നിരവതി വ്രതങ്ങൾ സാധാരണയായി എടുത്ത് പോരാറുണ്ട്. അക്കൂട്ടത്തിൽ ഉള്ള ഒരു വ്രതമാണ് ഞായറാഴ്ച്ച വ്രതം. ഞായറാഴ്ച വ്രതം അനുഷ്‌ടിക്കുന്നത് സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണ്. ആദിത്യപൂജയും ഭജനവും നിർബന്ധമായും ഏതു ഗ്രഹങ്ങളുടെയായാലും ശാന്തികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനു മുമ്പ് ചെയ്യേണ്ടതാണ്. ഞായറാഴ്ച വ്രതം സ്വീകരിക്കുന്നത് ആദിത്യപ്രീതികരമായ ഒന്നുമാണ്. ഞായറാഴ്ച് വ്രതം എടുക്കുന്നയാൾ ശനിയാഴ്ച വൈകുന്നേരം ഉപവസിക്കുക. ഗായത്രി, ആദിത്യഹൃദയം, സൂര്യസ്‌ത്രോത്രങ്ങള്‍ ഇവയിലേതെങ്കിലും ഞായറാഴ്ച സൂര്യോദയത്തിനു മുമ്പുതന്നെ ഉണര്‍ന്ന് സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ചശേഷം, ഭക്തിപൂര്‍വ്വം ജപിക്കുക.
ഒരു നേരം മാത്രം ഈ ദിവസം ആഹാരം കഴിക്കാം. ചുവന്ന പൂക്കള്‍കൊണ്ട് സൂര്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അര്‍ച്ചന നടത്തുന്നതും ഉത്തമമാണ്. അതിനു സാധിക്കാത്തവരാണ് നിങ്ങൾ എങ്കിൽ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, അഭിഷേകം, വില്വദളം കൊണ്ട് അര്‍ച്ചന തുടങ്ങിയവയും കഴിപ്പിക്കാവുന്നതാണ്. ശേഷം സ്‌നാനാദികര്‍മ്മങ്ങള്‍ വൈകിട്ട് അസ്തമയത്തിനുമുമ്പു തന്നെ കഴിച്ച് ആദിത്യഭജനം നടത്തണം. സൂര്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങള്‍ ആദിത്യഹൃദയം തുടങ്ങിയവ അസ്തമയ ശേഷം ജപിക്കുവാന്‍ പാടുള്ളതല്ല.
ഞായറാഴ്ച വ്രതം ജാതകത്തില്‍ ആദിത്യദശാകാലമുള്ളവര്‍ അനുഷ്‌ടിക്കുന്നത് ഉത്തമമാണ്. 12, 18, 41 എന്നിങ്ങനെ ദശാകാലദോഷത്തിന്റെ കാഠിന്യമനുസരിച്ച് തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ആദിത്യപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍, പൊങ്കാല തുടങ്ങിയവ ആദിത്യന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന മേടമാസത്തിലും അത്യുച്ചത്തില്‍ എത്തുന്ന മേടം പത്തിനും അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. അതേസമയം കൂടുതല്‍ പ്രാധാന്യത്തോടെ സപ്തമിതിഥിയും ഞായറാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം വ്രതമനുഷ്ഠിക്കേണ്ടതാണ്.