അടുത്ത ആഴ്ച, അതായത് മാര്‍ച്ച് പതിനൊന്നിന്, കോവിഡിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം തികയും. കാര്യം 2020 ജനുവരിയില്‍ തന്നെ കേരളത്തില്‍ ഒന്നാമത്തെ കൊറോണ കേസ് എത്തിയെങ്കിലും കേസുകളുടെ എണ്ണം ക്രമാനുഗതമായി കൂടിത്തുടങ്ങിയത് മാര്‍ച്ചിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലായിരുന്നു. അതോടെ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ ഭയക്കാന്‍ തുടങ്ങി. കേരളത്തില്‍ നിന്ന് കര്‍ണ്ണാടകത്തിലേക്കുള്ള വഴികള്‍ മണ്ണിട്ട് അടച്ച സാഹചര്യം പോലും ഉണ്ടായി.
പിന്നീടുള്ള മാസങ്ങളില്‍ നാം കണ്ടതുകൊറോണ കേസുകളുടെ വളര്‍ച്ചയെ കേരളം വളരെ ഫലപ്രദമായി തടയുന്നതാണ്. ജനുവരി 30 ന് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത കേരളം ആയിരം കേസുകള്‍ എത്തിയത് മെയ് 27 നാണ്. അപ്പോഴേക്കും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേസുകള്‍ പതിനായിരം കടന്നിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മാത്രമല്ല ലോകത്തെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ വരെ കോവിഡ് നിയന്ത്രണത്തിന്റെ 'കേരള മോഡല്‍' ശ്രദ്ധിക്കുന്ന കാലം വന്നു. ബി ബി സിയും വാഷിങ്ടണ്‍ പോസ്റ്റും കേരളത്തെ തേടിയെത്തി.
എന്നാല്‍ 2021 ല്‍ നാം കണ്ടത് കുറച്ചു വ്യത്യസ്തമായ ചിത്രമാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ കൊറോണ കുറഞ്ഞു വന്നു, കേരളത്തിലാകട്ടെ ആ കുറവ് മറ്റു സംസ്ഥാനങ്ങളിലേതു പോലെ ഉണ്ടായതുമില്ല. ഫെബ്രുവരി ആയതോടെ ഒരിക്കല്‍ കൂടി രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ കേസുകളുള്ള സംസ്ഥാനമായി കേരളം മാറി. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും നിബന്ധനകളും വീണ്ടും ഉണ്ടായി. കേരളത്തില്‍ കോവിഡ് കേസുകള്‍ എത്തിയ അന്ന് മുതല്‍ ഇന്ന് വരെ രോഗത്തിന്റെ വ്യാപനം, ആരോഗ്യപരവും മറ്റു തരത്തിലുമുള്ള പ്രത്യാഘാതങ്ങള്‍, മഹാമാരിയെ സര്‍ക്കാരും സമൂഹവും കൈകാര്യം ചെയ്ത രീതി ഇതൊക്കെ തൊട്ടടുത്ത് നിന്നും നോക്കിക്കണ്ട ഒരാളെന്ന നിലയില്‍ കേരളം കോവിഡ് കൈകാര്യം ചെയ്തതിനെ ഞാന്‍ ഇങ്ങനെയാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.
നമ്മുടെ തലമുറ കൈകാര്യം ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും വ്യാപകവും ഗുരുതരവും ആയ ഒരു പ്രതിസന്ധിയായിരുന്നു കോവിഡ്. ഇത് ലോകത്തെ എല്ലാ രാജ്യങ്ങളേയും ബാധിച്ചു. ഇന്നത്തെ കണക്കനുസരിച്ച് പതിനൊന്നു കോടി ആളുകള്‍ കോവിഡ് ബാധിതരായി. ഇരുപത്തി അഞ്ചു ലക്ഷം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു.
