അന്നും ഒരു കറുത്ത രാത്രി ആയിരുന്നു. അസാധാരണമായ ഒന്നും ഞാൻ പ്രതീക്ഷിക്കാത്ത രാതി. എന്നാൽ സാധാരണ ദിവസങ്ങളിൽ തന്നെയാണല്ലോ അസാധാരണമായതും സംഭവിക്കുന്നത്.
സെന്റ് ജൂഡ് പള്ളിയുടെ സെമിത്തേരി വിജനമായും, നിശബ്ധമായും ഇരുട്ടിന്റെ മൂടുപടം പുതച്ചും തന്നെ കിടന്നു. യക്ഷിക്കാവിലെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന പൊത്തുകൾനിറഞ്ഞ മരച്ചില്ലകളിൽ വാവലുകൾ പ്രേദക്ഷിണ മത്സരം മുറുക്കി. എന്റെ കാതിൽ ചീവീടുകളുടെ ശബ്ദം മാത്രം ബാക്കിയാക്കിയ രാത്രി.
ഞാൻ കൊച്ചേച്ചിയുടെ കരവലയത്തിൽ പറ്റിപ്പിടിച്ചു കിടന്നു. എന്റെ കയറുകട്ടിലിനു മേലെ, പുതപ്പിനുള്ളിൽ ആ സുരക്ഷിതത്വത്തിൽ കിടന്നുറങ്ങുന്നതിൽ കൂടുതൽ ഒന്നും ഈ അന്ധകാരത്തൽ എനിക്കില്ലതന്നെ. അമ്മയെപ്പോലെയുമുള്ള ആ ലാളനത്തിൽ, ശാസനത്തിൽ കിടന്ന് ഞാനറിയാതെ എപ്പോഴൊക്കെയോ ഞാൻ ഉറങ്ങിപ്പോകും.
കൊച്ചേച്ചി ധൈര്യശാലിയാണ്. രാത്രിയെ പേടി ഇല്ലാത്തവൾ ആണ്. ഞാനോ? പേടിത്തൂറി. രാത്രി വീണു കഴിഞ്ഞാൽ മൂത്രമൊഴിക്കാൻ പോലും അകമ്പടി വേണം. മുറ്റത്ത് സങ്കീർണ്ണമായ മൂത്രമൊഴി പ്രക്രിയക്കിടെ എപ്പോഴെങ്കിലും ഒരു കരിയില വീണ ശബ്ദം കേട്ടാൽ ഞാൻ സഡൻ ബ്രെക്കിട്ടു വീട്ടിനക്കത്തേക്ക് ഓടിക്കേറും. എന്നിട്ടു കൊച്ചേച്ചിയെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങും.
'ഡാ.... നീ ഉറങ്ങിയോ?......' കൊച്ചേച്ചി ചോദിച്ചു.
'ഇല്ല... എന്നതാ?'
'നാളെ അവർ വരും '
'ആര്?..'
'അവർ..'
'അവരോ..? അതാരാ ചേച്ചീ...?'
'അപ്പൊ നീ ഇന്ന് ഇവിടെ നടന്നതൊന്നും അറിഞ്ഞില്ലേ?'
'ഇല്ല... ഞാൻ സ്‌കൂളിൽനിന്നു വന്നപാടെ പശുവിനു പുല്ലുപറിക്കാനും, പന്തുകളിക്കാനും പോയില്ലേ..? എന്താ പറ..?'
'ഉം... പറയാം..'
കൊച്ചേച്ചി എന്നെ വരിഞ്ഞു മുറുക്കി. എന്റെ മുടിനീക്കി നെറ്റിയിൽ ഒരു മുത്തം തന്നു. ഞാനാകട്ടെ കാലെടുത്തുകൊച്ചേച്ചിയുടെ മേലെ വച്ചു . കഥകേൾക്കുമ്പോൾ ഒക്കെ ഞാൻ അങ്ങിനെയാണ്. കാല് പുറത്ത് കേറ്റി വച്ചില്ലേൽ ഒരു സുമാറില്ല .
'ഉം... പറ..' ഞാൻ മുരണ്ടു.
'നാളെ അവർ വരും. കൊച്ചീന്ന്. എന്നെ പെണ്ണു കാണാൻ....'
'വന്നിട്ട്?' എന്നിൽ ആകാംഷ നിറഞ്ഞു.
'ഇഷ്ടപെട്ടാൽ അവർ എന്നെ കെട്ടിക്കൊണ്ടു പോകുമെടാ...'
'നാളെ ത്തന്നെയോ?'
'ഹ.. ഹ..ഹ..... അതുകൊള്ളാം. അതിനൊക്കെ സമയം ഉണ്ട് ചെക്കാ.. ആലോചന, നിശ്ചയം, കല്യാണം..അങ്ങനെ, അങ്ങനെ..'
