Latest News

ഒരു ഫേസ്‌ബുക്ക് പ്രശ്‌നം-ചെറുകഥ

ജോയ് ഡാനിയേൽ
ഒരു ഫേസ്‌ബുക്ക് പ്രശ്‌നം-ചെറുകഥ

'പിള്ളേച്ചോ, പിള്ളേച്ചോ ദാണ്ടേ ഇങ്ങോട്ടൊന്നു നോക്കിയേ' 

വെടികൊണ്ട പന്നിയെപ്പോലെ ചാടിക്കേറി വരുന്ന അമ്മാനുവിനെ കണ്ട് പിള്ളേച്ചൻ ഒന്നമ്പരന്നു. 

'എന്നടാ ഉവ്വേ?... എന്തുപറ്റി? എലിവാണം വിട്ടമാതിരി?' 

അതിനുത്തരമായി അമ്മാനു തന്റെ കയ്യിലിരിക്കുന്ന ഫോൺ പിള്ളേച്ചന് കാണിച്ചു കൊടുത്തു. 

'പിള്ളേച്ചാ, ഇങ്ങോട്ടു നോക്കിയേ... ഇങ്ങോട്ട്. ഇന്നൊരുത്തൻ നമ്മുടെ മതത്തെ കേറി ഒണ്ടാക്കാൻ വരുന്നു. എവിടാ? ഫേസ്‌ബുക്കിൽ... ഞാൻ വിടുമോ? അവനെയും അവന്റെ വീട്ടിലിരിക്കുന്നവരെയും തുമ്മിപ്പിക്കുന്ന പണിയല്ലിയോ ഞാൻ മറുപടിയായി കൊടുത്തേ... അമ്മാനുവിനോടാ കളി..' 

ചായ നീട്ടി അടിച്ചുകൊണ്ട് പിള്ള മൊബൈലിലേക്ക് കാക്കയുടെ ഒളികണ്ണിട്ടു നോക്കി. ഫേസ്‌ബുക്കില്ലാത്തത് അന്തസ്സിനു നിരക്കാത്ത കാര്യമാണെന്ന് പിള്ളേച്ചൻ ചിന്തിക്കാൻ തുടങ്ങിയ കാലമായതിനാൽ അതൊന്നു നോക്കിയേക്കാം എന്ന ചിന്തയാണ് ആ കാകദൃഷ്ടിക്ക് കാരണം. 

'ഇതെന്തുവാടാ... ഏതോ ഒരു തെണ്ടി നിന്റെ മതത്തെ വല്ലോം പറഞ്ഞതിന് നീ തന്തക്കുപിറക്കാഴിക എഴുതി മറുപടി കൊടുത്തേക്കുന്നെ? നിന്റെ കർത്താവീശോ മിശിഹാ ഒരു കരണത്ത് അടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കാനല്ലെടാ എന്തരവനെ പറഞ്ഞേച്ച് പോയെ?' 

പിള്ളേച്ചന്റെ വാചകത്തിൽ ഒളിഞ്ഞിരിക്കുന്ന ചൊറിച്ചിൽ കേട്ട് മുണ്ട് ചുരച്ചുകയറ്റി, കാലൊന്നുയർത്തി, പാളക്കരയൻ അണ്ടർവയർ കാണിച്ച് അമ്മാനു നിന്നുകിതച്ചു. 

'പിള്ളേച്ചാ.. കാര്യമൊക്കെ ശരിയാ. എന്നാൽ കർത്താവീശോ മിശിഹായുടെ അണ്ണാക്കിലടിക്കാൻ വന്നാൽ നമ്മൾ അച്ചായന്മാർ വിടുവോ? പശൂനെ തിന്നാനും, വാട്ടീസടിക്കാനും മാത്രമല്ല ഇച്ചിരി മതത്തിനുവേണ്ടി രക്തസാക്ഷിയാകാനും നമ്മൾ തയ്യാറാ പുള്ളേ. നിങ്ങള് സ്‌തേഫാനോസ് എന്ന് കേട്ടിട്ടുണ്ടോ... സ്‌തേഫാനോസ് ?' 

'എടാ മരഊളേ, സ്‌തേഫാനോസ് ഫേസ്‌ബുക്കിലാണോ രക്തസാക്ഷിയായേ? നിന്നെ കൊള്ളാമല്ലോടാ അമ്മാനൂ..'

