ഭാരം കുറയ്ക്കുകയെന്നതാണ് ഓരോരുത്തരുടെയും ജീവിതത്തിലെ പ്രധാന പ്രശ്‌നമെന്ന നിലയിലാണ് മിക്കവരും ഡോക്ടർമാരുടെ അടുത്തെത്തുന്നത്. പറഞ്ഞ് കേട്ടതും വായിച്ചറിഞ്ഞതുമായ പലതും ഭാരം കുറയ്ക്കാൻ വേണ്ടി മിക്കവരും പരീക്ഷിക്കുകയും ചെയ്തിരിക്കാം. എന്നിട്ടും ഫലമൊന്നും കാണാതെ നിരാശരായിട്ടായിരിക്കും പലരും ഭാരം കുറയ്ക്കാനുള്ള ഉപദേശത്തിനായി ഡോക്ടർമാർക്കരികിലെത്തുന്നത്. ജനങ്ങളെ കുറ്റം പറയുന്നതിൽ കാര്യമില്ല.. കാരണം ഭാരം കുറയ്ക്കുകയാണ് പ്രധാന പ്രശ്‌നമെന്ന് തോന്നിക്കുന്ന തരത്തിലുള്ള പരസ്യങ്ങളാണ് മിക്ക മാദ്ധ്യമങ്ങളിലും നിറയുന്നത്. അതിന് യോജിച്ച ഉൽപന്നങ്ങളാണ് തങ്ങളുൽപാദിപ്പിക്കുന്നതെന്ന തരത്തിലുള്ള പരസ്യങ്ങളാണ് കൂടുതലായും പുറത്ത് വരുന്നത്. എന്നാൽ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം തെറ്റിദ്ധാരണകളുള്ളതായി എൻഎച്ച്എസിലെ വെയിറ്റ് ലോസ് സർജനായ ഡോ. സാല്ലി നോർട്ടൊൻ പറയുന്നു.
ഭാരം കുറയ്ക്കാനുള്ള ട്രീറ്റ്‌മെന്റിനായി ദിനംപ്രതി തന്നെക്കാണാനെത്തുന്ന നിരവധി പേരുമായി ബന്ധപ്പെട്ടപ്പോഴാണ് അവർക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇവയുമായി ബന്ധപ്പെട്ട ശരിതെറ്റുകളെ ഡെയിലി മെയിലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അവർ വിലയിരുത്തുന്നുണ്ട്. ഭാരം കുറയ്ക്കാൻ ഡേറ്റിംഗും ഫാറ്റ് കുറഞ്ഞ ഭക്ഷണവും വേണ്ടെന്നും ഭാരം കുറയ്ക്കാനായി ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കുകയുമില്ലെന്നും അവർ ഇതിൽ വിശദീകരിക്കുന്നു. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
ബ്രേക്ക്ഫാസ്റ്റ് നിയന്ത്രിക്കുന്നതിലൂടെ ഭാരം കുറയ്ക്കാനാവില്ല
ബ്രേക്ക് ഫാസ്റ്റ് നിയന്ത്രിച്ച് കൊണ്ട് ഭാരം കുറയ്ക്കാമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ അത് വെറും തെറ്റിദ്ധാരണമയാണെന്നാണ് ഡോക്ടർ പറയുന്നത്. ബ്രേക്ക് ഫാസ്റ്റിന്റെ കാര്യത്തിൽ എല്ലാവരും വ്യത്യസ്ത അഭിരുചിക്കാരാണ്. നേരത്തെ ഉണരുന്നവരും വൈകിയുറങ്ങി വൈകി ഉണരുന്നവരും വ്യത്യസ്തമായ രീതിയിലും അളവിലുമാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് തീരുമാനിക്കുന്നതിന് നിങ്ങളുടെ ശരീരത്തെ ശ്രവിക്കുകയാണാദ്യം ചെയ്യേണ്ടത്. ശരീരം ഊർജം കൂടുതൽ ആവശ്യപ്പെടുമ്പോൾ അതിനനുസരിച്ച് ഭക്ഷണം കഴിക്കണം.