ഇതൊരു ആരോഗ്യ പ്രതിസന്ധി മാത്രമായിരുന്നില്ല. സാമ്ബത്തിക രംഗത്തെയും തൊഴില്‍ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും എടുത്തുലച്ചു, കോവിഡ്. ഇതിന് മുന്‍പ് ഇത്ര വ്യാപകമായും വേഗത്തിലും ഒരു വെല്ലുവിളി നമ്മുടെ നേരെ വന്നിട്ടില്ലാത്തതിനാല്‍ ലോകത്ത് ഒരു രാജ്യത്തിനും സമൂഹത്തിനും അത് കൈകാര്യം ചെയ്യാനുള്ള മുന്‍പരിചയം ഉണ്ടായിരുന്നില്ല. ഓരോരുത്തരും അവരുടെ അറിവും കഴിവും ഉപയോഗിച്ച് അതിനെ നേരിട്ടു.
കൊറോണയെപ്പറ്റി എഴുതി തുടങ്ങിയ സമയം മുതല്‍ ഞാന്‍ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. കോവിഡ് ഒരു നൂറു മീറ്റര്‍ ഓട്ടമല്ല, മാരത്തോണ്‍ ആണ് എന്ന്. അതുകൊണ്ട് തന്നെ കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് പ്രതിദിന കേസുകളുടെ എണ്ണം വെച്ച് വിലയിരുത്തുന്നതില്‍ കാര്യമില്ല. ഇതൊരു ഓട്ട മത്സരവുമല്ല വിജയികളെ നിര്‍ണ്ണയിക്കാന്‍. ഓരോ സ്ഥലത്തും കോവിഡിന്റെ വ്യാപനവും പ്രതിരോധവും ഓരോ തരത്തിലാണ്. അതില്‍ നമ്മുടെ നിയന്ത്രണത്തില്‍ ഉള്ള കാര്യങ്ങളും നമുക്ക് അറിയാവുന്ന കാര്യങ്ങളും, നമ്മുടെ നിയന്ത്രണത്തില്‍ ഇല്ലാത്തതും നമുക്ക് അറിയാത്തതും ആയ കാര്യങ്ങളും ഉണ്ട്. ഇതിന്റെ ആകെ പ്രതിഫലനമാണ് കേസുകളുടെ എണ്ണവും മരണ സംഖ്യയുമായി പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ ഒരു സ്ഥലത്തെ കേസുകളുടെയോ മരണത്തിന്റെയോ കണക്ക് മറ്റൊരു സ്ഥലവുമായി താരതമ്യം ചെയ്ത് നമ്മള്‍ മെച്ചമോ മോശമോ എന്ന് അഭിപ്രായപ്പെടുന്നതില്‍ കാര്യമില്ല. നമുക്ക് അറിയാവുന്ന കാര്യങ്ങളില്‍ നമുക്ക് നിയന്ത്രിക്കാവുന്ന കാര്യത്തില്‍ നമ്മള്‍ വേണ്ട സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുത്തോ എന്നതാണ് പ്രധാനം.
ഇക്കാര്യത്തില്‍ നമ്മുടെ മത്സരം നമ്മളോട് തന്നെയാണ്. കേരളം കൊറോണയെ കൈകാര്യം ചെയ്തതില്‍ ഞാന്‍ ശ്രദ്ധിച്ച പ്രധാന കാര്യങ്ങള്‍ ഇവിടെ പറയാം.
1. കേരളത്തില്‍ കൊറോണക്കേസുള്‍ പ്രതിദിനം 11755 വന്ന ദിവസവും (ഒക്ടോബര്‍ 10, 2020) മൊത്തം ആക്റ്റീവ് കേസുകള്‍ 97,417 ഉണ്ടായ ദിവസവും (ഒക്ടോബര്‍ 24) ഉണ്ട്. എന്നാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറം ആക്റ്റീവ് കേസുകള്‍ ഉണ്ടായ ഒരു ദിവസം പോലും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടില്ല. ഇതേ കേസുകള്‍ ആറുമാസം മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ അത്തരം ഒരു സാഹചര്യം ഉണ്ടാകുമായിരുന്നു, മരണ നിരക്ക് ഏറെ ഉയരുമായിരുന്നു. കേസുകള്‍ വര്‍ധിക്കുന്നതനുസരിച്ച് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉണ്ടാക്കുക, സ്വകാര്യ മേഖലയിലെ ചികിത്സാസൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക എന്നീ കൃത്യമായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് എടുത്ത് ലഭ്യമായ ചികിത്സ സംവിധാനങ്ങളുടെ എണ്ണം ഉയര്‍ത്തിയതുകൊണ്ടാണ് ഇത് സാധ്യമായത്.
