ആര്‍ക്കുമൊന്ന് പേടി തോന്നുന്ന രോഗമാണ് പേ വിഷബാധ. പിടിപെട്ടാല്‍ മരണം ഉറപ്പാണെങ്കിലും കൃത്യമായ പ്രതിരോധമുള്ള രോഗമാണ് ഇത്. എങ്കിലും ഓരോ വര്‍ഷവും നൂറുകണക്കിന് പേരാണ് അശ്രദ്ധ കാണിച്ച് സ്വന്തം ജീവന്‍ തന്നെ ഈ രോഗത്തിന് പകരമായി നല്‍കുന്നത്. ഇന്നാണ് വേള്‍ഡ് റാബിസ് ഡേ.
വീട്ടിലെ വളര്‍ത്തുമൃഗങ്ങളുടെ നഖം ഒന്നു കൊണ്ടാല്‍ പോലും ഒട്ടും താമസിയാതെ തന്നെ ഡോക്ടറുടെ അടുത്ത് പോയി പ്രതിരോധ കുത്തിവയ്പ്പ് എടുത്താല്‍ രക്ഷപ്പെടുന്നത് നിങ്ങളുടെയോ നിങ്ങളുടെ പ്രിയപ്പെട്ടവരുടേയെ ജീവനായിക്കാം.
പലരും വീട്ടില്‍ തങ്ങള്‍ ഓമനിച്ച് വളര്‍ത്തുന്ന മൃഗങ്ങളുടെ മാന്തലോ കടിയോ കൊണ്ടാല്‍ കുറച്ച് വെള്ളമോ സോപ്പോ ഉപയോഗിച്ച് കഴുകി സ്വന്തമായി മരുന്ന് വയ്ക്കുന്നവരാണ്. എന്നാല്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നാണ് ഡോക്ടര്‍ ഉള്‍പെടെയുള്ളവര്‍ പറയുന്നത്. കാരണം നമ്മുടെ വീട്ടിലെ മൃഗങ്ങള്‍ക്ക് പേ വിഷബാധയുണ്ടെങ്കില്‍ ദിവസങ്ങള്‍ കഴിച്ചേ തിരിച്ചറിയാന്‍ കഴിയൂ എന്നതാണ്. മൃഗങ്ങള്‍ ചാവുമ്പോഴേക്കും കടികിട്ടിയവര്‍ക്ക് രോഗം പകര്‍ന്നിരിക്കും.
പട്ടി /പൂച്ച / വളര്‍ത്തുമൃഗങ്ങള്‍ / വവ്വാല്‍, എലി ഇവയുടെ കടി, മാന്തല്‍, മുറിവുള്ളയിടത്തെ നക്കല്‍ ഒക്കെ ഉണ്ടായാല്‍ പ്രതിരോധ കുത്തിവയ്ക്ക് എടുത്തിരിക്കണം. ഇനി വളര്‍ത്തുമൃഗങ്ങളുടെ കടിയോ മാന്തലോ ഒക്കെ കിട്ടിയാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മടിക്കരുത്.
മുറിവ് നന്നായി സോപ്പ് തേച്ച് കഴുകണം. റാബീസ് വൈറസിനെ തുരത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് സോപ്പ്. സോപ്പ് ഉപയോഗിച്ച് കഴുകുമ്പോള്‍ അണുക്കള്‍ നശിക്കും.
നേരെ അടുത്തുള്ള ആശൂപത്രീയില്‍ പോവുക. ഡോക്ടറെ കാണുക. നിര്‍ദ്ദേശപ്രകാരം ടിടി വേണമെങ്കില്‍ അതും ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് '0' ഡോസ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ കുത്തിവയ്പ്പ് സൗജന്യമാണ്.
ഇമ്യൂണോ ഗ്ലോബുലിന്‍ വേണ്ടി വന്നാല്‍ മാത്രമാണ് പണം വേണ്ടത്. മുറിവേത് കാറ്റഗറിയില്‍ പെടുമെന്ന് നോക്കിയിട്ടാണ് ഡോക്ടറിതൊക്കെ തീരുമാനിക്കുന്നത്.
പട്ടി കടിച്ച മുറിവ് സാധാരണഗതിയില്‍ തുന്നാറില്ല. അത് താനേ ഉണങ്ങി വരണം. അതിന് ആന്റിബയോട്ടിക് കഴിക്കണം.
0, 3, 7, 28, 90 ഇങ്ങനെയാണ് ഈ ഇഞ്ചക്ഷന്‍ എടുക്കേണ്ട ദിവസങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇനി വരേണ്ട ദിവസമൊക്കെ ഡോക്ടര്‍ കൃത്യമായി എഴുതിത്തരും. അന്നുതന്നെ വന്നു വാക്സിനെടുക്കണം.
കടിച്ച പട്ടിയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടി കിട്ടിയ കലിപ്പില്‍ തല്ലിക്കൊല്ലരുത്. കെട്ടിയിടുന്നത്, എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ്. രോഗബാധയുള്ളതാണെങ്കില്‍ 10 ദിവസത്തിനകം അത് ഇഹലോകം വെടിഞ്ഞോളും.
10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളെ വീണ്ടും അടുപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷേ നമ്മുടെ കുത്തിവയ്പ്പ് കൃത്യമായി എടുക്കുന്നതിനൊപ്പം പട്ടിയെയോ പൂച്ചയോയ കൊണ്ടു പോയി കുത്തിവയ്പ്പ് എടുക്കണം.
ഇനി കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയാണെങ്കിലും കടി കിട്ടിയാല്‍ റിസ്‌കെടുക്കാതിരിക്കുന്നതാവും നല്ലത്. തീര്‍ച്ചയായും എടുക്കണം. തെരുവുപട്ടികളാണെങ്കില്‍ തീര്‍ച്ചയായും ഇഞ്ചക്ഷന്‍ എടുക്കാന്‍ വൈകരുത്.
പേവിഷബാധ പട്ടികടിയേറ്റ് വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ചരിത്രമൊക്കെയുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും ജീവനില്‍ കൊതിയുള്ളവര്‍ കുത്തിവയ്പ്പ് എടുത്തിരിക്കണം.