കുട്ടികളുടെ മുറി ഒരുക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ഭംഗിയുള്ളതും ഭാവിയിലും പ്രയോജനപ്പെടുന്നതും ആക്കി മാറ്റാം. മുറികള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ കുട്ടികളുടെ അഭിരുചി കൂടി അറിഞ്ഞിരിക്കണം.ഭിത്തികള്‍ക്ക് ഇളം നിറങ്ങള്‍ നല്‍കിയാല്‍ മുതിരുമ്പോഴും കുട്ടികള്‍ക്ക് അതിനോട് പ്രിയം തോന്നും. ഭംഗിയുള്ള വാള്‍ പേപ്പറുകള്‍ നല്കി കുട്ടി മുറികള്‍ മനോഹരമാക്കാം. കുട്ടികള്‍ക്ക് പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോ അവരുടെ കുട്ടികാലത്തെ ഫോട്ടോകളൊ തൂക്കിയിടാം.
ഫര്‍ണിച്ചര്‍ വാങ്ങുമ്പോഴും ഭാവിയിലേക്കും കൂടി ഉപകാരപ്പെടുന്ന തരത്തില്‍ ഉള്ളത് വാങ്ങുക. കിടക്ക അത്യാവശ്യം വലിപ്പമുള്ളത് തന്നെ വാങ്ങാം. ചുവരില്‍ ഉറപ്പിക്കാന്‍ പാകത്തിലുള്ള ക്യാബിനെറ്റുകള്‍ ആണ് നല്ലത്. കുട്ടിമേശയും ചുവരിനോട് ചേര്‍ന്ന് ജനലിനരികില്‍ സെറ്റ് ചെയ്യാം. അവര്‍ക്ക് എഴുതിയും വരച്ചും പഠിക്കാന്‍ ഒരു ചെറിയ ബോര്‍ഡ് തൂക്കുന്നതും നല്ലതാണ്.ഫര്‍ണിച്ചറുകള്‍ കൊണ്ട് മുറി കുത്തി നിറക്കാതിരിക്കുക. കുട്ടികള്‍ക്ക് ഇഷ്ട്ടം പോലെ നടക്കാനും കളിക്കാനും ഓടാനും കൂട്ടുകൂടാനും ഉള്ള ഒരു സ്‌പെഷ്യല്‍ സ്‌പേസ് ആയി മാറട്ടെ ഈ മുറികള്‍.
കുട്ടി മുറികള്‍ മാസ്റ്റര്‍ ബെഡ് റൂമിനടുത്ത് തന്നെ ഒരുക്കുന്നത് നല്ലത്. രണ്ടു മുറികള്‍ക്കുമിടയില്‍ ഒരു ഡോര്‍ കൊടുത്താല്‍ കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അച്ഛനമ്മമാരുടെ അരികില്‍ എത്താം.