2. കേരളത്തിലെ ആരോഗ്യ സംവിധാനവും ഡോക്ടര്‍മാര്‍ മുതല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വരെ ഈ വിഷയം കൈകാര്യം ചെയ്ത രീതിയുമാണ് ഞാന്‍ ശ്രദ്ധിച്ച അടുത്ത കാര്യം. രോഗത്തിന്റെ ആദ്യ കാലത്ത് നമ്മുടെ ടെസ്റ്റിങ് സൗകര്യങ്ങള്‍ മുതല്‍ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ വരെ പരിമിതമായിരുന്നു. രോഗത്തെപ്പറ്റിയുള്ള അറിവ് ആയി വരുന്നതേ ഉള്ളൂ. എന്നിട്ടും തികച്ചും ആത്മവിശ്വാസത്തോടെയാണ് നമ്മുടെ ആരോഗ്യ രംഗത്തെ പ്രൊഫഷണലുകള്‍ ഈ മഹാമാരിയെ നേരിട്ടത്. ഏറെ മാനസിക സംഘര്‍ഷത്തിന്റെയും അമിത ജോലി ഭാരത്തിന്റെയും കാലഘട്ടം ആയിരുന്നെങ്കിലും ആരോഗ്യ രംഗത്ത് നിന്നുള്ളവരുടെ ആത്മഹത്യ കഥകള്‍ ഒന്നും നാം ഈ കാലത്ത് കേട്ടില്ല. ഇതൊരു ചെറിയ കാര്യമല്ല. ആരോഗ്യ രംഗത്ത് പ്രവൃത്തിക്കുന്ന എന്റെ സുഹൃത്തുക്കളോട് ഞാന്‍ അന്ന് മുതല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അവരുടെ പ്രൊഫഷണല്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, പില്‍ക്കാലത്ത് അവര്‍ അഭിമാനത്തോടെ ഓര്‍ക്കാന്‍ പോകുന്ന കാലമാണ് അവര്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന്.
3. ലോകത്തെവിടെയും കൊറോണക്കേസുകള്‍ അതിവേഗത്തില്‍ കൂടിയ 2020 ന്റെ ഒന്നാം പാദത്തില്‍ കേരളത്തില്‍ കേസുകള്‍ വളരെ കുറവായിരുന്നു. ഇക്കാലത്ത് ലോകത്തെവിടെയും ഡോക്ടര്‍മാര്‍ കോവിഡ് മൂലമുള്ള മരണങ്ങള്‍ കുറക്കാനുള്ള തന്ത്രങ്ങള്‍ പഠിക്കുകയായായിരുന്നു. മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും നമ്മുടെ ഡോക്ടര്‍മാര്‍ക്ക് പഠിക്കാന്‍ സാധിച്ചതിനാല്‍ കേരളത്തിലെ കേസുകള്‍ കൂടി വന്നപ്പോഴും മരണ നിരക്ക് കുറച്ചു നിര്‍ത്താന്‍ നമുക്ക് സാധിച്ചു. 2021 ജനുവരിക്ക് ശേഷം കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടും മരണങ്ങളുടെ എണ്ണം കുറഞ്ഞു തന്നെ വരുന്നു എന്നത് നാം ശ്രദ്ധിക്കണം.