'പിള്ളേച്ചാ... അയാൾ എവിടേലും വച്ച് രക്തസാക്ഷിയായിക്കോട്ടെ, നമ്മക്ക് പറയാൻ ഒരുത്തനുണ്ടോ? അതാണ്. അപ്പോൾ നമ്മൾ വിട്ടുകൊടുക്കുമോ? ഇക്കാലത്ത് കാര്യങ്ങൾ പൊലിപ്പിക്കാൻ കിട്ടിയ സാധനമാ സുക്കറണ്ണന്റെ ഫേസ്‌ബുക്ക്. അവിടെ വരുന്നവനെ ഒക്കെ നമ്മൾ പഞ്ചറാക്കും' 

'എടാ വിവരംകെട്ടവനെ, നീ ഈ ഫേസ്‌ബുക്കിൽ കിടന്ന് ഒണ്ടാകി ഒണ്ടാക്കി കാലാകാലങ്ങളായി വിവരമുള്ള തലമുറകൾ പടുത്തുയർത്തിയ മാനോം മര്യാദയും കളഞ്ഞുകുളിക്കണോ? ഈ കമന്റിട്ടവനെ തന്തക്ക് വിളിച്ച് നിന്റെ മതം അങ്ങ് കോമ്പത്തേതാണെന്നു സ്ഥാപിക്കും മുമ്പ് ഞാൻ പറയുന്ന ഒരു കാര്യം നിനക്ക് ചെയ്യാമോ?' 

ചായയടി ഒന്ന് നിർത്തി പിള്ള ബെഞ്ചിലിരുന്നു. തന്റെ മുന്നിൽ പ്രതിഷ്ഠിക്കപ്പെട്ട കാലിച്ചായ അണ്ണാക്കിലേക്കൂതി ഇറക്കി അമ്മാനു പിള്ളേച്ചന്റെ ചോദ്യം കേട്ട് പൊട്ടൻ ആനയെ കണ്ടപോലെ നോക്കിനിന്നു. 

'അതെന്താ പുള്ളേ? നിങ്ങൾ പറയാൻ പോകുന്ന കാര്യം? ദാണ്ടേ നമ്മുടെ പുണ്യപരിപാവന മതത്തിനുവേണ്ടി ഞാൻ എന്തുവേണേലും ചെയ്യും.. നിങ്ങൾ പറഞ്ഞാട്ട്' തന്റെ വിശ്വാസത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ പോന്ന പോരാളിയായി തീർന്ന അമ്മാനു പിള്ളയുടെ മുഖത്തേക്ക് വായും പൊളിച്ച് നോക്കി നിന്നു. 

'അതേ... മഹാഭാരത്തിന്റെ അവസാനഭാഗത്ത് മഹാപ്രസ്ഥാനിക പർവ്വം എന്നൊരു സംഭവം ഉണ്ട്. നീ അതൊന്ന് വായിച്ചിട്ട് വാ. എന്നിട്ട് നിന്റെ മതത്തിനുവേണ്ടിയുള്ള മദമിളക് നടത്ത്' 

'പിള്ളേച്ചാ.. നിങ്ങൾ ഒന്നുകൂടി പറഞ്ഞേ? മഹാപ്രസ്ഥാനമോ? അതെന്ത് കുന്തമാ? പുടികിട്ടുന്നില്ലല്ലോ? അല്ല ഞാൻ എന്തിനാ ഹിന്ദുക്കളുടെ സുനാപ്പി ഒക്കെപ്പോയി വായിക്കുന്നെ? മാനം മര്യാദയായിട്ട് ബൈബിൾ വായിക്കാൻ പറ്റുന്നില്ല.. പിന്നാ..' 

അതിന് പിള്ളേച്ചൻ ഒന്ന് ചിരിച്ചു. 'അതെ. മാനംമര്യാദക്ക് നീയൊക്കെ മതഗ്രന്ഥങ്ങൾ വായിക്കാത്തതിന്റെ കൊഴപ്പം നന്നായിട്ടുണ്ട്... നീ ഏതാണ്ട് നമ്പൂരി മുങ്ങി ക്രിസ്ത്യാനിയായന്നൊക്കെയല്ലേ തള്ളുന്നെ. വേണേൽ പോയി ഞാൻ പറഞ്ഞ മഹാപ്രസ്ഥാനിക പർവ്വം വായിച്ചിട്ടു വാ.. എന്നിട്ട് ബാക്കി പറയാം' 

