ഇത്തരം ജഡ്ജിമാരെ ജനം വീട്ടില്‍ക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല; പോക്‌സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്ബോള്‍ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാന്‍ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം? രൂക്ഷവിമര്‍ശനവുമായി അഡ്വ ഹരീഷ് വാസുദേവന്റെ കുറിപ്പ്

Malayalilife
topbanner
ഇത്തരം ജഡ്ജിമാരെ ജനം വീട്ടില്‍ക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല; പോക്‌സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്ബോള്‍ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാന്‍ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം? രൂക്ഷവിമര്‍ശനവുമായി അഡ്വ ഹരീഷ് വാസുദേവന്റെ കുറിപ്പ്

'ചീഫ് ജസ്റ്റിസ് വിവാഹ ദല്ലാളോ?

പ്രാ യപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ, വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കയറി വാ പൊത്തിപ്പിടിച്ചു ബലാല്‍സംഗം ചെയ്തു. മുഖത്ത് ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീട് 10-12 തവണ ബലാല്‍സംഗം ചെയ്തു. പരാതിപ്പെടാന്‍ പൊലീസില്‍ പോയ അമ്മയെ ഭീഷണിപ്പെടുത്തി രേഖകളില്‍ ഒപ്പിടീച്ചു, വിവാഹം കഴിച്ചുകൊള്ളാം എന്നു വാഗ്ദാനം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരനായ പ്രതി. പെണ്കുട്ടി പ്രായപൂര്‍ത്തി ആയപ്പോള്‍ അവള്‍ പരാതി നല്‍കി. പോക്‌സോ കേസെടുത്തു.

സെഷന്‍സ് കോര്‍ട്ട് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇര ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അത് റദ്ദാക്കി. അതിനെതിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചു.സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപരമായി ശരിയാണോ അല്ലയോ എന്ന് നോക്കേണ്ട ജോലിയാണ് സുപ്രീംകോടതിയുടെത്.

കേസില്‍ ജാമ്യഹരജി കേള്‍ക്കവേ, 'നിങ്ങള്‍ക്കവളെ വിവാഹം കഴിക്കാമോ' എന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. 'ഞങ്ങള്‍ പറഞ്ഞതുകൊണ്ടാണ് നിങ്ങള്‍ വിവാഹം കഴിക്കുന്നത് എന്നു നാളെ നിങ്ങള്‍ പറയും. അത് വേണ്ട, ഞങ്ങള്‍ നിര്‍ബന്ധിക്കുകയല്ല' ചീഫ് ജസ്റ്റിസ് പറഞ്ഞു.
'അറസ്റ്റ് ചെയ്താല്‍ പ്രതിയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും' - വക്കീല്‍.

'ഒരു മൈനര്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുമ്ബോ ഓര്‍ക്കണമായിരുന്നു ജോലി ഉണ്ടെന്ന്' - ചീഫ് ജസ്റ്റിസ്.

'നേരത്തേ വിവാഹം കഴിക്കാന്‍ തയാറായിരുന്നു. ഇര സമ്മതിച്ചില്ല.

അതുകൊണ്ട് പ്രതി വേറെ വിവാഹം കഴിച്ചു' - വക്കീല്‍.

4 ആഴ്ചത്തേയ്ക്ക് അറസ്റ്റ് തടഞ്ഞു കോടതി ഉത്തരവിട്ടു. ഇനി പ്രതിക്ക് ജാമ്യഹരജി നല്‍കാം. ചോദ്യം ചെയ്യാനോ തെളിവെടുക്കാനോ പൊലീസിന്റെ കയ്യില്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടുന്ന കാര്യം സംശയമാണ്. ആ കേസ് ഒരു തീരുമാനമാകും.