4. കോവിഡ് കാലത്ത് ആരോഗ്യ സംവിധാനത്തിന്റെ ശ്രദ്ധ മുഴുവന്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിലേക്കായതിനാല്‍ മറ്റു രോഗങ്ങളെയും രോഗികളെയും വേണ്ടത്ര ശ്രദ്ധിക്കാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടാകാമായിരുന്നു. ലോകത്ത് അനവധി പ്രദേശങ്ങളില്‍ കോവിഡ് മരണങ്ങള്‍ക്കും അപ്പുറം കോവിഡ് കാലത്ത് (2020 ല്‍) 2019 നെ അപേക്ഷിച്ച് മൊത്തം മരണസംഖ്യ കൂടുതല്‍ ആയിരുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്, അത് സ്വാഭാവികവും ആണല്ലോ. പക്ഷെ കേരളത്തില്‍ സ്ഥിതി മറിച്ചായിരുന്നു. 2020 ല്‍ കേരളത്തില്‍ മൊത്തം മരിച്ചവരുടെ എണ്ണം 234,536 ആയിരുന്നു, അതില്‍ 3072 പേര്‍ കൊറോണ കാരണം മരിച്ചതാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. കോവിഡ് ഇല്ലാതിരുന്ന 2019 ല്‍ കേരളത്തില്‍ മൊത്തം മരിച്ചവരുടെ എണ്ണം 263,901 ആണ്. അതായത് 2019 നേക്കാള്‍ 29,365 മരണങ്ങളുടെ കുറവ്. മറ്റു സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കണക്കുകള്‍ വരുന്നതേ ഉള്ളൂ. 'എക്‌സസ് ഡെത്ത്' എന്ന പേരില്‍ ഇനിയുള്ള കാലത്ത് ലോകത്ത് വലിയ ചര്‍ച്ചയാകാന്‍ പോകുന്ന ഒരു കണക്കാണിത്. നോക്കി വെച്ചോളൂ.
5. കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് നാം കാലാകാലമായി നടത്തിയിട്ടുള്ള നിക്ഷേപങ്ങള്‍ പലിശ സഹിതം തിരിച്ചു കിട്ടിയ കാലമായിരുന്നു 2020. കൊറോണയുടെ തുടക്ക കാലത്ത് എല്ലാ കൊറോണക്കേസുകളും കൈകാര്യം ചെയ്തിരുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ ആയിരുന്നു. ഇപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ പോകുവാന്‍ അനുവാദം ഉണ്ടെങ്കിലും ആര്‍ക്കു വേണമെങ്കിലും സര്‍ക്കാര്‍ സംവിധാനത്തില്‍ പോകാനുള്ള സൗകര്യവുമുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ കോവിഡ് ബാധിച്ച പത്തുലക്ഷം പേരില്‍ ഒരാള്‍ക്ക് പോലും കോവിഡ് രോഗം ഒരു സാന്പത്തിക ബാധ്യത ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല, കോവിഡ് ബാധിച്ചാല്‍ സാന്പത്തികമായി ബാധ്യത ഉണ്ടാകുമോ എന്ന മാനസിക വിഷമം പോലും കേരളത്തില്‍ 333 ലക്ഷം പേരില്‍ ഒരാള്‍ക്ക് പോലും ഉണ്ടായില്ല താനും. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പത്ത് ശതമാനം പേരില്‍ പോലും എത്തിയിട്ടില്ലാത്ത ഒരു സംസ്ഥാനത്ത് ഇതൊരു നിസ്സാര കാര്യമല്ല.
6. ആരോഗ്യ രംഗത്തിന് പുറത്തും എന്നെ അതിശയിപ്പിച്ച കാര്യങ്ങള്‍ ഉണ്ടായി. കോവിഡ് കാലം സാന്പത്തിക വെല്ലുവിളികളുടേതായിരുന്നു. ലോകമെന്പാടും സാന്പത്തിക ഞെരുക്കം ഉണ്ടായി, അനവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു, തൊഴില്‍ നഷ്ടപ്പെട്ടവര്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായി. പക്ഷെ ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ആവശ്യമുള്ള എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാനുള്ള സംവിധാനം ആയിരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി ഉണ്ടാക്കിയതിലൂടെ നാട്ടുകാരോ, അന്യ സംസ്ഥാനക്കാരോ, ജോലി ഇല്ലാത്തവരോ നഷ്ടപ്പെട്ടവരോ ആയ ഒരാളും ഒരു നേരം പോലും പട്ടിണി കിടക്കുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടായില്ല. ലോക്ക് ഡൗണിന്റെ ആദ്യ ദിവസം തന്നെ കേരളത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇരുപത്തി നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും പത്ര സമ്മേളനം നടത്തുന്‌പോഴേക്ക് തൊള്ളായിരത്തിലധികം കമ്മ്യൂണിറ്റി കിച്ചനുകള്‍ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരുന്നു !