'അപ്പൊ... അപ്പൊ അവർ കൊച്ചേച്ചിയെ കൊണ്ടുപോകുമോ? അപ്പോൾ പിന്നെ എനിക്കരാ?? ഞാൻ ആരുടെകൂടെ കിടക്കും? എനിക്കാര് കഥപറഞ്ഞു തരും?'
നിശബ്ദത.....
എന്റെ ആകാംഷയും, ഉത്കണ്ഠയും, അത്ഭുതവും എവിടെയോ വേദനയായി മാറി. അത് കണ്ണീർ തുള്ളികളായി തുളുമ്പി നിന്നു. കൊച്ചേച്ചി ഇല്ലാത്ത ഒരു രാതി?! ആ ചൂട്, ആ കരുതൽ... എന്റെ നെഞ്ചിടിപ്പ് കൂടി. രാത്രി കറുത്തതാണെന്നും, യക്ഷികളും ഭൂതങ്ങളും സ്വൊര്യവിഹാരം നടത്തുന്നതാണെന്നും എനിക്കറിയാം.
കൊച്ചേച്ചി ഇല്ലാത്ത എന്റെ രാതി..! ഉള്ളിൽ തീയാളി..
'ഞാൻ ഉടനെയൊന്നും നിന്നെ വിട്ടു പോകില്ലെടാ.. അവർ ഒത്തിരി ദൂരത്ത് നിന്നാ വരുന്നേ. എനിക്കറിയാം, അപ്പനും അമ്മയും എന്നെ അത്ര ദൂരത്തേക്ക് അയക്കില്ലെന്ന്. അവർ വരട്ടെ. കാണട്ടെ.... പോകട്ടെ. അതാണ് അപ്പൻ ഇന്ന് പറഞ്ഞത്. നിന്റെ കൂടെ ഞാൻ ഉണ്ടാകും... പേടിക്കേണ്ട.'
എത്രനാൾ? എന്നെ താളം തട്ടിയുറക്കി കൊച്ചേച്ചി കിടന്നെങ്കിലും അതൊരു ചോദ്യമായി എന്നിൽ അവശേഷിച്ചു. ഒരിക്കൽ ഞാൻ ഏകനായി ഈ കിടക്കയിൽ കിടക്കേണ്ടി വരുന്നതിന്റെ ചോദ്യം.
നേരം വെളുത്തു. അവധി ദിവസം ആയതിനാൽ ഞങ്ങൾ കുട്ടികൾ പറമ്പിൽ നിന്നും മുറ്റത്തേക്ക് ചാഞ്ഞുനിൽക്കുന്ന വരിക്കപ്ലാവിന്റെ ചുവട്ടിൽ അയൽപക്കത്ത് നിന്ന് കടം വാങ്ങിയ 'പൂമ്പാറ്റ' യിൽ മുഴുകി ഇരിക്കുകയാണ്. കൊച്ചേച്ചിയാണ് വായിച്ച് തരുന്നത്. 'കലുലു വിന്റെ കൗശലങ്ങൾ' കലുലു എന്ന മുയലിന്റെ കൂർമ്മ ബുദ്ധിയിൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത് കൗതുകത്തോടെ കേട്ടിരുന്നു.
പെട്ടെന്ന് സെന്റ് ജൂഡ് പള്ളിയുടെ മുറ്റത്ത് ഒരു കാറിന്റെ ഹോണടി ഉയർന്നു വന്നു. ഞങ്ങളുടെ പഞ്ചായത്തു റോഡിൽ അംബാസിഡർ കാർ അപൂർവ്വജീവി ആയതിനാൽ ഞങ്ങൾ എഴുന്നേറ്റു നോക്കി. കപ്പച്ചെടികൾക്കിടയിലൂടെ വെളുത്ത അംബാസിഡർകാർ കാണാം. കാറിന്റെ എഞ്ചിന്റെ ശബ്ദം നിലച്ചു. മൂന്നു നാല് ആൾക്കാർ പുറത്തിറങ്ങി. അയൽപക്കത്തുള്ള ആരെങ്കിലും ഗൾഫിൽ നിന്നോ ബോംബയിൽ നിന്നോ വന്നോ? എന്നാൽ കാറിൽ നിന്നിറങ്ങിയ വെളുത്ത വസ്ത്രധാരികൾ കപ്പച്ചെടികൾക്കിടയിലൂടെ എന്റെ വീട്ടിലേക്ക് നടക്കുന്നത് കണ്ടപ്പോൾ തലേന്ന് രാത്രി കൊച്ചേച്ചി പറഞ്ഞത് ഒരു മിന്നായം പോലെ എന്റെ ഉള്ളിലൂടെ പാഞ്ഞു ! കൊച്ചീക്കാർ... ചേച്ചിയെ പെണ്ണ്കാണാൻ വരുന്നവർ
'നിങ്ങൾ ഇവിടിരുന്നു വായിക്ക്... ഞാനിപ്പോൾ വരാം...' ഇതും പറഞ്ഞിട്ട് പാവാടയിൽ പൊടിയും തട്ടി കൊച്ചേച്ചി വീടിന്റെ അടുക്കള ഭാഗത്തേക്കോടി. ഞാൻ അമ്പരപ്പ് മാറാതെ നോക്കിനിന്നു.
