അലങ്കാര മത്സ്യങ്ങളെ വളര്‍ത്താന്‍ ഏവര്‍ക്കും ഇഷ്ടമാണ്.കുറഞ്ഞ വിലയ്ക്ക് മുതല്‍ വന്‍വിലയ്ക്ക് വരെ വാങ്ങാന്‍ കിട്ടും എന്നതാണ് പ്രത്യേകത അവയില്‍ ചിലതിനെ പരിചയപ്പെടാം.
സ്വര്‍ണമത്സ്യം
ഏറ്റവും പ്രചാരമുള്ള ഇനം. ഏകദേശം 30 സെ.മീ. വരെ നീളമുണ്ടാകും ഇതില്‍ പലതിനും. പല തരത്തില്‍പ്പെട്ട സ്വര്‍ണമത്സ്യങ്ങളുണ്ട്. കാലിക്കോ, ഒരാന്‍ഡ, പീകോക്ക് ടെയില്‍, കോമറ്റ് എന്നിവ ചില സ്വര്‍ണമത്സ്യങ്ങളാണ്. 6-7 വര്‍ഷം ജീവിക്കുന്ന ഇവ പ്രാണികള്‍, പുഴുക്കള്‍, സസ്യങ്ങള്‍, ഉണങ്ങിയ കൃത്രിമാഹാരങ്ങള്‍ എന്നിവ ഭക്ഷിക്കുന്നു.
ഗപ്പി
ബ്രസീല്‍, വെനസ്വേല എന്നിവിടങ്ങളാണ് സ്വദേശം. എളുപ്പത്തില്‍ വളര്‍ത്താന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ആണ്‍ മത്സ്യങ്ങള്‍ക്ക് 3 സെ.മീ, പെണ്‍ മത്സ്യങ്ങള്‍ക്ക് 6 സെ.മീ എന്നിങ്ങനെയാണ് നീളം. വ്യത്യസ്ത നിറങ്ങളാണ് ആണ്‍മത്സ്യങ്ങള്‍ക്ക്. എന്നാല്‍ പെണ്‍മത്സ്യങ്ങള്‍ വെള്ളി നിറത്തിലോ, മഞ്ഞനിറത്തിലോ ആയിരിക്കും. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഈ മത്സ്യത്തില്‍നിന്ന് ഒരുതവണ 25-100 കുഞ്ഞുങ്ങളെ വരെ ലഭിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങി ജീവിക്കുന്ന ഇവയുടെ ആയുസ് 3-4 വര്‍ഷമാണ്.
കോംഗോ പഫര്‍ഫിഷ്
കോംഗോ നദിയില്‍ കാണപ്പെടുന്നു. കൂടുതല്‍ സമയവും മണ്ണിനടിയില്‍ കഴിയുന്ന ഈ മത്സ്യങ്ങള്‍ അലസരാണ്. കറുപ്പ്, കടുംചെമപ്പ്, മണലിന്റെ നിറം എന്നിങ്ങനെ പല തരത്തില്‍പ്പെട്ട നിറങ്ങളില്‍ കാണാം. നിറം മാറി ആക്രമികളില്‍നിന്നും രക്ഷപ്പെടാന്‍ കഴിയും.
സീബ്രാഫിഷ്
ശരീരത്തില്‍ വെള്ള, കറുപ്പ് നിറങ്ങള്‍ കാണപ്പെടുന്നു. രോഗപ്രതിരോധശേഷിയുള്ളവയാണ് ഈ മത്സ്യങ്ങള്‍.
മോളി
കറുപ്പ്, ഓറഞ്ച്, വെള്ള, സ്വര്‍ണവര്‍ണ്ണം, സില്‍വര്‍ എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ഇവയെ കാണാം. ക്ഷാരസ്വഭാവമുള്ള വെള്ളമാണ് ജീവിക്കാന്‍ ഇവയ്ക്ക് ആവശ്യം.