7. കോവിഡ് കാലം തുടങ്ങിയത് മുതല്‍ ഈ വിഷയത്തിന് ശക്തവും പ്രകടവും ആയ നേതൃത്വം ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയിരുന്നു. സര്‍ക്കാരിന് അകത്തും പുറത്തുമുള്ള വിദഗ്ദ്ധരുടെ അഭിപ്രായം സ്വീകരിക്കുന്നതില്‍ അവര്‍ മടി കാണിച്ചില്ല. പൊതുവില്‍ പറഞ്ഞാല്‍ ശരിയായ ശാസ്ത്ര തത്വങ്ങള്‍ അനുസരിച്ചാണ് ഓരോ ഘട്ടത്തിലും തീരുമാനങ്ങള്‍ എടുക്കപ്പെട്ടത്. അതേ സമയം ചില സാഹചര്യങ്ങളില്‍ വിദഗ്ദ്ധാഭിപ്രായങ്ങള്‍ക്ക് എതിരായ തീരുമാനങ്ങളും സര്‍ക്കാര്‍ എടുത്തു. പരീക്ഷ നടത്തിപ്പുകള്‍ അതില്‍ പ്രധാനമാണ്. കേരളത്തിലെ പരീക്ഷാക്കാലമായ മാര്‍ച്ചിലാണ് കൊറോണപ്പേടി മൂര്‍ദ്ധന്യത്തിലായതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതും. ആ സമയത്ത് കേരളത്തിലെ ഏറ്റവും സുപ്രധാനമായ എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുമോ എന്ന ചിന്ത ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും മനോവിഷമം ഉണ്ടാക്കി. ഭൂരിഭാഗം ആളുകളുടെയും വിദഗ്ദ്ധരുടെയും നിര്‍ദ്ദേശത്തിനെതിരായി പരീക്ഷകള്‍ നടത്താനും കുട്ടികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാനുമുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തു. കോവിഡ് കാലത്ത് ആരോഗ്യ വിദഗ്ദ്ധരുടെ ഉപദേശമാണ് അവസാന വാക്ക് എന്ന് പലപ്പോഴും തോന്നുമെങ്കിലും, ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം ആരോഗ്യ കാര്യങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഉദാഹരണത്തിന് പരീക്ഷ നടത്തിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ഉണ്ടാകുമല്ലോ എന്ന ഒറ്റ ചിന്തയാണ് ആരോഗ്യ വിദഗ്ദ്ധര്‍ക്ക് ഉണ്ടാവുക. അതൊഴിവാക്കാന്‍ മറ്റെന്തു നഷ്ടവും അംഗീകരിക്കാം എന്ന് അവര്‍ക്ക് തോന്നും. പക്ഷെ ഭരണാധികാരികള്‍ക്ക് സമൂഹത്തിന്റെ മൊത്തം താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. അത്തരം അവശ്യഘട്ടത്തില്‍ വിദഗ്ദ്ധാഭിപ്രായത്തിന് എതിരായി റിസ്‌ക്ക് എടുക്കുക എന്നത് കൂടി മികച്ച നേതൃത്വത്തിന്റെ ലക്ഷണമാണ്.
8. കൊറോണക്കാലം തുടങ്ങിയ അന്ന് മുതല്‍ സ്ഥിരമായി മാധ്യമങ്ങളെ കണ്ട് മഹാമാരിയെപ്പറ്റി അറിയാവുന്ന വിഷയങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇവയൊക്കെ മുഖ്യമന്ത്രി നേരിട്ടാണ് ജനങ്ങളെ അറിയിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഒരു കാര്യത്തിലും ആളുകള്‍ക്ക് വിവരങ്ങള്‍ കിട്ടാതിരിക്കുകയോ കിട്ടുന്ന വിവരങ്ങളില്‍ അവ്യക്തതയോ ഉണ്ടായിരുന്നില്ല.
