മുഖത്തിനും തൊലിക്കും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് അലര്‍ജി. പല നല്ലക്രീമുകളും നമ്മള്‍ ഒഴിവാക്കുന്നത് ഇത്തരത്തില്‍ അലര്‍ജി വരുന്നത് കൊണ്ടാണ്. മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെടുന്ന പല വസ്തുക്കളും ചര്‍മ്മം സുന്ദരമാക്കുന്നു എന്നെല്ലാം വാഗ്ദാനം നല്‍കുന്നുണ്ട്. പക്ഷേ ത്വക്കിന്റെ ഏറ്റവും പുറംപാളിയായ തൊലിക്ക് ഇത് പലപ്പോഴും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നഖം, തലമുടി ഇവ മൃതകോശങ്ങള്‍ കൊണ്ടുണ്ടാക്കിയവയാണ് അത് പോലെ തന്നെയാണ് നമ്മുടെ തൊലിയും.
പുറമെ പുരട്ടുന്ന ഒരു ക്രീമുകളും, ഇവ സുന്ദരമാക്കാന്‍ സഹായിക്കുന്നില്ല. പോഷകാഹാരക്കുറവു കൊണ്ടുണ്ടാകുന്ന ചര്‍മ്മ രോഗങ്ങള്‍ക്കും, ചര്‍മ്മത്തിന്റെ അനാരോഗ്യത്തിനും ഉള്ളില്‍ വിറ്റാമിനുകളും പ്രോട്ടീന്‍ അടങ്ങിയ പൊടികളും കൊടുക്കുകയാണെങ്കില്‍ നല്ല വ്യത്യാസം ഉണ്ടാകും. അല്ലാതെ പരസ്യങ്ങള്‍ വാഴ്ത്തുന്ന സൗന്ദര്യ വര്‍ദ്ധക സാമഗ്രികള്‍ക്ക് വലിയതായൊന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം.
സോപ്പ് സാധാരണ ചര്‍മ്മത്തിന് ഹാനികരമല്ല. എന്നാല്‍ സോപ്പ് ഉപയോഗിച്ച് നിരവധി തവണ ദിനവും മുഖവും കൈകാലുകളും കഴുകിയാല്‍ തൊലി വരണ്ടതാവും.വീര്യം കുറഞ്ഞതും എന്നാല്‍ ശുചിയാക്കുന്നതുമായ ദ്രാവകങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ശുചിയാക്കുന്ന ക്രീമുകള്‍ പലപ്രാവശ്യം ഉപയോഗിച്ചാല്‍ മുഖത്തും ശരീരത്തിലും കുരുക്കള്‍ വരാന്‍ സാദ്ധ്യതയുണ്ട്.
വരണ്ട കാറ്റ്, ചൂട്, ഈര്‍പ്പം ഇവയൊക്കെ ചര്‍മ്മം വരണ്ടതാക്കും. വീര്യം കുറഞ്ഞ സോപ്പുപയോഗിച്ച് രണ്ടോ മൂന്നോ തവണ കൈകാലുകള്‍ കഴുകിയാല്‍ ത്വക്കിന്റെ സ്വാഭാവിക പ്രതിരോധം നിലനില്ക്കുകയും തൊലി വരള്‍ച്ചയില്‍ നിന്ന് തടയുകയും ചെയ്യും. വരണ്ട ചര്‍മ്മമുള്ളവര്‍ ഓരോ തവണ കൈകാലുകള്‍ കഴുകിക്കഴിയുമ്പോള്‍, ഈര്‍പ്പം നിലനിറുത്തുന്ന ലേപനങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.സാധാരണ ചര്‍മ്മത്തിന്റെ പി.എച്ച്. 6.8 ആണ്. ഇത് അതേപോലെ നിലനിറുത്തണം. മിക്ക സോപ്പുകളും വീര്യം കൂടിയതാണ്. ആസിഡിന്റെ അംശം കൂടിയ സോപ്പുകളും ഹാനികരമാണ്.