ഫാറ്റ് അഥവാ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ചാൽ തടി കുറയില്ല
കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ തടി കുറയ്ക്കാൻ ചിലർ ശ്രമിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ട് കാര്യമായ നേട്ടമൊന്നുമുണ്ടാകില്ലെന്നാണ് ഡോക്ടർ പറയുന്നത്
ഇത്തരം ആഹാരപദാർത്ഥങ്ങളിലൂടെ കുറച്ച് കാലം തടി കുറയ്ക്കാമെന്നല്ലാതെ ദീർഘകാലം പ്രയോജനപ്പെടില്ല. ഇതിന് പുറമെ തടി കുറയ്ക്കാൻ വേണ്ടി ഒഴിവാക്കുന്ന കൊഴുപ്പിൽ പലതും നമ്മുടെ ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് പലർക്കുമറിയില്ലെന്നും ഡോക്ടർ പറയുന്നു. ഉദാഹരണമായ മസ്തിഷ്‌ക്കത്തിന്റെ 60 ശതമാനവും കൊഴുപ്പാണെന്ന് പലർക്കുമറിയില്ല. തടി കുറയ്ക്കാൻ വേണ്ടി കൊഴുപ്പിനെ പരിധിയിലധികം ഒഴിവാക്കുമ്പോൾ മറ്റ് പല വിധ ആരോഗ്യപ്രശ്‌നങ്ങളും ഉടലെടുക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
ഇടവേളകളിലെ ലഘുഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തടി കുറയും
തടികുറയ്ക്കാനാഗ്രഹിക്കുന്നവർ പ്രധാന ഭക്ഷണമല്ല ഇടവേളകളിലെ ലഘുഭക്ഷണമാണ് ഒഴിവാക്കേണ്ടതെന്നാണ് ഡോ. സാല്ലി നോർട്ടൊൻ ഉപദേശിക്കുന്നത്. നിങ്ങൾക്ക് മണിക്കൂറുകളോളം ആഹാരം കഴിക്കാതെ നിലിനിൽക്കാനാകുമെന്ന് അതിന് ശ്രമിച്ചവർക്ക് മനസ്സിലാകുന്ന കാര്യമാണ്. അതായത് ഇടവേളകളിലെ കൊറിക്കലുകൾ തീർത്തും അനാവശ്യമാണെന്ന് സാരം. ഇതിലൂടെ അനാവശ്യമാ കലോറി നമ്മുടെ ശരീരത്തിലടിഞ്ഞ് കൂടുകയും തടി കൂടാൻ സാധ്യതയേറ്റുകയും ചെയ്യുന്നു. പലരും വിശപ്പടക്കാൻ വേണ്ടിയല്ല മറിച്ച് ശീലമായതിനാലാണ് കൊറിക്കുന്നതെന്നും ഭാരം കുറയ്ക്കാൻ ഈ ശീലം ഒഴിവാക്കണമെന്നും ഡോക്ടർ പറയുന്നു.
വ്യായാമത്തിലൂടെ ഭാരം കുറയ്ക്കാം
വ്യായാമം കൊണ്ട് ഭാരം കുറയില്ലെന്ന രീതിയിൽ ചില പ്രചാരണങ്ങൾ ഇപ്പോൾ ഉണ്ടാകുന്നുണ്ടെന്നും എന്നാൽ അത് ശരിയല്ലെന്നുമാണ് ഡോക്ടർ പറയുന്നത്. ഒരു മഫിൻ കഴിച്ചാലുണ്ടാകുന്ന 400 കലോറിയിൽ നിന്ന് 200 കലോറി ഒരു മണിക്കൂർ വ്യായാമത്തിലൂടെ എരിച്ച് കളയാൻ കഴിയും. വ്യായാമത്തിലൂടെ പേശികളെ ബലപ്പെടുത്താനും സാധിക്കുന്നു. ഇതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ഊർജത്തെ എരിച്ച് കളയാനുമാകും.
