ലണ്ടന്‍: പ്രശസ്ത ഹോളിവുഡ് താരവും ഹാരി പോട്ടര്‍ സിനിമകളിലൂടെ കുട്ടികളുടെ ഹരവുമായ റോബി കോള്‍ട്രയ്ന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹാരി പോട്ടര്‍ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ ഹാഗ്രിഡിനെയാണ് റോബി കോള്‍ട്രയ്ന്‍ അവതരിപ്പിച്ചത്. ഡിക്ടറ്റീവ് നാടകമായ ക്രാക്കറിയിലും ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡന്‍ ഐ, ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലെ അഭിനയത്തിലൂടെയും ലോക ശ്രദ്ധപിടിച്ചു പറ്റി.
1950 ല്‍ സ്‌കോട്ട്‌ലന്‍ഡില്‍ ജനിച്ച റോബി കോള്‍ട്രെയ്‌നിന്റെ യഥാര്‍ഥ പേര് ആന്റണി റോബര്‍ട്ട് മക്മില്ലന്‍ എന്നാണ്. 1980 കളിലാണ് കോള്‍ട്രെയ്ന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫ്‌ളാഷ് ഗോള്‍ഡന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പിന്നീട് ടെലിവിഷന്‍ കോമഡി ഷോകളിലും കോള്‍ട്രെയ്ന്‍ മികവ് തെളിയിച്ചു. ലോകമെമ്പാടുമുള്ള കുട്ടികളും മുതിര്‍ന്നവരും ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ഹാഗ്രിഡ്.
2006 ല്‍ അദ്ദേഹത്തിന് ഒബിഇ (ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍) പുരസ്‌കാരം ലഭിച്ചു, 2011-ല്‍ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ബാഫ്ത സ്‌കോട്ട്‌ലന്‍ഡ് അവാര്‍ഡും ലഭിച്ചു.