അമ്മാനു ഒരു നിമിഷം ചിന്താവിഷ്ടയായ സീതയായി. ഫേസ്‌ബുക്കിൽ തനിക്ക് ആളാകാൻ പറ്റിയ കാര്യമാണ് പിള്ള പറയുന്നത്. എന്തോ കുന്തമായാലും വേണ്ടില്ല വായിച്ചു നോക്കിയേക്കാം' 

'എന്നാ പിള്ളേ.. നിങ്ങളുടെ ആ സംഭവം വായിച്ചിട്ട് തന്നെ കാര്യം. നോക്കിക്കോ നാളെ അമ്മാനൂ ഇവിടെ ഇതേ സമയത്ത് വന്ന് നിൽക്കും. അപ്പൊ കാണാം' 

ഇതും പറഞ്ഞ് അമ്മാനു വന്ന ഉശിരോടെ തന്നെ തിരികെ വിട്ടു. പിള്ളേച്ചൻ അടുത്ത കസ്റ്റമറെ സേവിക്കനായി ചായപാത്രം ഉയർത്തിയടി തുടരുകയും ചെയ്തു. 

അടുത്ത ദിവസം. 

പിള്ള തലേൽകെട്ട് മുറുക്കിയുടുത്ത് നിൽക്കുമ്പോളാണ് അമ്മാനു പ്രത്യക്ഷനായത്. കോൻ ബനേഗ കരോർപതി ജയിച്ചുവന്ന തലക്കനം ആ മുഖത്തുണ്ടായിരുന്നു. 

'ഹോ... പിള്ളേച്ചോ, സംഭവം കഴിഞ്ഞു. നമ്മുടെ അമ്പലത്തിലെ പോറ്റിയോടാ പോയി സംഭവം ഒപ്പിച്ചെ. വായിച്ചാൽ ഇതെങ്ങാണ്ട് മനസ്സിലാകുമോ? ഇതിയാനാ പിന്നെ കാര്യം വ്യക്തമായി പറഞ്ഞുതന്നെ...' 

അതുകേട്ട് പിള്ളേച്ചൻ ഒന്ന് ചിരിച്ചു. 'അന്നോ... എന്നാൽ പറഞ്ഞേ നീ എന്തുവാ പഠിച്ചെ?' 

അമ്മാനു ഒന്ന് നിവർന്നു. എന്നിട്ട് തുടർന്നു 'എന്ന് വച്ചാ..നമ്മുടെ പഞ്ചപാണ്ഡവന്മാർ രാജ്യഭരണം ഒക്കെ കഴിഞ്ഞ് അവരുടെ അവസാന യാത്ര ഇന്ത്യമൊത്തം കറങ്ങി സുമേരു പർവ്വതത്തിലേക്ക് പോയ സംഭവമല്ലിയോ?' 

'അതെ' പിള്ള ചിരിച്ചു. 

'ങാ... ഇവന്മാർ പോന്ന വഴിയിൽ ആണ്ടടാ ഒരു പട്ടിയും കൂടെക്കൂടി. പിന്നെ ദാണ്ടേ ഇങ്ങോട്ട് നോക്കിയേ.. ആ പോന്ന പോക്കിൽ പൊത്തടിയോന്നും പറഞ്ഞ് ഇവന്മാരുടെ പെണ്ണുമ്പുള്ള ദ്രൗപതി വീണു. പിന്നെ സഹദേവനും, നകുലനും, അർജുനനും എന്നുവേണ്ട പിള്ളേ, ഒള്ളത് പറയാലോ ഇവന്മാരിൽ അവസാനം സ്വർഗത്തെത്തിയത് ആരൊക്കെയാണെന്നാ വിചാരം?' 

'ങ്ങും.. പറ..' പിള്ളേച്ചൻ ഊറിയ ചിരിച്ചിരിച്ചു 

'എന്റെ പൊന്നോ... ദാണ്ടേ നമ്മുടെ യുധിഷ്ഠിരനും, ആ ചാവാലിപ്പട്ടിയും. എന്തൊരു കൂത്താണെന്ന് നോക്കിയേ. എനിക്കന്നേൽ ലവനെ പണ്ടേ അത്ര പിടുത്തമില്ല ചൂതുകളിച്ച് രാജ്യവും പെണ്ണുംപുള്ളേം എല്ലാം പണയം വച്ച മോനാ ഇതിയാൻ. പറഞ്ഞിട്ടെന്താ.. ധർമപുത്രരല്ലെ .. ധർമ്മപുത്രർ. ങാ.. പിള്ളേ, ഈ വഴിയിൽ അനിയന്മാർ എല്ലാം വീണതിന് കാരണമാ രസം' 

'എന്താ..'? 