'കൊച്ചേച്ചിക്ക് എന്താ പറ്റിയെ ??' അനുജന് കാര്യം മനസ്സിലായില്ല.
'അവർ പെണ്ണുകാണാൻ വന്നതാടാ... അവർക്കിഷ്ടപെട്ടാൽ നമ്മുടെ കൊച്ചേച്ചിയെ അവർ കൊണ്ട് പോകും...കൊച്ചീക്ക്'
ഞാൻ പറഞ്ഞത് അവന് മനസ്സിലായില്ല എന്ന് തോന്നുന്നു. ഇവിടെ കലുലു കെണിയിൽ പെട്ട് കിടക്കുമ്പോളാ കൊച്ചീക്കാര്..! പിള്ളേർ വീണ്ടും പൂമ്പാറ്റയിലേക്ക് തിരിഞ്ഞു. അവർ കലുലുവിന്റെ ആകാംഷയിലാണ്.
എന്നാൽ എന്റെ ആകാംഷ വേറെയായിരുന്നു. പറമ്പിലെവിടെയോ ബട്ടൺ നഷ്ടപ്പെട്ട എന്റെ നിക്കറും വലിച്ചു കേറ്റി ഉടുത്ത് ഞാൻ മെല്ലെ അടുക്കള ഭാഗത്തേക്ക് നടന്നു.
അടുക്കളയിൽ നല്ല തിരക്കാണ്. പലപല പാത്രങ്ങളിൽ പലഹാരങ്ങൾ നിരന്നിരുന്നു. അമ്മ ഇതൊക്കെ ഞങ്ങളുടെ കണ്ണുകളും കൈകളും കാണാതെ എവിടെ ഒളിപ്പിച്ചിരുന്നു എന്ന് അത്ഭുതം തോന്നാതിരുന്നില്ല. എല്ലാ മുഖങ്ങളിലും ചിരി, ആഹ്ലാദം. എന്റെ മുഖത്തൊഴിച്ച്.
ആരും എന്നെ ശ്രെദ്ധിക്കുന്നേയില്ല. ഞാൻ അടുക്കളയും, ഊണുമുറിയും കടന്ന് തിണ്ണയിലേക്ക് എത്തി. കർട്ടൺവിടവിലൂടെ സാകൂതം നോക്കി. ചായ കുടി, സൊറപറച്ചിൽ, ചിരികൾ. കൊച്ചീക്കാർ...! ആദ്യമായിട്ട് കൊച്ചീക്കാരെ കാണുകയാണ്! കൊച്ചേച്ചി അവർക്ക് ചായ കൊടുക്കുന്നു. അതിൽ തലനരച്ച ഒരാൾ കൊച്ചേച്ചിയോട് എന്തോ ചോദിക്കുന്നു. ആ ചോദ്യം ചോദിച്ച ആളുടെ അടുത്ത് പുഞ്ചിരിയോടെ ചായ മൊത്തിക്കുടിക്കുന്ന തുടുത്ത കവിൾ ഉള്ള ആളായിരിക്കണം ആ കശ്മലൻ കൊച്ചേച്ചിയെ പിടിച്ചോണ്ട് പോകാൻ വന്നവൻ ! എന്റെ കാലിൻ തുമ്പത്തു നിന്ന് ഒരു പെരുപ്പ് കേറി വന്നു. ദേഷ്യമോ, സങ്കടമോ എന്താണെന്ന് എനിക്ക് തിട്ടമില്ല.