സ്‌പോട്ട് ഫിന്‍ ലയണ്‍ ഫിഷ്
വീതിവരയന്‍ തേള്‍മത്സ്യം എന്ന് മലയാളത്തില്‍ പേര്‍. വിഷമുള്ളുകള്‍ ആണിവയ്ക്കുള്ളത്. ശാന്തസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ ഇവയെ കണ്ടെത്തിയിട്ടുണ്ട്.
ഏയ്ഞ്ചല്‍ ഫിഷ്
ആമസോണ്‍ നദിയാണ് സ്വദേശം. ഗൗരാമി ഇനത്തില്‍പ്പെട്ട ഇതിനെ അക്വേറിയത്തിലെ രാജ്ഞി എന്ന് വിളിക്കുന്നു. കണ്ണുകള്‍ക്ക് ചുറ്റും ഓറഞ്ച് വലയം കാണാം. വജ്രാകൃതിയാണ് ശരീരത്തിന്. സസ്യങ്ങളെ ഭക്ഷിക്കുന്ന ഇവയ്ക്ക് ലാര്‍വ, മണ്ണിര എന്നിവയും ഇഷ്ടമാണ്. ഗ്‌ളാസ് ഏയ്ഞ്ചല്‍, മാര്‍ബിള്‍ ഏയ്ഞ്ചല്‍, വൈറ്റ് ഏയ്ഞ്ചല്‍ എന്നിവ ചിലയിനങ്ങളാണ്.
ഗൗരാമി
വലിയ ഒരു ശുദ്ധജല മത്സ്യകുടുംബം. വലിയ ചിലയിനങ്ങള്‍ ഭക്ഷ്യയോഗ്യവുമാണ്. ലാബ്രിന്ത് എന്ന പ്രത്യേക അവയവം ഉള്ളതിനാല്‍ വായുവില്‍ നിന്നും നേരിട്ട് ശ്വസിക്കാന്‍ കഴിയും.
ഏഷ്യന്‍ അരോണ
ഡ്രാഗണ്‍ ഫിഷ്, ഏഷ്യന്‍ ബോണി ടംങ് എന്നിങ്ങനെയും വിളിക്കപ്പെടുന്നു. ചുവപ്പോ, സ്വര്‍ണനിറമോ ആണ് ശരീരത്തിന്.ഇതിന്റെ വളര്‍ച്ചയ്ക്ക് ചെറിയ അമ്‌ളാംശമുള്ള ജലമാണാവശ്യം. അരോണയെ ഒറ്റയ്ക്ക് വളര്‍ത്തുന്നതാണ് നല്ലത്. കാരണം ഇവ മറ്റ് മീനുകളെയും ഭക്ഷണമാക്കാറുണ്ട്.
ഓസ്‌കാര്‍
ആമസോണ്‍ നദി, തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. ഇരുണ്ട നിറമാണ് മത്സ്യങ്ങള്‍ക്ക്. മഞ്ഞ നിറത്തിലുള്ള കുത്തുകള്‍ ചിറകുകളില്‍ കാണാം. മിശ്രഭോജികളാണ്. നിറവ്യത്യാസം വരുത്തി ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുന്നു.
ഇവയില്‍ ഏത് അലങ്കാര മത്സ്യമാണ് വീട്ടിനുള്ളില്‍ സൂക്ഷിക്കേണ്ടത് എന്ന് സ്വയം തീരുമാനിക്കുക. ഓരോരുത്തരുടെയും സാമ്പത്തിക നില നോക്കി തീരുമാനമെടുക്കുന്നത് നന്നായിരുക്കും. അക്വേറിയം വീട്ടില്‍ സെറ്റ് ചെയ്യുമ്പോള്‍ വാസ്തു ശാസ്ത്രം നോക്കുന്നത് നന്നായിരിക്കും. വീടിന്റെ ചില ഭാഗങ്ങള്‍ മത്സ്യങ്ങള്‍ക്ക് നല്ലതല്ല അവ ചത്ത്‌പോകാന്‍ സാധ്യതയുണ്ട്.