മു സ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണയും വനിതകളുണ്ടാവാന്‍ സാധ്യതയില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ആ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വളരെ ഖേദകരം എന്ന് മാത്രമേ പറയാനുള്ളൂ. രണ്ടര പതിറ്റാണ്ട് മുമ്ബ് ഖമറുന്നിസ അന്‍വറിനെ കോഴിക്കോട്ട് നിന്ന് മത്സരിപ്പിച്ച ലീഗ് അതിനു ശേഷം ഒരൊറ്റ വനിതക്കും നിയമസഭയിലേക്ക് മത്സരിക്കാനുള്ള അവസരം നല്‍കിയിട്ടില്ല. ഇത്തവണ ലീഗിന്റെ ഒന്നോ രണ്ടോ വനിതാ പ്രതിനിധികള്‍ നിയമസഭയിലുണ്ടാകുമെന്ന് പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പല പേരുകളും ഉയര്‍ന്നു വന്നിരുന്നു. പക്ഷേ സമസ്ത ഇടഞ്ഞെന്നാണ് വാര്‍ത്തകള്‍. അവര്‍ താക്കീത് ചെയ്തത്രേ.. വനിതകള്‍ പാടില്ല എന്ന്.. അവര്‍ പൊതുരംഗത്ത് ഉണ്ടാകരുത് എന്ന്..
അപ്പോള്‍ പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും മുസ്ലിം വനിതകള്‍ മത്സരിച്ചതോ?.. അത് പൊതുരംഗമല്ലേ?.. അവിടെ സമസ്തയുടെ ഇസ്ലാം ഉണ്ടായിരുന്നില്ലേ?. പഞ്ചായത്തിന് ഒരു നിയമവും നിയമസഭക്ക് വേറൊരു നിയമവുമാണോ സമസ്തയുടെ ഇസ്ലാമില്‍.
ഇത്തരം അസംബന്ധ തിട്ടൂരങ്ങള്‍ക്ക് ഒരു ജനാധിപത്യ മതേതര രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി വഴങ്ങിക്കൊടുക്കുക എന്ന് വച്ചാല്‍ സ്വന്തം സമുദായത്തിലെ പാതിയിലധികം വരുന്ന ഒരു വിഭാഗത്തിന്റെ അസ്തിത്വം തന്നെ നിഷേധിക്കുക എന്നാണര്‍ത്ഥം. സമുദായം ഒരുപാട് മാറിക്കഴിഞ്ഞു എന്ന് സമസ്തയും ലീഗും മനസ്സിലാക്കണം. പെണ്‍കുട്ടികള്‍ക്ക് ഭൗതിക വിദ്യഭ്യാസം പാടില്ലെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നുമൊക്കെ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്നൊക്കെ മുസ്ലിം സമൂഹത്തിലെ പെണ്‍കുട്ടികള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. ഇന്ന് അവര്‍ എത്തിപ്പിടിക്കാത്ത മേഖലകളില്ല, അവര്‍ ചെന്നെത്താത്ത കലാശാലകളില്ല, ശാസ്ത്ര രംഗമില്ല, എല്ലായിടത്തും മുസ്ലിം വനിതകളുടെ പ്രതിനിധ്യമുണ്ട്.
എന്തിനധികം മുസ്ലിം രാജ്യങ്ങളിലെ പാര്‍ലിമെന്റുകളില്‍ പോലും വനിതകളുടെ പ്രാതിനിധ്യം ഇന്ന് വളരെക്കൂടുതലാണ്. സൗദി അറേബ്യയിലെ അസ്സംബ്ലിയായ ശൂറ കൗണ്‍സിലില്‍ നൂറ്റമ്ബത് മെമ്ബര്‍മാരുണ്ട്, അതില്‍ മുപ്പത് പേര് വനിതകളാണ്. അതായത് ഇരുപത് ശതമാനം. പല രാജ്യങ്ങളിലെയും പാര്‍ലിമെന്റുകളിലെ വനിതാ പ്രതിനിധ്യത്തേക്കാള്‍ കൂടുതലാണ് ഇത് എന്നോര്‍ക്കുക.
അറബ് ശാസ്ത്രരംഗത്ത് ആവേശം വിതറിയ യുഎഇയുടെ ചൊവ്വാ ദൗത്യത്തിന് നേതൃത്വം നല്‍കിയത് മുപ്പത്തിനാല് വയസ്സുള്ള ഒരു വനിതയാണ്. സാറ അല്‍ അമീരി. അവര്‍ തന്നെയാണ് യു.എ.ഇയുടെ അഡ്വാന്‍സഡ് ടെക്നോളജി വകുപ്പിന്റെ മന്ത്രിയും. ഭൂമിയിലെ പൊതുരംഗത്ത് മാത്രമല്ല, ആകാശത്തെ 'പൊതുരംഗത്തും' മുസ്ലിം വനിതകള്‍ തിളങ്ങുകയാണ് എന്നര്‍ത്ഥം. അങ്ങനെയൊരു കാലത്തിരുന്നു കൊണ്ടാണ് കേരളത്തിലെ നിയമസഭയില്‍ ഒരൊറ്റ മുസ്ലിം വനിതയും ഉണ്ടാകരുതെന്ന് സമസ്തയും ലീഗും തീരുമാനിക്കുന്നതെങ്കില്‍ കൂടുതലൊന്നും പറയാനില്ല.
പക്ഷേ ഒരു കാര്യം ഓര്‍ക്കുക, നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ സമുദായം മുന്നോട്ടാണ് പോകുന്നത്. പിറകോട്ടല്ല, അതിനെ പിടിച്ചു കെട്ടാന്‍ ഒരു സമസ്തക്കും ഒരു ലീഗിനും കഴിയില്ല. ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകളില്‍ കൂടി സീറ്റ് കൊടുക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. പക്ഷേ നിങ്ങളേയും നിങ്ങളുടെ പാര്‍ട്ടിയെയും തട്ടിമാറ്റിക്കൊണ്ട് ഈ സമുദായവും ഈ സമുദായത്തിലെ സ്ത്രീകളും മുന്നോട്ട് പോകും.
സ്ത്രീകളോടും അവരുടെ മുന്നേറ്റങ്ങളോടുമൊപ്പം നിന്നാല്‍ നിങ്ങളോടൊപ്പം അവരുമുണ്ടാകും. അതല്ല എങ്കില്‍ അവര്‍ മുന്നോട്ടു തന്നെ പോകും, നിങ്ങള്‍ തിരശ്ശീലയ്ക്ക് പിറകിലേക്കും, അത് മറക്കണ്ട.
(നാസയുടെ ഏറ്റവും പുതിയ ചാന്ദ്ര ദൗത്യ രേഖയില്‍ - NASA's Artemis Accords - ഒപ്പ് വെക്കുന്ന സാറ അല്‍ അമീരിയാണ് ചിത്രത്തില്‍)