ട്രാന്‍സ്‌ജെന്റേഴ്‌സ് എന്ന എന്ന പദം ഇന്നു സമൂഹത്തിന് അപരിചിതമല്ല. ഏറെ അപമാനവും ദുരിതവും പേറി ജീവിക്കുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. സമൂഹം മറ്റൊരു കണ്ണിലൂടെ നോക്കുന്നവര്‍. പരിഹാസവും അശ്ലീലവും കലര്‍ന്ന കമന്റുകള്‍ ചുറ്റും ഉയരുമ്പോഴും എല്ലാം ഉള്ളിലൊതുക്കി നീറിക്കഴിയുന്നവര്‍. പൗരുഷമുള്ള സ്ത്രീയും സ്‌ത്രൈണതയുള്ള പുരുഷനും ഒരു കാലത്ത് നമ്മുടെ സമൂഹത്തില്‍ ആട്ടിപ്പായിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ഇന്ന് നിരന്തരമുള്ള പോരാട്ടങ്ങള്‍ക്കൊടുവില്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് എന്ന നേരിനെ മെല്ലെമെല്ലെ ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. നിരവധി പേരുടെ പോരാട്ട കഥകള്‍ നാം ഇതിനോടകം തന്നെ കേട്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തുകയാണ്. കോഴിക്കോട്ടുകാരിയും മോഡലുമായ വൈഗ സുബ്രഹ്മണ്യം.
സനൂജ് എന്നായിരുന്നു വൈഗയുടെ ആദ്യ പേര്. കുട്ടിക്കാലം മുതല്‍ക്കേ സനൂജിന്റെ സ്വത്വം പെണ്ണിന്റേതായിരുന്നു. അതു സ്വയം തിരിച്ചറിയുകയും ചെയ്തിരുന്നു. സമപ്രായക്കാര്‍ കാറും റോബോട്ടും എല്ലാം വച്ച് കളിക്കുമ്പോള്‍ സനൂജ് തേടിയത് ബാര്‍ബീ ഡോള്‍ പോലുള്ള കളിപ്പാട്ടങ്ങളെ ആയിരുന്നു. അതു തന്റെ മനസ് നല്‍കുന്ന സൂചനകള്‍ ആയിരുന്നുവെന്നു വൈഗ പറയുന്നു. തന്റെ മനസ് ഒരു പെണ്ണിന്റേതാണ് എന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ഓരോ ദിവസത്തെയും ജീവിതം നല്‍കിയത്.
ശരിക്കും വീര്‍പ്പുമുട്ടിയിരുന്ന കാലങ്ങളായിരുന്നു അത്. പെണ്ണായി മാറാനാള്ള അടങ്ങാത്ത ആഗ്രഹവും പേറിയാണ് കൗമാരവും യൗവ്വനവും എല്ലാം കടന്നു പോയത്. പക്ഷെ, വീട്ടുകാര്‍ ഒന്നും അറിഞ്ഞിരുന്നില്ല. ഭയം കൊണ്ടായിരുന്നു. അറിയിച്ചാല്‍ എന്തു സംഭവിക്കും.. ഒരു ഭുകമ്പം തന്നെ ഉണ്ടായേക്കാം എന്ന തിരിച്ചറിവിന്റെ പുറത്ത് ആരോടും ഒന്നും പറഞ്ഞില്ല. അങ്ങനെ തന്റെ 33 വയസു വരെ സനൂജ് ആയി തന്നെ ജീവിച്ചു.
പെട്ടെന്നൊരു ദിവസം 34-ാം വയസില്‍ സനൂജ് സ്വന്തം വീടു വിട്ടിറങ്ങി. ആരോടും ഒന്നും പറയാതെ,. ആരെയും ഒന്നും അറിയിക്കാതെ ആയിരുന്നു ആ ഇറങ്ങിവരവ്. വൈഗയിലേക്കുള്ള ചുവടു വയ്പ്പായിരുന്നു അത്. ആദ്യം തന്നെ സര്‍ജറി ചെയ്തു. വര്‍ഷങ്ങളായി തന്നെ വീര്‍പ്പുമുട്ടിച്ചിരുന്ന ആണ്‍ദേഹത്തില്‍ നിന്നും സനൂജ് മോചനം നേടി.. അങ്ങനെ വൈഗ സുബ്രഹ്മണ്യമായി മാറി.
