കൊച്ചിയില്‍ വീണ്ടും മഴയാണ്, വെള്ളക്കെട്ടും. ഓരോ വര്‍ഷം കഴിയുംതോറും മഴയും വെള്ളക്കെട്ടും മൂലം കൊച്ചിയിലെ ജനജീവിതം സ്തംഭിക്കുന്ന ദിവസങ്ങള്‍ കൂടി വരുന്നു. ഇതുകൊച്ചിയുടെ മാത്രം കഥയല്ല. മുംബൈയും ബാങ്കോക്കും വെനീസും ഉള്‍പ്പടെ തീരദേശങ്ങളിലുള്ള നഗരങ്ങളെല്ലാം വെള്ളക്കെട്ടിന്റെ കെടുതികള്‍ അനുഭവിക്കുന്നുണ്ട്. പക്ഷെ നമ്മള്‍ കണ്ടതൊന്നുമല്ല കഥ, കാര്യങ്ങള്‍ ഇനിയും വഷളാകുമെന്നാണ് ശാസ്ത്രം പറയുന്നത്. ലോകത്തെ തീരദേശങ്ങളില്‍ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ ഇന്നലെ ഒരു റിപ്പോര്‍ട്ടായി വന്നിട്ടുണ്ട്.
'FLOODED FUTURE' എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്. Climate Central എന്ന സ്ഥാപനമാണ് ഏറ്റവും പുതിയ ഉപഗ്രഹചിത്രങ്ങളെയും കാലാവസ്ഥാ വ്യതിയാന പ്രവചനങ്ങളേയും ആസ്പദമാക്കി നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് നടത്തിയ പഠനങ്ങളെക്കാള്‍ കൃത്യത ഉള്ളതാണ് ഈ റിപ്പോര്‍ട്ടിലെ പ്രവചനങ്ങള്‍. കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയില്‍ പോയാല്‍ 2050 ആകുന്‌പോഴേക്കും മുപ്പത് കോടി ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ സ്ഥിരം വെള്ളക്കെട്ടിനടിയിലാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതിന് മുന്‍പത്തെ കണക്കുകളനുസരിച്ച് ഇത് ഏഴു കോടി ആയിരുന്നു. ഇന്ത്യയില്‍ ഇങ്ങനെ വെള്ളം കയറാന്‍ പോകുന്ന പ്രദേശത്ത് ജീവിക്കുന്നവരുടെ എണ്ണം മൂന്നര കോടി ആയിരിക്കുമെന്നാണ് പഠനം പറയുന്നത് (ഇതിന് മുന്‍പത്തെ കണക്കുകള്‍ പറഞ്ഞത് ഇത് 50 ലക്ഷം ആയിരിക്കുമെന്നാണ്).
2050 ല്‍ ഒരു ദിവസം നാലുകോടി ആളുകള്‍ വെള്ളത്തിനടിയിലാകുക എന്നതല്ല സംഭവിക്കാന്‍ പോകുന്നത്. ക്രമേണ തീവ്ര മഴയും വെള്ളക്കെട്ടും പതിവാകുന്നതോടെ ആളുകള്‍ എന്തെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ അവലംബിച്ചു തുടങ്ങും, സര്‍ക്കാരുകളും. ആദ്യമൊക്കെ തറയുടെ നിരപ്പുയര്‍ത്തി, പിന്നീട് കാലുകളില്‍ വീടുകള്‍ പണിത്, റോഡുകള്‍ ഉയര്‍ത്തി, ബണ്ടുകള്‍ ഉണ്ടാക്കി, വെള്ളം പന്പ് ചെയ്തു കളഞ്ഞ് ഒക്കെ പ്രതിസന്ധി നേരിടാന്‍ ശ്രമിക്കും. കാരണം, താമസിക്കുന്ന സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വലിയ ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കുക എന്നത് സര്‍ക്കാരിനും എളുപ്പമല്ല. അതുകൊണ്ട് സര്‍ജറി വേണ്ട രോഗത്തിന് ബാന്‍ഡ് എയ്ഡ് ഒട്ടിച്ച് പരിഹരിക്കാനാകും ആദ്യം ശ്രമിക്കുക.
എന്നാല്‍ പ്രകൃതിയുമായുള്ള ഈ യുദ്ധം ചെറുത്ത് നില്‍ക്കാന്‍ മനുഷ്യന്റെ ചെറിയ പ്രയത്‌നം മതിയാവില്ല. കാലാവസ്ഥാ വ്യതിയാനത്താല്‍ സമുദ്രനിരപ്പ് ഉയരുകയും മഴ കൂടുതല്‍ സാന്ദ്രതയില്‍ പെയ്യുകയും ചെയ്യുന്‌പോള്‍ തീരദേശത്ത് വെള്ളക്കെട്ടും പ്രളയവും പതിവാകും. കടലില്‍ രൂപമെടുക്കുന്ന ചുഴലികളുടെ എണ്ണവും സാന്ദ്രതയും കൂടുമെന്നും മുന്‍പ് പരിചയമില്ലാത്ത പ്രദേശങ്ങളില്‍ കാറ്റ് ഉണ്ടാകുമെന്നും ഐ പി സി സി റിപ്പോര്‍ട്ടില്‍ പണ്ടേ പറഞ്ഞിട്ടുണ്ട് (IPCC- Special report on extreme events, 2012).