9. കേരളത്തിലെ ആരോഗ്യ വകുപ്പാണ് കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മുന്നിട്ട് നിന്നതെങ്കിലും കോവിഡ് പ്രതിരോധം എന്നത് ഒരു 'whole of Government' പരിപാടി തന്നെയായിരുന്നു. പൊലീസ്, റെവന്യൂ, സര്‍ക്കാരിലും പുറത്തുമുള്ള അദ്ധ്യാപകര്‍, സിവില്‍ സപ്ലൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സംസ്ഥാന ഭരണം, പഞ്ചായത്ത് തലം എന്നീ വകുപ്പുകള്‍ ഇത്രമാത്രം ഒരുമയോടെ ഏകലക്ഷ്യത്തിന് വേണ്ടി പരിശ്രമിച്ച ഒരു കാലം 2018 ലെ പ്രളയ ദിവസങ്ങളിലല്ലാതെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
10. കോവിഡ് പ്രതിരോധം ഒരു സര്‍ക്കാര്‍ പരിപാടി മാത്രമായിരുന്നില്ല, 'whole of osciety' പദ്ധതിയും ആയിരുന്നു. കോവിഡ് വളണ്ടിയര്‍ ആയി രജിസ്റ്റര്‍ ചെയ്ത ലക്ഷക്കണക്കിന് യുവജനങ്ങള്‍ മുതല്‍ കേരളത്തില്‍ പാല്‍ മുതല്‍ പച്ചക്കറിക്ക് വരെ യാതൊരു ക്ഷാമവും ഇല്ല എന്നുറപ്പു വരുത്തിയ കച്ചവടക്കാര്‍ വരെയുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് കേരളത്തിലെ ജന ജീവിതം കൊറോണക്കാലത്തും വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് കൊണ്ടുപോയത്.
ഇതിന്റെ അര്‍ത്ഥം കേരളത്തില്‍ കോവിഡ് കൈകാര്യം ചെയ്ത എല്ലാ രീതികളും നൂറുശതമാനം ശരിയാണ് എന്നല്ല. മുന്‍പ് പറഞ്ഞത് പോലെ പ്രത്യേകിച്ച് ഒരു ബ്ലൂ പ്രിന്റും ഇല്ലാതെയാണ് ഓരോ സമൂഹവും കോവിഡിനെ നേരിട്ടത്. ഒരേ സമയം പ്രശ്‌നത്തില്‍ ഇടപെടുകയും അതിനെ പഠിക്കുകയും ചെയ്യേണ്ട സാഹചര്യമാണ് എല്ലാവര്‍ക്കും ഉണ്ടായത്. കേരളം മറ്റു സംസ്ഥാനങ്ങളും സമൂഹങ്ങളുമായി എങ്ങനെ താരതമ്യപ്പെടുന്നു, കേരളം കൊറോണ കൈകാര്യം ചെയ്തതില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ തല്‍ക്കാലം അഭിപ്രായം പറയുന്നില്ല. രോഗബാധക്കും മരണത്തിനും മരണ നിരക്കിനും അപ്പുറം വിവിധ പ്രദേശങ്ങളെ താരതമ്യം ചെയ്യാനുള്ള കണക്കുകള്‍ ഒന്നും ഇപ്പോള്‍ ലഭ്യമല്ല, 'എക്‌സെസ് ഡെത്ത്' ഉള്‍പ്പടെ. അതൊക്കെ വരും കാലങ്ങളില്‍ പുറത്ത് വരും, താരതമ്യ പഠനങ്ങള്‍ അപ്പോള്‍ ആകാം.
തിരഞ്ഞെടുപ്പ് വരുന്നു. ഇപ്പോള്‍ താഴേക്ക് വരുന്ന രോഗവ്യാപന നിരക്ക് ഒരിക്കല്‍ കൂടി കൂടിയേക്കാം. വാക്‌സിന്‍ കിട്ടിത്തുടങ്ങിയതുകൊണ്ട് ഭയാശങ്കകള്‍ കുറഞ്ഞിട്ടുമുണ്ട്. ഏതാണെങ്കിലും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കുള്ളില്‍ രോഗികളുടെ എണ്ണം നില നിര്‍ത്തുക എന്ന ഏറ്റവും അടിസ്ഥാനമായ കോവിഡ് പ്രതിരോധ ലക്ഷ്യത്തില്‍ നാം എല്ലാ സമയത്തും വിജയിച്ചു. ഇനി വരുന്നത് മരത്തോണിന്റെ അവസാന ലാപ്പ് ആണ്, അവിടെയും നാം വിജയിക്കുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഈ വിജയം നമ്മുടെ സമൂഹത്തിന്റെ മൊത്തം വിജയമാണ്. അതുകൊണ്ട് തന്നെ നമുക്കെല്ലാവര്‍ക്കും സന്തോഷിക്കാന്‍ വകയുമുണ്ട്.