചടവു വരാത്ത അക്കൗണ്ടുകളിൽ മൂന്നു വർഷം കഴിഞ്ഞുപോയ പ്രോനോട്ടുകൾക്ക് അവയെഴുതാനുപയോഗിച്ചിരിക്കുന്ന കടലാസ്സിന്റെ വില പോലുമില്ലാതായി. ഒൻപതു ലക്ഷത്തോളം രൂപ കിട്ടാക്കടമായി മാറിക്കഴിഞ്ഞപ്പോൾ ബാങ്ക് സുഷുപ്തിയിൽ നിന്നുണർന്നു.

മൂന്നര വർഷം മുൻപ് മുന്നൂറു ലോണുകൾ വിതരണം ചെയ്തയുടനെ ആസ്സാമിൽ നിന്നു കേരളത്തിലേയ്ക്കു സ്ഥലം മാറ്റം വാങ്ങി കടന്നു കളഞ്ഞിരുന്ന അന്നത്തെ ബ്രാഞ്ചു മാനേജരുടെ മേൽ ആരോപണമുയർന്നു: മുന്നൂറു ലോണുകളും മാനേജരുടെ ഒരു വൻ തട്ടിപ്പായിരുന്നിരിക്കണം എന്ന അഭ്യൂഹം കടലാസ്സിലേയ്ക്കും ഫയലുകളിലേയ്ക്കും പടർന്നു.

അന്നത്തെ ബ്രാഞ്ചു മാനേജരെ ശരിക്കറിയാമായിരുന്ന ബാങ്കിന്റെ

Read more topics: # literature,# short story,# sunil ms
literature,short story,sunil ms

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES