സമയമോ മറ്റു വിഭവങ്ങളോ പ്രത്യേകമായി നീക്കിവെക്കാതെ നടത്താവുന്ന ടെറസ് കൃഷി ഭക്ഷ്യസുരക്ഷ, സാമ്പത്തികലാഭം എന്നിവയ്ക്കു പുറമേ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും ഉപകരിക്കുന്നു. ഒപ്പം മികച്ച ഒരു ഗൃഹാലങ്കാരമാർഗ്ഗം കൂടിയാണു് ശ്രദ്ധയോടെയുള്ള 'മേൽക്കൂരകൃഷി'.
വീടിനു ചുറ്റും നിലനിർത്താവുന്ന ഭേദപ്പെട്ട കാലാവസ്ഥ, ദൃശ്യഭംഗി എന്നിവ കുടുംബത്തിനു മൊത്തമായി ഗുണകരമാണു്.സൂര്യപ്രകാശം, ജലം, ജൈവാവശിഷ്ടങ്ങൾ എന്നിവയുടെ മികച്ച ഉപഭോഗരീതികൾക്കും നല്ലൊരു ഉദാഹരണമാണു് ടെറസ് കൃഷി.
ടെറസ്സ് കൃഷിയിൽ പങ്കെടുത്തുകൊണ്ട് ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനവും വ്യാപനവും ചുരുക്കുക എന്ന ആഗോളലക്ഷ്യത്തിനെക്കൂടി ഒരാൾക്കു് സ്വാംശീകരിക്കാൻകഴിയും.
അനുയോജ്യമായ സസ്യങ്ങൾ
വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തിൽ കൃഷിചെയ്യാം.
ഇവകൂടാതെ പരീക്ഷണ അടിസ്ഥാനത്തിൽ എല്ലായിനം ഹ്രസ്വകാല വിളകളും കിഴങ്ങുകളും ടെറസ്സിൽ കൃഷിചെയ്യാം. പ്രത്യേക തയ്യാറെടുപ്പുകളോടെ പേര, വാഴ, നാരകം, പപ്പായ തുടങ്ങിയ ചെറുവൃക്ഷങ്ങളും ദീർഘകാലവിളകളും കൂടി ടെറസ്സിൽ കൃഷി ചെയ്യാം.