നാം പാകം ചെയ്യുന്ന ഭക്ഷണങ്ങളിൽ ഉപ്പിന്റെ അംശം ഇല്ല എന്നുള്ള കാര്യം നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. അത് കൊണ്ട് തന്നെ ഉപ്പിന് അത്രത്തോളം പ്രാധാന്യമാണ് നാം നൽകിയിരിക്കുന്നതും. എന്നാൽ ഉപ്പ് കൊണ്ട് വീട് വൃത്തിയാക്കുന്നതിൽ ചില ഉപയോഗങ്ങൾ കൂടി ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
തുരുമ്പ് കളയാം - ഇരുമ്പ് വസ്തുക്കളിലെ തുരുമ്പ് പിടിച്ച് കിടക്കുകയാണെങ്കിൽ ഉപ്പു കൊണ്ട് അവ കളയാൻ വേഗം സാധിക്കും. ഉപ്പ് ഉപയോഗിച്ച് ഇരുമ്പ് പിടിച്ചിരിക്കുന്ന വസ്തുക്കളില്‍ ഉരച്ച് കഴുകിയാൽ അവ മാറി കിട്ടുന്നതാണ്.
തുണികളിലെ ദുർഗന്ധം- ഈര്‍പ്പം തട്ടിയുള്ള തുണികളില്‍ മണം ഇല്ലാതാക്കുന്നതിനായി പേസ്റ്റ് രൂപത്തിൽ ഉപ്പും നാരങ്ങാ നീരും ചേർത്ത് തുണികളില്‍ പുരട്ടി വച്ച ശേഷം തുണികള്‍ വെയിലത്ത് വിരിക്കാവുന്നതാണ്.
ഉറുമ്പും പ്രാണികളും - തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത ശേഷം തറ തുടയ്ക്കുകയാണെങ്കിൽ തറയിലെ ഉറുമ്പിനെയും പ്രാണികളെയും അതിവേഗം തുരത്താൻ സാധിക്കും.
മെഴുക്ക് കളയാന്‍ - പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളമൊഴിച്ച് വച്ചാല്‍ പാത്രങ്ങളിലെ മെഴുക്ക് നിസ്സാരമായി തന്നെ കഴുകി വൃത്തിയാക്കാൻ സാധിക്കും.
ഷൂവിലെ ഗന്ധം - ഷൂവിലെ ദുർഗന്ധം വമിക്കുന്നത് അലോസരപ്പെടുത്തുകയാണെങ്കിൽ ഷൂവില്‍ ഉപ്പു വിതറിയാല്‍ മതിയാകുന്നതാണ്. ഈര്‍പ്പത്തെ ഉപ്പു വലിച്ചെടുക്കുകയും ഷൂവിലെ മണം ഇല്ലാതാക്കുകയും ചെയ്യുന്നു.
കൈകളിലെ മണം- ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ അരിഞ്ഞാല്‍ സാധാരണയായി അതിന്റെ മണം തങ്ങി നിൽക്കാറുണ്ട്. എന്നാൽ അത് പോകാനായിട്ട് ഉപ്പിട്ട വെള്ളത്തില്‍ കൈ കഴുകിയാൽ മതിയാകും.
ഫിഷ് ടാങ്ക്- ഫിഷ് ടാങ്ക് കഴുകുമ്പോള്‍ വൃത്തിയാകുന്നതിനായി അൽപ്പം ഉപ്പ് ടാങ്കിനുള്ളില്‍ ഇട്ട് നന്നായി ഉരച്ചു കഴുകിയ ശേഷം നല്ല വെള്ളത്തിൽ ഒന്നുടെ കഴുകി എടുക്കാവുന്നതാണ്.
സിങ്കില്‍ മണം- സിങ്കില്‍ മാലിന്യം കെട്ടി കിടക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം കളയുന്നതിനായി അര കപ്പ് ഉപ്പ് സിങ്കിലിട്ട് തണുത്ത വെള്ളമൊഴിച്ച് കഴുകാവുന്നതാണ്. ഇതോടെ ദുർഗന്ധം മാറികിട്ടുന്നതാണ്.