ആരും എന്നെ ശ്രെദ്ധിക്കുന്നില്ല. എല്ലാരും കൊച്ചീക്കാരുടെ പുറകെയാണ്. ഞാൻ മെല്ലെ പുറത്തിറങ്ങി. മുറ്റം കടന്നു, രാത്രിയിൽ വിടർന്ന മുല്ലചെടിയും, പകൽ പൂത്ത ചെമ്പരത്തിചെടിയും കടന്ന് തൊഴുത്തിനടുത്തെത്തി. തൊഴിത്തിന്റെ മണം എനിക്ക് പ്രിയപ്പെട്ടതാണ്. തുള്ളിച്ചാടുന്ന ആട്ടിൻ കുട്ടികളും, മൂരിക്കുട്ടനും അവരുടെ അമ്മമാരും. ആ കുഞ്ഞുങ്ങൾക്കുള്ള അമൃതാണല്ലോ അമ്മ പിഴിഞ്ഞെടുത്ത് നാട്ടുകാർക്ക് വിറ്റ് വീട്ടുകാര്യം നടത്തുന്നത്. പാവങ്ങൾ. തള്ളയുടെ മുല ഒന്ന് മണപ്പിച്ചിട്ട് മാറ്റി നിർത്തും. എല്ലാം പിഴിഞ്ഞെടുത്ത് വാവലു ചപ്പിയ കശുമാങ്ങാ പോലെയായ മുല പാവങ്ങൾക്ക് വിട്ടു കൊടുക്കും. എന്നും രാവിലെയും വൈകിട്ടും ഈ പാതകത്തിന് ഞാനും സാക്ഷിയാണ്. എന്റെ സാമീപ്യം അറിഞ്ഞ പശു മുരണ്ടു. ഞാൻ കെട്ടി വച്ചിരുന്ന പുല്ല് ഇത്തിരി അവൾക്ക് ഇട്ടു കൊടുത്ത് അവിടിരുന്നു. എന്നെ നോക്കി അവൾ നന്ദിയോടെ തലയിളക്കി. പകലും രാവും വിശ്രമം ഇല്ലാതെ ചുഴറ്റിക്കൊണ്ടിരുന്ന അവളുടെ വാലുപോലെ എന്റെ ചിന്തകളും പാഞ്ഞുകൊണ്ടേയിരുന്നു.
വീണ്ടും രാത്രി.
'ച്ചേച്ചീ...'
'ഉം '
'അവർക്ക് ചേച്ചിയെ ഇഷ്ടായോ?'
'ആ...' അലസത നിറഞ്ഞ ആ മറുപടി എനിക്ക് ഉത്തരമല്ലല്ലോ.
'കൊച്ചേച്ചി എന്നെ വിട്ടു പോവോ?....'
'അറിയില്ലെടാ.... ഇത്ര ദൂരെ എന്നെ പറഞ്ഞു വിടാൻ ആർക്കും ഇഷ്ടമില്ല എന്ന് തോന്നുന്നു.'
'എനിക്കും...'
ഞാൻ ഒന്ന് കൂടി പറ്റിച്ചുചേർന്നു. എന്റെ ശ്വസോഛ്വാസത്തിന്റെ താളം ക്രമത്തിലല്ലായിരുന്നു. കൊച്ചേച്ചിയുടെയും.
'എന്നെ വിട്ടിട്ടു പോല്ലേ കൊച്ചേച്ചീ..... എനിക്ക് പേടിയാ... ഞാൻ ഒറ്റക്ക് കിടന്നാൽ പേടിച്ച് കിടന്നുപെടുക്കും'
'അല്ലേൽ നീ കിടന്നു പെടുക്കാറില്ലേ...?
ആ ചോദ്യം എന്നെ നിശ്ശബ്ദനാക്കി കളഞ്ഞു. എന്റെ കൂട്ടുകാരെപ്പോലെ ഞാനും രാത്രികാലങ്ങളിൽ കിടക്കയിൽ മുള്ളും. അത് രാത്രിയിൽ കാണുന്ന സ്വപ്നങ്ങൾ കാരണമാ. സ്വപ്നത്തിൽ ഞങ്ങൾ കൂട്ടുകാർ പള്ളിപ്പറമ്പിലോ, സ്‌കൂൾ പരിസരത്തോ, മൈതാനത്തോ ഒക്കെ കളിക്കുകയായിരിക്കും. അപ്പോൾ ഏതെങ്കിലും ഒരുത്തൻ മുള്ളാൻ പോകും. കൂടെ എല്ലാവരും വരിവരിയായി നിന്ന് കാറ്റുംകൊണ്ട് കാര്യം സാധിക്കും. ഞാൻ മൂത്രം കൊണ്ട് എബിസിഡി വരയ്ക്കും. മനോജ് സ്വരാക്ഷരങ്ങളിലും, അജീഷ് വ്യഞ്ജനാക്ഷരങ്ങളിലും ആണ് കേമന്മാർ. കൊച്ചേച്ചിയുടെ നുള്ള് ചന്തിക്ക് അരിച്ച് കേറുമ്പോൾ ആയിരിക്കും മൈതാനത്തോ, സ്‌കൂൾ പറമ്പിലോ അല്ല കയറുകട്ടിലിൽ ആണ് മുള്ളിയത് എന്ന ബോധം വരുന്നത്. അത് പറഞ്ഞാണ് ഇപ്പോൾ എന്നെ ചേച്ചി നിശ്ശബ്ദനാക്കിയിരിക്കുന്നത്.
'അവർക്കിഷ്ടമായി എന്ന് തോന്നുന്നു...'
ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം കൊച്ചേച്ചി പറഞ്ഞത് ഞാൻ കേട്ടു. എന്നാൽ കേട്ടതായി നടിച്ചില്ല. അതൊരു സ്വപ്നം മാത്രം ആണെന്ന് കരുതാൻ ഞാൻ ആഗ്രഹിച്ചു. എന്നിൽ പേടി മാത്രം നിറഞ്ഞു നിന്നു.
ഒന്നും കുട്ടികളുടെ നിയന്ത്രണത്തിൽ അല്ല. മുതിർന്നവർ തീരുമാനിക്കുന്നു. എല്ലാവരും അനുസരിക്കുന്നു. കൊച്ചേച്ചിയും വിഭിന്നയല്ല. കവിൾ തുടുത്ത, ചുരുണ്ട മുടിയുള്ള, ഫോറിന്മണം പൂശിയ, വടിവൊത്ത പാന്റും, ഷർട്ടും ഇട്ട ആ കൊച്ചീക്കാരന് കൊച്ചേച്ചിയെ പിടിച്ചിരിക്കുന്നു! അങ്ങോട്ടും ഇങ്ങോട്ടും വരവ്‌പോക്കുകൾ നടന്നു. കല്യാണ നിശ്ചയവും നടന്നു. ഞങ്ങൾ കുട്ടികൾ, അബലവിഭാഗം, എല്ലാം കണ്ടു... എല്ലാം കേട്ടു. അത്ര മാത്രം.
അന്നൊരുദിവസം അതിരാവിലെ പള്ളിമുറ്റത്ത് അജന്തടൂറിസ്റ്റ് ബസ്സ് നിറഞ്ഞു. ബസ്സ് മുരണ്ട്, മുരണ്ട് മുന്നോട്ട് നീങ്ങി. കുട്ടികൾ എല്ലാം ടൂറിന് പോകുന്ന പ്രതീതിയിൽ ആണ്. ബസ്സിൽ ഇരിക്കുന്ന അപൂർവ്വം ചിലർ ഒഴികെ ആരും കൊച്ചി കണ്ടിട്ടില്ല. ഞങ്ങൾ കുട്ടികളിൽ ടൂറിസ്റ്റുബസ്സിൽ കയറിയവരും ചുരുക്കം. ബസ്സിനുള്ളിൽ ഉത്സവം പോലെ.
'ഐ ആം എ ഡിസ്‌ക്കോ ഡാൻസർ..... സിന്ധുഗീ മേരാ ഗാന...'
മുകളിൽ നിന്നെവിടുന്നോ പളപള തിളങ്ങുന്ന വസ്ത്രവുമായി, തലയിൽ കൊമ്പ് മുളച്ച പോലെ ഒരു കിരീടവും വച്ച് മിഥുൻ ചക്രവർത്തി പറന്നിറങ്ങി പാട്ടും ഡാൻസും തുടങ്ങി. എല്ലാവരുടെയും ആകർഷണം അജന്ത ബസ്സിലെ കളർ ടിവിയിൽ ആയി. കുട്ടികൾ കൈകൊട്ടി ചിരിച്ചു, കൈകൊണ്ട് വിസിലടിച്ചു. എങ്ങും മേളം. എന്നാൽ ഞാൻ പുറത്ത് ഓടിയകന്നുപോകുന്ന മരങ്ങളെയും, വീടുകളെയും, പാടശേഖരങ്ങളെയും നോക്കിയങ്ങനെയിരുന്നു.
കൊച്ചേച്ചിയെ എനിക്ക് നഷ്ടപ്പെടാൻ പോകുന്നു ഇന്ന് ! ഈ ദിവസം !
കൊച്ചി
തോപ്പുംപടി... രവിപുരം... എം.ജി റോഡ്... മഹാരാജാസ് കോളേജ് ... സുബാഷ് പാർക്ക്... ബോർഡുകൾ ഒന്നൊന്നായി ഞാൻ വായിച്ചുകൊണ്ടേയിരുന്നു . അവസാനം ബോട്ടുജെട്ടി എന്ന സ്ഥലത്തെത്തിയപ്പോൾ വണ്ടി നിന്നു. എല്ലാവരും പുറത്തിറങ്ങി.
'സെന്റ് മേരിസ് ചർച്ച്, എറണാകുളം'. ഞാൻ ബോർഡ് നോക്കിനിന്നു. എല്ലാവരും പള്ളിയാങ്കണത്തിലേക്ക് നടക്കുകയാണ്. പിന്നാലെ വന്ന അംബാസിഡർ കാറിൽ നിന്ന് ഛർദിച്ച് അവശയായ കൊച്ചേച്ചി ഇറങ്ങി. ഇളം ചന്ദന നിറത്തിലുള്ള സാരി. തലയിൽ മുത്ത് പതിപ്പിച്ച കിരീടം. ശരിക്കും ഒരു ദേവതയെപോലെ.