'എല്ലാവന്റേയും തണ്ടും പൊണ്ണക്കാര്യവും. ഞാൻ വലിയ സംഭവമാണെന്നുള്ള വിചാരവും. പിന്നെ ആ പെങ്കൊച്ചിനെ തള്ളിയിട്ടത് അവൾ ഇച്ചിരി പക്ഷപാതം കാണിച്ചതുകൊണ്ടാ... അവൾക്കേ നമ്മുടെ അർജ്ജുനനോട് പ്രത്യേകം ഒരിത് ഉണ്ടായിരുന്നത്രേ .. ഏതാ, പ്രേമം..' 

ഇതും പറഞ്ഞ് ചന്തി ചൊറിഞ്ഞ് അമ്മാനു ചോദിച്ചു.. 'അല്ല പുള്ളേച്ചാ... നിങ്ങൾ എന്നെകൊണ്ട് ഈ കുന്ത്രാണ്ടം വായിപ്പിച്ചത് എന്തിനാ ?' 

പിള്ള തലയൊന്ന് മാന്തി 'അപ്പോൾ നിനക്ക് ഇത്രേം വായിച്ചിട്ടും കാര്യം പുടികിട്ടിയില്ലേ അമ്മാനു?' 

'പിടികിട്ടിയോന്ന് ചോദിച്ചാ... ഒരു പോക പോലാ... ഈ ലോകത്ത് തണ്ടും പൊണ്ണക്കാര്യവും ഒന്നും കാണിച്ചിട്ട് കാര്യമില്ല. എത്ര വലിയ വില്ലനാന്നേലും സ്വർഗത്ത് പോകത്തില്ലെന്ന്.. യേതാ' 

'അതെ.. ഇനി നീ പോയി ആ ലോത്തിന്റെ കഥ കൂടി വായിക്കണം.. നിന്റെ ബൈബിളിലെ പഴയനിയമത്തിലെ തിരിഞ്ഞുനോക്കാതെ ഓടുന്ന ഒരു ആശാനുണ്ടല്ലോ..' 

'ഏതാ .. നമ്മുടെ സൊദോം ഗോമോറാ കേസാണോ ?' 

'അതെ.. അതൂടെ നീ പോയി ഒന്ന് വായിച്ചിട്ടുവാ.. അപ്പോൾ നിനക്ക് ഫേസ്‌ബുക്കിൽ തകർക്കാം' 

കാര്യം ഇതൊക്കെ പറഞ്ഞാലും ലോത്തിന്റെ കഥ വിശാലമായി അമ്മാനു വായിച്ചിട്ടില്ലായിരുന്നു. ഫേസ്‌ബുക്കിൽ തന്റെ എതിരാളികളെ തകർക്കാനുള്ള വലിയ വടി കിട്ടുവാന്നേൽ ആകട്ടെ എന്ന ചിന്ത തള്ളിക്കേറി വന്നപ്പോൾ അമ്മാനു അമാന്തിച്ചില്ല. നേരെ പോയി പഴനിമയം കയ്യിലെടുത്തു. 

ലോകത്തെ ഏറ്റവും കൂറകളായ ആൾക്കാർ തിങ്ങിനിറഞ്ഞ സൊദോം ഗൊമോറ നഗരങ്ങളെ ദൈവം അഗ്‌നിയും ഗന്ധകവും വീഴ്‌ത്തി ചുട്ടുകരിച്ച് കളഞ്ഞ സംഭവം ഒന്നുകൂടി മനസ്സിരുത്തി വായിച്ചു. എന്നിട്ട് വൈകിട്ട് പിള്ളേച്ചന്റെ കടയിലെത്തി തടിബഞ്ചിൽ കാല് കേറ്റി ഒരു വെപ്പ്. പിന്നെ പറഞ്ഞു. 

'പിള്ളേച്ചാ.. കഴിഞ്ഞു' 

'കഴിഞ്ഞോ.. എന്നിട്ട്?' 

