വേനല്‍ക്കാലത്ത് ആരോഗ്യത്തില്‍ നന്നേ ജാഗ്രത പുലര്‍ത്തണം. വേനല്‍കാലത്ത് ചിട്ടയായ ശീലങ്ങളോടെ ആരോഗ്യത്തെ പരിപാലിച്ചാല്‍ രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ എളുപ്പം കഴിയും. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ചെങ്കണ്ണ്, കോളറ, ഇതൊക്കെ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്. മഞ്ഞപ്പിത്തം ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം.
ഇത് കരളിനെയാണ് കൂടുതല്‍ ബാധിക്കുന്നത്. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും ആദ്യലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്.
മഞ്ഞപ്പിത്തം
പനി, ഛര്‍ദ്ദി, ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തിന് മഞ്ഞനിറം ഇതൊക്കെയാണ് പൊതുവായ ലക്ഷണങ്ങള്‍. പഴവര്‍ഗങ്ങള്‍ കഴിക്കുക, വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, കഞ്ഞിവെള്ളം കുടിക്കുക, മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണം, ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ വേണ്ടെന്നുവയ്ക്കുക എന്നീ കാര്യങ്ങളാണ് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.
വീടും പരിസരവും വൃത്തിയാക്കുക, കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, സെപ്്റ്റിക് ടാങ്കിനോട് ചേര്‍ന്നല്ല കിണര്‍ എന്ന് ഉറപ്പുവരുത്തുക, ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, ശരീര ശുചിത്വം എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞപ്പിത്തം വരുന്നത് തടയാം. ചിക്കന്‍ പോക്‌സ് വേനല്‍ക്കാലത്ത് ചിക്കന്‍പോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അപകടകാരിയല്ലെങ്കിലും രോഗം കൂടിയാല്‍ പ്രശ്‌നമാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്‌സ് ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. ചിക്കന്‍ പോക്‌സ് ഒരു തവണ വന്നാല്‍ പിന്നീട് രോഗം വരാനുള്ള സാധ്യത കുറവാണ്.
ചിക്കന്‍ പോക്‌സ്
കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കന്‍ പോക്സ് വന്നാല്‍ കൂടുതല്‍ കരുതല്‍ വേണം. ദേഹത്ത് ചുമന്ന കുമിളകളായാണ് ചിക്കന്‍ പോക്സ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്സിന് കാരണം. വായുവിലൂടെ ശരീരത്തില്‍ കടക്കുന്ന ഈ വൈറസിന്റെ പ്രവര്‍ത്തന ഫലമായാണ് ശരീരത്തില്‍ കരുക്കള്‍ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നത്.
കോളറ
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. അഥീവ അപകടകാരിയായ വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ഈച്ചയും ഈ രോഗത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും കോളറ കാരണമാകുന്നു. വയറിളക്കം, ഛര്‍ദ്ദി, പനി, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് കോളറയുടെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്.