നമ്മുടെ തീരപ്രദേശങ്ങളുടേയും തീരദേശ നഗരങ്ങളുടേയും സ്ഥലവിനിയോഗ പ്ലാനുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ പുനര്‍ ചിന്തിച്ചേ മതിയാകൂ. ഇതിന് വലിയ സ്വകാര്യ നഷ്ടങ്ങളുണ്ടാകും, സര്‍ക്കാരിന് പോലും ഇതത്ര എളുപ്പമാകില്ല. പക്ഷെ വേറൊരു പ്രതിവിധിയില്ലാത്തതിനാല്‍ എത്ര വേഗത്തില്‍ നമ്മള്‍ ഈ തീരുമാനത്തില്‍ എത്തുന്നുവോ അത്രയും നല്ലത്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അത്യാവശ്യമായ കാര്യങ്ങള്‍ ഉടന്‍ ചെയ്യേണ്ടി വരും. അതിനോടൊപ്പം തന്നെ മാറുന്ന കാലാവസ്ഥയില്‍ നഗരത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആളുകളെ മനസ്സിലാക്കണം. അതിനനുസരിച്ചു കൈക്കൊള്ളേണ്ട നടപടികള്‍ ചിന്തിച്ച് ഇപ്പഴേ സമയവും പണവും മാറ്റിവെച്ചു തുടങ്ങണം. 2050 അങ്ങ് ദൂരെയാണെന്ന് തോന്നാം. നമ്മള്‍ 2020 ന്റെ പടിവാതിലില്‍ എത്തിക്കഴിഞ്ഞു. ഇവിടെ നിന്നും 2050 ലേക്കുള്ള ദൂരം 1990 ല്‍ നിന്നും 2020 ലേക്കുള്ള അതേ ദൂരമാണ് എന്നോര്‍ക്കുക. 1990 ലെ കാര്യങ്ങള്‍ നമ്മള്‍ വളരെ കൃത്യമായി ഇന്നലത്തെ പോലെ ഓര്‍ക്കുന്നു. അത്രയും സമയത്തിനകം 2050 ഉം നമ്മുടെ മുന്നിലെത്തും.
ക്ലൈമറ്റ് സെന്‍ട്രലിന്റെ മോഡല്‍ അനുസരിച്ച് കേരളത്തില്‍ മൂന്നു പ്രദേശങ്ങളിലാണ് അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടാകാന്‍ പോകുന്നത്.
1. കുട്ടനാടും ചുറ്റുമുള്ള പ്രദേശങ്ങളും - ഈ പ്രദേശം ഏതാണ്ട് പൂര്‍ണ്ണമായും സ്ഥിരമായ വെള്ളക്കെട്ടിലാകും എന്നാണ് പഠനം പറയുന്നത്. കുട്ടനാടിന്റെ ഭാവി ബണ്ടുകെട്ടി സംരക്ഷിക്കാവുന്ന ഒന്നല്ല.
2. എറണാകുളവും പരിസര പ്രദേശങ്ങളും - ജന സാന്ദ്രത ഏറെയായതിനാല്‍ കുട്ടനാടിനേക്കാള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാവുന്നത് എറണാകുളവും പരിസരപ്രദേശങ്ങളും ആയിരിക്കും.
3. മണ്‍റോ ദ്വീപ് - മണ്‍റോ തുരുത്തില്‍ കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ മോഡല്‍ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. കടല്‍ത്തീരത്ത് അല്ലാത്തതിനാലും വളരെ ചെറിയ പ്രദേശമായതിനാലും ഇത് മോഡലിന്റെ ശ്രദ്ധയില്‍ വരില്ല എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ക്ലൈമറ്റ് സെന്‍ട്രലിന്റെ മോഡല്‍ ആഗോളമായതും നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയതുമാണ്. മുന്‍പ് കേട്ടിട്ടുള്ള വാര്‍ത്തകള്‍ വെച്ചുണ്ടാക്കിയതല്ല. അതുകൊണ്ടാണ് ഈ മോഡലിനെ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും.
കേരളത്തിലെ തീരദേശ സ്ഥലവിനിയോഗത്തെ പറ്റി നടക്കുന്ന ചര്‍ച്ചകളിലും, കേരളത്തിലെ തീരദേശത്ത് വ്യക്തികളും സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും നടത്താന്‍ പോകുന്ന നിക്ഷേപങ്ങളുടെ കാര്യത്തിലും ഈ പഠനഫലങ്ങള്‍ കണക്കിലെടുക്കേണ്ടതാണ്.
2050 ല്‍ വെള്ളം കയറാന്‍ പോകുന്ന സ്ഥലങ്ങളായ കുട്ടനാട്, മണ്‍റോ തുരുത്ത്, എറണാകുളം തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രവചനങ്ങളാണ് ചിത്രത്തില്‍. ചുവപ്പില്‍ കാണിച്ചിരിക്കുന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും എന്നല്ല, സ്ഥിരം വെള്ളക്കെട്ട് ഉണ്ടായി സാധാരണഗതിയിലുള്ള ജനജീവിതം അസാധ്യമാകും എന്ന തരത്തിലാണ് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത്.
റിപ്പോര്‍ട്ടിന്റെ കോപ്പി https://climatecentral.org/pdfs/2019CoastalDEMReport.pdf
നിങ്ങളുടെ താമസസ്ഥലത്തെ ബാധിക്കുമോ എന്ന് പരിശോധിക്കാന്‍ - https://.ly/2Pwij15