'എന്റെ പിള്ളേ. ഭൂലോകത്തിൽ ഇതുപോലെ തന്തക്ക് പിറക്കാത്തവന്മാർ ഉണ്ടായിരുന്നില്ലെന്നാ എന്റെ ഒരിത്. അതൊക്കെ വച്ച് നോക്കുമ്പോൾ നമ്മളൊക്കെ ദാണ്ടേ ഇങ്ങോട്ടു നോക്കിയേ... നമ്മൊളൊക്കെ ഒന്നുമല്ല പിള്ളേ.. ഒന്നുമല്ല' 

'ങാ... അത് ശരിയാ.. നീ പഠിച്ചത് എന്താണെന്ന് പറ അമ്മാനു' 

'അതോ... ഇവന്മാർ വേണ്ടാതീനം കാണിച്ച്, കാണിച്ച് അവസാനം കൊണമുള്ള ഒരുത്തനുണ്ടായിരുന്നു. നമ്മുടെ ലോത്ത്. അയാളോടും പിള്ളേരോടും നിങ്ങൾ പോയി രക്ഷപെട്ടോ എന്ന് ദൂതന്മാർ പറഞ്ഞു. അവർ ഒട്ടെടാ ഓട്ടം. തിരിഞ്ഞുനോക്കരുതെന്ന് പറഞ്ഞിട്ടും ആ പോക്കിലും ലോത്തിന്റെ കെട്ടിയോൾ എന്റെ പെമ്പ്രന്നോത്തിയെപ്പോലെ എന്താ അവിടെ സംഭവിക്കുന്നെ എന്നറിയാനുള്ള ആഗ്രഹം കൊണ്ട് ഒതുക്കത്തിൽ ഒരു നോട്ടം നോക്കി. ദൈവം തമ്പുരാനെല്ലിയോ മോൻ.. പറഞ്ഞാൽ കേൾക്കാത്തവളുമാരെ അങ്ങേർക്ക് പിടിക്കുവോ? അതുമാത്രമല്ല പണ്ട് ഹവ്വാ പെണ്ണുമ്പുള്ള അനുസരണക്കേട് കാട്ടി പാമ്പിനെ കൊണപെടുത്താൻ പോയി മുടിഞ്ഞ പാപം ചെയ്ത ഒരു കലിപ്പ് ദൈവംതമ്പുരാന്റെ ഉള്ളിൽ കെടപ്പുമുണ്ടായിരിക്കും. തിരിഞ്ഞു നോക്കിയ ലോത്തിന്റെ കെകെട്ടിയോൾ ആണ്ടെടാ.. ഉപ്പുതൂണായി നിൽക്കുന്നു!!' 

'അത് ശരിയാടാ അമ്മാനു, ആണുങ്ങൾ പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം അല്ലേലും നിന്റെം, എന്റേം പെണ്ണുമ്പുള്ളമാർക്കില്ലല്ലോ. തലവര എന്ന് പറഞ്ഞാൽ മതിയല്ലോ..എന്നിട്ട് നീ പറ' 

അമ്മാനു താടിക്ക് കൈ കൊടുത്ത് മൊബൈലിൽ നോക്കി ഒരിരിപ്പിരുന്നു. എന്നിട്ട് തുടർന്നു 'എന്തോ പറയാനാ എന്റെ പിള്ളേ... ഈ പാണ്ഡവന്മാരുടെ അവസാന യാത്രയും ലോത്തിന്റെ ജീവനെ പേടിച്ചുള്ള ഓട്ടവും ഓർക്കുമ്പൾ ചിരി വരുവാ. നമ്മൾ ഇവിടെക്കിടന്ന് അടിപിടി ഉണ്ടാക്കുവാ.. അവസാനം എന്തായിത്തീരുമോ എന്തോ.. രണ്ടും വായിച്ച് ചുമ്മാതിങ്ങനെ താടിക്ക് കൈ കൊടുത്ത് ഓഞ്ഞ ഇരിപ്പിരിക്കാനാ തോന്നുന്നെ' 

പിള്ളേച്ചൻ ഇതുകേട്ട് ഒറ്റച്ചിരി. എന്നിട്ട് അമ്മാനുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു. 

'എടാ അമ്മാനു, ഇതുവരെ വായിക്കാത്ത ഒരു സാധനം ഉണ്ടെന്നു കേട്ട്, മറ്റുള്ള മതക്കാർക്കിട്ട് പണിയാൻ നീ പോയി വായിച്ചത് മഹാഭാരതം. വീണ്ടും ഞാൻ പറഞ്ഞപ്പോൾ നീപോയി പൊക്കിനോക്കിയത് നീയും, മുസ്ലീങ്ങളും, യഹൂദന്മാരും വിശ്വസിക്കുന്ന ലോത്തിന്റെ കഥ. മനുഷ്യന്റെ പോക്രിത്തരത്തിന് ദൈവം അവന്മാരുടെ ഒക്കെ അണ്ണാക്കിലാപ്പടിച്ച് കത്തിച്ച് ചാമ്പലാക്കിയ നഗരങ്ങൾ. ഇന്ന് ആ സ്ഥലത്താ നമ്മുടെ മാനും മഞ്ചാതീം ഇല്ലാതെ കിടക്കുന്ന ചാവുകടൽ അറിയാമോ?' 

പിള്ള ഒന്ന് നിർത്തി. എന്നിട്ട് തുടർന്നു 'നാളെ ഞാൻ പോയി ഖുർആൻ വായിക്കാൻ പറഞ്ഞാലും നീ ഓടും. എന്തിനാ.. കണ്ടവന് പണികൊടുക്കാനുള്ള ആക്രാന്തം. എന്നിട്ട് നീ അതിലും വലിയ പണി മേടിച്ച് കെട്ടും' 

അമ്മാനു പിള്ളയുടെ മുഖത്ത് തന്നെ നോക്കിയിരിക്കുകയാണ്. 

'എടാ അമ്മാനു നീ ഈ ഫേസ്‌ബുക്കിൽ കിടന്ന് തേച്ച് തേച്ച് കളയുന്ന സമയം വല്ല നല്ലകാര്യത്തിനും ഉപയോഗിക്കരുതോ? നീയൊക്കെ ഇതിൽ കിടന്ന് അടിയുണ്ടാക്കുമ്പോൾ ലവന്മാർ കാശുണ്ടാക്കുവാ.. യേത്? സുക്കറണ്ണൻ. മോട്ടേന്ന് വിരിഞ്ഞപ്പോളേ ബിസ്സിനസ്സ് ബിസിനസ് എന്ന് പറഞ്ഞുനടക്കുന്ന പയ്യൻ. നീയൊക്കെ രാവും പകലും ശവക്കുഴി മാന്തി മാന്തി അവനൊക്കെ ഒണ്ടാക്കികൊട്.. നാണോം മാനോം ഉണ്ടോടാ നിനക്കൊക്കെ? ആരേലും പറയുന്നത് കേട്ട് എവിടെ വേണേലും ഓടും, എന്ത് വേണേലും വായിക്കും. അവനെ തന്തക്ക് വിളി എന്ന് പറഞ്ഞാൽ വിളിക്കും, ഇവനെ വിളി എന്ന് പറഞ്ഞാലും വിളിക്കും. എന്തിനാ..? നിന്റെയൊക്കെ അമ്മെകെട്ടിക്കാൻ മതവും കൊതവും നന്നാകാൻ...' 

'പിള്ളേച്ചാ.. സത്യം പറ.. നിങ്ങൾ നിരീശ്വരവാദിയാണോ?!' പിള്ളയുടെ ആഞ്ഞുകുത്തിയുള്ള നിൽപ്പുകണ്ടപ്പോൾ അമ്മാനുവിന് സംശയം മുളപൊട്ടി. 

'ഇതിലും ഭേദം അതാടാ അമ്മാനു. നിന്നെയൊക്കെ ആരൊക്കെയോ ഹൈജാക്ക് ചെയ്‌തേക്കുവാ.. അത് മതമായാലും, രാഷ്ട്രീയമായാലും. കണ്ട തെണ്ടികൾക്കൊക്കെ തലച്ചോറ് പണയം വച്ചിട്ട് വയറിന് അസുഖവും, അർശസും പിടിച്ച അവന്റെയൊക്കെ തീട്ടം വാരി തിന്നോണ്ട് നടക്കുവാ നീയൊക്കെ.. ഫൂ..' 

ഇതും പറഞ്ഞ് പിള്ള റോഡിലേക്ക് ആഞ്ഞൊരു തുപ്പും ആട്ടും വച്ചുകൊടുത്തു. 