അച്ഛന്‍ ബാലസുബ്രഹ്മണ്യം കെഎസ്ഇബി ഓവര്‍സിയറായിരുന്നു. അമ്മ രമണി ഹൗസ് വൈഫ്. ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി താമസിക്കുകയാണ്. സര്‍ജറി ചെയ്തതിനു ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടില്ല. അവര്‍ക്ക് വൈഗയെ വേണ്ടായിരുന്നു എന്നു തന്നെ പറയാം. അതിനു ശേഷം വിളിക്കാനോ ഒപ്പം ചേര്‍ക്കാനോ ആരും തയ്യാറായില്ല. പക്ഷെ, ചേട്ടന്‍ വിളിച്ചിരുന്നു. അതു സ്‌നേഹം കൊണ്ടായിരുന്നില്ല. ആള്‍മാറാട്ടം നടത്തിയെന്നും പൊലീസിനെ കൊണ്ട് പിടിപ്പിക്കും എന്നും പറയാനായിരുന്നു.
അതിലൊന്നും വൈഗ പിന്നോട്ടു പോവുകയോ തളരുകയോ ചെയ്തില്ല. മാതാപിതാക്കള്‍ ഉണ്ടാക്കിയതോ, ചേട്ടന്റെയോ ഒന്നും തനിക്കു വേണ്ടാ.. സ്വത്തോ പണമോ ഒന്നും തനിക്കു വേണ്ടാ.. അത് ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നിട്ടും വൈഗ എടുത്ത തീരുമാനത്തിന്റെ പുറത്തായിരുന്നു ഈ പെണ്‍കുട്ടിയെ കുടുംബം ഒറ്റപ്പെടുത്തിയത്. അങ്ങനെ വീടും കുടുംബവും ഉപേക്ഷിച്ച് ഇറങ്ങിയ വൈഗ നിലനില്‍പ്പിനായുള്ള പോരാട്ടവും ആരംഭിച്ചു.
ട്രാന്‍സ് കമ്മ്യൂണിറ്റിയും സുഹൃത്തുക്കളും വൈഗയ്ക്ക് പിന്തുണയേകി. അങ്ങനെ എല്ലാം ത്യജിച്ച് വ്യക്തിത്വത്തിനു വേണ്ടി അഭിമാനത്തോടെ സമൂഹത്തിലേക്കിറങ്ങി. പക്ഷേ ട്രാന്‍സ്ജെന്‍ഡറുകളെന്നാല്‍ സെക്സ് വര്‍ക്കര്‍മാര്‍ ആണെന്ന് കരുതുന്ന ഒരു കൂട്ടത്തില്‍ നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ മറ്റുള്ളവരെ പോലെ വൈഗയ്ക്കും ഏറെയുണ്ടായി. അങ്ങനെയല്ല എന്ന് ഉറക്കെ ജീവിതം കൊണ്ട് തെളിയിച്ചു കൊണ്ടുള്ള മാറ്റം ഏറെ ശ്രമകരമായിരുന്നു.
ആ ജീവിത പോരാട്ടത്തിന് തിളക്കം കൂട്ടിയത് 2019ല്‍ ഓള്‍ കേരള ട്രാന്‍സ് ബ്യട്ടി കോണ്ടസ്റ്റില്‍ റണ്ണറപ്പായപ്പോഴായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഡെറാഡൂണില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ വൈഗ കുറച്ചു സുഹൃത്തുക്കളെ ചേര്‍ത്ത് ജ്വാല എന്ന പേരില്‍ ഇവന്റ് മാനേജ്മെന്റ് ആരംഭിച്ചിട്ടുണ്ട്. കോവിഡ് ആയതോടെ ഏറെ പ്രതിസന്ധികള്‍ നേരിട്ടു. അതിനെയെല്ലാം അതിജീവിച്ച് കരകയറി വരികയാണ്.
അതിനിടയില്‍ വൈഗയുടെ വിവാഹ വാര്‍ത്തകളും എത്തിയിരുന്നു. 2020ന്റെ അവസാനമോ 2021ന്റെ തുടക്കമോ വിവാഹം നടത്താം എന്ന തീരുമാനം എടുത്തത്. പക്ഷേ ആ ബന്ധം പാതിവഴിയ്ക്ക്് ഉപേക്ഷിക്കേണ്ടി വന്നു. ആ വ്യക്തിയുമായി ആശയപരമായും വ്യക്തിപരമായും ഒരുപാട് ഭിന്നതകള്‍ ഉണ്ടായി. അങ്ങനെ അതു ബ്രേക്കപ്പായി. പരസ്പര സമ്മതത്തോടെ തന്നെ. എങ്കിലും ഇന്നും വൈഗ അഭിമാനത്തോടെ ജീവിക്കുന്നു. എന്റെ പുതിയ സ്വപ്ന സാക്ഷാത്കാരങ്ങള്‍ക്കായി.