പള്ളി നിറയെ ആൾക്കൂട്ടം. കോട്ടും, സ്യൂട്ടും ധരിച്ചവരെ കണ്ട് എനിക്ക് ചിരിവന്നു. അവരുടെ പൊതിഞ്ഞുകെട്ടലുകൾക്കുള്ളിൽ നിന്നും വമിക്കുന്ന വിദേശ സുഗന്ധം എന്റെ മൂക്കിന് താങ്ങാവുന്നതല്ല. ചുവന്ന മന്ത്രകോടി, കല്യാണമോതിരം, മാല.... എന്റെ കണ്ണുകൾ മൊത്തം പള്ളിക്കകം കയറിയിറങ്ങി. എനിക്കും ഓക്കാനം വന്നു. ഞാൻ ആൾക്കൂട്ടത്തിനിടയിലൂടെ പള്ളിക്ക് പുറത്തേക്ക് നടന്നു. ഫോറിൻ സ്‌പ്രേയുടെ ദുർഗന്ധത്തിൽ നിന്ന് പുറത്തെ ശുദ്ധവായു അല്പം ശ്വസിക്കാമല്ലോ. പുറത്തിത്തിറങ്ങിയപ്പോൾ അതിലും കഷ്ടം.. ഓടയുടെ മണം. എങ്കിലും ഇത് തന്നെ ഭേദം എന്ന് കരുതി ഞാൻ മുറ്റത്ത് ചുറ്റിക്കറങ്ങി.
കല്യാണം കഴിഞ്ഞു. സദ്യമേളം കഴിഞ്ഞു. ചടങ്ങുകൾ ഒക്കെ കഴിഞ്ഞു. അജന്താ ബസ്സ് തിരികെ യാത്രയായി. വണ്ടിയുടെ ക്‌ളീനർ ഏതോ മലയാളം സിനിമയുടെ വിഡിയോ കാസറ്റ് ഇട്ടു. വെട്ടി, വെട്ടി അത് കളിക്കാൻ തുടങ്ങി. ഞാൻ കണ്ണടച്ചിരുന്നു. ആ ഇരുപ്പ് ഉണർന്നത് വീടിനു പടിക്കൽ വണ്ടി നിർത്തിയപ്പോൾ ആണ്.
വീണ്ടും രാത്രി.
ഉത്സവം കഴിഞ്ഞ പറമ്പുപോലെ ബന്ധുക്കൾ ഒക്കെ യാത്രപറഞ്ഞു പോയി. ഒരേയൊരാൾ മാത്രം അധികമായി വീട്ടിൽ ഉണ്ടായിരുന്നു. അതാ കൊച്ചീക്കാരൻ ആയിരുന്നു. കൊച്ചേച്ചിയെ കല്യാണം കഴിച്ച ആ തുടുത്ത കവിളുകൾ ഉള്ള, ചുരുണ്ട മുടിക്കാരൻ. എന്റെ അളിയൻ. ഞാൻ അയാളിൽ നിന്ന് മാറി, മാറി നടന്നു. എനിക്ക് ആരെയും കാണണ്ട. എന്റെ മനസ്സ് നിറയെ അയാളോട് വെറുപ്പായിരുന്നു.
എന്നാൽ വീട്ടിൽ എല്ലാവരും എന്നെപ്പോലെ ആയിരുന്നില്ല. വീട്ടുകാർ എല്ലാം അയാളെ മഞ്ചലിൽ ഏറ്റി നടക്കുകയാണ്. കാണാത്തതും കേൾക്കാത്തതും ആയ വിഭവങ്ങൾ അയാൾക്ക് വേണ്ടി തീന്മേശയിൽ നിരന്നു. ഞാൻ കൊച്ചേച്ചിയെ സൂക്ഷമായി നിരീക്ഷിച്ചു. ഇന്നലെ വരെ എന്റെ കൂടെയുണ്ടായിരുന്ന ആളല്ല ഇപ്പോൾ അവർ. എല്ലാത്തിനും കാര്യഗൗരവം. പരകായപ്രേവേശം നടത്തിയപോലെ.
അന്ന് രാത്രി എന്റെ മുറിയിൽ നിന്ന് കൊച്ചേച്ചിയുടെ സ്ഥാപരജംഗമ വസ്തുക്കൾ എല്ലാം മാറ്റപ്പെട്ടു, കയറുകട്ടിലും, പായും, തലയിണയും, എന്റെ പുതപ്പും ഞാനും മാത്രം ബാക്കിയായി.
'നിനക്ക് കിടക്കാൻ പേടിയുണ്ടോ?...' അമ്മയാണ്. ഞാൻ ഒന്നും മിണ്ടിയില്ല. തല കുമ്പിട്ടു നിന്നു.
'നിനക്കെന്താ? സുഖമില്ലേ?..... പോയി കിടക്ക്. രാതി കട്ടിലിൽ കിടന്നു പെടുത്തേക്കരുത്, പറഞ്ഞേക്കാം'
രാത്രി. വീണ്ടും രാത്രി. ഞാൻ ഒറ്റയ്ക്കായ രാത്രി. ഞാൻ തലയിണ അമർത്തി പിടിച്ച് കിടന്നു. കൊച്ചേച്ചിയുടെ കൂട്ടില്ലാതെ, കാച്ചെണ്ണ ചാർത്തിയ തലമുടിയുടെ ഗന്ധം ഇല്ലാതെ, കഥകൾ ഇല്ലാതെ .... പിന്നെ ആ കരവാലയത്തിനുള്ളിലെ സുരക്ഷയില്ലാതെ.
ഉറക്കം വരുന്നില്ല. ജനൽ തുറന്നിട്ടാൽ നല്ല കാറ്റ് പുറത്ത് നിന്ന് വരും. വേണ്ട. പുറത്ത് അലഞ്ഞു നടക്കുന്ന ഭൂതവും പ്രേതവും അകത്ത് കേറി വരും.
ഞാൻ വിതുമ്പി. 'കൊച്ചേച്ചീ...' എന്റെ വായിൽ നിന്ന് അറിയാതെ വാക്കുകൾ പുറത്ത് ചാടി. തലയിണ നനഞ്ഞു. അതിലെ പഞ്ഞിക്കെട്ട് എന്റെ കണ്ണീർ ഒപ്പിയെടുത്തു. എന്നെ വിറക്കാൻ തുടങ്ങി, എവിടെയോ ഷോക്കടിച്ചപോലെ. എന്റെ കണ്ണിൽ ചൂട് നിറഞ്ഞു. ഞാൻ പുതപ്പ് വാരിപ്പുതച്ചു. മൂക്കിലൂടെ ജലകണങ്ങൾ ഊർന്നിറങ്ങാൻ തുടങ്ങി. ഞാൻ വിതുമ്പി. നഷ്ടപ്പെടലിന്റെ ആഴം എത്രയാണെന്ന് ഞാൻ അന്നറിഞ്ഞു. സെന്റ് ജൂഡ് പള്ളിയിലെ സെമിത്തേരിയിൽ കഴിഞ്ഞ ആഴ്ചയിൽ അകാലചരമം പ്രാപിച്ച മൃദദേഹത്തിനു മുമ്പിൽ ആൾക്കാർ അലമുറയിട്ടു നിലവിളിച്ചപോലെ കരയാൻ എനിക്ക് തോന്നിപ്പോയി. ഞാൻ മുഖം തലയിണയിൽ അമർത്തി എനിക്കുപോലും മനസ്സിലാകാത്ത ഏതോ ഭാഷയിൽ വിതുമ്പിക്കൊണ്ടിരുന്നു.
നഷ്ടപെട്ടത് എനിക്കാണ്. എനിക്ക് മാത്രം. ഒരിക്കലും തിരിച്ചു കിട്ടാത്തനഷ്ടപ്പെടൽ. യുദ്ധം തുടങ്ങും മുമ്പ് തോറ്റുപോയ പോരാളിയായിപ്പോയി ഞാൻ.
വീണ്ടും നേരം വെളുത്തു. പക്ഷെ അത് എനിക്ക് വേണ്ടിയായിരുന്നില്ല. അത് ആ കൊച്ചീക്കാരന് വേണ്ടി മാത്രമായിരുന്നു.
അന്ന് കൊച്ചേച്ചിയെ തൊഴുത്തിനടുത്ത് വച്ച് ഒറ്റയ്ക്ക് കിട്ടിയപ്പോൾഞാൻ ചോദിച്ചു.
'എന്നെ വിട്ടു പോകുന്നതിൽ കൊച്ചേച്ചിക്ക് ഒട്ടും വിഷമം ഇല്ലേ?'
കൊച്ചേച്ചി ഒന്നും മിണ്ടാതെ കുറേനേരം നിന്നു. മുറ്റത്ത് ചാട്ടമത്സരം നടത്തുന്ന അണ്ണാറക്കണ്ണന്മാരിലോ, അങ്ങ് ദൂരെ പാടത്ത് മേയുന്ന കാലിക്കൂട്ടങ്ങളിലോ അല്ല ആ നോട്ടം എന്ന് എനിക്കറിയാം.
'ഇനിയൊരിക്കലും എനിക്ക് കൊച്ചേച്ചിയുടെ കൂടെ കിടക്കാൻ പറ്റൂല്ല അല്ലേ ??'