നന്നായി ഉറങ്ങിയാൽ തടി കുറയ്ക്കാം
ഉറക്കം അധികമായാൽ തടി കൂടുമെന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഉറക്കക്കുറവ് തടി കൂട്ടാൻ ഇടയാക്കുമെന്നാണ് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നത്. നിരവധി പഠനങ്ങളിലൂടെ ഇത് ശരിയാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഉറക്കമില്ലാതെ തളർന്നാൽ നാം കൂടുതൽ കലോറി അകത്താക്കാനും അതിലൂടെ ഭാരം കൂടാനും വഴിയൊരുങ്ങും. വൈകി ഉറങ്ങുന്നതും നന്നല്ലെന്നാണ് ഡോക്ടർ പറയുന്നത്.
തടി കുറയ്ക്കാൻ ഉത്തമം ബ്രൗൺ ഫാറ്റ്
മനുഷ്യശരീരത്തിൽ വൈററ് ഫാറ്റ്, ബ്രൗൺ ഫാറ്റ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഫാറ്റുകളുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇതിൽ തടി കുറയ്ക്കാൻ ഉത്തമം ബ്രൗൺ ഫാറ്റാണെന്ന് ഡോ. സാല്ലി നോർട്ടൊൻ പറയുന്നത്. ഒരാൾ കലോറികളെ എരിച്ച് കളയാതെ കൂടുതലായി ഭക്ഷിക്കുമ്പോൾ അത് വൈറ്റ് ഫാറ്റ് സെല്ലുകളായാണ് സംഭരിക്കപ്പെടുന്നത്. ഇക്കാരണത്താലാണ് പൊണ്ണത്തടിയുണ്ടാകുന്നത്. എന്നാൽ നേരെ മറിച്ച് ബ്രൗൺ ഫാറ്റ് സെല്ലുകൾ കൂടുതലുള്ള ഊർജത്തെ എരിച്ച് കളയുകയാണ് ചെയ്യുന്നത്. അതിനാൽ വ്യായാമം പോലുള്ള സംഗതികളിലൂടെ ശരീരത്തിലെ ബ്രൗൺ ഫാറ്റിനെ വർധിപ്പിച്ച് കൊണ്ടുവരികയാണ് തടികുറയ്ക്കാനാഗ്രഹിക്കുന്നവർ ചെയ്യേണ്ടത്.
ഭാരം കുറയ്ക്കാൻ എളുപ്പവഴികളില്ല
ഭാരം കുറയ്ക്കാൻ എളുപ്പവഴിയെന്ന നിലയിലുള്ള പരസ്യങ്ങളുടെ പ്രളയമാണിന്ന്. എന്നാൽ അങ്ങനെ എളുപ്പ വഴികളൊന്നുമില്ലെന്നാണ് ഡോക്ടർ പറയുന്നത്. അതിനായി സ്ലിമ്മിങ് പിൽസുകളോ സപ്ലിമെന്റുകളോ ക്രേസി ക്രാഷ് ഡയറ്റുകളോ സെലിബ്രിറ്റി ട്രിക്കുകളോ ഇല്ലെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു. സർജറിയിലൂടെ ഭാരം കുറയ്ക്കമെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമെ ഇത് നടത്താനാവൂ. ഇത് അനായാസമായ കാര്യമല്ല. കഠിനപ്രയത്‌നം ഇതിനാവശ്യമാണ്.
ഭാരം കുറയ്ക്കാനുള്ള ഒറ്റമൂലി
ഭാരം കുറയ്ക്കാൻ ഒറ്റമൂലികളോ എളുപ്പ മാർഗങ്ങളോ ഇല്ലെന്ന് ഡോ. സാല്ലി നോർട്ടൊൻ ആവർത്തിക്കുന്നു. ദീർഘകാലത്തെ ചികിത്സാ പരിചയത്തിന്റെ പുറത്താണ് ഡോക്ടർ ഇങ്ങനെ പറയുന്നത്. ജീവിതത്തിന്റെ ഭാഗമായുള്ള നല്ല ശീലങ്ങളിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഭാരം കുറയ്ക്കാമെന്നാണ് നിർദ്ദേശം. കലർപ്പില്ലാത്തതും പ്രകൃതിപരവുമായ ഭക്ഷണം കഴിക്കുകയെന്നത് അതിലെ പ്രധാനപ്പെട്ട ഒരു ശീലമാണ്. ഇത്തരം മാർഗങ്ങളിലൂടെ തടി കുറച്ചാൽ അത് ശാശ്വതമാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.