വീട് എന്ന സ്വപനം ഏവർക്കും ഉള്ളതാണ്. അത് കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കുമ്പോൾ ഏവരെയും അലട്ടുന്ന ഒരു പ്രധാന ചോദ്യമാണ് കിണറിന്റെ സ്ഥാനം ഇവിടെ എന്നുള്ളത്. വീട് പണിയുമ്പോൾ കിണറിന് യഥാക്രമത്തിൽ സ്ഥാനം നൽകേണ്ടതും അത്യാവശ്യമാണ്. ശാസ്ത്രത്തില്‍ വീടിന്റെ കന്നി മൂലയില്‍ കിണര്‍ കുഴിക്കാന്‍ പാടില്ലെന്നു പറയുന്നുണ്ട്. കിണറിനെ വീടിന്റെ വാസ്തുവിനു വെളിയില്‍ അവിടെ ഒരു അതിര്‍ത്തി തിരിച്ച് കൊണ്ടു വരണം. അതായത്, വീട് പണിയാന്‍ വേണ്ട സ്ഥലം സമചതുരമാക്കിയിട്ട് ആ വാസ്തു അനുസരിച്ചു വീട് പണിയുക എന്നാണ് അർത്ഥമാക്കുന്നത്.
മറ്റൊരു പറമ്പായി കിണര്‍ വരുന്നവിധം സങ്കല്‍പിക്കാം. അത് അതിര്‍ത്തി തിരിച്ചായിരിക്കണം. ദോഷ സ്ഥാനത്താണ് കിണര്‍ വരുന്നതെങ്കില്‍ അതിനെ ഒരു ചെറു മതില്‍ കെട്ടി വേര്‍തിരിച്ച് മറ്റൊരു വസ്തുവായി സങ്കല്‍പിക്കാം . നടുമുറ്റത്തു കിണറോ മറ്റു ജലാശയങ്ങളോ വരുന്നത് അഭികാമ്യമല്ല. അതുപോലെ വടക്കുപടിഞ്ഞാറ് മൂലയായ വായുകോണില്‍ കിണര്‍ വരുന്നത് സ്ത്രീകള്‍ക്ക് ദോഷമാണെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്.അതേ രീതിയില്‍ തെക്കുകിഴക്ക് മൂലയായി കണക്കാക്കുന്ന മിഥുനം രാശി അല്ലെങ്കില്‍ അഗ്നികോണും കിണറിന്റെ സ്ഥാനത്തിന് ശാസ്ത്രപ്രകാരം ഉപദേശയോഗ്യമല്ല.
സാധാരണയായി വടക്കോ, കിഴക്കോ അല്ലെങ്കില്‍ തെക്കുപടിഞ്ഞാറുഭാഗത്തോ കിണറിന് സ്ഥാനം കാണുന്ന പതിവ് നിലവിലുണ്ട്. എന്നാല്‍ വടക്കുവശത്തോ, കിഴക്കുവശത്തോ കിണറിന് ധാരാളം യോഗ്യമായ സ്ഥാനങ്ങള്‍ പറയുന്നുണ്ടെങ്കിലും തെക്കുപടിഞ്ഞാറുഭാഗത്ത് ശാസ്ത്രത്തില്‍ പറയുന്ന ഇന്ദ്രജിത്ത് പദത്തില്‍ മാത്രമേ കിണറിനുസ്ഥാനമുള്ളൂ. പഴയരീതിയില്‍ കിണര്‍കുഴിച്ച് വൃത്തമായി കെട്ടിപൊക്കുമ്പോള്‍ ഏറ്റവും അടിയില്‍ ചുറ്റളവുകണക്കാക്കി നെല്ലിപ്പടി ഇടുക പതിവാണ്. അതായത് കിണറിന് ചുറ്റളവ് കണക്കാക്കേണ്ടത് ഏറ്റവും അടിയില്‍ നെല്ലിപ്പടിയുടെ സ്ഥാനത്താണ് മറിച്ച് മുകളില്‍ വരുന്ന വൃത്തത്തിനല്ല.