'നീയൊക്കെ ഫേസ്‌ബുക്കിലും വാട്!സ്ആപ്പിലും കേറി കേറിക്കോ. എന്നാൽ അതിനകത്ത് കിടന്ന് ചന്തികൊണ്ട് നടത്തണ്ടത് വാകൊണ്ട് നടത്താതിരുന്നാ മതി, മനസ്സിലായോ?' 

ഇത് കേട്ടുകൊണ്ട് മണിസാർ അങ്ങോട്ട് കയറി വന്നു. അമ്മാനുവിന്റെ നത്തുളുക്കിയ ഇരിപ്പിരിക്കുന്നത് കണ്ട് ഒരു ചോദ്യവും ചോദിച്ചുകൊണ്ടാണ് വരവ്. 

'എന്താടാ അമ്മാനു, എന്ത് പറ്റി?' 

അമ്മാനു ആദിവാസിമൂപ്പൻ തീകായാൻ ഇരിക്കുന്ന ഇരിപ്പിൽ നിന്ന് ഒന്നിളകിയിരുന്നു. 

'ഓ.. ഈ പിള്ളേച്ചൻ എനിക്കിട്ടൊരു എട്ടിന്റെ പണി തന്നു സാറേ.. നാട്ടുകാർക്ക് ഫേസ്‌ബുക്കിൽ പണികൊടുക്കാനിരുന്ന എനിക്ക് ഇപ്പോൾ ഒരു വൈക്ലബ്യം. ഇതിപ്പോൾ ഒരുമാതിരി മറ്റേ ഇടപാടായിപോല്ലോ പിള്ളേ..' 

പിള്ള മാണിസാറിനായുള്ള ചായ നീട്ടിയടിക്കുമ്പോൾ തുടർന്നു. 

'അമ്മാനു നീ ഈ പ്രന്തൊക്കെ വിട്ട് നിന്റെ പണിചെയ്യ്. നിന്റെ കൊച്ച് വിശന്നു കീറുമ്പോൾ ഈ എന്തരവന്മാരൊന്നും കാണില്ല നിന്നെ സഹായിക്കാൻ. നീ നിന്റെ ദൈവത്തിനേം വിളിച്ച് മാനം മര്യാദക്ക് ജീവിക്ക്. നാളെ നീ ഒന്ന് വീണാൽ നിന്നെ പിടിക്കാൻ മതോം രാഷ്ട്രീയവും പറഞ്ഞ് എനിക്കോ ഈ മണിസാറിനോ മാറി നിക്കാനൊക്കുമോ? നീ ഉള്ളസമയത്ത് ആൾക്കാരെ പിണക്കാതെ നേരും നെറിയുമായി ജീവിക്കടാ ഉവ്വേ..' 

അപ്പോൾ മണിസാർ ഏറ്റുപിടിച്ചു. 'അത് ശരിയാ പിള്ളേ.. നമ്മുടെ ഗാന്ധിജങ്ഷനിൽ മതവും ജാതിയും, രാഷ്ട്രീയവും നമുക്ക് വേണ്ട. മനുഷ്യൻ മതി. എന്നിട്ട് പണ്ട് നമ്മുടെ കവി പാടിയ പാട്ടങ്ങ് പാടിക്കോ' 

അമ്മാനു മണിസാറിനെ ഒന്ന് നോക്കി. 'അതേതു പാട്ടാ സാറെ..?' 

'അതോ...' മണിസാർ ഒന്ന് ചിരിച്ചു. പിന്നെ പൊട്ടിച്ചിരിച്ചു. നാടകാന്തം കവിത്വം എന്ന പോലെ പിന്നെ ചിരിയുടെ അന്ത്യത്തിൽ ഇപ്രകാരം ഉരചെയ്തു. 

'കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ' 

അതുകണ്ട് ആ ചിരിയിൽ പിള്ളേച്ചനും അമ്മാനുവും കൂട്ടുചേർന്നു. 

ആ ചിരി കഴിഞ്ഞപ്പോളേക്കും അമ്മാനു തന്റെ ഫേസ്‌ബുക്കിലെ ചീത്തവിളി കമന്റുകൾ എല്ലാം ഡിലീറ്റ് ചെയ്തും കളഞ്ഞു. 

Read more topics: # literature,# short story,# oru facebook prashnam
literature,short story,oru facebook prashnam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES