സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം ഉണ്ടാകാത്തവരായി ആരുമുണ്ടാകില്ല. ഭൂമിയിലെ ഉയര്‍ന്ന വിലമൂലം പലര്‍ക്കും വസ്തുവാങ്ങി വീടുവയ്ക്കുക എന്നത് അപ്രായോഗികമായി മാറുകയാണ്. ഇടത്തരം കുടുമ്പത്തിനു മൂന്ന് കിടപ്പുമുറികളൊടു കൂടിയ 1600-1700 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഒരു വീടു നിര്‍മ്മിക്കുവാന്‍ ഇരുപത്തഞ്ച് മുതല്‍ മുപ്പതു ലക്ഷം രൂപയോളം നിര്‍മ്മാണ ചിലവു വരുന്നു. ഇതിന്റെ ഒപ്പം ഭൂമി കൂടെ വിലകൊടുത്തു വാങ്ങേണ്ടിവരുമ്പോള്‍ പിന്നെയും ഇരുപതോ ഇരുപത്തഞ്ചോ ലക്ഷം രൂപ ചിലവിടേണ്ടിവരുന്നു.
നേരത്തെ എട്ടും പത്തും സെന്റ് ഭൂമിയില്‍ വീടു നിര്‍മ്മിക്കണം എന്ന് ആഗ്രഹിച്ചിരുന്നവര്‍ ഇപ്പോള്‍ ചെറിയ പ്ലോട്ടുകള്‍ വാങ്ങുന്നു. മാനസികമായി ഇതിനോട് പൊരുത്തപ്പെടുവാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണെങ്കിലും മറ്റു നിവൃത്തിയില്ലത്തതുകൊണ്ട് അവര്‍ തയ്യാറാകുന്നു.
ഇത്തരക്കാരെ സംബന്ധിച്ച് ഉണ്ടാകുന്ന പ്രധാന പ്രശ്‌നം പരിമിതികള്‍ക്കുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വീടു എങ്ങിനെ നിര്‍മ്മിക്കാം എന്നതാണ്. ഇവിടെയാണ് പ്രൊഫഷണല്‍ ആര്‍ക്കിടെക്സ്റ്റിന്റെയും ഡിസൈനര്‍മാരുടേയും സേവനം തേടേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ പലരും ഇതിനു തയ്യാറാകില്ല ഇതുമൂലം നഷ്ടമാകുന്നതാകട്ടെ വീടിന്റെ സൗകര്യവും ഒപ്പം പണവുമാണ്.
പ്ലോട്ടിന്റെ സാധ്യതകളേയും പരിമിതിയെയും കൃത്യമായി മനസ്സിലാക്കുകയും ഒപ്പം ക്ലനിന്റെ ആവശ്യങ്ങളെ എങ്ങിനെ ഡിയൈനില്‍ ഉള്‍ക്കൊള്ളിക്കാമെന്ന് അറിയുന്നവരുമാണ് ആര്‍ക്കിടെക്ടുകള്‍.പഞ്ചായത്തുകളില്‍ വരെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പ്രബല്യത്തില്‍ ഉള്ളതിനാല്‍ അതും നോക്കണം. ചെറിയ പ്ലോട്ടും തൊട്ടടുത്ത് കെട്ടിടങ്ങളും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് വായു സഞ്ചാരത്തിനും വെളിച്ചം ലഭിക്കുന്നതിനും പല പ്രശ്‌നങ്ങളും സൃഷ്ടിക്കും. ഇത് മിടുക്കരായ ആര്‍ക്കിടെക്ടുകളെ സംബന്ധിച്ച് മറികടക്കാവുന്ന വെല്ലുവിളിയാണ് താനും.
രണ്ടു റോഡുകളുടെ മൂലയില്‍ വരുന്നത് ഒഴിവാക്കുക. കാരണം അങ്ങിനെ വന്നാല്‍ രണ്ടു വശത്തും നിശ്ചിത അകലം പാലിക്കേണ്ടതായി വരും. റോഡിനു സമാന്തരമായിട്ടാണ് പ്ലോട്ടിന്റെ നീളം കൂടുതലെങ്കില്‍ അതും പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും വാങ്ങുന്ന ആളുടെ ശ്രദ്ധയില്‍ പെട്ടെന്ന് വരില്ല. ചെറിയ പ്ലോട്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരു ആര്‍ക്കിടെക്ടിന്റെ ഉപദേശം തേടുന്നത് നല്ലതാണ്.
വീട് ഒരുക്കുമ്പോള്‍ വാസ്തു അളവുകളും മറ്റും പാലിക്കണമെന്ന് നിര്‍ബന്ധമുള്ളവരുണ്ട്. ഇക്കാര്യം ആര്‍ക്കിടെക്ടിനെ അറിയിക്കുക. വാസ്തു അളവുകളും പ്രധാന പ്രിന്‍സിപ്പിള്‍സും ശ്രദ്ധിച്ച് ഡിസൈന്‍ ചെയ്യുന്ന ധാരാളം പേരുണ്ട്.