Bar & Bench ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ കോര്‍ട്ട് റിപ്പോര്‍ട്ടിങ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലെ വിവരങ്ങളാണ്. ഇത് ശരിയാണെന്ന് വിശ്വസിച്ചാണ് ബാക്കി പറയുന്നത്.സത്യമാണെങ്കില്‍, ഇത്തരം ജഡ്ജിമാരെ ജനം വീട്ടില്‍ക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല.വക്കീലല്ലേ, ആ വിധിയെ അതിന്റെ മെറിറ്റില്‍ അല്ലേ വിമര്‍ശിക്കേണ്ടത് എന്നൊക്കെ സഹപ്രവര്‍ത്തകര്‍ ചോദിച്ചേക്കാം. ക്ഷമിക്കണം, ഇക്കാര്യത്തില്‍ എനിക്കങ്ങനെ തോന്നുന്നില്ല.

പോക്‌സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്ബോള്‍ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാന്‍ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം? വിവാഹം ചെയ്താല്‍ ചെയ്ത കുറ്റം ഇല്ലാതാകുമോ? ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ ആ ഇരയുടെ വിവാഹ ദല്ലാള്‍പ്പണി ഏല്പിച്ചിട്ടുണ്ടോ? റേപ്പ് കേസില്‍ വിവാഹം എങ്ങനെയാണ് ഓപ്ഷനായി വരുന്നത്? ഏത് നിയമം?

18 തികഞ്ഞ യുവതി ആയിരുന്നെങ്കില്‍ Consent ഉണ്ടായിരുന്നു എന്ന് വാദത്തിനെങ്കിലും സമ്മതിക്കമായിരുന്നു. ഇത് 16 വയസുള്ള പെണ്‍കുട്ടിയാണ്. സമ്മതം കൊടുക്കാനുള്ള പ്രായം പോലുമായിട്ടില്ല. ഈ കാരണങ്ങളാല്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവ് 'അട്രോഷ്യസ്' എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അതില്‍ എന്ത് തെറ്റുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്?

അധികാരത്തിന്റെ ആനപ്പുറത്ത് ഇരിക്കുമ്ബോള്‍ എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യം അല്ലാതെ മറ്റെന്താണ് ഇത്? തോന്നിയവാസം അല്ലാതെ മറ്റെന്താണിത്? മൈ ലോഡ്,
നിങ്ങള്‍ ജാമ്യം കൊടുക്കുകയോ റദ്ദാക്കുകയോ ഒക്കെ ചെയ്‌തോളൂ, വിധിയില്‍ അതിന്റെ കാരണങ്ങള്‍ എഴുതി വെയ്ക്കൂ. അല്ലാതെ റേപ്പിസ്റ്റിനു ഇരയെ വിവാഹം കഴിക്കാനുള്ള ഓപ്ഷന്‍ വെയ്ക്കാന്‍ നിങ്ങളാരാണ്? റേപ്പ് വിക്ടിമിന്റെ സെക്ഷ്വല്‍ ഏജന്‍സി സുപ്രീംകോടതിക്കാണോ?

Shame on you, Mr.Chief Justice.

ഇത് പറയുന്നതിന്റെ പേരില്‍ എന്നെ കോടതിയലക്ഷ്യം എടുത്ത് കഴുവേറ്റാന്‍ വിധിക്കുകയാണെങ്കില്‍ മൈ ലോഡ്, അങ്ങോട്ടു വിളിപ്പിക്കൂ. ബാക്കി നേരില്‍ മുഖത്ത് നോക്കി പറയാം. സന്നദ് പോയാലും ഈ രാജ്യത്തെ ജുഡീഷ്യറിയെ അപമാനിക്കുന്നവരുടെ മുന്നില്‍ മുട്ടിലിഴയാന്‍ ഉദ്ദേശിച്ചിട്ടില്ല. ആവര്‍ത്തിക്കുന്നു, ഇങ്ങനെ പോയാല്‍ ഇത്തരം ജഡ്ജിമാരെ ജനം തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല.'

Adv Hareesh vasudev note about is Chief Justice Marriage Broker

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES