വീടുകള്‍ പണിയുമ്പോള്‍ ഇപ്പോഴും പലരും പ്രാധാന്യം നല്‍കുന്നത് പരമ്പരാഗത ശൈലിയിലുള്ള നിര്‍മ്മാണത്തിനാണ്. ട്രഡീഷണല്‍ ടച്ചുള്ള വീടു വേണമെന്ന ആഗ്രഹത്തോടെ ഡിസൈനര്‍മാരെ സമീപിക്കുന്നവരാണ് ഏറെയും. അത്തരത്തില്‍ തീര്‍ത്തും പരമ്പരാഗത ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഒരു തനിനാടന്‍ തറവാടുണ്ട്. തൃശൂര്‍ ജില്ലയിലെ അരിമ്പൂരിലുള്ള ഓമനാലയം എന്ന വീടാണത്.
1950 സ്‌ക്വയര്‍ഫീറ്റില്‍ കേരളത്തിന്റെ പരമ്പരാഗതശൈലി ഒട്ടും ചോരാതെയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അനുഗ്രഹത്തിന്റെ ഭവനം എന്നര്‍ഥം വരുന്ന 'ഹൗസ് ഓഫ് നിവൃതി' എന്ന കണ്‍സെപ്റ്റിലാണ് മൂന്നു ബെഡ്‌റൂമുകളുള്ള ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്.
ആര്‍ക്കിടെക്റ്റുകളായ മനു രാജും ഡിസൈനര്‍ ലിജോ ജോസുമാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കേരള ട്രഡീഷണല്‍ സ്റ്റൈലും മോഡോണ്‍ കോണ്‍സെപ്റ്റും സമന്വയിപ്പിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇരുവരും പറയുന്നു.
പടിപ്പുര കടന്നാണ് വീട്ടിലേക്കു പ്രവേശിക്കുന്നത്. കയറിച്ചെല്ലുമ്പോള്‍ ഇരുവശത്തും കാണുന്ന ചാരുപടിയാണ് ഹൈലൈറ്റ്, തൂണുകളെല്ലാം സിമന്റ് മാത്രം ചെയ്ത് പെയിന്റ് അടിക്കാതെ നിര്‍ത്തിയിരിക്കുന്നതും പ്രത്യേകതയാണ്.
വീട്ടിലെ ജനാലകള്‍ക്കെല്ലാം സിമന്റ് നിറത്തിലുള്ള ഡാര്‍ക്ക് പെയിന്റാണ് നല്‍കിയിരിക്കുന്നത്, ജനാലകളുടെ വശത്തായി ബ്രീതിങ് വിന്‍ഡോസും നല്‍കിയിട്ടുണ്ട്. വീടിന്റെ രണ്ടുവശത്തായി ലോണും ചെറിയൊരു മീന്‍കുളവും കാണാം.
ടെറാകോട്ടാ ഫ്‌ളോറിങ്ങും വീടിന്റെ പല ഭാഗങ്ങളിലുമുള്ള സിമന്റ് ഫിനിഷിങ്ങും വെട്ടുകല്ലുകൊണ്ടുള്ള ഡിസൈനുമൊക്കെ പരമ്പരാഗത ടച്ച് കൂട്ടുന്നു. പ്രധാനവാതില്‍ തേക്കുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചിരിക്കുന്ന ഓടും മറ്റും പഴയ വീട്ടില്‍ നിന്നു തന്നെ എടുത്തവയാണ്.
വീടിനുള്ളിലിരുന്നും മഴ ആസ്വദിക്കാന്‍ വിധത്തില്‍ വീടിനു പുറത്ത് ഒരു എക്‌സ്റ്റേണല്‍ കോര്‍ട്ട് യാഡ് ഉണ്ട്. ലിവിങ് റൂമില്‍ നിന്നാണ് പൂജാമുറിയിലേക്കുള്ള പ്രവേശനം. ലിവിങ് റൂമില്‍ നിന്നു ഡൈനിങ് റൂമിലേക്കു കടക്കുന്നിടത്ത് മറ്റൊരു കോര്‍ട്ട് യാഡ് കാണാം.