മണ്‍കട്ടകള്‍ കൊണ്ടായിരുന്നു പണ്ടത്തെ വീടുകള്‍ നിര്‍മിക്കപ്പെട്ടിരുന്നത്. പ്രകൃതിദത്തമായ ആരോഗ്യവും സംരക്ഷണവും നല്‍കിയിരുന്നു പഴമയിലെ വീടുകള്‍. പിന്നീട് മനുഷ്യന്റെ സാമ്പത്തിക വ്യവസ്ഥയും ജീവിതസാഹചര്യങ്ങളും മാറി വീട് എന്നത് ആരോഗ്യകരമായ സംരക്ഷണം എന്നതിലപ്പുറം ആര്‍ഭാടമായി വന്നപ്പോള്‍ ഈ മണ്‍കട്ടകള്‍ക്ക് കാലക്രമേണ രൂപാന്തരങ്ങള്‍ സംഭവിച്ചു.
ഭവന നിര്‍മാണത്തിന് അതിനൂതനമായ മാര്‍ഗങ്ങള്‍ അനുദിനം നിലവില്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ചുമര്‍ കെട്ടുന്നതിന് ചെലവേറിയതും കുറഞ്ഞതുമായ വ്യത്യസ്ത ആശയങ്ങളാണുള്ളത്. വൈവിധ്യം നിറഞ്ഞ മെറ്റീരിയലുകള്‍ ഇന്ന് മാര്‍ക്കറ്റുകളില്‍ സുലഭമാണെങ്കിലും ചെങ്കല്ലുകളാണ് കൂടുതലും കെട്ടിടനിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഏതുതരത്തിലുള്ള ഭിത്തിയും ഡിസൈന്‍ ശൈലിക്കനുസരിച്ചു പണിയാം എന്നതുതന്നെയാണ് ചെങ്കല്ലുകള്‍ കൂടുതല്‍ സ്വീകാര്യമാവാന്‍ കാരണം. പഴമയെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള ഇന്റര്‍ലോക്കിങ് ബ്രിക്കുകളും ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്.
20 സെന്റിമീറ്റര്‍ വീതി, 20 സെന്റിമീറ്റര്‍ ഉയരം, 35 സെന്റിമീറ്റര്‍ നീളം എന്ന തോതിലാണ് സാധാരണ ഉപയോഗിക്കുന്ന ചെങ്കല്ലുകളുടെ വലിപ്പം ഉണ്ടാവാറുള്ളത്. ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത രീതിയിലും വലിപ്പങ്ങളിലും ചെങ്കല്ലുകള്‍ കൊത്തിയെടുക്കുന്നുണ്ട്. വീടുപണിക്ക് പ്രധാനമായും ഉപയോഗിക്കുന്ന മറ്റൊന്നാണ് ഇഷ്ടികകള്‍. ചൂളകളില്‍ ചുട്ടെടുക്കുന്ന ചെങ്കല്ലുകളേക്കാള്‍ വലിപ്പം കുറഞ്ഞ ഇവയുടെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ചു കുറവു തന്നെയാണ്.