ആ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു. അതിനുത്തരം എന്നെ വാരിപ്പുണർന്നുള്ള ഒരു വിതുമ്പൽ മാത്രമായിരുന്നു. ആ ചൂട്, ആ ഗന്ധം, ആ സ്പർശം എന്റെ ഏങ്ങലടി കൂട്ടി.
പള്ളിമുറ്റത്ത് അംബാസിഡർ കാർ വന്നു നിന്നു. ചിലർ ചിരിക്കുന്നു. ചില മുഖങ്ങളിൽ വിഷാദം തളംകെട്ടി നിൽക്കുന്നു. കൊച്ചേച്ചിയുടെ ഭർത്തവ്, എന്റെ അളിയൻ എല്ലാവരോടും കുശലം പറഞ്ഞും, ചിരിച്ചും നടക്കുന്നു. അയാൾക്ക് ചിരിക്കാം. എന്റെ നഷ്ടം അയാൾക്ക് നേട്ടം ആണല്ലോ. അയാളുടെ ഫോറിൻ സ്‌പ്രേയുടെ മണം എനിക്ക് വെറുപ്പായിരുന്നു. എന്നെ എപ്പോ കണ്ടാലും പിടിച്ചു കൂടെ നിർത്തും. എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കും. പക്ഷെ ഒരു വാക്കിലോ, നിശ്ശബ്ദതയോ ഒക്കെ മറുപടി കൊടുത്ത് ഞാൻ ഒഴിഞ്ഞു മാറി നിന്നു.
ഓ .. ഒരു കൊച്ചീക്കാരൻ !. അയാളുടെ ഫോറിൻസ്‌പ്രെയേക്കാൾ എന്ത് നല്ലതാണ് ഞങ്ങളുടെ തൊഴുത്തിലെ മണം!
എന്തൊക്കെയോ ചടങ്ങുകൾ കാർന്നവന്മാരുടെ കാർമ്മിത്വത്തിൽ നടന്നു. ചേച്ചിമാർ വിതുമ്പുന്നു. കൊച്ചേച്ചി നിലവിളിക്കുന്നു. ആരും ഒന്നും പറയുന്നില്ല. ആരും എതിർത്തില്ല. അവസാനം ആ കശ്മലൻ കൊച്ചീക്കാരൻ എന്റെ കൊച്ചേച്ചിയെ അംബാസിഡർ കാറിൽ കയറ്റിക്കൊണ്ടങ്ങു പോയി
പള്ളിമുറ്റത്ത് നിന്ന് നിരാശയോ നഷ്ടബോധമോ തലയ്ക്കെടുത്തുവച്ച് ഞങ്ങൾ തിരികെ നടന്നു. പക്ഷെ എല്ലാവരുടെയും നഷ്ടബോധം നൈമിഷികം ആയിരുന്നു. വീട്ടിലെ അവസാന പെൺകുട്ടിയെയും വിവാഹം കഴിച്ച് അയച്ചതിന്റെ സന്തോഷം അപ്പന്റെയും അമ്മയുടെയും മുഖത്ത് ഞാൻ കണ്ടു.
നഷ്ടം എനിക്ക് മാത്രം ആയിരുന്നല്ലോ. എന്റെ കയറുകട്ടിലിനായിരുന്നല്ലോ. എന്റെ തലയിണക്കും പുതപ്പിനും മാത്രം ആയിരുന്നല്ലോ. ഞങ്ങൾക്ക് നഷ്ടമായത് ഒന്നല്ല, ഒരായിരങ്ങൾ ആയിരുന്നു.
ഞാൻ ഉറങ്ങാനായി അന്നും കണ്ണുകൾ അടച്ചു, ഉറക്കം വരില്ല. ഞാൻ ചിരിക്കനായ് ചുണ്ടുകൾ വിടർത്തി, എന്നാൽ കരച്ചിൽ അതനുവദിച്ചില്ല. മറക്കാനായി ഞാൻ ശ്രെമിച്ചു ഓർമ്മകൾ അതനുവദിച്ചതുമില്ല.
എന്റെ തലയിണയിലെ ഉപ്പു രസത്തിന്റെ കടുപ്പം കൂടിക്കൊണ്ടേയിരുന്നു. അപ്പോളും ഞാൻ എന്തൊക്കെയോ, എങ്ങനെയൊക്കെയോ ആഗ്രഹിച്ചു പോയി.
കൊച്ചേച്ചിയുടെ കരച്ചിൽ നിന്നേക്കാം. എന്റെ വിതുമ്പലും നിലച്ചേക്കാം. ഇനിയൊരു പകൽ തെളിമാനം പോലെ ഞാനും ചിരിച്ചേക്കാം. എന്നാലും ... എന്നാലും... നഷ്ടപ്പെടലുകൾ എന്നും നഷ്ടപെടലുകൾ തന്നെയാണ്.